സാഹിത്യസാഹ്യം/പീഠിക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സാഹിത്യസാഹ്യം
രചന:എ.ആർ. രാജരാജവർമ്മ
പീഠിക


ഭാഷ കൊണ്ട് ആശയങ്ങളെ വെളിവായി പ്രകാശിപ്പിക്കുന്ന കലയ്ക്ക് സാഹിത്യവിദ്യ എന്നുപേർ. ‘വായ്മൊഴി’, എന്നും ‘വരമൊഴി’ എന്നും ഭാഷയ്ക്കുള്ള രണ്ടു പിരിവ് വ്യാകരണത്തിൽ പറഞ്ഞിട്ടുള്ളതിനാൽ വരമൊഴി എല്ലാം സാഹിത്യത്തിൽ അടങ്ങുന്നു. സാധാരണ നിത്യവൃത്തിയിലെ ആവശ്യങ്ങളിൽ ഒഴികെയുള്ള ഭാഷയുടെ വിനിയോഗമെല്ലാം തന്നെ സാഹിത്യത്തിൽ ഉൾപ്പെട്ടതായി വിചാരിക്കാം. സഭായോഗങ്ങളിലും മറ്റും ചെയ്യുന്ന പ്രസംഗം, കോടതികളിൽ വക്കീലന്മാർ ചെയ്യുന്ന ഉപന്യാസം, ക്ലാസ്സുകളിൽ പ്രൊഫസറന്മാർ ചെയ്യുന്ന വ്യാഖ്യാനം ഇതെല്ലാം വരമൊഴിയല്ലെങ്കിലും സാഹിത്യത്തിൽ അന്തർഭവിക്കുന്നു; നേരേമറിച്ച് വർത്തമാനക്കത്തുകൾ, കണക്കുകൾ, വരിയോലകൾ മുതലായവ വരമൊഴികളാണെങ്കിലും സാഹിത്യമെന്നു ഗണിക്കപ്പെടാറില്ല. സാഹിത്യം എന്ന ശബ്ദം വ്യാപകമായ അർത്ഥത്തിൽ സർവ്വവിധമായ ലിഖിതഭാഷയേയും ക്രോഡീകരിക്കുന്നു. വ്യാപ്യമായ അർത്ഥത്തിലാകട്ടെ ആ ശബ്ദം കൊണ്ടു വിജ്ഞാനപ്രദങ്ങളും വിനോദകരങ്ങളുമായ ഗ്രന്ഥങ്ങളെ മാത്രമേ ഗ്രഹിക്കാറുള്ളു.

ആദികാലങ്ങളിൽ പ്രധാനഗ്രന്ഥങ്ങളെല്ലാം കീർത്തനം, കിളിപ്പാട്ട്, തുള്ളൽ‌പ്പാട്ട്, ശ്ലോകം മുതലായ വൃത്തനിബന്ധനയുള്ള കൃതികളായിരുന്നതിനാൽ ‘സാഹിത്യം’ എന്നു കേൾക്കുമ്പോൾ ആവക കൃതികളാണ് നമ്മുടെ ബുദ്ധിയിൽ ആദ്യമായി ആരോഹണം ചെയ്യുന്നത് എന്നുവന്നേക്കാം. ഈ ഭ്രമത്തിന് നാം ഇട കൊടുക്കരുത്. സരസമായ ഒരു കൃതി പദ്യരൂപമായാലും ഗദ്യരൂപമായാലും സാഹിത്യം തന്നെ. ഇതിന്മണ്ണം ഉപമാരൂപകാദ്യലങ്കാരങ്ങൾ, പ്രസാദമാധുര്യാദിഗുണങ്ങൾ, വ്യംഗചമൽക്കാരങ്ങൾ ഇത്യാദികളും പദ്യത്തെ എന്നപോലെ ഗദ്യത്തേയും പ്രകാശിപ്പിക്കുന്നവയാകുന്നു. ഗദ്യം, പദ്യം, എന്ന് സാഹിത്യത്തിന്റെ രണ്ടു വിഭാഗങ്ങളാകുന്നു. അക്ഷരങ്ങൾക്കോ മാത്രകൾക്കോ രണ്ടിനുമോ ഒരുമാതിരി നിബന്ധനയുള്ളതു പദ്യം; ഇല്ലാത്തതു ഗദ്യം. അലങ്കാരാദിചമൽക്കാരങ്ങളെല്ലാം രണ്ടിനും ഒരുപോലെത്തന്നെ വരാം. വിഷയസ്വഭാവമാണ് അതുകളുടെ നിയാമകം. പ്രബന്ധത്തിന്റെ രൂപഭേദമല്ല. ചമൽക്കാരപ്രധാനമായ കൃതിക്കു കാവ്യം എന്നുപേർ പറയാറുണ്ട്; ഇവിടെയും ഗദ്യപദ്യഭേദം കാണിക്കാറില്ല. ‘ഇന്ദുലേഖ’ മുതലായ ഗദ്യകൃതികൾ കാവ്യങ്ങളാണ് . ‘സഹസ്രയോഗം’ ‘കാലദീപം’ മുതലായ പദ്യകൃതികൾ കാവ്യങ്ങളല്ല.

സ്വരൂപത്തെ അടിസ്ഥാനമാക്കി വിഭജിക്കുന്നതായാൽ സാഹിത്യത്തിന്ന് അല്ലെങ്കിൽ കൃതികൾക്ക് പദ്യം ഗദ്യം മിശ്രം എന്നു മൂന്നു വിഭാഗങ്ങൾ ചെയ്യാം; കിളിപ്പാട്ട്, വള്ളപ്പാട്ട്, തുള്ളൽ‌പ്പാട്ട്, കീർത്തനം, പാനം, പദ്യം, മഹാകാവ്യം, ഖണ്ഡകാവ്യങ്ങൾ മുതലായതെല്ലാം പദ്യകൃതികൾ; ചമ്പുവും നാടകവും മിശ്രകൃതികൾ; ശേഷമെല്ലാം ഗദ്യകൃതികൾ. സരസവിഷയങ്ങളെപ്പറ്റി കവിതയുണ്ടാക്കുന്നതിലാണു പദ്യത്തിന്റെ പ്രധാനമായ ഉപയോഗം. മുൻപ്രസ്താവിച്ച ‘കാലദീപം’ മുതലായ ഗ്രന്ഥങ്ങൾ ഓർമ്മവെയ്ക്കുവാനുള്ള സൌകര്യത്തിനുവേണ്ടി പദ്യങ്ങളായി ചമച്ചിരിക്കുന്നു. വിഷയവിഭാഗപ്പട്ടിക, അകാരാദിക്രമത്തിനു സൂചി മുതലായ സൌകര്യങ്ങളോടുകൂടി അച്ചടിച്ചിട്ടുള്ള പുസ്തകങ്ങളില്ലാതിരുന്നതിനാൽ പഴയ കാലങ്ങളിൽ ശാസ്ത്രഗ്രന്ഥങ്ങളെ വിദ്യാർത്ഥികൾ ഉരുവിട്ടു ഹൃദിസ്ഥമാക്കിയിരുന്നു. പദ്യങ്ങളിലെ വൃത്തബന്ധം ഉരുവിടുന്നതിന് ഒരു വലിയ സഹായവുമായിരുന്നു.

ഇച്ചൊന്ന രണ്ടു പ്രയോജനവും കൂടാതെയും ശ്ലോകമുണ്ടാക്കുന്നവർ നമ്മുടെ ഇടയിൽ ധാരാളമുണ്ട്. ഒരു ഭാഷയുടെ പ്രാബല്യം നിശ്ചയിക്കുന്നത് അതിലുള്ള ഗദ്യകൃതികളുടെ എണ്ണവും വണ്ണവും നോക്കിയിട്ടാണ് എന്ന് അഭിയുക്തന്മാർ പറയാറുണ്ട്. അതു നേരേമറിച്ചായിരുന്നുവെങ്കിൽ മലയാളഭാഷയോളം പ്രാബല്യമേറിയ മറ്റൊരു ഭാഷയുമില്ലെന്നു നമുക്ക് അഭിമാനിക്കാമായിരുന്നു. സ്വല്പം വൈദ്യവും ജ്യോത്സ്യവും ഇല്ലാത്ത ആളുകളില്ലെന്ന് ഒരു ചൊല്ലുണ്ട്; മലയാളികളുടെ അപ്പോഴത്തെ പദ്യരചനാഭ്രമം ഓർക്കുമ്പോൾ ആ കൂട്ടത്തിൽ കവിതയെക്കൂടി ചേർക്കാമെന്നു തോന്നുന്നു. വർത്തമാനപ്പത്രങ്ങളിലും മാസികകളിലും പലവിധം പദ്യകൃതികൾ വായിച്ചിട്ട് വിദ്യാർത്ഥികൾക്കു പഠിത്തം പൂർത്തിയാകും മുമ്പുതന്നെ കവിതാകൌതുകം കടന്നുകൂടുന്നു. നാലുപാദം ചേർത്താൽ ശ്ലോകമായി; ഓരോ പാദത്തിലും രണ്ടാമത്തെ അക്ഷരം ഒന്നുപോലെ വരുത്താൻ കഴിഞ്ഞാലോ അവൻ മഹാകവി തന്നെ. വിഷയം ആരു വകവയ്ക്കുന്നു? അതെത്രയും നിസ്സാരമാകുന്നുവോ, അത്രയും കവിക്കു മാഹാത്മ്യമാണ്. മാസികകളുടെ വിഷയസൂചി പരിശോധിക്കുന്നതായാൽ കഴുത, കുതിര, കാകൻ, മണ്ണാങ്കട്ട മുതലായതു മുമ്പിട്ടു കാണാം. കാളിദാസൻ, ഷെല്ലി മുതലായ മഹാകവികൾക്ക് അചേതനമായ മേഘത്തെ വർണ്ണിക്കാമെങ്കിൽ നമ്മുടെ കവികൾക്കു ചേതനമായ കാകനേയും മറ്റും പുകഴ്ത്തരുതോ? സംസ്കൃതപുരാണങ്ങൾ, ഇംഗ്ലീഷ് നാടകങ്ങൾ, തമിഴ്നാടകങ്ങൾ ഇതെല്ലാം തർജ്ജമചെയ്തു കഴിഞ്ഞു. ഇനി ഏതു ഭാഷയിലാണു പരിഭാഷപ്പെടുത്തത്തക്ക പദ്യഗ്രന്ഥങ്ങളുള്ളതെന്നാണ് ആലോചന.

അന്യഭാഷകളിൽ ഉത്തമഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള മഹാകവികളുടെ കൃതികളെ ഭാഷാന്തരം ചെയ്യുന്ന മഹാത്മാക്കളുടെ അഭിന്ദനീയമായ വ്യവസായത്തെ അപവദിക്കണമെന്നോ, ശ്ലോകകാവ്യങ്ങളുടെ നാനാപ്രകാരങ്ങളായ ഉപയോഗങ്ങളെ അപലപിക്കണമെന്നോ അല്ല ഇത്രയും പ്രസ്താവിച്ചതിന്റെ ഉദ്ദേശ്യം. പദ്യത്തിലധികം ഗദ്യത്തിനാണ് മലയാളത്തിൽ ആവശ്യം നേരിട്ടിട്ടുള്ളതെന്ന വാസ്തവത്തെ ബലപ്പെടുത്തിക്കാണിക്കാൻ വേണ്ടി മാത്രം ഇത്രയും പ്രസ്താവിച്ചതാണ്; പദ്യനിർമ്മാണത്തിൽ ചെയ്തുവരുന്ന ശ്രമത്തിൽ പകുതിയെങ്കിലും ഗദ്യനിർമ്മാണത്തിലായിരുന്നുവെങ്കിൽ മലയാളഭാഷയ്ക്ക് അതില്പരം ഒരു ശ്രേയസ്സു വരാനില്ലെന്നുള്ള എന്റെ താഴ്മയായ അഭിപ്രായം വെളിപ്പെടുത്തണമെന്നു മാത്രമേ വിവക്ഷിതമുള്ളു. മറ്റു സംഗതികളിലെന്നപോലെ സാഹിത്യത്തിലും ആവശ്യവും ആഡംബരവും വേറെ ആണ്. നിത്യം ആഹാരം ചെയ്യണമെന്നത് ഒരു ആവശ്യമാകുന്നു. അതിനു സദ്യയുടെ വട്ടങ്ങൾ വേണമെന്നത് ആഡംബരം. ദേഹത്തിന്റെ നഗ്നത മറയ്ക്കാൻ വസ്ത്രം കൂടിയേ തീരൂ; അതിനു കസവുകരയും കുറിയും വേണമെന്നില്ല. നിത്യോപയോഗത്തിനു വേണ്ടതിലധികം വിഭവമുള്ളവരല്ല്ലാതെ ആഡംബരത്തിനു മോഹിക്കരുത്. തക്കതായ വിഭവമുള്ളവർക്കുപോലും ആഡംബരപ്രിയത്വം ആശാസ്യമല്ല. നിത്യപരിശീലനം കൊണ്ട് ആഡംബരങ്ങൾക്ക് ആസ്വാദ്യത കുറയുന്നു. ആസ്വാദ്യത്വം കുറഞ്ഞ് ആഡംബരം ആവശ്യത്തിന്റെ നിലയിലായിപ്പോയാൽ പിന്നത്തെ അവസ്ഥ ശോചനീയം തന്നെ. ഭോഗങ്ങൾ അനുഭവിച്ചു വിരക്തി വന്നുപോയാൽ മനസ്സിനു ഒന്നുകൊണ്ടും രസിക്കാൻ സാധിക്കാത്ത ഒരു കഷ്ടസ്ഥിതി വന്നുകൂടും.

വൃത്തബന്ധാദി നിബന്ധനകൾ ഇരുന്നാലും ഒരുവിധം നോക്കുമ്പോൾ എഴുതി ഫലിപ്പിക്കാൻ ഉള്ള എളുപ്പം ഗദ്യത്തിലധികം പദ്യത്തിലാകുന്നു. പദ്യത്തിന്റെ കെട്ടുപാടുതന്നെ അതിനൊരു രക്ഷയാകുന്നു. ക്ഷുദ്രങ്ങളായ ചില ദോഷങ്ങളൊന്നും അതിൽ തെളിയുകയില്ല. വ്യാകരണനിയമങ്ങൾക്കു തന്നെ അതിൽ ശൈഥില്യമനുവദിച്ചിട്ടുണ്ട്. പദങ്ങളെ ക്രമം തെറ്റി പ്രയോഗിക്കാം, ദൂരാന്വയം വകവയ്ക്കേണ്ടതില്ല, ഘടകപദങ്ങളെ പ്രയോഗിക്കാതെ വിടാം, പദ്യത്തിൽ മാത്രം ഉപയോഗിക്കാവുന്ന ചില പദങ്ങൾ തന്നെയുണ്ട്, അലങ്കാരങ്ങൾ അണിയിച്ച് ആഹാര്യ(കൃത്രിമ) ശോഭയുണ്ടാക്കാം. ഈവക സൌകര്യങ്ങൾക്കു പുറമെ കവിയശസ്സും ആശാസ്യമാണല്ലോ. എന്നാൽ ‘കവി’ എന്ന വിരുതുപോലെതന്നെ ‘ഗ്രന്ഥകർത്താ’ എന്ന പേരും വിലയുള്ളതാണെന്ന് ആലോചിക്കേണ്ടതാകുന്നു. ഈ അഭിപ്രായത്തിൽ പൂർവ്വികന്മാരും യോജിച്ചുകാണുന്നു. ‘ഗദ്യം കവീനാം നികഷം വദന്തി’ - ഗദ്യമെഴുതി ഫലിപ്പിക്കുന്നതിലാണ് കവിയുടെ സാമർത്ഥ്യം തെളിയുന്നത്. ഇവിടെ കവിശബ്ദം പ്രയോഗിച്ചിരിക്കയാൽ കാവ്യരൂപമായ ഗദ്യമെഴുതുന്നവനേയും കവി എന്നുതന്നെ വിളിച്ചിരുന്നു എന്നു സ്പഷ്ടമാകുന്നു.

ഏതു രൂപത്തിലായാലും സാഹിത്യം വാസനാസാദ്ധ്യമാകുന്നു. വാസനയുള്ളവന്റെ കൃതിക്കുള്ള ആസ്വാദ്യത ഒന്നു വേറെത്തന്നെ. എങ്കിലും വാസന പദ്യകൃതിയിലാണ് അത്യാവശ്യം; വാസനയില്ലാത്തവൻ എഴുതിക്കൂട്ടുന്ന ശ്ലോകങ്ങളെയാണ് ‘നാൽക്കാലികൾ’ എന്നുപറഞ്ഞു പരിഹസിക്കുന്നത്. ഐന്ദ്രജാലികനെപ്പോലെ ഇല്ലാത്തതിനെ ഉണ്ടാക്കുകയും ഉള്ളതിനെ ഇല്ലായ്മ ചെയ്യുകയും ആണത്രെ കവിധർമ്മം. ഗദ്യകാരനാകട്ടെ ഉള്ള വാസ്തവം വെളിപ്പെടുത്തിയാൽ മതിയാകും.


നിയതികൃതനിയമരഹിതാം ഹ്ലാദൈകമയീമനന്യപരതന്ത്രാം
നവരസരുചിരാം നിർമ്മിതിമാദധതി ഭാരതീ കവേർജയതി

എന്ന് ആലങ്കാരികന്മാർ ഘോഷിക്കുന്ന ബ്രഹ്മസൃഷ്ടി വിലക്ഷണമായ വിചിത്രസൃഷ്ടി ചെയ്യേണ്ടുന്ന ഭാരം കവിക്കേ ഉള്ളു. ഈവിധം തൽക്കാലസ്ഥിതിയുടെ വാസ്തവം പര്യാലോചിക്കുമ്പോൾ മലയാളി മടിയനാണെന്നു പണ്ടേതന്നെ ഉള്ള പഴി കവിതാസംരഭംകൊണ്ടു ബലപ്പെടുത്താതെ ഭാഷാഭിമാനികൾ ആവശ്യവും ഉപയോഗവും ഉള്ള ഗദ്യഗ്രന്ഥങ്ങളെഴുതി വിജ്ഞാനാഭിവൃദ്ധിക്കു ശ്രമിക്കേണ്ടതാണെന്നു ഓർമ്മപ്പെടുത്തേണ്ടിയിരിക്കുന്നു.

മലയാളത്തിൽ പദ്യരീതിയെല്ലാം സംസ്കൃതമനുസരിച്ചാകുന്നു. പ്രഭാതത്തിൽ താമരപ്പൂ വിടരും, ആമ്പൽ കൂമ്പും; അന്തിക്ക് നേരെമറിച്ച് ആമ്പൽപ്പൂ വിടരും, താമരപ്പൂ കൂമ്പും; അതിനാൽ സൂര്യൻ കമലിനീവല്ലഭനും, ചന്ദ്രനും കുമുദിനീവല്ലഭനുമാകുന്നു. വേഴാമ്പൽ വർഷജലം മാത്രമേ കുടിക്കയുള്ളു; അതിനാൽ അത് മേഘത്തോട് ജലം യാചിക്കുന്നു. മേഘം നദീസമുദ്രാദിജലാശയങ്ങളിൽനിന്നും ജലം എടുത്തു വർഷിക്കുന്നു. വർഷജലബിന്ദുക്കൾ മുത്തുച്ചിപ്പിയിൽ പതിച്ചാൽ കാലവിശേഷംകൊണ്ടു മുത്തായി ചമയും. സ്ഥലത്തിലുള്ള ജന്തുക്കളെല്ലാം സമുദ്രത്തിലുണ്ട്. ചമ്പകപ്പൂവിൽ മാത്രം വണ്ടു ചെല്ലുകയില്ല. അശോകത്തിനു സ്ത്രീകളുടെ പാദസ്പർശം വളമാണ്. യശസ്സിന്നു വെളുപ്പും സൌരഭ്യവുമുണ്ട്. ദുര്യശസ്സ് കറുപ്പും ദുർഗന്ധവുമുള്ളതാണ്. വിരഹം ഒരഗ്നിയാകുന്നു; വിരഹിക്കു ചന്ദ്രചന്ദനാദികളിൽ ഉഷ്ണപ്രീതിയുണ്ടാകും. ചന്ദനവൃക്ഷത്തിൽ സർവ്വദാ കൃഷ്ണസർപ്പം ചുറ്റിയിരിക്കും. ഉദയാസ്തമയങ്ങൾക്ക് ഓരോ പർവ്വതമുണ്ട്; അതുകൾ സമുദ്രത്തിലും ആകാം. ഈവക സംസ്കൃതകവികളുടെ സങ്കേതങ്ങളെല്ലാം ഭാഷയിലും സ്വീകരിക്കപ്പെട്ടിരിക്കുന്നു. ഗദ്യരീതിക്കാകട്ടെ സംസ്കൃതാശയം വേണ്ട. സംസ്കൃതത്തിനു തന്നെ ശരിയായ ഒരു ഗദ്യരീതി ഏർപ്പെട്ടിട്ടില്ല. ചമ്പുപ്രബന്ധങ്ങളിൽ കാണുന്ന ഒരുവക ഗദ്യം ആ പേരിനുതന്നെ അർഹമല്ല. വളച്ചുകെട്ടി വലിച്ചുനീട്ടി വലിയ വലിയ സമാസങ്ങൾ കൊണ്ടു നിറച്ച് അവസാനിക്കാത്ത വിശേഷണങ്ങളും ചേർത്ത് പെരുമ്പാമ്പ് ഇഴയുന്നതുപോലെയുള്ള മട്ടിൽ എഴുതിക്കൂട്ടുന്ന പദജാലത്തെയാണ് കവികൾ പ്രാധാന്യേന ഗദ്യം എന്നു വ്യവഹരിക്കുന്നത്. ശാസ്ത്രകാരന്മാരുടെ ഗദ്യമാകട്ടെ ഇതിനു വിപരീതം “പർവതോവഹ്നിമാൻ/ ധൂമവത്വാൽ/ യഥാ മഹാനസെ/ തഥാചായം/ തസ്മാത്തഥാ” പർവ്വതത്തിൽ അഗ്നിയുണ്ട്; ധൂമമുള്ളതിനാൽ. അടുക്കളയിലെപ്പോലെ. അതുപോലിവിടെയും. അതിനാലങ്ങനെ ഈമാതിരി മുറിവാക്യങ്ങളാണ് താർക്കികന്മാർക്കും മറ്റും പ്രിയം. വാദങ്ങളിൽ പൂർവ്വപക്ഷവും സിദ്ധാന്തവും തിരിച്ചറിവാൻ പ്രയാസം. വാക്യങ്ങളുടെ അന്യോന്യസംബന്ധം കുറിപ്പാൻ ഘടകങ്ങളെ ഉപയോഗിക്കയില്ല. യുക്തിപ്രതിപാദനങ്ങളിൽ കാര്യകാരണങ്ങൾ ചേർത്ത് ചങ്ങലപോലെ നീട്ടിക്കൊണ്ടു പോകുന്നിടത്ത് മദ്ധ്യേ പല കണ്ണികളും വിട്ടുകളയും. ശാസ്ത്രകാരന്മാരിൽ പ്രാചീനർ ഏർപ്പെടുത്തിയിരുന്ന സരളരീതിയെ ഈ നവീനർ പരിഷ്കരിക്കുന്നതിനു പകരം ഉടച്ചു നാശമാക്കുകയാണു ചെയ്തത്. താർക്കികന്മാർ ദീർഘവാക്യങ്ങളെ ഉപയോഗിക്കാറില്ലെന്നില്ല; എന്നാൽ അവർ വാക്യം നീട്ടുന്നത് സമാസം ചെയ്തു പദങ്ങളെ നീട്ടുന്നതിലാകുന്നു. ഇക്കാലത്തെ ലോകവ്യവഹാരങ്ങൾക്ക് ഉപയോഗികളായ വിഷയങ്ങളും സംസ്കൃതത്തിൽ ചുരുങ്ങും. അതിനാൽ ഗദ്യഗ്രന്ഥകാരന്മാർക്കു ശബ്ദസമ്പാദനം ഒന്നിനുവേണ്ടി മാത്രമല്ലാതെ രീതിവിഷയാദികളുടെ ആവശ്യത്തിലേക്കായി സംസ്കൃതത്തെ ആശ്രയിക്കേണ്ടതില്ല; താനുണ്ണാത്തവരോ വരം കൊടുക്കുന്നത്?

ഗദ്യഗ്രന്ഥകരണത്തിൽ ഇംഗ്ലീഷാണു നമ്മെ സഹായിക്കുന്നത്. ദേശം തോറും വേറെ വേറെ ഭാഷകൾ സംസാരിക്കുന്ന ഇന്ത്യക്കാർക്ക് ഒരു പൊതുഭാഷ എന്നു പറയുന്നതിനു ഇംഗ്ലീഷ് ഒന്നേ ഉള്ളു. അതു രാജഭാഷയാണെന്നു മാത്രമല്ല, ലോകമൊട്ടുക്കു പ്രചാരമുള്ളതും ഇഹലോകപ്രയോജനങ്ങൾക്കു സംസ്കൃതത്തേക്കാൾ ഉപകരിക്കുന്നതും ആകുന്നു. ഉപരിവിദ്യാഭ്യാസം ആ ഭാഷയിലാണ്; അതിൽ മാത്രമേ സാധിക്കയുള്ളു. അതിനാൽ ‘ഭാഷാഭൂഷണം’ സംസ്കൃതാലങ്കാരികന്മാരുടെ സിദ്ധാന്തങ്ങളനുസരിച്ച് ഉണ്ടാക്കിയതുപോലെ ഈ ‘സാഹിത്യസാഹ്യം’ ആംഗലാലങ്കാരികന്മാരുടെ അഭിപ്രായങ്ങളെ അടിസ്ഥാനപ്പെടുത്തി നിർമ്മിക്കുന്നു. ഭാഷാഭൂഷണത്തിൽ പ്രതിപാദിച്ചിട്ടുള്ള പ്രധാനാലങ്കാരങ്ങൾ, വ്യംഗ്യമര്യാദ, ഗുണദോഷങ്ങൾ ഇതെല്ലാം ഗദ്യകൃതികളിലും ഉപയോഗമുള്ളവതന്നെ. ആവക സംഗതികളെ ഇവിടെ പ്രത്യേകിച്ചെടുക്കുന്നില്ല.

ഗദ്യം, പദ്യം , മിശ്രം എന്നു സാഹിത്യത്തിന്നു മൂന്നു വിഭാഗം പറഞ്ഞത് അതിന്റെ പുറമേയുള്ള വേഷം പ്രമാണിച്ചാകുന്നു. പ്രയോജനം അല്ലെങ്കിൽ ഉദ്ദേശ്യം അടിസ്ഥാനമാക്കി വിഭജിക്കുന്നതാകയാൽ കൃതികളെ ശാസ്ത്രം എന്നും കാവ്യം എന്നും രണ്ടുവകയായി തരം തിരിക്കാം. ഒരു ഗ്രന്ഥകാരൻ ഗ്രന്ഥം നിർമ്മിക്കുന്നതു പ്രധാ‍നമായി ഒരുദ്ദേശം കരുതീട്ടാണല്ലോ; ആ ഉദ്ദേശത്തിന്റെ സ്വഭാവമനുസരിച്ചും ഗ്രന്ഥങ്ങളെ വിഭജിക്കാം. ഉദ്ദേശം പ്രാധാന്യേന രണ്ടുവിധം : (1) ഉപദേശം (2) വിനോദം). രാമാദികളെപ്പോലെ വർത്തിക്കണം, രാവണാദികളെപ്പോലെ അരുത് എന്നു ഗുണദോഷിക്ക മാത്രമല്ല ഇവിടെ ഉപദേശംകൊണ്ടു വിവക്ഷിക്കപ്പെട്ടിരിക്കുന്നത്. പ്രകൃതിയുടെ രഹസ്യങ്ങളെ വെളിപ്പെടുത്തുക, ലോകവ്യവഹാരങ്ങളെ വർണ്ണിക്കുക, കാര്യങ്ങൾ മനസ്സിലാക്കുക എന്നുവേണ്ട ഏതുപ്രകാരത്തിലും ജ്ഞാനാഭിവൃദ്ധി ചെയ്യുന്നതൊക്കെ ഉപദേശത്തിലുൾപ്പെടുന്നു. അതിനാൽ ഭാഗവതം,ജ്ഞാനപ്പാന, കാലദീപം, സഹസ്രയോഗം, വിജ്ഞാനമഞ്ജരി, ഭാഷാഭൂഷണം, ഭൂവിവരണസിദ്ധാന്തം, വ്യവസ്ഥിതിയും ബോധവും, പൌരകൃത്യം മുതലായ കൃതികളെല്ലാം ശാസ്ത്രം എന്ന വിഭാഗത്തിൽ ചേർന്നവയാണ്. ഈവക ഗ്രന്ഥങ്ങൾ അതാതുവിഷയങ്ങളിൽ വായനക്കാർക്ക് അറിവു സമ്പാദിച്ചുകൊടുക്കണമെന്ന മുഖ്യോദ്ദ്യേശത്തിന്മേൽ രചിക്കപ്പെട്ടവയാകുന്നു. ഈശ്വരസൃഷ്ടിയിൽ ചേതനങ്ങളായും അചേതനങ്ങളായും പലവിധത്തിലുള്ള വസ്തുക്കളുടെ സ്വരൂപവും സ്വഭാവവും പ്രവൃത്തിയും മറ്റും ചമൽക്കാരത്തോടുകൂടി വർണ്ണിച്ചു തന്മയത്വം വരുത്തീട്ടും, വാക്കിൽ ഫലിതം പ്രയോഗിച്ചും കാവ്യരസംകൊണ്ടു വായനക്കാരെ രസിപ്പിക്കണമെന്നുള്ള മുഖ്യപ്രയോജനമുദ്ദേശിച്ചും ഉണ്ടാക്കുന്ന കൃതികൾ, വിനോദപ്രധാനങ്ങളാകയാൽ കാവ്യം എന്ന രണ്ടാം ഇനത്തിലുൾപ്പെടുന്നു. അതിനാൽ നളചരിതം മുതലായ ആട്ടക്കഥകൾ, ശാകുന്തളം, ഉത്തരരാമചരിതം മുതലായ നാടകങ്ങൾ; ശ്രീകൃഷ്ണചരിതം മുതലായ മഹാകാവ്യങ്ങൾ, മയൂരസന്ദേശം, അന്യാപദേശശതകം മുതലായ ഖണ്ഡകാവ്യങ്ങൾ, ഇന്ദുലേഖ, മാർത്താണ്ഡവർമ്മ മുതലായ ആഖ്യായികകൾ (നോവലുകൾ); മുതലനായാട്ട്, ഞാൻ ധ്വരയായത് മുതലായ ചെറുകഥകൾ; ജൂബിലിമഹോത്സവം, കാശിയാത്ര മുതലായ വൃത്താന്തങ്ങൾ ഇതെല്ലാം കാവ്യം എന്ന ഇനത്തിന്റെ വകഭേദങ്ങൾ. ഹൃദയാകർഷകമായ കൃതി കാവ്യം; ബുദ്ധിവികാസകരമായതു ശാസ്ത്രം; കവിക്കു മനോധർമ്മം പ്രയോഗിക്കുന്നതിനു കാവ്യത്തിലേ വകയുള്ളു; പദ്യവും കാവ്യത്തിലേ ശോഭിക്കുകയുള്ളു. ശാസ്ത്രത്തിൽ ഗ്രന്ഥകാരൻ വസ്തുക്കളെ യഥാസ്ഥിതമായ മട്ടിൽ സരളമായ ഗദ്യം കൊണ്ടു പ്രതിപാദിക്കണം.

എന്നാൽ ശാസ്ത്രഗ്രന്ഥങ്ങളിൽ ഒട്ടുമേ കാവ്യരസം പാടില്ലെന്നോ കാവ്യഗ്രന്ഥങ്ങളിൽ തത്വോപദേശം ചെയ്തുകൂടെന്നോ ഇല്ല. കാവ്യശാസ്ത്രഭേദം പ്രധാനോദ്ദേശ്യം പ്രമാണിച്ചു ചെയ്തിട്ടുള്ളതെന്നേ ഉള്ളു. ഉപദേശം മാത്രമായിട്ടോ ഒരു കൃതി ഉണ്ടാക്കുന്നതുതന്നെ അസാദ്ധ്യമാകുന്നു. എന്നുമാത്രമല്ല, കേവലം ഉപദേശരൂപമായ ഗ്രന്ഥം അതിന്റെ ശുഷ്കതയാൽ ഒരുവനും രസിക്കയില്ല; നേരേമറിച്ച് വിനോദം മാത്രമായാൽ പഞ്ചസാര മാത്രമായിത്തീർന്നാലെന്നതുപോലെ എളുപ്പത്തിൽ ചെടിച്ചുപോകും. പ്രായേണ ഗ്രന്ഥകാരന്മാർ ഉപദേശങ്ങളെ കാവ്യരസം കൊണ്ടു മധുരീകരിക്കുകയാണു ചെയ്യാറുള്ളത്. വർണ്ണനകളൊക്കെ ഉപേക്ഷിച്ചിട്ട് വെറും സംഗതികൾ മാത്രം പ്രസ്താവിക്കുന്നതിനാൽ ‘പ്രാചീനാര്യാവർത്തം’ വായിക്കുന്നതിൽ വിദ്യാർത്ഥികൾ അസ്വരസം നടിക്കുന്നു. ‘അന്യാപദേശശതകം’ ആകട്ടെ മേഘം, സമുദ്രം, വൃക്ഷം മുതലായ അചേതനവസ്തുക്കളിൽ ചേതനധർമ്മാരോപണം ചെയ്യുന്ന കവിതയാകയാൽ അതിലെ ഉപദേശങ്ങൾ സരസങ്ങളായിരിക്കുന്നു. ഒരു സംസ്കൃതകവി ഇസ്സംഗതി വർണ്ണിച്ചിരിക്കുന്നതു നോക്കുക:


യദ്വേദാൽ പ്രഭുസമ്മിതാദധിഗതം ശബ്ദപ്രധാനാച്ചിരം
യച്ചാർത്ഥപ്രവണാൽ പുരാണവചനാദിഷ്ടം സുഹൃത്സമ്മിതാൽ
കാന്താസമ്മിതയാ യയാ സരസതാമാപാദ്യ കാവ്യശ്രിയാ
കർത്തവ്യേ കുതുകീ ബുധോ വിരചിതസ്തസൈസ്പൃഹാം കർമ്മഹേ

വേദം ഇന്നതു ചെയ്യണം, ഇന്നതു ചെയ്യരുതെന്നു പ്രഭുവിനെപ്പോലെ നമ്മെ ശാസിക്കുന്നു; പുരാണം സുഹൃത്തിനെപ്പോലെ മദ്ധ്യസ്ഥന്റെ നിലയിൽ ഹിതമുപദേശിക്കുന്നു. കാവ്യമാകട്ടെ, കാന്തയെപ്പോലെ നമ്മെ സ്വാധീനപ്പെടുത്തി കൃത്യങ്ങളിൽ പ്രവർത്തിപ്പിക്കുന്നു.

ഇനി ജാതിഭേദം എന്ന് മറ്റൊരു ഉപാധിയിൽ കൃതികളെ തരം തിരിക്കാം. ഇത് ഏതുവക കൃതിയാണ്? ഇതിന്റെ പ്രകൃതമെന്ത്? കഥയോ? വർണ്ണനമോ? വിവരണമോ? സമർത്ഥനമോ? എന്നു നാം ചോദിക്കാറുണ്ടല്ലോ. അതിനാൽ രൂപം പ്രമാണിച്ച് ആഖ്യാനം, വർണ്ണനം, വിവരണം, ഉപപാദനം എന്നു സാഹിത്യത്തിനു നാലു വിഭാഗം കല്പിക്കാം. ഇതും ഗ്രന്ഥങ്ങളിൽ കലർന്നിട്ടേ കാണുകയുള്ളു. ഈ നാലു വകയിൽ ഒന്നു മാത്രമായിട്ട് ഒരു കൃതി ഉണ്ടാക്കേണ്ടുന്ന ആവശ്യം അപൂർവ്വമാണ്. മരവേല, കല്ലുവേല, ഇരുമ്പുവേല ഇതെല്ലാം ഗൃഹനിർമ്മാണത്തിനു ആവശ്യപ്പെടുന്നതുപോലെ മേൽ‌പ്പറഞ്ഞ നാലുതരവും ഗ്രന്ഥനിർമ്മാണത്തിന് ആവശ്യപ്പെടുന്നു. ഓരോന്നിന്റെ ഏറ്റക്കുറവുകൾ ആവശ്യത്തിന്റെ സ്വഭാവം പോലെ എന്നേ ഉള്ളു. ഗൃഹം പണിയാൻ ആഗ്രഹിക്കുന്നവർ എല്ലാ പണികളുടേയും സ്വഭാവം അറിഞ്ഞിരിക്കേണ്ടുന്നപോലെ ഗ്രന്ഥം ഉണ്ടാക്കുവാൻ അഭ്യസിക്കുന്നവർ വാചകമെഴുതുന്നതിന്റെ വകഭേദങ്ങളെല്ലാം പ്രത്യേകിച്ചു ഗ്രഹിച്ചിരിക്കേണ്ടതാകുന്നു. ഓരോന്നിന്റെ സ്വഭാവമറിഞ്ഞവന് അതാതുകളെ യഥാസ്ഥാനം വിനിയോഗിക്കുന്നതു സുഖമായിരിക്കും.

"https://ml.wikisource.org/w/index.php?title=സാഹിത്യസാഹ്യം/പീഠിക&oldid=59186" എന്ന താളിൽനിന്ന് ശേഖരിച്ചത്