Jump to content

സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഉല്പത്തിപുസ്തകം അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1യിസ്ഹാൿ വൃദ്ധനായി അവന്റെ കണ്ണു കാണ്മാൻ വഹിയാതവണ്ണം മങ്ങിയപ്പോൾ അവൻ ഒരു ദിവസം മൂത്ത മകനായ ഏശാവിനെ വിളിച്ചു അവനോടു: മകനേ എന്നു പറഞ്ഞു. അവൻ അവനോടു: ഞാൻ ഇതാ എന്നു പറഞ്ഞു.

2അപ്പോൾ അവൻ : ഞാൻ വൃദ്ധനായിരിക്കുന്നു; എന്റെ മരണദിവസം അറിയുന്നതുമില്ല.

3നീ ഇപ്പോൾ നിന്റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്തു കാട്ടിൽ ചെന്നു എനിക്കു വേണ്ടി വേട്ടതേടി

4എനിക്കു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി, ഞാൻ മരിക്കുമ്മുമ്പെ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ അടുക്കൽ കൊണ്ടുവരിക എന്നു പറഞ്ഞു.

5യിസ്ഹാൿ തന്റെ മകനായ ഏശാവിനോടു പറയുമ്പോൾ റിബെക്കാ കേട്ടു ഏശാവോ വേട്ട തേടി കൊണ്ടുവരുവാൻ കാട്ടിൽ പോയി.

6റിബെക്കാ തന്റെ മകനായ യാക്കോബിനോടു പറഞ്ഞതു: നിന്റെ അപ്പൻ നിന്റെ സഹോദരനായ ഏശാവിനോടു സംസാരിച്ചു:

7ഞാൻ എന്റെ മരണത്തിന്നു മുമ്പെ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിന്നു നീ വേട്ടയിറച്ചി കൊണ്ടുവന്നു രുചികരമായ ഭോജനം ഉണ്ടാക്കിത്തരിക എന്നു പറയുന്നതു ഞാൻ കേട്ടു.

8ആകയാൽ മകനേ, നീ എന്റെ വാക്കു കേട്ടു ഞാൻ നിന്നോടു കല്പിക്കുന്നതു ചെയ്ക.

9ആട്ടിൻ കൂട്ടത്തിൽ ചെന്നു അവിടെനിന്നു രണ്ടു നല്ല കോലാട്ടിൻ കുട്ടികളെ കൊണ്ടുവരിക; ഞാൻ അവയെക്കൊണ്ടു നിന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കും.

10നിന്റെ അപ്പൻ തിന്നു തന്റെ മരണത്തിന്നു മുമ്പെ അനുഗ്രഹിക്കേണ്ടതിന്നു നീ അതു അവന്റെ അടുക്കൽ കൊണ്ടുചെല്ലേണം.

11അതിന്നു യാക്കോബ് തന്റെ അമ്മയായ റിബെക്കയോടു: എന്റെ സഹോദരനായ ഏശാവു രോമമുള്ളവനും ഞാൻ രോമമില്ലാത്തവനും ആകുന്നുവല്ലോ.

12പക്ഷേ അപ്പൻ എന്നെ തപ്പിനോക്കും; ഞാൻ ഉപായി എന്നു അവന്നു തോന്നീട്ടു ഞാൻ എന്റെ മേൽ അനുഗ്രഹമല്ല ശാപം തന്നേ വരുത്തും എന്നു പറഞ്ഞു.

13അവന്റെ അമ്മ അവനോടു: മകനേ, നിന്റെ ശാപം എന്റെ മേൽ വരട്ടെ; എന്റെ വാക്കു മാത്രം കേൾക്ക; പോയി കൊണ്ടുവാ എന്നു പറഞ്ഞു.

14അവൻ ചെന്നു പിടിച്ചു അമ്മയുടെ അടുക്കൽ കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി.

15പിന്നെ റിബെക്കാ വീട്ടിൽ തന്റെ പക്കൽ ഉള്ളതായ മൂത്തമകൻ ഏശാവിന്റെ വിശേഷ വസ്ത്രം എടുത്തു ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു.

16അവൾ കോലാട്ടിൻ കുട്ടികളുടെ തോൽകൊണ്ടു അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു.

17താൻ ഉണ്ടാക്കിയ രുചികരമായ ഭോജനവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കയ്യിൽ കൊടുത്തു.

18അവൻ അപ്പന്റെ അടുക്കൽ ചെന്നു: അപ്പാ എന്നു പറഞ്ഞതിന്നു: ഞാൻ ഇതാ; നീ ആർ, മകനേ എന്നു അവൻ ചോദിച്ചു.

19യാക്കോബ് അപ്പനോടു: ഞാൻ നിന്റെ ആദ്യജാതൻ ഏശാവു; എന്നോടു കല്പിച്ചതു ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റു ഇരുന്നു എന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു.

20യിസ്ഹാൿ തന്റെ മകനോടു: മകനേ, നിനക്കു ഇത്ര വേഗത്തിൽ കിട്ടിയതു എങ്ങനെ എന്നു ചോദിച്ചതിന്നു നിന്റെ ദൈവമായ യഹോവ എന്റെ നേർക്കും വരുത്തിത്തന്നു എന്നു അവൻ പറഞ്ഞു.

21യിസ്ഹാൿ യാക്കോബിനോടു: മകനെ, അടുത്തുവരിക; നീ എന്റെ മകനായ ഏശാവു തന്നേയോ അല്ലയോ എന്നു ഞാൻ തപ്പിനോക്കട്ടെ എന്നു പറഞ്ഞു.

22യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോടു അടുത്തു ചെന്നു; അവൻ അവനെ തപ്പിനോക്കി: ശബ്ദം യാക്കോബിന്റെ ശബ്ദം; കൈകൾ ഏശാവിന്റെ കൈകൾ തന്നേ എന്നു പറഞ്ഞു.

23അവന്റെ കൈകൾ സഹോദരനായ ഏശാവിന്റെ കൈകൾ പോലെ രോമമുള്ളവയാകകൊണ്ടു അവൻ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു.

24നീ എന്റെ മകൻ ഏശാവ് തന്നേയോ എന്നു അവൻ ചോദിച്ചതിന്നു: അതേ എന്നു അവൻ പറഞ്ഞു.

25അപ്പോൾ അവൻ : എന്റെ അടുക്കൽ കൊണ്ടുവാ; ഞാൻ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ മകന്റെ വേട്ടയിറച്ചി ഞാൻ തിന്നാം എന്നു പറഞ്ഞു; അവൻ അടുക്കൽ കൊണ്ടു ചെന്നു, അവൻ തിന്നു; അവൻ വീഞ്ഞും കൊണ്ടുചെന്നു, അവൻ കുടിച്ചു.

26പിന്നെ അവന്റെ അപ്പനായ യിസ്ഹാൿ അവനോടു: മകനേ, നീ അടുത്തുവന്നു എന്നെ ചുംബിക്ക എന്നു പറഞ്ഞു.

27അവൻ അടുത്തുചെന്നു അവനെ ചുംബിച്ചു; അവൻ അവന്റെ വസ്ത്രങ്ങളുടെ വാസന മണത്തു അവനെ അനുഗ്രഹിച്ചു പറഞ്ഞതു: ഇതാ, എന്റെ മകന്റെ വാസന യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ.

28ദൈവം ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും അനവധി ധന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ.

29വംശങ്ങൾ നിന്നെ സേവിക്കട്ടെ; ജാതികൾ നിന്നെ വണങ്ങട്ടെ; നിന്റെ സഹോദരന്മാർക്കും നീ പ്രഭുവായിരിക്ക; നിന്റെ മാതാവിന്റെ പുത്രന്മാർ നിന്നെ വണങ്ങട്ടെ. നിന്നെ ശപിക്കുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ ; നിന്നെ അനുഗ്രഹിക്കുന്നവൻ എല്ലാം അനുഗ്രഹിക്കപ്പെട്ടവൻ .

30യിസ്ഹാൿ യാക്കോബിനെ അനുഗ്രഹിച്ചുകഴിഞ്ഞപ്പോൾ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പിൽനിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരൻ ഏശാവ് വേട്ടകഴിഞ്ഞു മടങ്ങിവന്നു.

31അവനും രുചികരമായ ഭോജനം ഉണ്ടാക്കി അപ്പന്റെ അടുക്കൽ കൊണ്ടുചെന്നു അപ്പനോടു: അപ്പൻ എഴുന്നേറ്റു മകന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു.

32അവന്റെ അപ്പനായ യിസ്ഹാൿ അവനോടു: നീ ആർ എന്നു ചോദിച്ചതിന്നു: ഞാൻ നിന്റെ മകൻ , നിന്റെ ആദ്യജാതൻ ഏശാവ് എന്നു അവൻ പറഞ്ഞു.

33അപ്പോൾ യിസ്ഹാൿ അത്യന്തം ഭ്രമിച്ചു നടുങ്ങി: എന്നാൽ വേട്ടതേടി എന്റെ അടുക്കൽ കൊണ്ടുവന്നവൻ ആർ? നീ വരുംമുമ്പെ ഞാൻ സകലവും തിന്നു അവനെ അനുഗ്രഹിച്ചിരിക്കുന്നു; അവൻ അനുഗ്രഹിക്കപ്പെട്ടവനുമാകും എന്നു പറഞ്ഞു.

34ഏശാവ് അപ്പന്റെ വാക്കു കേട്ടപ്പോൾ അതി ദുഃഖിതനായി ഉറക്കെ നിലവിളിച്ചു: അപ്പാ, എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ എന്നു അപ്പനോടു പറഞ്ഞു.

35അതിന്നു അവൻ : നിന്റെ സഹോദരൻ ഉപായത്തോടെ വന്നു നിന്റെ അനുഗ്രഹം അപഹരിച്ചുകളഞ്ഞു എന്നു പറഞ്ഞു.

36ശരി, യാക്കോബ് എന്നല്ലോ അവന്റെ പേർ; രണ്ടു പ്രാവശ്യം അവൻ എന്നെ ചതിച്ചു; അവൻ എന്റെ ജ്യേഷ്ഠാവകാശം അപഹരിച്ചു; ഇപ്പോൾ ഇതാ, എന്റെ അനുഗ്രഹവും അപഹരിച്ചുകളഞ്ഞു എന്നു അവൻ പറഞ്ഞു. നീ എനിക്കു ഒരു അനുഗ്രഹവും കരുതിവെച്ചിട്ടില്ലയോ എന്നു അവൻ ചോദിച്ചു.

37യിസ്ഹാൿ ഏശാവിനോടു: ഞാൻ അവനെ നിനക്കു പ്രഭുവാക്കി അവന്റെ സഹോദരന്മാരെ ഒക്കെയും അവന്നു ദാസന്മാരാക്കി; അവന്നു ധാന്യവും വീഞ്ഞുംകൊടുത്തു; ഇനി നിനക്കു ഞാൻ എന്തു തരേണ്ടു മകനേ എന്നു ഉത്തരം പറഞ്ഞു.

38ഏശാവ് പിതാവിനോടു: നിനക്കു ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ, അപ്പാ? എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ, അപ്പാ എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു.

39എന്നാറെ അവന്റെ അപ്പനായ യിസ്ഹാൿ ഉത്തരമായിട്ടു അവനോടു പറഞ്ഞതു: നിന്റെ വാസം ഭൂമിയിലെ പുഷ്ടിക്കുടാതെയും മീതെ ആകാശത്തിലെ മഞ്ഞു കൂടാതെയും ഇരിക്കും.

40നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ടു അഴിഞ്ഞുപോകുമ്പോൾ നീ അവന്റെ നുകം കഴുത്തിൽനിന്നു കുടഞ്ഞുകളയും.

41തന്റെ അപ്പൻ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവു അവനെ ദ്വേഷിച്ചു: അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോൾ ഞാൻ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും എന്നു ഏശാവു ഹൃദയത്തിൽ പറഞ്ഞു.

42മൂത്തമകനായ ഏശാവിന്റെ വാക്കു റിബെക്കാ അറിഞ്ഞപ്പോൾ, അവൾ ഇളയമകനായ യാക്കോബിനെ ആളയച്ചു വിളിപ്പിച്ചു അവനോടു പറഞ്ഞതു: നിന്റെ സഹോദരൻ ഏശാവ് നിന്നെ കൊന്നു പകവീട്ടുവാൻ ഭാവിക്കുന്നു.

43ആകയാൽ മകനേ: എന്റെ വാക്കു കേൾക്ക: നീ എഴുന്നേറ്റു ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്കു ഔടിപ്പോക.

44നിന്റെ സഹോദരന്റെ ക്രോധം ശമിക്കുവോളം കുറെ നാൾ അവന്റെ അടുക്കൽ പാർക്ക.

45നിന്റെ സഹോദരന്നു നിന്നോടുള്ള കോപം മാറി നീ അവനോടു ചെയ്തതു അവൻ മറക്കുംവരെ അവിടെ താമസിക്ക; പിന്നെ ഞാൻ ആളയച്ചു നിന്നെ അവിടെ നിന്നു വരുത്തിക്കൊള്ളാം; ഒരു ദിവസം തന്നേ നിങ്ങൾ ഇരുവരും എനിക്കു ഇല്ലാതെയാകുന്നതു എന്തിനു?

46പിന്നെ റിബെക്കാ യിസ്ഹാക്കിനോടു: ഈ ഹിത്യസ്ത്രീകൾ നിമിത്തം എന്റെ ജീവൻ എനിക്കു അസഹ്യമായിരിക്കുന്നു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യ സ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാൻ എന്തിന്നു ജീവിക്കുന്നു? എന്നു പറഞ്ഞു.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>