ശ്രീ നാരായണ ഗുരു/അനുബന്ധം: 1090 മുതൽ മഹാസമാധി വരെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശ്രീ നാരായണ ഗുരു
രചന:ടി._ഭാസ്കരൻ
അദ്ധ്യായം അനുബന്ധം: 1090 മുതൽ മഹാസമാധി വരെ
ഈ അനുബന്ധം രചിച്ചത് ഡോ. ടി. ഭാസ്കരൻ

ഒന്നിനോടും മമത പുലർത്താതെ അന്യരുടെ നന്മയ്ക്കു വേണ്ടി കർമ്മം ചെയ്യുക എന്ന സന്ദേശം ഗുരു സ്വന്തം ജീവിതം കൊണ്ടു ജനതയ്ക്കു കാണിച്ചു കൊടുത്തു.

'അന്ത്യം വരെയും

കർമ്മം ചെയ്തിങ്ങസംഗനായ്
ചരിക്കുകയതല്ലാതി-
ല്ലൊന്നൂം നരനു ചെയ്തിടാൻ'

എന്ന് ഈശാവാസ്യോപനിഷത്തിന്റെ വിവർത്തനത്തിലൂടെ അനുശാസിക്കുകയും ചെയ്തു. ഈ അനുശാസനം ഗുരു സ്വയം പാലിച്ചു എന്ന് ആശാൻ എഴുതിയ ജീവചരിത്രഭാഗത്തുനിന്നു തെളിയുന്നു. ആശാൻ പറഞ്ഞു നിറുത്തിയ വാക്കുകൾ ഉദ്ധരിക്കട്ടെ. "വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അനുമിക്കാവുന്നതായി സ്വാമിയുടെ അഗാധമായ ഹൃദയത്തിൽ ഇപ്പോൾ കിടക്കുന്ന മറ്റൊരു പാവനമായ അഭിപ്രായം തന്റെ ശിഷ്യന്മാരായ സന്യാസികളും ബ്രഹ്മചാരികളും അടങ്ങിയ ഒരു പ്രത്യേക സംഘം സ്ഥാപിച്ചും അതുമൂലം ജാതിമതഭേതം കൂടാതെ പൊതുവിൽ നാട്ടിനും ജനങ്ങൾക്കും ഒന്നുപോലെ അദ്ധ്യാത്മികമായ ശ്രേയസ്സും സദാചാര സംബന്ധമായും വിദ്യാഭ്യാസ സംബന്ധമായും ഉള്ള അഭിവൃദ്ധിയും ഉണ്ടാകുന്നതിനു യത്നിപ്പാൻവേണ്ട ഏർപ്പാടുകൾ ചെയ്യണമെന്നുള്ളതാകുന്നു." അത്തരം കാര്യങ്ങൾ എത്രയും വേഗം ചെയ്തുതീർക്കണമെന്നു സ്വാമികൾ വിചാരിച്ചതായി അദ്ദേഹത്തിന്റെ പിൽക്കാലചര്യകളിൽ നിന്നൂഹിക്കാം. ആര്യസമാജ പ്രവർത്തകനായ സ്വാമി ശ്രദ്ധാനന്ദജിയുമായി നടന്ന സംഭാഷണത്തിനിടയിൽ ഗുരു പറഞ്ഞ നർമ്മങ്ങളിൽ ചെയ്തതൊന്നും പോരാ എന്നു ധ്വനിക്കുന്നു. പ്രസക്ത ഭാഗം താഴെ എഴുതുന്നു.

ശ്രദ്ധാനന്ദ: അധഃകൃതരുടെ ഉദ്ധാരണത്തിനു സ്വാമികൾ പലതും ചെയ്തിട്ടുണ്ടെന്നറിയാം.
 ഗുരു: നാം ഒന്നും പ്രവർത്തിക്കുന്നില്ലല്ലൊ.
 ശ്രദ്ധാനന്ദ: പ്രവർത്തിയുണ്ടാകാതിരിക്കുകയില്ല. പ്രവർത്തിയുണ്ടെങ്കിലെ നിവൃത്തിയുള്ളുവല്ലോ.
 ഗുരു: ഇവിടെ നമുക്ക് ഒരു നിവൃത്തിയും ഇല്ല.

ഇങ്ങനെ ചെയ്തില്ലെന്നും ചെയ്യുന്നില്ലെന്നും തോന്നിയതിനാൽ സ്വാമികൾ അവിരതം പ്രവർത്തനനിരതനായി. നിറുത്താത്ത സഞ്ചാരമായിരുന്നു പ്രവർത്തനങ്ങളിൽ മുഖ്യ ഇനം. സഞ്ചാരത്തിനിടയിൽ സന്മനസ്സുള്ളവരിൽ നിന്നു പൊതുസ്ഥാപനങ്ങൾ നിർമ്മിക്കാൻ സംഭാവനകൾ സ്വീകരിക്കുക പതിവായിരുന്നു. ആരാധനാലയം, ആശ്രമം, പള്ളിക്കൂടം, തൊഴിൽ ശാല എന്നിവ സ്ഥാപിക്കാൻ ഈ സംഭാവനകൾ പ്രയോജനപ്പെടുത്തി. സാധാരണക്കാരുടെ അജ്ഞതയും ദാരിദ്ര്യവും പരമാവധി ദൂരികരിക്കുക എന്നതായിരുന്നു ആത്യന്തിക ലക്ഷ്യം.

പ്രകൃതിരമണിയകത്വം വഴിഞ്ഞൊഴുകുന്ന പ്രദേശങ്ങൾ മനസ്സിന്റെ എകാഗ്രത മൂലം നേടാവുന്ന ശാന്തിക്കുതകുമെന്നു സ്വാമികൾ അനുഭവിച്ചറിഞ്ഞിരുന്നു. ആ നിലക്കു പെരിയാറിന്റെ തീരം സ്വാമികളെ നേരത്തേ തന്നെ ആകർഷിച്ചു കാണണം. ശങ്കരാചാര്യന്റെ ജനന സ്ഥലമായ കാലടിക്കടുത്താണെന്ന കാര്യവും സ്വാമികൾ ഓർത്തിരിക്കണം. മാത്രമല്ല കൊല്ലം തോറും ശിവരാത്രിക്ക് ആയിരക്കണക്കിനാളുകൾ ബലിയിടാൻ ആലുവാമണപ്പുറത്തു വന്നുചേർന്നു പിരിഞ്ഞു പോകാറുണ്ട്. മലയിടുക്കിൽക്കൂടി ഒരു അരുവി കുത്തിച്ചാടുന്നതു കാണുന്ന എൻജിനിയറുടെ മനസ്സിൽ അവിടെ ഒരണ കെട്ടിയാലോ എന്ന ചിന്ത ഉയരും. ഈ ജനക്കൂട്ടത്തെ കണ്ട സ്വാമികളുടെ മനസ്സിലും സമാനമായ ഒരു വിചാരം ഉയർന്നിരിക്കണം കൊല്ലവർഷം 1090-ൽ ആലുവാ പുഴയുടെ തീരത്ത് അദ്വൈതാശ്രമം സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു. അവിടെ സ്ഥലം വാങ്ങാൻ വേണ്ട ധനം സംഭരിക്കാൻ സ്വാമികൾ തന്നെ ഭക്തന്മാരെ സന്ദർശിച്ചു. പണം തികഞ്ഞപ്പോൾ സ്ഥലം വാങ്ങി ആദ്യം അവിടെ ഒരു പർണശാലയും മഠവും പണി കഴിപ്പിച്ചു. അതിനുശേഷം അതിനോടു ചേർന്നു ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള പ്രയത്നം തുടങ്ങി.

സ്വാമികൾ അവധൂതനായി നടന്നകാലത്തെ സഞ്ചാരശീലം ഒരിക്കലും ഉപേക്ഷിച്ചില്ല. "ചരൈവേതി ചരൈവേതി" സ്വാമികളെക്കുറിച്ചു തികച്ചും ശരിയായിരുന്നു. അക്കൊല്ലത്തെ സഞ്ചാരത്തിനിടയിൽ പഴനി മല സന്ദർശിച്ചു.

ഏതെങ്കിലും പ്രദേശത്തുള്ള ആളുകൾ ചേർന്ന് അവർക്കൊരു ആരാധനാലയം വേണമെന്ന് അപേക്ഷിക്കുകയും സ്വാമികൾക്കത് ബോദ്ധ്യപ്പെടുകയും ചെയ്താൽ സ്ഥാപിച്ചു കൊടുക്കുക പതിവുണ്ട്. അനാഡംബരമായ ആരാധനാലയം ശുചിത്വം ഈശ്വരഭക്തി, സംഘടനാബോധം, മിതവ്യയശീലം, വിദ്യാഭ്യാസം, ജാതിമതഭേദനിരാസം എന്നിവയ്ക്ക് ഉതകുമെന്നു സ്വാമികൾ കരുതിയിരുന്നു. അക്കൊല്ലം കമ്മാള സമുദായക്കാർക്കുവേണ്ടി സിദ്ധേശ്വരം ക്ഷേത്രം സ്ഥാപിച്ചു. അഞ്ചുതെങ്ങിൽ ജ്ഞാനേശ്വരക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതും അതേ ആണ്ടിൽ ആണ്.

ജാതിയും അതിന്റെ പേരിലുള്ള അനാചാരങ്ങളും മനുഷ്യമനസ്സിനെ പ്രകടമായി മലിനമാക്കിയിരുന്ന കാലമാണല്ലൊ അത്. ഈ മാലിന്യം തുടച്ചു മാറ്റാൻ ഗുരു സ്വകീയമായ മാർഗ്ഗങ്ങളിലൂടെ പരിശ്രമിച്ചുകൊണ്ടിരുന്നു. അക്കൊല്ലം അതിന്റെ ബീഭത്സരൂപം തലനീട്ടിയ ഒരു സംഭവം ഉണ്ടായി. ഊരൂട്ടമ്പലം പെൺപള്ളീക്കൂടത്തിൽ പുലയപ്പെൺ കുട്ടികളെ ചേർക്കാനുള്ള ശ്രമത്തെ ചില നായന്മാർ എതിർത്തു. കലഹവും അടിപിടിയും ചെറിയ തോതിൽ ലഹളയും നടന്നു. പുലയരെ ഉപദ്രവിക്കാൻ ചില ഈഴവ പ്രമാണികളും നായന്മാരുടെ കൂട്ടുചേർന്നു. സ്വാമികൾ സ്ഥലം സന്ദർശിച്ചു. മർദ്ദിതർക്ക് ആശ്വാസം അരുളി, മനുഷ്യത്വത്തിനേറ്റ ഈ മുറിവു ഗുരുവിനെ ഏറെ വേദനിപ്പിച്ചു.

കേവലം മനുഷ്യകൃതമായ ജാതിഭേദത്തിന്റെ കെടുതികൾ ഇല്ലാതാക്കാൻ സ്വാമികൾ ഇടതടവില്ലാതെ പ്രവർത്തിച്ചുകൊണ്ടിരുന്നു. ഗുരു അക്കൊല്ലം ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയുണ്ടായി. അവിടെ പുലയരുടെ ഒരു യോഗം വിളിച്ചുകൂട്ടി. കൂട്ടത്തിൽ കഴിവുള്ള ഒരു കുട്ടിയെകൊണ്ട് പ്രസംഗം ചെയ്യിച്ചു. ആ കുട്ടിയെ സ്വാമികൾ കൂടെ കൊണ്ടുപോരികയും ചെയ്തു. ജാതിചിന്ത വേരറുത്തുകളയാൻ ഏറ്റവും പറ്റിയ മാർഗം എന്ന നിലയിൽ പുലയ വിദ്യാർത്ഥികളെ ചേർത്തു മിശ്രഭോജനം നടത്തി.

ആലുവായിൽ സംസ്കൃത പാഠശാല സ്ഥാപിക്കാനുള്ള ശ്രമം 1091-ൽ ഫലിച്ചു. മനുഷ്യൻ നന്നാകാനുള്ള ഏറ്റവും പറ്റിയ ഉപാധി അവന് അറിവുണ്ടാക്കിക്കൊടുക്കുകയാണെന്നു ഗുരു കണ്ടിരുന്നു.

ആ വർഷം തന്നെ രമണമഹർഷിയുടെ ക്ഷണം സ്വീകരിച്ചു ഗുരു തിരുവണ്ണാമലയിൽ പോയി വിശ്രമിച്ചു. ആ അവസരത്തിൽ എഴുതിയതാണു മുനിചര്യാപഞ്ചകം. രണ്ടു യോഗീശ്വരന്മാർ മൗനത്തിലൂടെ എങ്ങനെ പരസ്പരം അറിഞ്ഞു എന്നതിനു നിദർശനമായിരുന്നുവത്രേ അവരുടെ കൂടിക്കാഴ്ച. ഒരുദിവസം ഗുരുവിന്റെ മുമ്പിൽ കുറെ നേരം ഇരുന്നശേഷം മഹർഷി ആശ്രമത്തിന്റെ ഉള്ളിലേയ്ക്കുപോയി. സ്വാമികൾ രമണ മഹർഷിയുടെ അനുയായികളോടു ചോദിച്ചു: "മനസ്സിലായോ?" മനസ്സിലായി എന്നവർ മറുപടി പറഞ്ഞപ്പോൾ ഗുരു സ്വന്തം അനുചരന്മാരോട് അതേ ചോദ്യം ആവർത്തിച്ചു. അവരും അതേ ഉത്തരം പറഞ്ഞപ്പോൾ ഗുരു മന്ദഹാസപൂർവ്വം മൊഴിഞ്ഞു: "ഓഹോ, അപ്പോൾ നമുക്കു മാത്രമേ മനസ്സിലാവാതുള്ളു."

മനുഷ്യർക്ക് മനുഷ്യത്വം എന്ന ജാതിയല്ലാതെ വേറെ ജാതിയില്ലെന്നു ഗുരു എപ്പോഴും ഓർമ്മിപ്പിക്കുമായിരുന്നു. 1091-ൽ ജാതി ഇല്ല എന്നൊരു വിളംബരം സ്വാമികൾ പുറപ്പെടുവിച്ചു. 1091 ഇടവത്തിലെ പ്രബുദ്ധ കേരളത്തിൽ വന്ന ആ വിളംബരം ഇങ്ങനെയായിരുന്നു. "നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരുക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗ്ഗക്കാർ നമ്മെ അവരുടെ കൂട്ടത്തിൽ പെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതു ഹേതുവാൽ പലർക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്കിടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവർഗത്തിൽ നിന്നും മേൽ പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവണ്ണം ആലുവാ അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂ എന്നും മേലും ചേർക്കയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു."

1092-ൽ സ്വാമികളുടെ ഷഷ്ടിപൂർത്തി കേരളത്തിൽ അങ്ങോളമിങ്ങോളം ആഘോഷിച്ചു. കേരളത്തിനു പുറത്തു സിലോൺ, സിങ്കപ്പൂർ, മലയ എന്നിവിടങ്ങളിലും ആഘോഷം അല തല്ലി. സ്വാമി അന്നും നിർലിപ്തനായി നിലകൊണ്ടു. തിരുവനന്തപുരത്തു കൈതമുക്കിൽ ഷഷ്ടിപൂർത്തി സ്മാരകമായി ഒരു മന്ദിരം പണികഴിപ്പിച്ചു. പണിയുടെ ചുമതല കുമാരനാശാന് ആയിരുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടന കർമ്മം അർഹിക്കുന്ന ഗൗരവത്തോടെ നടന്നു. അന്നു തിരുവിതാംകൂർ ദിവനായിരുന്ന ദിവാൻ ബഹദൂർ എം. കൃഷ്ണൻ നായരായിരുന്നു ഉദ്ഘാടകൻ.

മിശ്രവിവാഹവും മിശ്രഭോജനവും ജാതി നശീകരണത്തിന് ഫലപ്രദമാണെന്നു സ്വാമികൾ കണ്ടിരുന്നു. ചെറായിയിൽ മിശ്രഭോജനം നടത്തി സഹോദരൻ അയ്യപ്പൻ പുലയനയ്യപ്പൻ എന്ന പേരു സമ്പാദിച്ചത് അക്കൊല്ലമാണ്. യാഥാസ്ഥിതികരുടെ അർഥശൂന്യമായ എതിർപ്പിന്റെ ശക്തി കുറയ്ക്കാൻ സ്വാമികളുടെ ഒരു സന്ദേശം കിട്ടിയാൽ കൊള്ളാമെന്നു സഹോദരൻ ആഗ്രഹിച്ചു. അങ്ങനെ എഴുതിക്കൊടുത്തതാണ് താഴെ വരുന്ന പ്രഖ്യാതമായ സന്ദേശം: "മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങിനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ടു അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിനു യാതൊരു ദോഷവും ഇല്ല."

അക്കൊല്ലം സ്വാമികൾ മദ്രാസും കാഞ്ചീപുരവും സന്ദർശിച്ചു. ചിന്താദ്രിപ്പേട്ടിലും കാഞ്ചീപുരത്തും അദ്വൈതാശ്രമങ്ങൾ സ്ഥാപിച്ചു. അവിടെ നിന്നു സ്വാമികൾ ബാഗ്ലൂർ പോയി ഡോ. പല്പുവിനെ കണ്ടു. കൂർക്കഞ്ചേരിയിൽ ക്ഷേത്ര പ്രതിഷ്ഠ നടത്തിയതും അതേ വർഷം തന്നെയാണ്.

സ്വാമികളുടെ സഞ്ചാര പ്രിയത്വവും പതിതോദ്ധാരണ തത്പരതയും സിലോൺ (ശ്രീലങ്ക) നിവാസികൾക്കും അനുഗ്രഹമായിട്ടുണ്ട്. രണ്ടു പ്രാവിശ്യം സ്വാമികൾ സിലോൺ സന്ദർശിച്ചു. ആദ്യത്തെ യാത്ര 1094-ൽ ആയിരുന്നു. ആ യാത്രയിലാണു സ്വാമികൾ ഒന്നാമതായി കാവിവസ്ത്രം ധരിച്ചത്. അതുവരെ ശുഭ്രവസ്ത്രം ധരിക്കുകയായിരുന്നു പതിവ്. രാമേശ്വരത്തു വച്ചു ശിഷ്യന്മാരുടെ ഇംഗിതമനുസരിച്ചു സ്വാമികൾ കാവി കൈക്കൊണ്ടു. ആചാരങ്ങൾ ഒന്നും ഉണ്ടായില്ല. ആ തവണ ഗുരു പന്ത്രണ്ടു ദിവസം സിലോണിൽ താമസിച്ചു.

ഈഴവരുടെ ഇടയിൽ പല അവാന്തര ജാതികളും ഉണ്ടായിരുന്നു. അവരിൽ ചിലരെ വേറേ ചിലർ താഴ്ന്നവരായി ഗണിച്ചുപോന്നു. അത്തരത്തിൽപ്പെട്ടവരായിരുന്നു പിച്ചിനാടു കുറുപ്പ് അല്ലെങ്കിൽ കണിക്കുറുപ്പ് എന്നറിയപ്പെട്ടിരുന്ന ഗണകവർഗം. അവരുടെ ഇടയിൽ കൃഷ്ണൻ വൈദ്യൻ എന്നൊരാൾക്കു വൈദ്യവൃത്തിമൂലം സാമാന്യം ഉയർന്ന നിലയുണ്ടായിരുന്നു. എന്നാൽ ജാതിയുടെ പേരിൽ മാന്യത കിട്ടിയില്ല. സ്വാമികളുടെ അദ്ധ്യക്ഷതയിൽ യോഗം കൂടി അദ്ദേഹത്തെ ഈഴവനായി പ്രഖ്യാപിച്ചു. യോഗത്തിൽ ഈഴവരും നായന്മാരും ക്രിസ്ത്യാനികളും സംബന്ധിച്ചിരുന്നു. യോഗാനന്തരം നടന്ന പൊതു സദ്യയിൽ എല്ലാവരും പങ്കുകൊണ്ടു. അങ്ങനെ ഇരിക്കെ ഒരിക്കൽ ഈഴവരുടെ പ്രതിനിധിയായി കൃഷണൻ വൈദ്യനു നാമനിർദ്ദേശം കിട്ടി. ഈഴവർ മുറുമുറുത്തു. അന്നു പേഷ്കാരായിരുന്ന ഉള്ളൂർ സ്വാമികളുടെ സാക്ഷ്യപത്രം ഉണ്ടായാൽ മതിയെന്നു പറഞ്ഞു. കൃഷ്ണൻ വൈദ്യൻ പരിശുദ്ധ ഈഴവനാണെന്നു ഗുരു സാക്ഷ്യപത്രം കൊടുത്തു "പരിശുദ്ധ" എന്ന വിശേഷണത്തിനു ചെത്താത്ത എന്ന വ്യാഖ്യാനം മുറുമുറുപ്പുകാർക്കുള്ള ഒരടിയായിരുന്നു. 1094-ൽ ആണിതു നടന്നത്.

സ്വാമികൾ നടത്തിയ പ്രതിഷ്ഠകളിൽ ചിന്തിക്കാൻ വക നൽകുന്ന തരം വൈവിദ്ധ്യം സംദൃശ്യമാണ്. നെയ്യാറിൽ നിന്നു മുങ്ങിയെടുത്ത അമ്മിക്കുഴവി പോലുള്ള കല്ലാണു ഗുരു ശിവലിംഗം എന്ന ഭാവനയിൽ അരുവിപ്പുറത്തു പ്രതിഷ്ഠിച്ചത്. അതിന്റെ ശിവകരത്വം-ശങ്കരത്വം-മംഗളകരത്വം-ഇന്നും കേരളീയർ അനുഭവിക്കുന്നുണ്ടല്ലൊ. പിന്നീടു പല ക്ഷേത്രങ്ങളിലും സുബ്രഹ്മണ്യൻ, ദേവി എന്നിവരുടെ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു. ഒരു നയിനാർ ക്ഷേത്രം പുതുക്കിപ്പണിതു. മാടൻ, മറുത മുതലായ ദേവതകളെ മാറ്റി മറ്റു ദേവന്മാരെ പ്രതിഷ്ഠിച്ചു. 1095-ൽ കാരമുക്ക് എന്ന സ്ഥലത്തു ഗുരു ക്ഷേത്രം സ്ഥാപിച്ചപ്പോൾ അവിടെ ഒരു ദീപം മാത്രമാണ് പ്രതിഷ്ഠിച്ചത്. വെളിച്ചം അറിവിന്റെ പ്രതീകമാണ്, അറിവു തന്നെ പരം പൊരുൾ.

1096-ൽ സമസ്ത കേരള സഹോദര സമ്മേളനം ആലുവായിൽ നടന്നു. ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ന അതിസരളവും അത്യന്തനൂതനവും ആയ മഹാസന്ദേശം പുറപ്പെടുവിച്ചത് ആ വർഷം ആണ്.

മദ്യവർജനം സ്വാമികളുടെ പ്രവർത്തനങ്ങളുടെ ഒരു ഭാഗമാണ്. മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്നും ചെത്തുകാരന്റെ ദേഹം നാറും, വസ്ത്രം നാറും, അവൻ തൊട്ടതൊക്കെ നാറും എന്നും സ്വാമികൾ 1096-ൽ പ്രഖ്യാപിച്ചു.

അന്നു കേരളത്തിൽ ഈഴവരുടെ ഇടയിൽ ഒരു മത പരിവർത്തന കോലാഹലം നടന്നിരുന്നു. ഈഴവർ ഒന്നടങ്കം ക്രിസ്തുമതത്തിലേക്കു മാർഗം കൂടിയാൽ ജാതീയമായ അവശതകൾ മുഴുവൻ ഒറ്റയടിക്കു തീരുമെന്ന് ഒരു കൂട്ടർ വാദിച്ചു. മതം മാറുന്നെങ്കിൽ അതു ബുദ്ധമതത്തിലേക്കായിരിക്കണമെന്നു ചിലർ അഭിപ്രായപ്പെട്ടു. ഇസ്ലാം മതത്തിലെ സാഹോദര്യഭാവന വേറെ ചിലരെ ആകർഷിച്ചു. വാദപ്രതിവാദം കൊടുമ്പിരിക്കൊണ്ട അവസരത്തിൽ സ്വാമികൾ തമിഴുനാട്ടിൽ ആയിരുന്നു. തിരിച്ചു വന്നപ്പോൾ സഹോദരനയ്യപ്പനുമായി മതത്തെക്കുറിച്ചൊരു ചർച്ച നടത്തി. അതിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് "മത മേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന മഹാസന്ദേശം.

കാരമുക്കിലെ ദീപ മാത്ര പ്രതിഷ്ഠയിൽ പൊതുജനത്തിനു സംതൃപ്തി പോരെന്നു സ്വാമികൾക്കു തോന്നിയിരിക്കണം. 1097-ൽ മുരുക്കുംപുഴയിൽ ദീപത്തിനു പുറമെ "ഓം സത്യം, ധർമ്മം, ദയ, ശാന്തി" എന്നെഴുതിയതും പ്രതിഷ്ഠിച്ചു. ഇന്ന് ആ ക്ഷേത്രത്തിൽ പല ദേവതകൾക്കും ഉപപ്രതിഷ്ഠകളായി സ്ഥാനം നൽകിയിരിക്കുന്നു. കൊല്ലം പെരിനാട് എസ്. എൻ. ഡി. പി. യുടെ അക്കൊല്ലത്തെ യോഗത്തിൽ സ്വാമികൾ സന്നിഹിതരായി.

1098 ശിവഗിരിയുടെ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട വർഷമാണ്. അക്കൊല്ലം രവീന്ദ്രനാഥ ടാഗോർ സി. എഫ്. ആൻഡ്രൂസിനോടൊപ്പം സ്വാമികളെ സന്ദർശിച്ചു. സ്വാമികളുടെ അഭൗമമായ പ്രഭാവം മഹാകവിയെ വളരെ ആകർഷിച്ചു.

"കേരളത്തിലെ സ്വാമി നാരായണഗുരുവിനേക്കാൾ ആത്മീയമായി മാഹാത്മ്യമുള്ള ആരെയും ഞാൻ കണ്ടുമുട്ടിയിട്ടില്ല. എന്തിന് ആത്മീയസിദ്ധിയിൽ അദ്ദേഹത്തോളമെങ്കിലും മഹാനായ ആരെയും കണ്ടിട്ടില്ല. ദിവ്യപ്രഭയുടെ സ്വയം പ്രകാശമാനമായ വെളിച്ചത്തിൽ തിളങ്ങുന്ന ആ ജ്വലിക്കുന്ന മുഖവും വിദൂര ചക്രവാളത്തിൽ അങ്ങകലെയുള്ള ഒരു ബിന്ദുവിൽ നോട്ടം ഉറപ്പിച്ച ആ യോഗനയനങ്ങളും ഞാൻ ഒരിക്കലും മറക്കുകയില്ലെന്ന് എനിക്കുറപ്പുണ്ട്." എന്നു അന്ന് ടാഗോർ രേഖപ്പെടുത്തി.

1098-ൽ പാണാവള്ളി ശ്രീകണ്ഠേശ്വര പ്രതിഷ്ഠ നടത്തി.

പിറ്റേക്കൊല്ലം വ്യസനകരമായ ഒരു സംഭവം ഉണ്ടായി. പല്ലന റെഡീമർ ബോട്ടപകടത്തിൽ കുമാരനാശാൻ മരിച്ചു. അന്നു വെളുപ്പാൻ കാലത്തു സ്വാമികൾ ശിവഗിരിയിൽ വിശേഷാൽ പ്രാർത്ഥന നടത്തിച്ചു. ആശാന്റെ ചരമവാർത്ത പിന്നീടാണ് അറിഞ്ഞത്.

വൈക്കത്തെ ക്ഷേത്രത്തിന്റെ പരിസരത്തുള്ള റോഡുകളിൽ കൂടി അവർണർക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുവേണ്ടി 1099-ൽ വൈക്കം സത്യാഗ്രഹം ആരംഭിച്ചു. ഗാന്ധിജിയുടെ അനുവാദത്തോടെ ടി. കെ. മാധവനാണ് ഇതിനു നേതൃത്വം നൽകിയത്. സത്യാഗ്രഹികൽക്കുവേണ്ടി സ്വാമികൾ വെല്ലൂർ മഠം വിട്ടുകൊടുത്തു. ഒരു സത്യാഗ്രഹഫണ്ട് ആരംഭിച്ചു. സ്വാമികൾ സത്യാഗ്രഹാശ്രമം സന്ദർശിച്ചു. അവിടുത്തെ എർപ്പാടുകളെപ്പറ്റി സംതൃപ്തി പ്രകടിപ്പിച്ചു.

അക്കൊല്ലം സ്വാമികൾ ആലുവായിൽ സർവ്വമത സമ്മേളനം വിളിച്ചുകൂട്ടി. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന് സ്വാമികൾ സമ്മേളന കവാടത്തിൽ എഴുതിവപ്പിച്ചു. ആശയപരമായ ഏതു സംവാദവും ഈ മനോഭാവത്തോടെയാണു നടത്തേണ്ടതെന്ന് എടുത്തുപറയേണ്ടതില്ലല്ലൊ. രണ്ടു ദിവസമായി നടന്ന സമ്മേളനത്തിൽ അനേകം മതപണ്ഡിതന്മാർ പങ്കെടുത്തു. സ്വാമികൾ രണ്ടു ദിവസവും സമ്മേളനവേദിയിൽ ഉണ്ടായിരുന്നു. സമ്മേളനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിവരിച്ചുകൊണ്ട് സത്യവ്രത സ്വാമികൾ സ്വാഗത പ്രസംഗം നടത്തി. സി.വി. കുഞ്ഞുരാമൻ കൃതജ്ഞത പ്രകാശിപ്പിച്ചു. സിലോണിൽ നിന്നൊരു ബുദ്ധഭിക്ഷു സമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. ബുദ്ധമതത്തെ കുറിച്ചു സംസാരിച്ചത് മഞ്ചേരി രാമയ്യരും രാമകൃഷ്ണയ്യരും ആണ്. ക്രിസ്തുമതത്തെക്കുറിച്ചു കെ. കെ. കുരുവിളയും ഇസ്ലാം മതത്തെക്കുറിച്ചു മഹമ്മദു മൗലവിയും ബ്രഹ്മസമാജത്തെക്കുറിച്ചു സ്വാമി ശിവപ്രസാദും ആര്യസമാജത്തെക്കുറിച്ചു പണ്ഡിറ്റ് ഋഷിറാമും പ്രസംഗിച്ചു. സമ്മേളനാനന്തരം ഒരു ഗ്രൂപ്ഫോട്ടോ എടുക്കുകയും സ്വാമികൾ ഒരു സന്ദേശം പുറപ്പെടുവിക്കുകയും ചെയ്തു: "എല്ലാ മതങ്ങളുടേയും പരമോദ്ദേശ്യം ഒന്നാണെന്നും ഭിന്നമതാനുയായികൾ തമ്മിൽ കലഹിച്ചിട്ടാവിശ്യമില്ലെന്നും ഈ മഹാ സമ്മേളനത്തിൽ നടന്ന പ്രസംഗങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നതിനാൽ നാം ശിവഗിരിയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പാഠശാലയിൽ എല്ലാ മതങ്ങളും പഠിക്കുന്നതിനുവേണ്ട എല്ലാ സൗകര്യങ്ങളും കൂടി ഉണ്ടാകണമെന്നു വിചാരിക്കുന്നു. ഈ സ്ഥാപനത്തിന്റെ നടത്തിപ്പിന് അഞ്ചു ലക്ഷം രൂപ പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്നതിന് എല്ലാവരും സഹായിക്കുമെന്ന് വിചാരിക്കുന്നു." ഇതായിരുന്നു സ്വാമികളുടെ സന്ദേശം.

1100 കുംഭത്തിൽ ഗാന്ധിജി ശിവഗിരി സന്ദർശിച്ചു. ജാതി, അയിത്തം മുതലായവയ്ക്കെതിരായി ഗുരു നടത്തുന്ന പരിശ്രമങ്ങൾ ഗാന്ധിജിയെ സന്തുഷ്ടനാക്കി. ഹരിജനക്കുട്ടികൾ പ്രാർത്ഥന ചൊല്ലിയതും അവരെ ശാന്തിക്കാരും പാചകക്കാരും മറ്റും ആക്കിയതും അത്യന്തം ആഹ്ലാദത്തോടെയാണ് ഗാന്ധിജി വീക്ഷിച്ചത്. ശിവഗിരിയിലും തിരുവനന്തപുരത്തും നടന്ന യോഗങ്ങളിൽ ഗാന്ധിജി ആ സന്ദർശനത്തിലുള്ള ആനന്ദം വെളിവാക്കി. സ്വാമികളെ കണ്ടത് മഹാഭാഗ്യമായി കരുതുന്നു എന്നു ഗാന്ധിജി പറഞ്ഞു. വൈക്കം സത്യാഗ്രഹത്തോടുള്ള സ്വാമിയുടെ സമീപനവും ഗാന്ധിജിക്കിഷ്ടമായി. ശിവഗിരിയിൽ സവർണരുടെ സത്യാഗ്രഹജാഥയ്ക്കു ഗുരു സ്വീകരണം ഏർപ്പാടു ചെയ്തു.

ആര്യസമാജ പ്രവർത്ത‌കനായ സ്വാമി ശ്രദ്ധാനന്ദജി ശിവഗിരിയിൽ വന്ന് ഗുരുവിനെ അക്കൊല്ലം സന്ദർശിക്കുകയുണ്ടായി.

1101 കന്നിയിൽ ഗുരു ബോധാനന്ദസ്വാമികളെ പിൻഗാമിയായി അഭിഷേകം ചെയ്തു. തുലാമാസം ബ്രഹ്മവിദ്യാലയത്തിന്റെ ശിലാസ്ഥാപനം നടത്തി. മേടത്തിൽ ഗുരു വിൽപ്പത്രം എഴുതി.

അക്കൊല്ലം ദിവാൻ വാട്സ് ശിവഗിരി സന്ദർശിച്ചു. മുൻകൂട്ടി നിശ്ചയിച്ച സമയത്ത് ദിവാന് എത്തിച്ചേരാൻ കഴിഞ്ഞില്ല, റോഡിന്റെ ദുഃസ്ഥിതിയും മഴയുമാണ് കാരണമായി പറഞ്ഞത്. "റോഡുകൽ ഇനി നന്നായിക്കൊള്ളുമല്ലോ" എന്നു ഗുരു പുഞ്ചിരിയോടെ പ്രതിവചിച്ചു.

തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിനു മുന്നിൽ ഗുരുവിന്റെ ലോഹ പ്രതിമ സ്ഥാപിച്ചു. മുർക്കോത്തു കുമാരൻ അക്കാര്യത്തിൽ മുന്നിട്ടുനിന്നു പ്രവർത്തിച്ചു. ഒരു ഇറ്റാലിയൻ ശില്പി തീർത്ത ആ പ്രതിമ കണ്ടപ്പോൾ ഗുരു പറഞ്ഞു. "ഇതു ജീവിച്ചുകൊള്ളും. ഭക്ഷണം ആവശ്യമില്ലല്ലൊ." അക്കൊല്ലം കുറ്റാലത്ത് സ്വാമികൾ കുറെ ദിവസം വിശ്രമിച്ചു.

1102-ൽ സ്വാമി സത്യവ്രതൻ സമാധിയായി. സ്വാമികളെ ഈ സംഭവം സ്വല്പം ചലിപ്പിച്ചു. "നമുക്കു ക്ഷീണം തോന്നുന്നു, സത്യവ്രതൻ സത്യവ്രതനായിത്തന്നെ ജീവിച്ചു, മരിച്ചു." എന്നു സ്വാമികൾ പറഞ്ഞു.

കന്നിമാസം സ്വാമികൾ രണ്ടാം വട്ടം സിലോൺ സന്ദർശിച്ചു. മകരത്തിൽ സംഘടനാ സന്ദേശം പുറപ്പെടുവിച്ചു. "സംഘടിച്ചു ശക്തരാവുക" എന്ന ആഹ്വാനം അന്നാണുണ്ടായത്. പള്ളാത്തുരുത്ത് എസ്. എൻ. ഡി. പി. യോഗവാർഷികത്തിൽ സ്വാമികൾ സന്നിഹിതനായി. എസ്. എൻ. ഡി. പി. യുടെ സംഘടനാപരമായ കാര്യങ്ങൾ ആലോചിക്കാൻ ശിവഗിരിയിൽ യോഗം ചേർന്നു. ഇടവത്തിൽ കളവങ്കോടം പ്രതിഷ്ഠ നടത്തി. ഇത് കണ്ണാടിപ്രതിഷ്ഠ എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്. ഓങ്കാര പ്രതിഷ്ഠ അല്ലെങ്കിൽ പ്രണവപ്രതിഷ്ഠ എന്നാണു സ്വാമികളുടെ സങ്കല്പം. കണ്ണാടിയിൽ ഓം ശാന്തി എന്നു കാണത്തക്ക വിധം പുറകിലെ രസം ചുരണ്ടിക്കളയാൻ പറഞ്ഞതിൽ നിന്നിതു വ്യകതമാക്കുന്നു. വൈക്കത്തെ ഉല്ലലയിലെ കണ്ണാടിപ്രതിഷ്ഠ ഓങ്കാരേശ്വരപ്രതിഷ്ഠ എന്ന പേരിൽ അറിയുന്നു എന്നതും ഓർക്കാവുന്നതാണ്.

1103 മകരത്തിൽ ശ്രീനാരായണ ധർമ്മസംഘം രജിസ്റ്റർ ചെയ്തു. കോട്ടയം എസ്. എൻ. ഡി. പി. യോഗത്തിൽ സംബന്ധിച്ചു. ശാഖായോഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകി. തീർത്ഥടനംകൊണ്ടു സാധിക്കേണ്ടതായി ഗുരു എണ്ണിപ്പറഞ്ഞ കാര്യങ്ങൾ താഴെ ചേർക്കുന്നു,

1 വിദ്യാഭ്യാസം, 2 ശുചിത്വം 3 ഈശ്വരഭക്തി, 4 സംഘടന, 5 കൃഷി, 6 കച്ചവടം, 7 കൈത്തൊഴിൽ, 8 സാങ്കേതികശാസ്ത്രപരിശീലനങ്ങൾ.

അതേ ആണ്ടിൽ ഗുരുദേവന് ശാരീരികാസ്വാസ്ഥ്യം ആരംഭിച്ചു. മൂത്രാശയ സംബന്ധമായ തകരാറായിരുന്നു രോഗ കാരണം. രോഗം, കൃത്യമായി നിർണയിക്കപ്പെടാഞ്ഞതുകൊണ്ടോ എന്തോ, ചികിത്സകൾ ഫലിക്കാതെ അതുവർദ്ദിച്ചു വന്നു. അലോപ്പതിയും ആയുർവേദവും പരീക്ഷിച്ചു. ചില ഘട്ടങ്ങളിൽ ഗുരുദേവൻ സ്വയം ചികിൽസ നടത്തുക പോലും ഉണ്ടായി. അതതു ചികിൽസാരീതികളിൽ ഏറ്റവും വിദഗ്ധരായവരുടെ സേവനം ലഭ്യമായി. പാലക്കാട്ടും മദ്രാസിലും പോയി ചികിൽസ നടത്തി. രോഗം കുറഞ്ഞില്ല.

ശിവഗിരിയിൽതന്നെ മടങ്ങിവന്നു. ഗുരുദേവന്റെ രോഗവാർത്ത അറിഞ്ഞതു മുതൽ ജനങ്ങൾ ഉത്ക്കണ്ഠാകുലരായി കഴിഞ്ഞുകൂടി. ധർമ്മം പത്രത്തിൽ രോഗവിവരം അപ്പോഴപ്പോൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. 1104 കന്നി അഞ്ചിനു പകൽ മൂന്നു മണിയോടടുപ്പിച്ചു ആ ആദിമഹസ്സു ജഡമായ ശരീരം വെടിഞ്ഞു. ലക്ഷോപലക്ഷം ജനങ്ങളെ ഇരുളിൽ നിന്നു വെളിച്ചത്തിലേയ്ക്കു നയിച്ച ആ ആദിമഹസ്സ് അന്നെന്നപോലെ ഇന്നും വെളിച്ചം കാണിച്ചുകൊണ്ടിരിക്കുന്നു. അതെന്നും ആ കൃത്യം തുടർന്നുകൊണ്ടേയിരിക്കും.