താൾ:Sangkalpakaanthi.djvu/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൃന്ദാവനത്തിലെ രാധ

ഞാനിത്രനാളും ഭജിച്ച നല്ല
ഹേമന്തകാലവും വന്നു;
ഞാനിത്രനാളും കൊതിച്ചോരെന്റെ-
യാനന്ദരാത്രിയും വന്നു;
എന്മനംമാതിരിയിന്നാക്കുളിർ-
വൃന്ദാവനികയും പൂത്തു;
മാമകപ്രേമമെന്നോണം പുതു-
പൂമണം പൊങ്ങിപ്പരന്നു;
കോമളപ്പൈമ്പാൽനിലാവിൽ മുങ്ങി
യാമുനം കൂലം ചിരിപ്പു;
ഓരോ വികാരങ്ങൾപോലേ ,മേന്മേ-
ലോളങ്ങൾ പാടിക്കളിപ്പൂ;
എന്തൊരാകർഷണരംഗം, ഹാ,യി-
തെന്തു നിർവ്വാണതരംഗം!

കേൾപ്പാൻകൊതിച്ചാരോ നില്ക്കുംമട്ടിൽ
രാപ്പാടി പാട്ടു പാടുന്നു;
എന്തിനോ കോരിത്തരിക്കാൻവേണ്ടി
മന്ദാനിലനലയുന്നു;
തൂവെള്ളിമേഘങ്ങൾ നില്പൂ വന്നാ-
ഗ്ഗോവർദ്ധനത്തിന്റെ പിന്നിൽ;
ചേതനപ്പൂക്കൾ വിടരുംമട്ടി-
ലേതിനോ നോക്കി രസിക്കാൻ!
നേരിയ മർമ്മരം തൂകി നില്പൂ
പാരിജാതപ്പച്ചിലകൾ;
പ്രേമലഹരി പുണരുന്നോരെ-
ന്നോമൽ പ്രതീക്ഷകൾപോലെ!
എന്തൊരാകർഷണരംഗം, ഹാ,യി-
തെന്തു നിർവ്വാണതരംഗം!

കാടിന്റെ പച്ചമനസ്സിൽനിന്നോ-
രോടക്കുഴൽവിളി കേൾപ്പൂ;-

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/33&oldid=169643" എന്ന താളിൽനിന്ന് ശേഖരിച്ചത്