സത്യവേദപുസ്തകം/ആമോസ്/അദ്ധ്യായം 8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ആമോസ് - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 യഹോവയായ കർത്താവു എനിക്കു ഒരു കൊട്ട പഴുത്ത പഴം കാണിച്ചുതന്നു.

2 ആമോസേ, നീ എന്തു കാണുന്നു എന്നു അവൻ ചോദിച്ചതിന്നു: ഒരു കൊട്ട പഴുത്തപഴം എന്നു ഞാൻ പറഞ്ഞു. യഹോവ എന്നോടു അരുളിച്ചെയ്തതു: എന്റെ ജനമായ യിസ്രായേലിന്നു പഴുപ്പു വന്നിരിക്കുന്നു; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല.

3 അന്നാളിൽ മന്ദിരത്തിലെ ഗീതങ്ങൾ മുറവിളിയാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. ശവം അനവധി! എല്ലാടത്തും അവയെ എറിഞ്ഞുകളയും; മിണ്ടരുതു.

4 ഞങ്ങൾ ഏഫയെ കുറെച്ചു ശേക്കേലിനെ വലുതാക്കി കള്ളത്തുലാസ്സുകൊണ്ടു വഞ്ചന പ്രവർത്തിച്ചു എളിയവരെ പണത്തിന്നും ദരിദ്രന്മാരെ ഒരു കൂട്ടു ചെരിപ്പിന്നും മേടിക്കേണ്ടതിന്നും കോതമ്പിന്റെ പതിർ വിൽക്കേണ്ടതിന്നും

5 ധാന്യവ്യാപാരം ചെയ്‍വാൻ തക്കവണ്ണം അമാവാസിയും കോതമ്പുപീടിക തുറന്നുവെപ്പാൻ തക്കവണ്ണം ശബ്ബത്തും എപ്പോൾ കഴിഞ്ഞുപോകും എന്നു പറഞ്ഞു,

6 ദരിദ്രന്മാരെ വിഴുങ്ങുവാനും ദേശത്തിലെ സാധുക്കളെ ഇല്ലാതാക്കുവാനും പോകുന്നവരേ, ഇതു കേൾപ്പിൻ .

7 ഞാൻ അവരുടെ പ്രവൃത്തികളിൽ യാതൊന്നും ഒരുനാളും മറക്കയില്ല എന്നു യഹോവ യാക്കോബിന്റെ മഹിമയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.

8 അതു നിമിത്തം ഭൂമി നടുങ്ങുകയും അതിൽ പാർക്കുംന്ന ഏവനും ഭ്രമിച്ചുപോകയും ചെയ്കയില്ലയോ? അതു മുഴുവനും നീലനദിപോലെ പൊങ്ങും; മിസ്രയീമിലെ നദിപോലെ പൊങ്ങുകയും താഴുകയും ചെയ്യും.

9 അന്നാളിൽ ഞാൻ ഉച്ചെക്കു സൂര്യനെ അസ്തമിപ്പിക്കയും പട്ടാപ്പകൽ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും.

10 ഞാൻ നിങ്ങളുടെ ഉത്സവങ്ങളെ ദുഃഖമായും നിങ്ങളുടെ ഗീതങ്ങളെ വിലാപമായും മാറ്റും; ഞാൻ ഏതു അരയിലും രട്ടും ഏതു തലയിലും കഷണ്ടിയും വരുത്തും; ഞാൻ അതിനെ ഒരു ഏകജാതനെക്കുറിച്ചുള്ള വിലാപംപോലെയും അതിന്റെ അവസാനത്തെ കൈപ്പുള്ള ദിവസംപോലെയും ആക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

11 അപ്പത്തിന്നായുള്ള വിശപ്പല്ല വെള്ളത്തിന്നായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേൾക്കേണ്ടതിന്നുള്ള വിശപ്പുതന്നേ ഞാൻ ദേശത്തേക്കു അയക്കുന്ന നാളുകൾ വരുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

12 അന്നു അവർ സമുദ്രംമുതൽ സമുദ്രംവരെയും വടക്കുമുതൽ കിഴക്കുവരെയും ഉഴന്നുചെന്നു യഹോവയുടെ വചനം അന്വേഷിച്ചു അലഞ്ഞുനടക്കും; കണ്ടുകിട്ടുകയില്ലതാനും.

13 അന്നാളിൽ സൗന്ദര്യമുള്ള കന്യകമാരും യൗവനക്കാരും ദാഹംകൊണ്ടു ബോധംകെട്ടുവീഴും.

14 ദാനേ, നിന്റെ ദൈവത്താണ, ബേർ-ശേബാമാർഗ്ഗത്താണ എന്നു പറഞ്ഞുംകൊണ്ടു ശമർയ്യയുടെ അകൃത്യത്തെച്ചൊല്ലി സത്യം ചെയ്യുന്നവർ വീഴും; ഇനി എഴുന്നേൽക്കയുമില്ല.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>