സത്യവേദപുസ്തകം/യിരെമ്യാവു/അദ്ധ്യായം 27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
യിരെമ്യാവു അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ യഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:

2 യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തു: നീ കയറും നുകവും ഉണ്ടാക്കി നിന്റെ കഴുത്തിൽ വെക്കുക.

3 പിന്നെ അവയെ യെഹൂദാരാജാവായ സിദെക്കീയാവിന്റെ അടുക്കൽ വരുന്ന ദൂതന്മാരുടെ കയ്യിൽ എദോംരാജാവിന്നും മോവാബ് രാജാവിന്നും അമ്മോന്യരുടെ രാജാവിന്നും സോർരാജാവിന്നും സീദോൻ രാജാവിന്നും കൊടുത്തയച്ചു,

4 തങ്ങളുടെ യജമാനന്മാരോടു പറവാൻ നീ അവരോടു കല്പിക്കേണ്ടതു: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രാകരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ യജമാനന്മാരോടു ഇപ്രാകരം പറവിൻ :

5 ഞാൻ ഭൂമിയെയും ഭൂതലത്തിലെ മനുഷ്യനെയും മൃഗങ്ങളെയും എന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഉണ്ടാക്കിയിരിക്കുന്നു; എനിക്കു ബോധിച്ചവന്നു ഞാൻ അതു കൊടുക്കും.

6 ഇപ്പോഴോ ഞാൻ ഈ ദേശങ്ങളെ ഒക്കെയും എന്റെ ദാസനായി ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിൽ കൊടുത്തിരിക്കുന്നു; അവനെ സേവിക്കേണ്ടതിന്നു വയലിലെ മൃഗങ്ങളെയും ഞാൻ അവന്നു കൊടുത്തിരിക്കുന്നു.

7 സകലജാതികളും അവനെയും അവന്റെ മകനെയും മകന്റെ മകനെയും അവന്റെ ദേശത്തിന്റെ കാലാവധിയാകുവോളം സേവിക്കും; അതിന്റെ ശേഷം അനേകം ജാതികളും വലിയ രാജാക്കന്മാരും അവനെക്കൊണ്ടും സേവ ചെയ്യിക്കും.

8 ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കയോ ബാബേൽരാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തുകയോ ചെയ്യാത്ത ജാതിയെയും രാജ്യത്തെയും ഞാൻ അവന്റെ കൈകൊണ്ടു അവരെ മുടിച്ചുകളയുംവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദർശിക്കും എന്നു യഹോവയുടെ അരുളപ്പാടു.

9 നിങ്ങൾ ബാബേൽരാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാർക്കും പ്രശ്നക്കാർക്കും നിങ്ങളുടെ സ്വപ്നങ്ങൾക്കും നിങ്ങളുടെ ശകുനവാദികൾക്കും ക്ഷുദ്രക്കാർക്കും ചെവികൊടുക്കരുതു.

10 നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്നു അകറ്റിക്കളവാനും ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിട്ടു നിങ്ങള നശിച്ചുപോകുവാനും ഇടയാകത്തക്കവണ്ണം അവർ നിങ്ങളോടു ഭോഷകു പ്രവചിക്കുന്നു.

11 എന്നാൽ ബാബേൽരാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തി അവനെ സേവിക്കുന്ന ജാതിയെ ഞാൻ അവരുടെ ദേശത്തു തന്നേ വസിക്കുമാറാക്കും; അവർ അതിൽ കൃഷിചെയ്തു അവിടെ പാർക്കും എന്നു യഹോവയുടെ അരുളപ്പാടു.

12 ഞാൻ അങ്ങനെ തന്നേ യെഹൂദാരാജാവായ സിദെക്കീയാവോടും പ്രസ്താവിച്ചതെന്തെന്നാൽ: നിങ്ങൾ ബാബേൽരാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തി അവനെയും അവന്റെ ജനത്തെയും സേവിച്ചു ജീവിച്ചുകൊൾവിൻ .

13 ബാബേൽരാജാവിനെ സേവിക്കാത്ത ജാതിയെക്കുറിച്ചു യഹോവ അരുളിച്ചെയ്തതു പോലെ നീയും നിന്റെ പ്രജകളും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കുന്നതു എന്തിനു?

14 നിങ്ങൾ ബാബേൽരാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുതു; അവർ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നതു.

15 ഞാൻ അവരെ അയച്ചിട്ടില്ല; എങ്കിലും ഞാൻ നിങ്ങളെ നീക്കിക്കളവാനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചുപോകുവാനും തക്കവണ്ണം അവർ എന്റെ നാമത്തിൽ ഭോഷകു പ്രവചിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

16 പിന്നെ ഞാൻ പുരോഹിതന്മാരോടും ഈ സകലജനത്തോടും പ്രസ്താവിച്ചതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയംവക ഉപകരണങ്ങൾ ഇപ്പോൾ ക്ഷണത്തിൽ ബാബേലിൽനിന്നു തിരികെ കൊണ്ടുവരും എന്നിങ്ങനെ പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്മാരുടെ വാക്കു കേൾക്കരുതു: അവർ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നതു.

17 അവർക്കും ചെവികൊടുക്കരുതു; ബോബേൽരാജാവിനെ സേവിച്ചു ജീവിച്ചുകൊൾവിൻ ; ഈ നഗരം ശൂന്യമായ്തീരുന്നതെന്തിന്നു?

18 അവർ പ്രവാചകന്മാരാകുന്നു എങ്കിൽ, യഹോവയുടെ അരുളപ്പാടു അവർക്കുംണ്ടെങ്കിൽ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിച്ചിരിക്കുന്ന ഉപകരണങ്ങൾ ബാബേലിലേക്കു കൊണ്ടുപോകാതിരിക്കേണ്ടതിന്നു അവർ സൈന്യങ്ങളുടെ യഹോവയോടു പക്ഷവാദം കഴിക്കട്ടെ.

19 ബാബേൽരാജാവായ നെബൂഖദ്നേസർ, യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദയിലും യെരൂശലേമിലും ഉള്ള സകല കുലീനന്മാരെയും യെരൂശലേമിൽനിന്നു ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയപ്പോൾ,

20 അവൻ എടുക്കാതെ വെച്ചിരുന്ന സ്തംഭങ്ങളെയും കടലിനെയും പീഠങ്ങളെയും ഈ നഗരത്തിൽ ശേഷിച്ചിരിക്കുന്ന ശേഷം ഉപകരണങ്ങളെയും കുറിച്ചു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

21 അതേ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിപ്പുള്ള ഉപകരണങ്ങളെക്കുറിച്ചു തന്നേ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

22 അവയെ ബാബേലിലേക്കു കൊണ്ടുപോകും; ഞാൻ അവരെ സന്ദർശിക്കുന്ന നാൾവരെ, അവ അവിടെ ഇരിക്കും; പിന്നത്തേതിൽ ഞാൻ അവയെ ഈ സ്ഥലത്തു മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>