സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 12
ഉല്പത്തിപുസ്തകം അദ്ധ്യായങ്ങൾ |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
1 യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിൻറെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻനിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക.
2 ഞാൻനിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിൻറെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.
3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻഅനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.
4 യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു.
5 അബ്രാം തൻറെ ഭാര്യയായ സാറായിയെയും സഹോദരൻറെ മകനായ ലോത്തിനെയും തങ്ങൾ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങൾ ഹാരാനിൽ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാൻദേശത്തേക്കു പോകുവാൻപുറപ്പെട്ടു കനാൻദേശത്തു എത്തി.
6 അബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോൻമോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യൻദേശത്തു പാർത്തിരുന്നു.
7 യഹോവ അബ്രാമിന്നു പ്രത്യക്ഷനായി: നിൻറെ സന്തതിക്കു ഞാൻഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവെക്കു അവൻഅവിടെ ഒരു യാഗപീഠം പണിതു.
8 അവൻഅവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവൻയഹോവെക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു.
9 അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു.
10 ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീർന്നതുകൊണ്ടു അബ്രാം മിസ്രയീമിൽ ചെന്നുപാർപ്പാൻഅവിടേക്കു പോയി.
11 മിസ്രയീമിൽ എത്തുമാറായപ്പോൾ അവൻതൻറെ ഭാര്യ സാറായിയോടു പറഞ്ഞതു: ഇതാ, നീ സൗന്ദര്യമുള്ള സ്ത്രീയെന്നു ഞാൻഅറിയുന്നു.
12 മിസ്രയീമ്യർ നിന്നെ കാണുമ്പോൾ ഇവൾ അവൻറെ ഭാര്യയെന്നു പറഞ്ഞു എന്നെകൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും.
13 നീ എൻറെ സഹോദരിയെന്നു പറയേണം; എന്നാൽ നിൻറെ നിമിത്തം എനിക്കു നന്മവരികയും ഞാൻജീവിച്ചിരിക്കയും ചെയ്യും.
14 അങ്ങനെ അബ്രാം മിസ്രയീമിൽ എത്തിയപ്പോൾ സ്ത്രീ അതി സുന്ദരി എന്നു മിസ്രയീമ്യർ കണ്ടു.
15 ഫറവോൻറെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോൻറെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോൻറെ അരമനയിൽ പോകേണ്ടിവന്നു.
16 അവളുടെ നിമിത്തം അവൻഅബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആൺകഴുതകളും ദാസന്മാരും ദാസിമാരും പെൺകഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.
17 അബ്രാമിൻറെ ഭാര്യയായ സാറായിനിമിത്തം യഹോവ ഫറവോനെയും അവൻറെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു.
18 അപ്പോൾ ഫറവോൻഅബ്രാമിനെ വിളിച്ചു: നീ എന്നോടു ഈ ചെയ്തതു എന്തു? അവൾ നിൻറെ ഭാര്യയെന്നു എന്നെ അറിയിക്കാഞ്ഞതു എന്തു?
19 അവൾ എൻറെ സഹോദരിയെന്നു എന്തിന്നു പറഞ്ഞു? ഞാൻഅവളെ ഭാര്യയായിട്ടു എടുപ്പാൻസംഗതി വന്നുപോയല്ലോ; ഇപ്പോൾ ഇതാ, നിൻറെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടു പോക എന്നു പറഞ്ഞു.
20 ഫറവോൻഅവനെക്കുറിച്ചു തൻറെ ആളുകളോടു കല്പിച്ചു; അവർ അവനെയും അവൻറെ ഭാര്യയെയും അവന്നുള്ള സകലവുമായി പറഞ്ഞയച്ചു.