Jump to content

സാഹിത്യസാഹ്യം/അവതാരിക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സാഹിത്യസാഹ്യം
രചന:എ.ആർ. രാജരാജവർമ്മ
അവതാരിക


ലയാളഭാഷയ്ക്ക് ഐകരൂപ്യമില്ലെന്നു പറയുന്നതിന്ന് ഐകരൂപ്യത്തിനുള്ള കാരണങ്ങൾ തേടിപ്പിടിക്കുവാൻ ശ്രമിച്ചിട്ടില്ലെന്നേ അർത്ഥമുള്ളു. വ്യാകരണാദി ഗ്രന്ഥങ്ങളെക്കൊണ്ടു നിജപ്പെടുത്തിയ ഭാഷാനിയമങ്ങളെ അനുസരിക്കുവാൻ വേണ്ട ഐകമത്യം ഭാഷാഭിമാനികൾക്കുണ്ടെങ്കിൽ ഭാഷയ്ക്കും ഐകരൂപ്യം അനായാസേന സിദ്ധിക്കുന്നതാണ്. തെക്കൻഭാഷ, വടക്കൻഭാഷ, നാട്ടുഭാഷ ഇത്യാദി സ്ഥൂലവിഭാഗങ്ങളെ നിസ്സാരമാക്കി ‘വായ്മൊഴി’, ‘വരമൊഴി’ എന്നു സ്വാഭാവികമായി ഭാഷയ്ക്കുള്ള രണ്ടു പിരിവുകളെ പരിശോധിച്ചു നടപ്പിനും യുക്തിക്കും യോജിക്കുന്ന മട്ടിൽ വകതിരിച്ച് ‘വരമൊഴി’ നിയമങ്ങളെ വ്യവസ്ഥപ്പെടുത്തുകയാണ് സാഹിത്യശാസ്ത്രഗ്രന്ഥത്തിന്റെ പരമപ്രയോജനം.

അവ്യവസ്ഥിതങ്ങളായിക്കിടക്കുന്ന ഭാഷാനിയമങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകാം. സാഹിത്യശാസ്ത്രകാരൻ പ്രത്യക്ഷനിയമങ്ങളെ വിട്ടുകളഞ്ഞാലും ഭാഷയുടെ ഉൽഗതിക്കു നീക്കുപോക്കൊന്നും വരുന്നതല്ല. ഭാഷാനിയമലംഘനനത്തിന്നു രാജശിക്ഷയില്ലെങ്കിലും അപ്രകാരമുള്ള നിയമവിരോധം കൊണ്ടു സ്വാർത്ഥപരമായ ലാഭമൊന്നും ഉണ്ടാകാനില്ലാത്തതിനാൽ അറിഞ്ഞുകൊണ്ടാരും അതുചെയ്യുന്നതല്ല. എന്നാൽ ഒളിഞ്ഞുകിടക്കുന്ന നിയമങ്ങളെ വെളിപ്പെടുത്തിക്കൊടുക്കാതിരുന്നാൽ അറിഞ്ഞുകൂടാതെ വരുന്ന തെറ്റുകൾ നിമിത്തം ഭാഷയുടെ ശ്രേയസ്സിനു ഹാനി വന്നു കൂടുന്നു. അങ്ങനെയുള്ള ദോഷം മലയാളഭാഷയ്ക്കു വരാതെ സൂക്ഷിപ്പാനും, വന്നുപോയിട്ടുള്ളതിനെ ചൂണ്ടിക്കാണിച്ചു നിവാരണം ചെയ്യുവാനുമായിട്ടാകുന്നു കേരളപാണിനീയാദി വ്യാകരണഗ്രന്ഥങ്ങളും ഭാഷാഭൂഷണാദി സാഹിത്യഗ്രന്ഥങ്ങളും പുറപ്പെട്ടിട്ടുള്ളത്.

കേരളപാണിനീയം ശബ്ദനിയമങ്ങളെ വ്യവസ്ഥാപിച്ചു. പദ്യകൃതികളെ നിയമനംചെയ്തുകൊണ്ടു ഭാഷാഭൂഷണം പിന്തുടർന്നു. ഗദ്യപദ്യോഭയമയമായ സാഹിതിയിൽ ഗദ്യപ്രബന്ധങ്ങളും ഗദ്യമിശ്രിഹങ്ങളായ പദ്യകൃതികളും മാത്രമേ യാതൊരു നിബന്ധനകൾക്കും കീഴടങ്ങാതെ കളിച്ചിരുന്നുള്ളു. പ്രകൃതഗ്രന്ഥമായ സാഹിത്യസാഹ്യംകൊണ്ടു ഗദ്യകൃതികൾക്കും ഗതിയുണ്ടായി. ഗദ്യപദ്യങ്ങളുടെ സ്വരൂപം അറിയുന്നതോടുകൂടി മിശ്രകൃതികളുടെ സ്വരൂപവും അറിയാറായി.


‘ഗൂഢഭാവാസ്പദത്വേന യദനാദേയവദ് ഭവേൽ സാരസ്വതാമൃതം സർവേ കവയസ്തന്ന ജാനതേ’.

അന്തർവാഹിനിയായ സരസ്വതീനദിയുടെ ജലം ഹംസാദികൾക്കൊഴികെ മറ്റുള്ള ജലപക്ഷികൾക്ക് ആസ്വദിപ്പാൻ സാധിക്കാത്തതുപോലെ നിഗൂഢമായിക്കിടക്കുന്ന സാഹിത്യസാരം വിദ്വാന്മാരിൽത്തന്നെ എല്ലാവരും അറിയുന്നില്ല. അതുവഴിപോലെ അറിഞ്ഞിട്ടുള്ളവർ അവരുടെ അറിവിനെ വെളിപ്പെടുത്തുകയാകുന്നു സാഹിതിക്കുള്ള വലിയൊരു സഹായം. മലയാളഭാഷയിൽ പ്രത്യേകിച്ചും ഈ സാഹിത്യസാഹ്യം അധികാരിഭേദം കൂടാതെ അത്യന്തം ഉപകരിക്കുന്നതുമാകുന്നു.

സംസ്കൃതത്തിൽ പദ്യകാവ്യം പ്രധാനവും ഗദ്യകാവ്യം അപ്രശസ്തവും ആയതുകൊണ്ട് രസാത്മകത്വമെന്ന കാവ്യസാമാന്യലക്ഷണം ഗദ്യപദ്യങ്ങളിൽ ഒരുപോലെ വ്യാപിക്കുന്നുണ്ടെന്നുവരികിലും മലയാളഗദ്യത്തെ സംസ്കൃതരീതിക്കനുസരിച്ചു വകതിരിക്കുന്നതു ദുസ്സാധവും അനാവശ്യവുമാകുന്നു. ചരിത്രം, ആഖ്യായിക, വാങ്മുഖം, ശാസ്ത്രം ഇത്യാദി വിഷയഭേദേന ദിനം‌പ്രതി വർദ്ധിച്ചുവരുന്ന മലയാളഗദ്യകൃതികൾക്ക് ആയുസ്സറ്റ സംസ്കൃതത്തിൽ എതിരു കാണ്മാൻ പ്രയാസമത്രേ. ഇംഗ്ലീഷിൽ ആ വക ഗദ്യഭേദങ്ങൾ സുലഭവുമാണ്. അങ്ങനെയിരിക്കെ പഴയതൊക്കെ പഥ്യമെന്നു ഭ്രമിച്ച് സംസ്കൃതരീതിയെ സംസ്കരിക്കയില്ലെന്നു മർക്കടമുഷ്ടി പിടിച്ചിട്ട് യാതൊരു പ്രയോജനവും കാണുന്നില്ല. പരിഷ്കൃതസമ്പ്രദായത്തിൽ മലയാളഗദ്യവിഭാഗം ആംഗ്ലേയരീതിയോട് ഏറ്റവും യോജിച്ചാണിരിക്കുന്നത്. അങ്ങനെ വിഭജിക്കുന്നതുകൊണ്ടു ഗദ്യപ്രബന്ധങ്ങളിൽ കാവ്യത്വം നശിക്കയുമില്ല. നൂതനവിഭാജകധർമ്മത്തിന്നു ബലം പോരാതാകുകയുമില്ല നേരേമറിച്ചു കേരളഭാഷയിൽ ആവക വകതിരിവിന്നു തന്മയത്വം കൂടുകയും ചെയ്യും. ഭാഷാഭൂഷണത്തിൽ സംസ്കൃതപക്ഷപാതിയായിരുന്ന ഗ്രന്ഥകാരൻ തന്നെ സാഹിത്യസാഹ്യത്തിൽ ആംഗലഭാഷാപക്ഷം പിടിച്ചു പുറപ്പെട്ടുകാണുമ്പോൾ ആ മഹാന്നു മലയാളഭാഷയിൽ മാത്രമേ പക്ഷപാതമുള്ളുവെന്നു തെളിയുന്നുണ്ട്.

സാഹിത്യത്തിന്റെ പുറമേയുള്ള വേഷം പ്രമാണിച്ച് ഗദ്യം, പദ്യം, മിശ്രം എന്നു മൂന്നായിട്ടും, ഉദ്ദേശ്യത്തിന്റെ സ്വഭാവമനുസരിച്ച് ഉപദേശം, വിനോദം എന്നു രണ്ടായിട്ടും, രൂപം പ്രമാണിച്ച് ആഖ്യാനം, വർണ്ണനം, വിവരണം, ഉപപാദനം എന്നു നാലായിട്ടും വിഭാഗിച്ച് സാഹിതിയുടെ സ്വരൂപം ആദിയിൽ കാണിച്ചുതരുന്നു. പിന്നീട് അതുപ്രവഹിക്കുന്ന നിഗൂഢമാർഗ്ഗങ്ങളിൽ ലളിതപദവിന്യാസത്തോടുകൂടി സഞ്ചരിച്ച് അതിന്റെ കൈവഴികൾ ഗ്രന്ഥകാരൻ പ്രത്യക്ഷപ്പെടുത്തി അവയുടെ വളവുകളും പിരിവുകളും സരസങ്ങളായ ഉദാഹരണങ്ങളെക്കൊണ്ടു വെളിവാക്കിത്തരുന്നു. വിവരണം എന്ന ഭാഗത്തിൽ പ്രത്യേകിച്ചും മനസ്സുവെക്കേണ്ടതായ സംഗതികളെ ആസൂത്രണം, വിഷയവിശകലനം ഇത്യാദി സംജ്ഞകൾ കൊടുത്ത് അവയുടെ സമ്പ്രദായങ്ങളെ ഉപപാദിച്ചിരിക്കുന്നതും; സ്വമതസ്ഥാപനത്തോടുകൂടി ചെയ്യുന്ന വിമർശനത്തെ ഉപപാദനത്തിൽ ചേർത്ത് അതിന്റെ ശാഖകളായ ഖണ്ഡനമണ്ഡനങ്ങളെ രചിക്കുന്നതിൽ സൂക്ഷിക്കേണ്ടുന്ന സ്വപ്രത്യയസ്ഥൈര്യാദികളെ ഉപദേശരൂപേണ കാണിച്ചിരിക്കുന്നതും വിദ്യാർത്ഥികൾക്കെന്നല്ല മലയാളഭാഷയുടെ താൽക്കാലികസ്ഥിതിക്ക് പണ്ഡിതന്മാർക്കുകൂടി അത്യാവശ്യമാകുന്നു. പൂർവ്വഭാഗത്തിൽ ആഖ്യാനാദി ചതുരംഗങ്ങളുടെ സ്വരൂപനിർണ്ണയം പൂ‍ർത്തിയാക്കിക്കൊണ്ട് കൃതിപ്രണയനം എന്ന ഉത്തരഭാഗത്തിലേക്കു വായനക്കാരെ അനായാസേന പ്രവേശിപ്പിക്കുന്നു.

കൃതികൾ ഉണ്ടാക്കുവാൻ വേണ്ട ഉപകരണങ്ങൾ ശേഖരിച്ചുതരുന്ന ഘട്ടത്തേക്കാൾ ഉപകരണങ്ങൾ കൂട്ടിയിണക്കി ഏതുമാതിരിയിലാണ് കൃതികൾ ഉണ്ടാക്കേണ്ടതെന്നു കാണിക്കുന്ന ഘട്ടമാകുന്നു സാഹിത്യശാസ്ത്രത്തിൽ പ്രധാനമായി നിൽക്കുന്നത്. സംഗീതരസികന്മാരും, സംഗീതശാസ്ത്രജ്ഞന്മാരും പാട്ടിന്നു വാസനയുള്ളവരോ പാടുവാൻ ശീലമുള്ളവരോ ആയിരിക്കണമെന്ന നിയമമില്ലെങ്കിലും വാസനയും ശാസ്ത്രജ്ഞാനവും കൂടാതെ ‘ഭാഗവതർ’ ശബ്ദം കൊണ്ടുമാത്രം ഒരുവൻ ഗായകശ്രേഷ്ഠനാകുന്നതല്ല; അതുപോലെതന്നെ ‘ശാസ്ത്രി’ കളൊക്കെ ശാസ്ത്രജ്ഞന്മാരാകുന്നതുമല്ല; സാഹിത്യശാസ്ത്രവൈദഗ്ദ്ധ്യമില്ലാതെ ഗദ്യകാരനെന്ന പേരിന്ന് അർഹത സിദ്ധിക്കുന്നതുമല്ല.

ഉത്തമഗദ്യനിർമ്മാണത്തിന്നുള്ള മാർഗ്ഗങ്ങളെയാണ് ഈ ഉത്തരഭാഗംകൊണ്ടു കാണിച്ചിട്ടുള്ളത്. പൂർവ്വഭാഗത്തിൽ ഗദ്യസാഹിത്യത്തിന്റെ രൂപം കൊടുത്തുകഴിഞ്ഞിട്ടുണ്ടെങ്കിലും ഉത്തരഭാഗത്തിലെ മിനുക്കുപണികഴിഞ്ഞ് നിറം കാച്ചിയതിനുശേഷമേ അത് ഉപയോഗയോഗ്യമായിത്തീരുന്നുള്ളൂ. ഗദ്യനിർമ്മാണത്തിന്നു വേണ്ട കരുക്കളും കൃതിപ്രണയനത്തിന്നു വേണ്ട ഉപദേശങ്ങളും കിട്ടുക കഴിഞ്ഞാൽ വാസനയും തഴക്കവും ഉണ്ടെങ്കിൽ ഉത്തമഗദ്യകാരന്റെ സ്ഥാനം സുലഭമായിത്തീരുന്നതാണ്. ഒറ്റൊറ്റയായി അനേകം അംഗങ്ങൾ ചേർന്നു തറവാടുകളും, തറവാടുകളുടെ യോഗത്തിൽനിന്നു സമുദായവും, സമുദായങ്ങൾ ഏകോപിച്ചു രാജ്യങ്ങളും, രാജ്യങ്ങളുടെ സമ്മേളനത്തിൽനിന്നു സാമ്രാജ്യവും ഉണ്ടാകുന്നു. അതുപ്രകാരം വാക്കുകൾ ചേർന്നു വാചകങ്ങളും, വാചകങ്ങൾ ചേർന്നു ഖണ്ഡികകളും, ഖണ്ഡികകൾ സ്വരൂപിച്ച് അദ്ധ്യായങ്ങളും അദ്ധ്യായങ്ങൾ യോജിച്ച് ഗ്രന്ഥവും ഉത്ഭവിക്കുന്നു. കുടുംബഭരണത്തിന്നു പ്രാപ്തിയില്ലാത്തവർ സാമ്രാജ്യഭരണത്തിനു അത്രയും കൂടി ശക്തന്മാരാകുന്നില്ല. ഗൃഹച്ഛിദ്രം കൂടാതെകഴിയുന്നതിന്നു കുടുംബത്തിലുള്ള അംഗങ്ങളുടെ പ്രകൃതിഭേദങ്ങളും, ഗുണദോഷങ്ങളും, ആവശ്യങ്ങളും അറിഞ്ഞിരിക്കേണ്ടതുപോലെ സാഹിത്യസാമ്രാജ്യഭരണത്തിനും അതിലുള്ള അംഗോപാംഗങ്ങളെക്കുറിച്ചു പലതും അറിഞ്ഞിരിക്കേണ്ടതുണ്ട്. കുടുംബഭരണത്തിന്നും സാമ്രാജ്യഭരണത്തിന്നും തമ്മിൽ തോതിലല്ലാത്ത തരത്തിൽ വ്യത്യാസമൊന്നും ഇല്ല. വാക്യനിർമ്മാണത്തിന്നും ഗ്രന്ഥനിർമ്മാണത്തിന്നും തമ്മിലുള്ള വ്യത്യാസം ഇപ്രകാരം തന്നെയാകുന്നു. സാമ്രാജ്യഭരണകർത്താക്കന്മാർ നീതിന്യായങ്ങളെ ശരിപ്പെടുത്തുന്നതിൽ സമുദായങ്ങൾക്കും രാജ്യങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നതുപോലെ സാഹിത്യനിയമനിർമ്മാതാവ് വാക്യാദികളിലാണ് അധികം ശ്രദ്ധവയ്ക്കുന്നത്. വാക്യാംഗങ്ങളായ ശബ്ദങ്ങളെ വൈയാകരണന്മാർക്കു വിട്ടുകൊടുക്കുന്നു. എന്നാൽ വാക്യാംഗങ്ങളെ വ്യാകരണകർത്താക്കന്മാർക്കു തീരെ വിട്ടുകൊടുക്കുന്നതുകൊണ്ടു ചിലപ്പോൾ ഭാഷയുടെ ഗതിക്കു തടസ്ഥം വന്നേക്കാവുന്നതിനാൽ സാഹിത്യകാരൻ വ്യാകരണത്തിൽ പെടാത്തതും അഥവാ വ്യാകരണവിലക്ഷണങ്ങളും ആയ ചില പദപ്രയോഗനിയമങ്ങളെ ചുരുക്കത്തിൽ വ്യവസ്ഥാപിച്ചതിനുശേഷം കൃതിവിഭാഗത്തിൽ മദ്ധ്യസ്ഥാനം വഹിക്കുന്ന ‘പ്രസംഗ’ത്തെ അടിസ്ഥാനമാക്കി വാക്യാദികളുടെ നിയമനിർമ്മാണത്തിൽ ചുഴിഞ്ഞുപ്രവേശിക്കുന്നു.

മലയാളഭാഷയിൽ പദപ്രയോഗനിയമം ഇതുവരെ വ്യവസ്ഥാപിക്കപ്പെട്ടിട്ടില്ലാത്തതിനാൽ സർവ്വസമ്മതമായ ഒരു സമ്പ്രദായം കൽ‌പ്പിക്കുന്നതു ദുസ്സാധമാകുന്നു. എന്നാൽ ഗ്രന്ഥത്തിൽ അടിതൊട്ടു മുടിയോളം ഒരിടത്തെങ്കിലും ഗ്രന്ഥകാരൻ ഭാഷാപക്ഷപാതിയാണെന്നല്ലാതെ ദേശപക്ഷപാതിയാണെന്നു കാണുന്നതല്ല ‘പ്രചാരലുപ്തം’ , ‘ഗ്രാമശൈലി’ , ‘ദേശ്യം’ , മുതലായ പ്രയോഗവൈകല്യങ്ങൾ കാലക്രമം കൊണ്ടല്ലാതെ ഭാഷയെ വിട്ടുപിരിയുമെന്നു വിശ്വസിച്ചുകൂടാ. നൂതനശബ്ദസൃഷ്ടി വേണ്ടിവരുന്ന ദിക്കുകളിൽ ‘പ്രചാരലുപ്ത’ങ്ങളിൽ ചിലതു സ്വീകരിക്കുന്നത് ഉചിതമായിരിക്കും. സാമാന്യപദങ്ങൾ ഇല്ലാതെവരുന്ന സ്ഥലങ്ങളിൽ ദേശ്യങ്ങളിൽ നല്ലതുനോക്കി തിരഞ്ഞെടുക്കേണ്ടിയും വന്നേക്കാം. പഴഞ്ചൊല്ലുകൾ ശൈലികളാകുന്നതുപോലെ ചില അലങ്കാരങ്ങളും ന്യായങ്ങളും ശൈലികളായിത്തീരുന്നുണ്ട്. അവ സ്വീകാര്യയോഗ്യങ്ങളെന്നും വന്നേക്കാം. ഇതു സംബന്ധമായി വരുന്ന അഭിപ്രായഭേദങ്ങൾ ശാസ്ത്രഗ്രന്ഥങ്ങളുടെ സഹായം കൊണ്ടു ചുരുങ്ങുന്നതല്ലാതെ കാലംകൊണ്ടുകൂടി ഏതു ഭാഷയിലും തീരെ നശിക്കുന്നതല്ല.

ശബ്ദശുദ്ധി, വാക്യശുദ്ധി, സന്ദർഭശുദ്ധി എന്നിങ്ങനെ മൂന്നു ശുദ്ധികളെക്കൊണ്ടാകുന്നു ഗദ്യകൃതികൾ പ്രകാശിപ്പിക്കുന്നതെന്നു കാണിച്ചിട്ട് ഗ്രന്ഥകാരൻ ഗദ്യരീതികളുടെ ഭേദങ്ങളെ ഉപപാദിച്ച് ഉദാഹരണങ്ങളെക്കൊണ്ട് അവയെ വിശദീകരിക്കുന്നു. രീതികൾക്കുള്ള വൈപരീത്യമാകുന്നു ഗദ്യകൃതികളുടെ ആസ്വാദനഭേദത്തിനുള്ള ബീജം. ഭാഷയുടെ ഐകരൂപ്യവും ഗദ്യരീതിയുടെ വൈപരീത്യവും വിരുദ്ധങ്ങളാണെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ ആയതു ഭ്രമാത്മകമാകുന്നു. ശാസ്ത്രസിദ്ധാന്തങ്ങളെ അനുസരിച്ചു ഗദ്യകൃതികളെ രചിക്കുന്നതായാൽ രീതിഭേദം ഭാഷയ്ക്കു പോഷകമായിട്ടേ തീരൂ. ഭാഷയുടെ ഐകരൂപ്യം ശാസ്ത്രസിദ്ധാന്തങ്ങളുടെ അനുസരണത്തിൽ നിന്നാണ് ഉണ്ടാകുന്നത്. ഗദ്യരീതികളുടെ വൈപരീത്യം ഭംഗ്യന്തരേണ വാക്യങ്ങളെ ചേർത്തു കോർക്കുന്നതിലാണ് പ്രതിഷ്ഠിതമായിരിക്കുന്നത്. ഇതു രണ്ടും തമ്മിൽ ഇണങ്ങുന്നതല്ലാതെ ഒരിക്കലും പിണങ്ങുന്നതല്ല.

അർത്ഥത്തിന്ന് ഏറക്കുറവുകൂടാതെ പരിശുദ്ധപദങ്ങൾ തിരഞ്ഞെടുത്ത് വാക്യങ്ങളിൽ ക്രമപ്പെടുത്തി ഖണ്ഡികകളായി വേർതിരിച്ച് ആശയങ്ങളെ വിശദമാക്കുകയും ആകക്കൂടി ഔചിത്യം വരുത്തുകയുമാകുന്നു ഗദ്യകാരന്റെ ചുമതല. ഈ കൃത്യം നിർവ്വഹിക്കുന്നതിൽ ക്ലേശിച്ചിട്ടുള്ളവർക്ക് ഒരു സ്വർഗ്ഗദ്വാരമാകുന്നു ഈ സാഹിത്യസാഹ്യമെന്ന വിശിഷ്ടഗ്രന്ഥം. അനാഥനിലയിൽ കിടന്നിരുന്ന കേരളഭാഷാഭൂമിയിൽ കടന്നു കൊള്ളയിട്ട് നാനാവിധം ചെയ്യുന്ന ചില ലുബ്ധന്മാർക്ക് സാഹിത്യസാമ്രാജ്യം കണ്ടെഴുതി കരംകെട്ടിയതിൽ സങ്കടമുണ്ടായേക്കാം. എന്നാൽ ഭാഷാസാമ്രാജ്യത്തിൽ ഏകച്ഛത്രാധിപതിയായി വാഴുന്ന രാജരാജനവർകളുടെ ശാസനയിൽ വളം ചേർത്തു വിളവിറക്കി കള പറിക്കേണ്ടുന്ന മാർഗ്ഗങ്ങളെ നിയമിച്ചിട്ടുള്ളതല്ലാതെ ജമ മാറിപ്പതിച്ചിട്ടില്ലെന്നു ഭാഷാഭിമാനികൾ ഓർക്കേണ്ടതാണ്.

പ്രൌഢമായ ഈ ഗ്രന്ഥത്തിനു യോജിക്കുന്ന ഒരവതാരിക എഴുതുവാൻ ത്രാണിയുള്ളവനാണെന്ന അഭിമാനം എനിക്കശേഷമില്ല. ഭാഷായോഷയുടെ ഈ ഭാഗ്യോദയത്തിൽ യഥാശക്തി പങ്കുകൊള്ളുന്നതിനുള്ള ചാരിതാർത്ഥ്യം വിട്ടുകളവാൻ മനസ്സുവരാത്തതിനാലും, മിത്രവാക്യത്തെ അനാദരിപ്പാൻ ധൈര്യമില്ലാത്തതിനാലും ഇപ്രകാരം ഒന്നു കെട്ടിച്ചമച്ചുവെന്നേയുള്ളു. അവതാരികയുടെ പ്രയോജനം ഗ്രന്ഥത്തിന്റെ സ്വരൂപം വർണ്ണിച്ചു വായനക്കാർക്ക് ഉത്ക്കണ്ഠയെ ജനിപ്പിക്കുകയാണെങ്കിൽ അതിന്നുപകരം ഞാനിവിടെ ചെയ്തിട്ടുള്ളത് സാഹിത്യസാഹ്യം വായിച്ചപ്പോഴുണ്ടായ സന്തോഷാതിരേകത്തിന്റെ ഫലമായ വാക്കിന്റെ ക്ഷാമത്തെ വെളിപ്പെടുത്തുക മാത്രമാണ്. ഇപ്രകാരം ഒരു സന്തോഷത്തിന്നുള്ള കാരണം എന്താണെന്നറിവാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അതുതന്നെയാണ് ഈ അവതാരികയുടെ പരമോദ്ദേശ്യം.

അപ്പൻ തമ്പുരാൻ,
കുമാരമന്ദിരം,
22-7-1911
"https://ml.wikisource.org/w/index.php?title=സാഹിത്യസാഹ്യം/അവതാരിക&oldid=59183" എന്ന താളിൽനിന്ന് ശേഖരിച്ചത്