സത്യവേദപുസ്തകം/യിരെമ്യാവു/അദ്ധ്യായം 9
യിരെമ്യാവു അദ്ധ്യായങ്ങൾ |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
1 അയ്യോ, എന്റെ ജനത്തിന്റെ പുത്രിയുടെ നിഹതന്മാർ നിമിത്തം രാവും പകലും കരയേണ്ടതിന്നു എന്റെ തല വെള്ളവും എന്റെ കണ്ണു കണ്ണുനീരുറവും ആയിരുന്നെങ്കിൽ കൊള്ളായിരുന്നു!
2 അയ്യോ, എന്റെ ജനത്തെ വിട്ടു പോയ്ക്കളയേണ്ടതിന്നു മരുഭൂമിയിൽ വഴിയാത്രക്കാർക്കുംള്ള ഒരു സത്രം എനിക്കു കിട്ടിയെങ്കിൽ കൊള്ളായിരുന്നു! അവരെല്ലാവരും വ്യഭിചാരികളും ദ്രോഹികളുടെ കൂട്ടവുമല്ലോ.
3 അവർ വ്യാജത്തിന്നായിട്ടു നാവു വില്ലുപോലെ കുലെക്കുന്നു; അവർ സത്യത്തിന്നായിട്ടല്ല ദേശത്തു വീര്യം കാണിക്കുന്നതു; അവർ ഒരു ദോഷം വിട്ടു മറ്റൊരു ദോഷത്തിന്നു പുറപ്പെടുന്നു; അവർ എന്നെ അറിയുന്നില്ല എന്നു യഹോവയുടെ അരുളപ്പാടു.
4 നിങ്ങൾ ഔരോരുത്തനും താന്താന്റെ കൂട്ടുകാരനെ സൂക്ഷിച്ചുകൊൾവിൻ ൻ ; ഒരു സഹോദരനിലും നിങ്ങൾ ആശ്രയിക്കരുതു; ഏതു സഹോദരനും ഉപായം പ്രവർത്തിക്കുന്നു; ഏതു കൂട്ടുകാരനും നുണ പറഞ്ഞു നടക്കുന്നു.
5 അവർ ഔരോരുത്തനും താന്താന്റെ കൂട്ടുകാരനെ ചതിക്കും; സത്യം സംസാരിക്കയുമില്ല; വ്യാജം സംസാരിപ്പാൻ അവർ നാവിനെ അഭ്യസിപ്പിച്ചിരിക്കുന്നു; നീതികേടു പ്രവൃത്തിപ്പാൻ അവർ അദ്ധ്വാനിക്കുന്നു.
6 നിന്റെ വാസം വഞ്ചനയുടെ നടുവിൽ ആകുന്നു; വഞ്ചന നിമിത്തം അവർ എന്നെ അറിവാൻ നിരസിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
7 അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ അവരെ ഉരുക്കി ശോധന കഴിക്കും; എന്റെ ജനത്തിന്റെ പുത്രിയെ വിചാരിച്ചു ഞാൻ മറ്റെന്തു ചെയ്യേണ്ടു?
8 അവരുടെ നാവു മരണകരമായ അസ്ത്രമാകുന്നു; അതു വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ടു ഔരോരുത്തനും താന്താന്റെ കൂട്ടുകാരനോടു സമാധാനം സംസാരിക്കുന്നു; ഉള്ളുകൊണ്ടോ അവന്നായി പതിയിരിക്കുന്നു.
9 ഇവനിമിത്തം ഞാൻ അവരെ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാൻ പകരം ചെയ്യാതെ ഇരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.
10 പർവ്വതങ്ങളെക്കുറിച്ചു ഞാൻ കരച്ചലും വിലാപവും മരുഭൂമിയിലെ മേച്ചൽപുറങ്ങളെക്കുറിച്ചു പ്രലാപവും തുടങ്ങും; ആരും വഴിപോകാതവണ്ണം അവ വെന്തുപോയിരിക്കുന്നു; കന്നുകാലികളുടെ ഒച്ച കേൾക്കുന്നില്ല; ആകാശത്തിലെ പക്ഷികളും മൃഗങ്ങളും എല്ലാം വിട്ടുപോയിരിക്കുന്നു;
11 ഞാൻ യെരൂശലേമിനെ കൽകുന്നുകളും കുറുനരികളുടെ പാർപ്പിടവും ആക്കും; ഞാൻ യെഹൂദാപട്ടണങ്ങളെ നിവാസികൾ എല്ലാതാകുംവണ്ണം ശൂന്യമാക്കിക്കളയും.
12 ഇതു ഗ്രഹിപ്പാൻ തക്ക ജ്ഞാനമുള്ളവൻ ആർ? അവതിനെ പ്രസ്താവിപ്പാൻ തക്കവണ്ണം യഹോവയുടെ വായ് ആരോടു അരുളിച്ചെയ്തു? ആരും വഴിപോകാതവണ്ണം ദേശം നശിച്ചു മരുഭൂമിപോലെ വെന്തുപോകുവാൻ സംഗതി എന്തു?
13 യഹോവ അരുളിച്ചെയ്യുന്നതു: ഞൻ അവരുടെ മുമ്പിൽ വെച്ച ന്യായപ്രമാണം അവർ ഉപേക്ഷിച്ചു എന്റെ വാക്കു കേൾക്കയോ അതു അനുസരിച്ചു നടക്കയോ ചെയ്യാതെ
14 തങ്ങളുടെ ഹൃദയത്തിന്റെ ശാഠ്യത്തെയും തങ്ങളുടെ പിതാക്കന്മാർ തങ്ങളെ അഭ്യസിപ്പിച്ച ബാൽവിഗ്രഹങ്ങളെയും അനുസരിച്ചു നടന്നതുകൊണ്ടു,
15 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തെ കാഞ്ഞിരംകൊണ്ടു പോഷിപ്പിച്ചു നഞ്ചുവെള്ളം കുടിപ്പിക്കും.
16 അവരും അവരുടെ പിതാക്കന്മാരും അറിയാത്ത ജാതികളുടെ ഇടയിൽ ഞാൻ അവരെ ചിന്നിച്ചു, അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാൾ അയക്കും.
17 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ചിന്തിച്ചു വിലാപക്കാരത്തികളെ വിളിച്ചു വരുത്തുവിൻ ; സാമർത്ഥ്യമുള്ള സ്ത്രീകളെ ആളയച്ചു വരുത്തുവിൻ .
18 നമ്മുടെ കണ്ണിൽനിന്നു കണ്ണുനീർ ഒഴുകത്തക്കവണ്ണവും നമ്മുടെ കൺപോളയിൽനിന്നു വെള്ളം ചാടത്തക്കവണ്ണവും അവർ ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ.
19 സീയോനിൽനിന്നു ഒരു വിലാപം കേൾക്കുന്നു; നാം എത്ര ശൂന്യമായിരിക്കുന്നു; നാം അത്യന്തം നാണിച്ചിരിക്കുന്നു; നാം ദേശത്തെ വിട്ടുപോയല്ലോ; നമ്മുടെ നിവാസങ്ങളെ അവർ തള്ളിയിട്ടുകളഞ്ഞിരിക്കുന്നു.
20 എന്നാൽ സ്ത്രീകളേ, യഹോവയുടെ വചനം കേൾപ്പിൻ ; നിങ്ങളുടെ ചെവി അവന്റെ വായിലെ വചനം ശ്രദ്ധിക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപവും ഔരോരുത്തി താന്താന്റെ കൂട്ടുകാരത്തിയെ പ്രലാപവും അഭ്യസിപ്പിപ്പിൻ .
21 വിശാലസ്ഥലത്തുനിന്നു പൈതങ്ങളെയും വീഥികളിൽനിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിന്നു മരണം നമ്മുടെ കിളിവാതിലുകളിൽകൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു.
22 മനുഷ്യരുടെ ശവങ്ങൾ വയലിലെ ചാണകംപോലെയും കൊയ്ത്തുകാരന്റെ പിമ്പിലെ അരിപ്പിടിപോലെയും വീഴും; ആരും അവയെ കൂട്ടിച്ചേർക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു എന്നു പറക.
23 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുതു; ബലവാൻ തന്റെ ബലത്തിൽ പ്രശംസിക്കരുതു; ധനവാൻ തന്റെ ധനത്തിലും പ്രശംസിക്കരുതു.
24 പ്രശംസിക്കുന്നവനോ: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്ന ഗ്രഹിച്ചറിയുന്നതിൽ തന്നേ പ്രശംസിക്കട്ടെ; ഇതിൽ അല്ലോ എനിക്കു പ്രസാദമുള്ളതു എന്നു യഹോവയുടെ അരുളപ്പാടു.
25 ഇതാ മിസ്രയീം, യെഹൂദാ, ഏദോം, അമ്മോന്യർ, മോവാബ്, തലയുടെ അരികു വടിക്കുന്ന മരുവാസികൾ എന്നിങ്ങനെ അഗ്രചർമ്മത്തോടുകൂടിയ സകല പരിച്ഛേദനക്കാരെയും ഞാൻ ശിക്ഷിപ്പാനുള്ള കാലം വരുന്നു.
26 സകലജാതികളും അഗ്രചർമ്മികളല്ലോ; എന്നാൽ യിസ്രായേൽഗൃഹം ഒക്കെയും ഹൃദയത്തിൽ അഗ്രചർമ്മികളാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.