സങ്കല്പകാന്തി/വൃന്ദാവനത്തിലെ രാധ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സങ്കല്പകാന്തി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
വൃന്ദാവനത്തിലെ രാധ
[ 33 ]

വൃന്ദാവനത്തിലെ രാധ

ഞാനിത്രനാളും ഭജിച്ച നല്ല
ഹേമന്തകാലവും വന്നു;
ഞാനിത്രനാളും കൊതിച്ചോരെന്റെ-
യാനന്ദരാത്രിയും വന്നു;
എന്മനംമാതിരിയിന്നാക്കുളിർ-
വൃന്ദാവനികയും പൂത്തു;
മാമകപ്രേമമെന്നോണം പുതു-
പൂമണം പൊങ്ങിപ്പരന്നു;
കോമളപ്പൈമ്പാൽനിലാവിൽ മുങ്ങി
യാമുനം കൂലം ചിരിപ്പു;
ഓരോ വികാരങ്ങൾപോലേ ,മേന്മേ-
ലോളങ്ങൾ പാടിക്കളിപ്പൂ;
എന്തൊരാകർഷണരംഗം, ഹാ,യി-
തെന്തു നിർവ്വാണതരംഗം!

കേൾപ്പാൻകൊതിച്ചാരോ നില്ക്കുംമട്ടിൽ
രാപ്പാടി പാട്ടു പാടുന്നു;
എന്തിനോ കോരിത്തരിക്കാൻവേണ്ടി
മന്ദാനിലനലയുന്നു;
തൂവെള്ളിമേഘങ്ങൾ നില്പൂ വന്നാ-
ഗ്ഗോവർദ്ധനത്തിന്റെ പിന്നിൽ;
ചേതനപ്പൂക്കൾ വിടരുംമട്ടി-
ലേതിനോ നോക്കി രസിക്കാൻ!
നേരിയ മർമ്മരം തൂകി നില്പൂ
പാരിജാതപ്പച്ചിലകൾ;
പ്രേമലഹരി പുണരുന്നോരെ-
ന്നോമൽ പ്രതീക്ഷകൾപോലെ!
എന്തൊരാകർഷണരംഗം, ഹാ,യി-
തെന്തു നിർവ്വാണതരംഗം!

കാടിന്റെ പച്ചമനസ്സിൽനിന്നോ-
രോടക്കുഴൽവിളി കേൾപ്പൂ;-

[ 34 ]

ഓമൽപ്രണയം തുളുമ്പും നല്ലോ-
രോടക്കുഴൽവിളി കേൾപ്പൂ;-
കാരണമെന്തിതാ, പെട്ടെന്നെന്റെ
കാലുറയ്ക്കാതാകുന്നല്ലോ!
ഹാ, മത്തനുലത പെട്ടെന്നൊരു
രോമാഞ്ചമായിക്കഴിഞ്ഞു!
അക്ഷയജ്യോതിസ്സണിഞ്ഞെൻജീവൻ
നക്ഷത്രംകൊണ്ടു നിറഞ്ഞു!
വിസ്മയ,മൊറ്റഞൊടിയിൽ ഞാനീ
വിശ്വത്തെക്കാളും വളർന്നു!
എന്തൊരാകർഷണരംഗം,ഹാ,യി-
തെന്തു നിർവ്വാണതരംഗം!

മാമകജീവിതവല്ലി പുൽകു-
മാ മധുമാസവിലാസം;-
എന്നാശാകചക്രവാളത്തിൽ സദാ
മിന്നുന്നൊരാ നീലമേഘം;-
ഹാ, മൽസുഖസ്വപ്നസൗധം കാക്കു-
മോമനസ്സ്വർണ്ണനക്ഷത്രം;-
സാവധാനം വന്നുദിപ്പൂ ദിവ്യ-
സായുജ്യവീചികപോലേ!
എന്മനം പേർത്തും തുടിപ്പൂ, വിണ്ണിൽ
മിന്നുന്ന താരകംപോലേ!
ആനന്ദസിന്ധുവിൽ മുങ്ങിപ്പൊങ്ങി
ഞാനിതാ, നീന്തിക്കളിപ്പൂ.
എന്തൊരാകർഷണരംഗം, ഹാ,യി-
തെന്തു നിർവ്വാണതരംഗം!

--മെയ് 1936