Jump to content

സാഹിത്യസാഹ്യം/മുഖവുര

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സാഹിത്യസാഹ്യം
രചന:എ.ആർ. രാജരാജവർമ്മ
മുഖവുര


നോരഥത്തിലേറി സഞ്ചരിക്കുമ്പോൾ ചെയ്യാറുള്ള പ്രവൃത്തികളെ പ്രവൃത്തികളായി ഗണിക്കാമെങ്കിൽ ‘സാഹിത്യസാഹ്യം’ എഴുതിത്തീർന്നിട്ട് ഇപ്പോൾ ഒൻപതുകൊല്ലം കഴിഞ്ഞിരിക്കുന്നു. വിഷയസ്വഭാവംകൊണ്ട് ഈ ഗ്രന്ഥം ഭാഷാഭൂഷണത്തിന്റെ ഒരു പരിശിഷ്ടസ്ഥാനം വഹിക്കുന്നതേയുള്ളു. ഭൂഷണത്തിൽ പദ്യസാഹിത്യങ്ങൾക്കെന്നപോലെ സാഹ്യത്തിൽ ഗദ്യസാഹിത്യങ്ങൾക്കു പ്രാധാന്യം കല്പിക്കപ്പെട്ടിരിക്കുന്നു; രണ്ടുംകൂടിച്ചേർന്നാൽ വിഷയത്തിനു ഒരുവിധം പൂർത്തിവരുന്നതായി വിചാരിക്കാം. ഭാഷാഭൂഷണം‌പോലെതന്നെ സാഹിത്യസാഹ്യവും ക്ലാസ്‌നോട്ടുകളിൽ ഉത്ഭവിച്ച് പുസ്തകരൂപേണ പരിണമിച്ചതാകുന്നു. മാതൃഭാഷാഭിമാനം എത്രതന്നെ പ്രബലമായിരുന്നാലും മനസ്സിലും വചസ്സിലും അതു വ്യാപരിക്കുന്നതിന്റെ ശതാംശം പോലും വാസ്തവമായ പ്രവൃത്തിയിൽ വരുന്നില്ലെന്നുള്ള പരമാർത്ഥം സലജ്ജം സമ്മതിക്കേണ്ടിയിരിക്കുന്നു.

കലാശാലകളിലും പാഠശാലകളിലും ഇതേവരെ നടന്നുകൊണ്ടിരുന്ന പാഠക്രമങ്ങളെ ഈയിടെ പരിഷ്കരിച്ചു പുതുപ്പിച്ചതിൽ നാട്ടുഭാഷകളേ സംബന്ധിച്ചിടത്തോളം വാക്യരചനയ്ക്കു പൂർവ്വാധികമായ ഒരു പ്രാധാന്യം കൽ‌പ്പിക്കപ്പെടുകയാൽ ആ വിഷയത്തിൽ പുസ്തകങ്ങൾക്ക് ആവശ്യം നേരിട്ടിരിക്കുന്നു. അതിൽ സർവ്വകലാശാലക്കാർ നടത്തുന്ന പരീക്ഷകളുടെ ഉപയോഗം ഉദ്ദേശിച്ചാണ് ഈ സാഹിത്യസാഹ്യം ചമച്ചിട്ടുള്ളത്. എന്നാൽ അതുകൾക്കു കീഴുള്ള ‘ഏടുകെട്ടുന്ന’ പരീക്ഷയ്ക്കു പഠിക്കുന്ന വിദ്യാർത്ഥികളേയും സാഹിത്യസാഹ്യം സഹായിക്കയില്ലെന്നില്ല; പൂർവ്വഭാഗവും, ഉത്തരഭാഗത്തിൽ വ്യാകരണവിധികളേയും ശൈലികളേയും പറ്റി പ്രസ്താവിക്കുന്ന വകുപ്പുകളും എല്ലാവക വിദ്യാർത്ഥികൾക്കും ഒന്നുപോലെ ഉപകരിക്കുമെന്നു വിശ്വസിക്കപ്പെട്ടിരിക്കുന്നു. പ്രകൃതഗ്രന്ഥം ഉദ്ദിഷ്ടഫലസിദ്ധിക്ക് എത്രത്തോളം ഉതകുന്നു എന്നു കണ്ടതിനുമേൽ താണതരം ക്ലാസ്സുകളുടെ ഉപയോഗത്തിലേക്കും യോജിച്ച പാഠപുസ്തകങ്ങൾ എഴുതാമെന്നു വിചാരമുണ്ട്.

നാട്ടുഭാഷകളിൽ വാക്യരചനയ്ക്കു പ്രാധാന്യം കൊടുത്തതോടുകൂടി വിദ്യാഭ്യാസാധികാരികൾ അതിനു വില ഇടിക്കയും കൂടി ചെയ്തുവെന്നു ചിലർ വിചാരിക്കുന്നതായി കാണുന്നു. ഇംഗ്ലീഷു പഠിക്കുന്ന വിദ്യാർത്ഥികൾക്കു വിഷയമെല്ലാം ആ ഭാഷയിൽനിന്നു സുലഭമായി കിട്ടും! മാതൃഭാഷയൊ; നിത്യപരിചയത്താൽ സ്വാധീനപ്പെട്ടതാണ്; സ്വഭാഷയിൽ പ്രസംഗമെഴുതുന്നതിനു പിന്നെന്തു പ്രയാസം? ഇങ്ങനെയാണ് ഈ വിചാരക്കാരുടെ യുക്തി. എന്നാൽ ഭാഷ ഏതായാലും എഴുതി ഫലിപ്പിക്കുന്നത് അഭ്യാസമാത്രസാദ്ധ്യമാകുന്നു. വീണ മുതലായ വാദ്യങ്ങളിൽ സംഗീതകല അഭ്യസിച്ചിട്ടുള്ളവർക്ക് കണ്ഠംകൊണ്ട് ഒരുപാട്ടുപാടി ശരിപ്പെടുത്തുന്നതു സാധകം കൂടാതെ സാധിക്കുമെങ്കിൽ, അന്യഭാഷയിൽ ഗ്രഹിച്ചിട്ടുള്ള സംഗതികളെ വിദ്യാർത്ഥികൾക്കും വിശേഷാഭ്യാസം കൂടാതെ സ്വഭാഷയിൽ പ്രയോഗിക്കാൻ കഴിയും. ഈ തത്വത്തിൽ ശ്രദ്ധവെക്കായ്കയാൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്തിട്ടുള്ള ചില മലയാളികളുടെ ഭാഷാപോഷണസംരംഭം അസ്ഥാനത്തിലാകുന്നെന്നു പലപ്പോഴും ഭാഷാഭിമാനികൾക്കു ശോചിക്കേണ്ടിവരാറുണ്ട്.

ഇത്രയും ഗൌരവമേറിയ ഒരു വിഷയത്തിന്റെ സത്തെടുത്ത് അരച്ചുരുട്ടി ഗുളികകളാക്കി ഒരു ചെറിയ പുസ്തകത്തിനുള്ളിൽ അടച്ച് വിദ്യാർത്ഥികൾക്കു കബളീകരിക്കത്തക്കവിധം തയ്യാർ ചെയ്യാമെന്ന് ഈ ഗ്രന്ഥകർത്താവിനു ഒരിക്കലും വിചാരമില്ല. അങ്ങനെ ഒരു ആത്മസംഭാവന ഇജ്ജനത്തെ ഒരിക്കലും ബാധിക്കുന്നതുമല്ല. ദോഷങ്ങളെ പ്രതിപാദിക്കുന്ന ഘട്ടങ്ങളിൽ ചിലെടത്തു വാചകം കുറെ ബലപ്പെടുകയും അതിലേക്ക് ഉത്തരവാദി വിഷയഗൌരവം വിദ്യാർത്ഥികൾക്കു വെളിപ്പെടുത്തിക്കൊടുക്കാനുള്ള ശ്രദ്ധാധിക്യം മാത്രമാകുന്നു. മലയാളത്തിന്റെ തൽക്കാലസ്ഥിതി നോക്കുമ്പോൾ ആ ഭാഷയിലെ സാഹിത്യകലയ്ക്ക് നിയമങ്ങൾ ചെയ്‌വാൻ പുറപ്പെടുന്നതും ഒട്ടും എളുതല്ല. ഇംഗ്ലീഷിൽ idiom എന്നുപറയുന്നതും ഇപ്പുസ്തകത്തിൽ ‘ശൈലി’ എന്നു പേർ കൊടുത്തിട്ടുള്ളതും ആയ പ്രയോഗവൈലക്ഷണ്യം പലതും നമ്മുടെ ഭാഷയ്ക്കുള്ളത് ഇതേവരെ സർവ്വസംപ്രതിപന്നമായിക്കഴിഞ്ഞിട്ടില്ല. ഒരു കൂട്ടർ ഗ്രാമ്യങ്ങളെന്നു തള്ളിക്കളയുന്ന ശൈലികളെ മറ്റുചിലർ അവഗാഹിത്വം എന്ന ഗുണം പ്രമാണിച്ച് ആദരിക്കുന്നു. സംസ്കൃതപണ്ഡിതന്മാർക്ക് ഭാഷാരീതി സംസ്കൃതസമ്പ്രദായത്തിനു വിരുദ്ധമായാൽ രസിക്കുന്നില്ല; ബി. ഏ. ക്കാർ ബുദ്ധിപൂർവ്വമല്ലെങ്കിലും ഭാഷാരീതിയെ ഇംഗ്ലീഷ്മട്ടിലേക്കു നയിക്കുന്നു. രുചിഭേദം ഏതു സംഗതിയിലും ധാരാളം തന്നെ. ഈ സ്ഥിതിക്ക് സർവ്വസമ്മതം ലഭിച്ചിട്ടുള്ള പ്രാമാണികന്മാർക്കുപോലും ഇന്നത് ഇന്നവിധം വേണം, ഇന്നവിധം അരുത് എന്നൊരു വിധി കല്പിക്കുന്നത് ഈ ഘട്ടത്തിൽ അസാദ്ധ്യം പോലിരിക്കുന്നു. അതിനാൽ ഇംഗ്ലീഷ് സാഹിത്യശാസ്ത്രകാരന്മാർ ചെയ്തിട്ടുള്ള വ്യവസ്ഥകളിൽ സ്വഭാഷയ്ക്കു യോജിക്കുന്നിടത്തോളം ഭാഗം അതേവിധം പകർത്തുകയും ആ ഛായപിടിച്ചു മറ്റു ചിലത് യഥാമതി കൂട്ടിച്ചേർക്കയും മാത്രമേ ഞാൻ ഇപ്പുസ്തകത്തിൽ ചെയ്തിട്ടുള്ളു.

സാഹിത്യകലയിൽ വിദ്യാർത്ഥികളെ സഹായിക്കുന്നത് വാസ്തവത്തിൽ ലക്ഷണങ്ങളേക്കാൾ അധികം ലക്ഷ്യമായിരിക്കുമെന്നുള്ള വിചാരത്തിൻ പേരിൽ ഉദാഹരണങ്ങളെ ഈ ഗ്രന്ഥത്തിൽ ദുർഭിക്ഷം കൂടാതെ ചേർത്തിട്ടുണ്ട്. കണക്കുനോക്കുന്നതായാൽ പുസ്തകത്തിന്റെ മൂന്നിലൊരു പങ്ക് മറ്റു ഗ്രന്ഥങ്ങളിൽനിന്നുദ്ധരിച്ചിട്ടുള്ള പംക്തികളായിരിക്കും. ഭാഷയ്ക്കു പൂർവ്വസ്വത്തായി ഗദ്യഗ്രന്ഥങ്ങൾ പറയത്തക്കവിധം ഒന്നുമില്ലാത്തതിനാൽ ദൃഷ്ടാന്തമായി ഉദ്ധരിച്ചിട്ടുള്ള ഭാഗം മിക്കതും ജീവൽഗ്രന്ഥകാരന്മാരുടെ കൃതികളിൽ നിന്നാകുന്നു. അതിലേക്ക് ഓരോരുത്തരോടും അനുവാദം ചോദിക്കാൻ എനിക്കു സാധിച്ചിട്ടില്ല. ആ വീഴ്ച അവരവർ മാതൃഭാഷാസ്നേഹം പ്രമാണിച്ചു ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു. ഗുണത്തിനോ ദോഷത്തിനോ ഉദാഹരണങ്ങളെ ഉദ്ധരിക്കുന്നതിൽ പക്ഷപാതമോ പൌരോഭാഗ്യമോ എന്നെ വ്യാമോഹിപ്പിച്ചിട്ടില്ലെന്നു ഞാൻ ഗ്രന്ഥകാരന്മാരെ പ്രത്യേകം അറിയിച്ചുകൊള്ളുന്നു. ഭാഷയിൽ ഗദ്യരീതി നാൾക്കുനാൾ അഭിവൃദ്ധിയെ പ്രാപിച്ചുകൊണ്ടിരിക്കുന്നതിനാൽ ഒരാളുടെ തന്നെ ഇന്നത്തെ കൃതിക്ക് ഇന്നലത്തേതിൽ അധികം ഉൽക്കർഷം പ്രായേണ കാണുന്നുണ്ട്. അതിനാൽ ഗുണദോഷകല്പനകാലം എന്ന ഉപാധിയെമാത്രം ആശ്രയിക്കുന്നതേയുള്ളു എന്നു സമാധാനപ്പെടുകയും ചെയ്യാം.

പ്രൂഫ് നോക്കുന്നതോടുകൂടി പ്രതിപാദ്യവസ്തുതന്നെ സദയം പരിശോധിച്ചു പ്രൌഢമായ ഒരു അവതാരികയും ചേർത്ത് പ്രകൃതപുസ്തകം ഈ വിധം അച്ചടിപ്പിച്ചുതന്ന വകയ്ക്ക് കൊച്ചിയിൽ 11-‌ാം കൂർ രാമവർമ്മ അപ്പൻ‌തമ്പുരാൻ തിരുമനസ്സിലെ പേരിൽ ഞാൻ അത്യന്തം കൃതജ്ഞനായിരിക്കുന്നു. പദങ്ങളിലൊ, വാചകങ്ങളിലൊ, ശൈലികളിലൊ ദേശവ്യത്യാസങ്ങളാലുണ്ടാകുന്ന ന്യൂനതകളെ പ്രത്യേകിച്ചും ശ്രദ്ധിച്ചു പരിഹരിക്കണമെന്നുള്ള പ്രാർത്ഥനയോടുകൂടിയാണ് കൈയെഴുത്തുകോപ്പി ഞാൻ അവിടുത്തെ സന്നിധിയിൽ സമർപ്പിച്ചത്. ഈ കൃത്യം നിർവ്വഹിക്കുന്നതിനു അഭിജനം, ആഭിജാത്യം, അഭിയുക്തത, അഭിയോഗം മുതലായ സകല സാമഗ്രികളും തികഞ്ഞ വേറെ ഒരു പ്രസാധകനെ കിട്ടുന്നതുമല്ല. തത്താദൃശനായ പ്രസാധകന്റെ മേൽനോട്ടത്തോടുകൂടി വെളിയിൽ പുറപ്പെടുന്ന, ഒരു പുസ്തകത്തെപ്പറ്റി തൽക്കർത്താവിന് ഔത്സുകപ്പെടുന്നതിനു ലേശം അവകാശമില്ലെന്നുള്ള സമാധാനത്തോടുകൂടി സാഹിത്യസാഹ്യത്തെ മഹാജനസമക്ഷം അർപ്പിച്ചിരിക്കുന്നു.

ഏ. ആർ. രാജരാജവർമ്മ,
മാവേലിക്കര,
1911 മെയ് 16


"https://ml.wikisource.org/w/index.php?title=സാഹിത്യസാഹ്യം/മുഖവുര&oldid=59185" എന്ന താളിൽനിന്ന് ശേഖരിച്ചത്