Jump to content

സത്യവേദപുസ്തകം/വെളിപ്പാടു/അദ്ധ്യായം 21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(സത്യവേദപുസ്തകം/വെളിപ്പാടു‍/അദ്ധ്യായം 21 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യോഹന്നാനു ഉണ്ടായ വെളിപ്പാടു - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പുതിയനിയമഗ്രന്ഥങ്ങൾ


1 ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.

2 പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു.

3 സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.

4 അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.

5 ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ : ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.

6 പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൌജന്യമായി കൊടുക്കും.

7 ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും.

8 എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ അറെക്കപ്പെട്ടവർ കുലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷകുപറയുന്ന ഏവർക്കും ഉള്ള ഔഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം.

9 അന്ത്യബാധ ഏഴും നിറഞ്ഞ ഏഴു കലശം ഉണ്ടായിരുന്ന ഏഴു ദൂതന്മാരിൽ ഒരുത്തൻ വന്നു എന്നോടു: വരിക, കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം എന്നു പറഞ്ഞു.

10 അവൻ എന്നെ ആത്മവിവശതയിൽ ഉയർന്നോരു വന്മലയിൽ കൊണ്ടുപോയി, യെരൂശലേമെന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നതു കാണിച്ചുതന്നു.

11 അതിന്റെ ജ്യോതിസ്സു ഏറ്റവും വിലയേറിയ രത്നത്തിന്നു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തം പോലെ ആയിരുന്നു.

12 അതിന്നു പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതന്മാരും ഉണ്ടു; യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടും ഉണ്ടു.

13 കിഴക്കു മൂന്നു ഗോപുരം, വടക്കുമൂന്നു ഗോപുരം, തെക്കു മൂന്നു ഗോപുരം, പടിഞ്ഞാറു മൂന്നു ഗോപുരം.

14 നഗരത്തിന്റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതിൽ കുഞ്ഞാടിന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു.

15 എന്നോടു സംസാരിച്ചവന്നു നഗരത്തെയും അതിന്റെ ഗോപുരങ്ങളെയും മതിലിനെയും അളക്കേണ്ടതിന്നു പൊന്നുകൊണ്ടുള്ള ഒരു അളവുകോൽ ഉണ്ടായിരുന്നു.

16 നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ടു അവൻ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ.

17 അതിന്റെ മതിൽ അളന്നു; മനുഷ്യന്റെ അളവിന്നു എന്നുവെച്ചാൽ ദൂതന്റെ അളവിന്നു തന്നേ, നൂറ്റിനാല്പത്തിനാലു മുഴം ഉണ്ടായിരുന്നു.

18 മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിന്നൊത്ത തങ്കവും ആയിരുന്നു.

19 നഗരമതിലിന്റെ അടിസ്ഥാനങ്ങൾ സകല രത്നവുംകൊണ്ടു അലങ്കരിച്ചിരിക്കുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേതു മരതകം,

20 അഞ്ചാമത്തേതു നഖവർണ്ണി, ആറാമത്തേതു ചുവപ്പുകല്ലു, ഏഴാമത്തേതു പീതരത്നം, എട്ടാമത്തേതു ഗോമേദകം, ഒമ്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു വൈഡൂര്യം, പതിനൊന്നാമത്തേതു പത്മരാഗം, പന്ത്രണ്ടാമത്തേതു സുഗന്ധീ രത്നം.

21 പന്ത്രണ്ടു ഗോപുരവും പന്ത്രണ്ടു മുത്തു; ഔരോ ഗോപുരം ഔരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥി സ്വച്ഛസ്ഫടികത്തിന്നു തുല്യമായ തങ്കവും ആയിരുന്നു.

22 മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു.

23 നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളകൂ ആകുന്നു.

24 ജാതികൾ അതിന്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയുടെ രാജാക്കന്മാർ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും.

25 അതിന്റെ ഗോപുരങ്ങൾ പകൽക്കാലത്തു അടെക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ.

26 ജാതികളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും.

27 കുഞ്ഞാടിന്റെ ജീവ പുസ്തകത്തിൽഎഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ളേച്ഛതയും ഭോഷകും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>