ശിവസ്തോത്രമാല

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശിവസ്തോത്രമാല

രചന:എൻ. കുമാരനാശാൻ

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾനമസ്കാരപഞ്ചകം

കുമ്പിട്ടിടുന്നവനു കൂറുകവിഞ്ഞു കൊച്ചു-
തുമ്പിക്കരം സപദി പൊക്കിയനുഗ്രഹിച്ചു
കൊമ്പിൽ ധരിച്ചു ഗുണസിന്ധുവിനക്കരയ്ക്ക-
ലമ്പിക്കുമാനമുഖമാർന്നവനാശ്രയം മേ.        1

തേനുൾച്ചുരന്ന മൊഴി നൽത്തിരമാലപോലെ
ഞാനുച്ചരിക്കുകിലുദിക്കമാദിവാണീ!
മാനിച്ചിരപ്പവനു നീ മനസാ കനിഞ്ഞു
കാണിച്ചിടുന്നു കൃപ കല്പകവല്ലി പോലെ        2

എന്നല്ല നീ ചൊരിയുമീക്കരുണാകടാക്ഷ-
മൊന്നല്ലയോ ഗതിയെനിക്കെനിക്കജദേവജായേ!
എന്നാവിൽനിന്നുഡുപചൂഡനെയും ഹരിക്കു-
മെന്നാകിലമ്മയൊടുനേരിനിയാരെനിക്കു?        3

കാലേ തുണക്കണമിനിക്കിനിയും കനിഞ്ഞു
ഫാലേക്ഷണന്റെ തനയൻ പരനാദിദേവൻ
മാലേന്തിടാതെ മനതാരിലുദിച്ചു മൈലിൻ
വേലേന്തി നിന്നു വിളയാടിയ വാഹുലേയൻ.        4

ചേരായുവാൻ ജനനമിന്നിയുമെന്റെ പാപ-
നാരായവേരുകളറുത്തു കനിഞ്ഞു നിൽക്കും
നാരായണാഭിധയെഴും ഗുരുനായകന്റെ
പേരായതെൻ പ്രണമനീയപദാർത്ഥമല്ലോ.        5

ഉപക്രമപഞ്ചകം

ആദ്യന്തവത്തുകൾ ജഗത്തുകളെന്നു കണ്ടി-
ട്ടാദ്യം മനസ്സിലുളവായെഴുമത്തലോടും
സ്വാദ്യങ്ങളായ വിഷയങ്ങൾ വെടിഞ്ഞു വേദ-
വേദ്യന്റെ പാദകമലം വിരയുന്നിതാ ഞാൻ.        1

ഓരോന്നു പണ്ടറിവിയന്നരോതിയുള്ള-
തോരാതെകണ്ടുറുതിയറ്റു കയറ്റമെന്യേ
പാരാതുഴന്നു തിരിയുന്നു പശുക്കളോടു
ചേരാതെ ചെല്ലുമവിടെശ്ശിവനുൺൾടെനിക്ക്.        2

ഓർത്തിടുമെന്നെയുമൊരുത്തനിതെന്നു ദേവൻ
തീർത്തിടുമാശു തണലായ് മമ താപമെല്ലാം
പാർത്തിടുമെന്നെയഥ ഭക്തിലതക്കു തണ്ണീർ
വാർത്തിടുമാറു വിതറും കരുണാകടാക്ഷം        3

തുല്യം കഥിപ്പതിനു ദൈവമില്ലഹോ വാ-
ത്സല്യം നിനക്കിലിതുപോലൊരുവർക്കുമില്ല
ചൊല്ലാം നിജാശ്രിതജനത്തിനു ഭോഗമോക്ഷ-
മെല്ലാം കൊടുക്കുവതിനീശ്വരനേകനത്രേ.        4

ഇന്നെന്തിനിങ്ങനെ കിടന്നുഴലുന്നു ഞാനി-
ങ്ങെന്നെഞ്ചിലേറുമഴലൊക്കെയുമങ്ങണഞ്ഞാൽ
കുന്നിൻകുമാരിയുടെ കോമളമേനിമുല്ല
മന്ദം പടർന്ന മധുമാന്നിഴൽ മാറ്റുമല്ലോ.        5

ശിവദ്ധ്യാനവിംശതി

ശംഭോ! ഭവൽ കടമിഴിപ്രഭ പാപശൈല-
ദംഭോളിയായ് വരികെനിക്കു ദയാപയോധേ!
കുമ്പിടുന്നതിനെഴും കുതുകം കുറച്ചു
മുമ്പിട്ടിടും വിനയെരിക്കുക മുപ്പുരാരേ!        1

തണ്ണീരിൽ മുങ്ങിയനിശം തവ പാദമോർത്തു
വെണ്ണീറണിഞ്ഞു ഹൃദി വേറൊരു ചിന്തയെന്യേ
ഉണ്ണീറിയങ്ങനെയിരുന്നുരുകിക്കനിഞ്ഞു
കണ്ണീരു തൂവുമിനിയേതൊരു കാലമോ ഞാൻ.        2

ചൊല്ലാർന്ന ചെഞ്ചിട പിരിച്ചതിനുള്ളിലോളം-
തല്ലീടുമാ ത്രിദശവാഹിനി ദീനബന്ധോ!
വല്ലാതെ വാടി വലിയും മമ ചിത്തതാപ-
മെല്ലാം കെടുത്തരുളുമാറരുളീടണം നീ.        3

ഓളത്തിലാഞ്ഞുലയുമാജ്ജടതന്നിടക്കു
മേളത്തിലാർന്ന മുറിയമ്പിളിയമ്പിനോടും
ചീളെന്നു മുക്തിപരിപന്ഥികൾനേരെയോങ്ങും
വാളെന്നു ഞാൻ കരുതിടുന്നിഹ വിശ്വബന്ധോ!        4

ഞാൻ പാരമാശയൊടു നിൻജടതന്നെയെന്നുൾ-
ക്കാമ്പിൽ കരേറ്റിയതിനമ്പൊടു കുമ്പിടുമ്പോൾ
പാമ്പിൻ പടങ്ങളുയരുന്നിഹ കൈപ്പടങ്ങൾ
താൻ പൊങ്ങിടുന്നരുൾ തരുന്നതിനെന്നപോലെ.        5

ചേലൊത്തൊരാച്ചെറു പിറക്കെതിരായ ചാരു-
ഫാലത്തിലാർന്ന തവ പാവകപൂർണ്ണനേത്രം
നൂലെത്തിൾടാതെ കുഴിയാർന്നൊരു മോഹസിന്ധു-
കൂലത്തിലേക്കു കുറിദീപമെനിക്കു ശംഭോ!        6

അല്പം ചുളിക്കിലുടനപ്പൊഴുതിജ്ജഗത്തി-
നുൽപ്പത്തിനാശമരുളുന്നരുളേന്തിനിൽക്കും
മൽപ്രേമരാശിയുടെയാപ്പുരികങ്ങൾ രണ്ടി-
ന്നൊപ്പം കഥിപ്പതിനെനിക്കൊരു വസ്തുവില്ല.       7

നീ സാമ്പ്രതം നിജ സമാധിയിലാർന്ന നിന്റെ
നാസാഗ്രചാരികളതാം നയനങ്ങൾ ശംഭോ!
കൂസൽപ്പെടുന്ന കുസുമായുധനാശു താഴ്‌ത്തും
വൈസാരിണപ്രഥിതവാർകൊടിയെന്നു തോന്നും        8

ചേലൊത്ത താടി ചുഴലും തവ വക്ത്രകാന്തി
മൂലത്തൊടും മമ ഹരിക്കണമന്ധകാരം
കാലത്തു നീലനിറമാമുദയാചലത്തിൽ
മേലെത്തിടും മിഹിരമണ്ഡലമെന്നപോലെ        9

ചിത്തം കുളിർപ്പതിനു കൈ പണിയുന്നു നിന്റെ
നിസ്തുല്യമാമധരപല്ലവസീമ്നി ശംഭോ!
കത്തും രസാലരിയ കോകനദത്തിൽ വീണ
പുത്തന്നിലാവിനെതിരാകിയ പുഞ്ചിരിക്ക്.        10

ശോണാചലത്തിനുടെ ശോഭ കലർന്ന പാട്ടിൽ
വീണോരു വാർമുകിലിനുള്ളൊരു വിഭ്രമത്താൽ
കാണുന്നവർക്കമൃതമോഹമുടൻ കൊടുക്കും
ചേണുറ്റ നിന്റെ ഗളനാളമിതാ തൊഴുന്നേൻ!        11

മാണിക്കമാമരഭിത്തിയിലിന്ദ്രനീല-
മാണിക്കു വെച്ചു പണിചെയ്തഴകാർന്ന പോലെ
കാണുന്നു മുക്തിഭവനത്തിനു നിന്റെ ബാഹു-
സ്ഥൂണങ്ങൾതൻ നടുവിൽ മാറിടമാം കവാടം!       12

ഭോഗത്തിലാശകൾ വെറുത്തു പുറത്തു സർവ-
ഭോഗത്തെ ഹാരലതയാക്കിയലങ്കരിച്ചൂ
യോഗസ്ഥനായരുളീടുന്നൊരു നിന്റെ ഭക്തി-
യോഗത്തെയെന്നരുളിടുന്നഗതിക്കു ശ്ംഭോ!       13

അംഗാരലോചനമതിങ്കലെരിഞ്ഞുപോയ
ശൃംഗാരയോനിയുടെ ചാരു ശരീരഭൂതി
സംഗിച്ചു സത്ത്വസിതിമാവു പരന്ന ദേഹ-
രംഗത്തിൽ നീക്കി തവ രാജസരാഗമെല്ലാം.       14

നൂനന്തദേതദിതി ഭേദമൊഴിഞ്ഞ വൃത്ത-
മാനത്തിൽ മുക്തി പറയും ത ഹസ്തമുദ്ര
ജ്ഞാനം തികഞ്ഞവരറിഞ്ഞതിനുള്ളൊരർത്ഥം
ഞാനെന്തറിഞ്ഞു പുനരെന്തരുളാമെനിക്ക്.       15

തെണ്ടാതെയന്യവിഷയങ്ങളിലിങ്ങു വന്നാ-
ലുണ്ടാശ്രയം വരികയെന്നു രസം കലർന്നു
മിണ്ടുന്നു നിൻ വരദമുദ്രയെനിക്കു ഹൃത്താം
വണ്ടിന്നു നേരെ വിടരുന്നൊരു വാരിജം പോൽ.       16

എന്തിനു നീയൊരുകരത്തിലെടുത്തു മാനു-
മേന്തുന്നു മറ്റതിൽ മഹാമഴുവും? പുരാരേ!
സന്ധിക്കുമോർക്കിലലയും മനമാം മൃഗം ക-
ണ്ടന്തിക്കുവാനതിവിരാഗതയാക്കുഠാരം!       17

ശോഭിച്ചിടും ജട മുതൽച്ചലിയാതെ ഭക്തി-
ഗോപിച്ചു കണ്ടുടനിറങ്ങിയിറങ്ങി മെല്ലെ
പ്രാപിച്ചിടും നയനപാന്ഥനു നിന്റെ ചാരു-
നാഭിസ്ഥലം നടുവഴിക്കമൃതാന്ധുവല്ലോ.       18

പുള്ളിപ്പുലിൽത്തുകലു നൽത്തുകലായുടുത്തു
കൊള്ളിച്ചു നീയുരഗമാക്കടിഞ്ഞാണുമാക്കി
കൊള്ളാത്ത കോപവിഷയേച്ഛകളുള്ളിൽ നിന്നു
തള്ളാതെനിക്കറിയുവാൻ തരമില്ല തെല്ലും.       19

വീരാസനത്തിലമരും പൊഴുതീശ നിന്റെ-
യൂരുപരിസ്ഥിതമതാമൊരു പാദപത്മം
ചേരുന്നു ഭക്തിമയചെങ്കദളീദളത്തിൽ
നേരായ് വിളമ്പിയൊരു നിർവൃതിയാം പഴം പോൽ       20

മിശ്രസ്തവങ്ങൾ

ആശാനുരൂപമഴലാറുവതിനു നിന്നെ-
ക്കേശാദിപാദകമലം കരളിങ്കലോക്കിൽ
പാശാനുബന്ധവുമൊഴിഞ്ഞു സുഖം ഭവിക്കു-
മേശാ നിനക്കിലൊരു താപമെനിക്കു ശംഭോ!       1

പോകട്ടെ വല്ലവിധവും പൊഴുതങ്ങു ചത്തു-
പോകട്ടെ ഞാൻ തവപദം നിനയാതെയെന്നാൽ
ഹാ! കെട്ട ജന്മമിതിനാലടിയന്നു വന്ന-
താകട്ടെയെന്തു ഫലമെന്തിനിതന്തകാരേ!       2

നീയെന്നിയേ നിഖിലനായക! മറ്റൊരുത്ത-
നീയേഴയിൽക്കരുണചെയ്തവതിനില്ല ശംഭോ!
മെയ്യേതുമേ പറക നമ്മതിയില്ലിനിക്കു
വയ്യേ വിഷാദനദി നീന്തി വശംകെടുന്നേൻ.       3

ഖേദത്തെ നീക്കുവതിനെന്നിലുടൻ കനിഞ്ഞു
മോദത്തൊടിങ്ങിനിയെഴുന്നരുളുന്നതോർക്കിൽ
നാദത്തിലോ നലമൊടറ്റ ലയത്തിലോ നീ
വേദത്തിലോ വലിയ വെള്ളെരുതിൻ പുറത്തോ?       4

പാകാരിതൊട്ടവരെയോക്കെയകറ്റിനിർത്തി-
യാകാശമാർഗ്ഗമിഹ നീയെരുതിൽക്കരേറി
വേഗേന വന്നു മമ വേദന തീർപ്പതിന്നി
യോഗേശ! കാണുവതുമേതൊരു കാലമോ ഞാൻ       5

അല്പത്വമാർന്നൊരണുവിങ്കലുമെങ്കലും നിൻ
തൃപ്പാദമബ്‌ജഭവകോശമതിങ്കലും ഞാൻ
ഒപ്പം വിളങ്ങുവതു കണ്ടുരുകിക്കളിക്കു-
മപ്പൂർണ്ണബോധമുളവാവതുമെന്നു ശംഭോ!       6

ഒന്നെന്നു കാണുമൊരു ബോധമുദിച്ചതിങ്കൽ
നന്ദിച്ചെഴുന്ന മകരന്ദരസം നുകർന്നു
മന്ദിച്ചു മാനസമഴിഞ്ഞു കുഴഞ്ഞെഴുന്നു
നിന്നെന്നു നൃത്തമിടുമീ നിലമൊക്കെയും ഞാൻ       7

നിമ്പത്തുതന്നെ നിരുപിക്കിലെനിക്കു സർവ്വ-
സമ്പത്തുമെന്നു കരുതിസതതം ഭജിച്ചു
വെമ്പിത്തളർന്നു വരുമീയഗതിക്കു നിന്റെ-
യമ്പെത്തിടായ്‌കിലിനിയാരൊരു ബന്ധുവുള്ളു?       8

ഉൾക്കാമ്പിൽ നിന്റെ പദപങ്കജമൊന്നണച്ചു
ചിൽക്കാതലേ! ചിരമിരുന്നു തപസ്സുചെയ്തു
പിൽക്കാലമുറിവരുമാപ്പരമാമൃതത്തെ-
യെക്കാലമേഴ നുകരുന്നരുളീടുമോ നീ?       9

കൽക്കണ്ടമേ! കദളിതൻ പഴമേ! പഴത്തിൻ-
മുക്കും മതൃത്ത മധുവേ! മമ തമ്പുരാനേ!
ചൊൽക്കൊണ്ട ചാരു മറയാം കൊടിമുന്തിരിക്കൊ-
മ്പൊക്കെക്കുലച്ച കനിയേ! കനിയേണമെന്നിൽ.       10

നോക്കീടുകൊന്നു നയനങ്ങൾ കുളിർക്കുമാറു
പോക്കീടുകെന്റെ പരിതാപമശേഷവും നീ
നീക്കീടൊലാ പദമതിൻ നിഴലീന്നുമെന്നെ-
യാക്കീടൊലാ നരകസിന്ധുവിൽ നീന്തുവാനും.       11

എന്താപമൊക്കെയുമറിഞ്ഞരുളുന്നെനിക്കു
പിന്താങ്ങുവാനൊരുവനില്ലരുൾചെയ്യണം നീ
സന്താനമേ! സുരഭിയേ! സമവതുവറ്റ
ചന്താമണേ! ശിവ! ചിദൈകരസാംബുരാശേ!       12

എന്നോ ശിവന്റെ കഴൽ കണ്ടുടൻ കോമയിർക്കൊ-
ണ്ടൊന്നുണ്ടു ഗദ്ഗദമുരച്ചു നമിച്ചിടുന്നു?
എന്നാപ്പദം കനിവിനോടു തുടച്ചുടൻ ഞാൻ
നിന്നശ്രുധാരമഴപെയ്തു നനച്ചിടുന്നു?       13

വേകുന്നു ചിത്തമലരെങ്കിലുമുണ്ടെനിക്കു
നീ കൈവിടില്ല നിജഭക്തനെയെന്ന ബോധം
പോകില്ല പാമരരൊടൊത്തിനിയിന്നു ചത്തു-
പോകുന്നുവെങ്കിലുമെനിക്കൊരു ഭീതിയില്ല.       14

ശംഭോ! ജയിക്ക ശശിചൂഡ! ജയിക്ക ദേവ!
കുംഭീന്ദ്രചർമ്മവസനാ! കുസുമായുധാരേ!
ജംഭാരിവന്ദ്യപദപങ്കജ! നീ ജയിക്ക
ദംഭാദിനാശന! ദയാപര! ദേവദേവ!       15

ദേവീസ്തോത്രങ്ങൾ

മായാതൊരദ്വയവിളക്കിതിനിന്നു മായാ-
വായുപ്രയോഗമതിനാലിതളുണ്ടു രണ്ട്
ആയാസമറ്റതുവശാലിനിയപ്പുറത്തെൻ-
പീയൂഷവല്ലി പരമേശ്വരിയെത്തൊഴുന്നേൻ.       1

എന്നംബികേ! കരുണചെയ്യുകിനിക്കു നിന്റെ
പൊന്നംബുജത്തൊടെതിരായ പദങ്ങളെന്യേ
അന്യം നിനയ്‌ക്കുകിലൊരാശ്രയമില്ല ദേവി!
ധന്യത്വമേകി മയി തൂകുക തൃക്കടാക്ഷം.       2

പാലൊത്ത ഭൂതി തടവും പരമേശ്വരന്റെ
ചേലൊത്ത മേനിയതിൽ നിന്റെ ശരീരവല്ലി
മാലൊത്തിടാ വിമലമാം ഹൃദയാംബരത്തിൽ
മേലെത്തി വെൺമുകിലിൽ മിന്നിയ മിന്നൽ ദേവി!       3

വാക്കിനുമർത്ഥമതിനും വരദേ! കലർന്നു
ചേർക്കുന്നു ശോഭയുമശോഭയുമൊക്കെയും നീ
ആർക്കിന്നു നിന്നെയഖിലേശ്വരി! വാഴ്ത്തിടാവൂ?
വാർക്കുന്നു വിസ്മയവശാലിഹ കണ്ണുനീർ ഞാൻ.       4

നിന്നെ സ്തുതിപ്പതിനു ഞാൻ തുനിയുമ്പൊഴെന്റെ
പിന്നിൽ സ്ഫുരിക്കുമൊരു മാനസശക്തിയായും
പൊന്നംബികേ! ഭവതി നിൽപതു കണ്ടു നിന്നു
പിന്നെന്തിനെന്നു പരമേശ്വരി! ഞാനുഴന്നു.       5

ആകാശമായുമതിലണ്ഡശതങ്ങളായും
വ്യാകോചമാർന്നുമഥ സങ്കുചിതത്വമാർന്നും
പോകാതെനിന്നു വിലസും പുനരുക്തശക്തി
ലോകൈകനായികയെനിക്കു തുണക്കണം നീ.       6

മാറാതെ നിന്ന രവിയും മതിയും നഭസ്സിൽ
വേറായിരം ഭഗണവും മഹിയും വരുമ്പോൾ
കൂറാർന്ന നിന്റെ കരവൈഭമോർത്തു മൂക്കി-
ലേറാത്തതാർക്കു വിരലീശ്വരി! വിശ്വനാഥേ!       7

ചിത്തത്തിലോർക്കുമതു വൻപൊടുഖണ്ഡയായു-
മെത്തുന്നു നീ ജനനീ! പിന്നെയഖണ്ഡയായും
നിസ്തുല്യയാം തവ വിഭൂതി നിനച്ചുകാൺകി-
ലത്യത്ഭുതം ധ്രുവമിതംഗജവൈരിജായേ!       8

ഒന്നിങ്കൽനിന്നുമൊരുപോതുമൊഴിഞ്ഞിടാതെ
നിന്നുല്ലസിക്കുമൊരു നിന്നെയറിഞ്ഞു നിത്യം
നന്ദിച്ചു നിൻമഹിമ കണ്ടു നമിച്ചിടാത്ത
സന്ദിഗ്ദ്ധതത്ത്വജനസന്തതി കെട്ടു ദേവീ!       9

ഏകുന്നു നീ ജനനിയെന്റെയഭീഷ്ടമെല്ലാം
മാകുന്നവണ്ണമിഹ ഞാനറിയുന്നതെല്ലാം
ശോകം തഥാപി വളരുന്നഥവാ ചുഴന്നു-
പോകുന്നൊരീജനനവാഹിനിയേവമല്ലോ.       10

മാതാവു തന്റെ മകനായ കൃതജ്ഞനും ശ്രീ-
മോദാൽ കൊടുക്കുമതുപോലെ കൃതഘ്നകന്നും
ചേതസ്സലിഞ്ഞു കരയും സുതനുണ്ടു പാലെ-
ന്നോതുന്നു പിന്നെയുമേയിഹ മാതൃധർമ്മം.       11

പ്രതേകമെന്നിലഗജേ, ലിയേണമെങ്ങു-
മെത്താതെകണ്ടുമുഴലുന്നവനല്ലയോ ഞാൻ!
ചിത്താഭിലാഷമിനിയും ശുഭമായി നൽകി
മത്താപമൊക്കെയുമൊഴിക്കണമാദിനാഥേ!       12

ഐശ്വര്യദേ! ഭവതിതൻകൃപയോർത്തിടുമ്പോ-
ളാശ്വാസമാണടിയനേതഴലെത്തിയാലും
വിശ്വാസമാർന്ന ഹൃദയേ വിലസിടുമെന്റെ
വിശ്വാലയൈകജനനീ! ജനനീ! തുണക്ക.       13

തിയ്യാറിലങ്ങനെ കിടന്നു തപിക്കുമെന്റെ
മെയ്യാറുമാറായി നീ കരുണാകടാക്ഷം
പെയ്യാറുമായ്‌വരിക നിൻ പദസേവചെയ്‌വാൻ
തയ്യാറുമായ് വരിക ദേവീ! ദിനേ ദിനേ ഞാൻ       14

അൻപോടു നിന്റെ പദമാശ്രയമെന്നണഞ്ഞു
വെമ്പിടുമീ വിധി ഹതാശയനാകുമെന്നിൽ
വൻപ്രേമമാർന്നു വരമേകുവതിന്നി ദേവീ!
നിൻ ഭാരമെന്റെ നിഖിലേശ്വരസാർവ്വഭൗമീ!       15

മിശ്രസ്തോത്രങ്ങൾ

ചിത്തത്തിലാധികളൊഴിച്ചു ചിദംബരത്തു
നൃത്തത്തിൽ നിൽക്കുമൊരു നിൻപദപങ്കജങ്ങൾ
എത്തിപ്പിടിക്കുവതുമെന്നു വിഭോ! പിടിച്ചു
മുത്തുന്നതും പൊടികൾ മൂധ്‌നി ധരിപ്പതും ഞാൻ       1

വിശ്വൈകമോഹിനി നിജപ്രിയതന്നെയും വേ-
റൈശ്വര്യമൊക്കെയുമുമേശ വെടിഞ്ഞിരിപ്പാൻ
നിശ്ശങ്കമോടു കരതാരിലെടുത്ത നിന്നെ
നിശ്രേയസാർത്ഥികൾ തൊഴും നിയതം പുരാരേ!       2

കാമാദിദുഖപടലം കരളിന്നൊഴിഞ്ഞു
സാമോദമിന്നടിയനാത്മസുഖം ലഭിപ്പാൻ
കാമാരിദേവനുടെ കാന്തകളേബരത്തിൻ-
വാമാംഗമേ! വരിക മേ വരമേകുകമ്മേ!       3

അംഭോജബാന്ധവനിലാതപരാജിപോലെ
ജൃംഭൽസുധാകരനു ചന്ദ്രികയെന്ന പോലെ
ശംഭുപ്രിയേ! ജനനി! നീ ശിവനിൽക്കലർന്നു
ജൃംഭിച്ചിടുന്നു ജഗദേകവിഭാവനീയേ!       4

അംഭോജനേത്രനഖിലേശവരാഹമായി
നിൻപാദമൂലമറിവാൻ നിരവേ തിരഞ്ഞു
ദംഭം വെടിഞ്ഞു മരുവുന്നതു ദൈവമേ! ക-
ണ്ടമ്പേറി നിൽപതിനിയെന്നഖിലാകൃതേ! ഞാൻ.       5

ശിവഭക്തിപഞ്ചകം

ത്വൽപാദചിന്തനകൾ ദേവ,യിനിക്കു യോഗ-
ശിൽപങ്ങളായ് വരിക നിൻ ചരിതാമൃതങ്ങൾ
കൽപങ്ങളായ് വരികയെൻ കരണേന്ദ്രിയങ്ങൾ
പുഷ്പങ്ങളായ് വരിക നിൻ പദപൂജചെയ്‌വാൻ.       1

അത്യന്തമത്ഭുതമതായറിവുള്ള ലോകം
നിത്യം പുകഴ്ത്തുമൊരു നിന്റെ കഥാമൃതങ്ങൾ
ബദ്ധാരം ബഹു നുകർന്നിനിയെന്നു ശംഭോ!
ചിത്തം കുളിർത്തു ചൊരിയുന്നിഹ കണ്ണുനീർ ഞാൻ.       2

രുദ്രാക്ഷവും രജതകാന്തികലർന്ന നീറും
ഭദ്രം ധരിച്ചു ഭവദാലയപാർശ്വമാർന്നു
ചിദ്രൂപ! നിൻ ചരണസേവയിലെന്നു നിന്നു
നിദ്രാദിയും നിശി മറന്നു നയിക്കുമീ ഞാൻ.       3

ചിന്തിച്ചു നിന്റെ പദമേറെയലിഞ്ഞു ചിത്തം
വെന്തേറിടുന്ന വിരഹാർത്തി പൊറുത്തിടാതെ
അന്തസ്സിടിഞ്ഞു കരയും പൊഴുതശ്രുധാര
ചിന്തി സ്വയം ശിശിരമാവതുമെന്നിനിക്ക്:?       4

ഇദ്ദേഹവുമിന്ദ്രിയവുമർത്ഥവുമേകമാക്കു-
മുദ്ദാമമായറിവെഴുന്നറിവും വെടിഞ്ഞു
അദ്വൈതമായൊഴുകുമമ്പതിലാഴ്ന്നഴിഞ്ഞെൻ
ചിദ്ദേവതേ! ചിരമിരിപ്പതുമെന്നഹോ! ഞാൻ.       5

വൈരാഗ്യപഞ്ചകം

കുലത്തിൽ നിന്നു വളരുന്ന കൊഴുത്ത വൃക്ഷ-
മൂലത്തെ മുട്ടിയൊഴുകും നദിപോലയയ്യോ!
കാലത്തിനുള്ള കടുവേഗമനുക്രമിച്ചി-
സ്ഥൂലത്തിൽ നിന്നടി തുരന്നു വരുന്നു ശംഭോ!       1

കെട്ടിബ്‌ഭരിച്ച കചവും കുചവും ധരിച്ചു
പൊട്ടാർന്ന പൂപ്പുടവയൊക്കെയിരിക്കുമപ്പോൾ
പെട്ടെന്നു പെൺകൊടി ചിതക്കിരയായ് ‌വരുന്നു
പട്ടിക്കുമാശയിവളിൽ പതിയാ പുരാരേ!       2

കുട്ടിക്കുരംഗനയനാന്തമിഴച്ചു കണ്ണേ-
റിട്ടൊന്നു നോക്കി ഹൃദയത്തെയടിച്ചു ശംഭോ!
വട്ടം ചുഴറ്റി വിഷയഭ്രമണത്തിലിട്ടു
നട്ടം തിരിപ്പവളെ നോക്കി നടത്തൊലാ നീ.       3

ധന്യത്വമാർന്ന ധനദൻ തരസാ നമിക്കും
സംന്യസ്തസർവവിഭവൻ സകലേശ്വരൻ നീ
അന്യപ്രഭുക്കളരികിൽ ദ്രവിണാശയാർന്നു
ദൈന്യപ്രകാശനംതിനു മയക്കൊലാ മാം.       4

ഈ വാടിപോലെയെതിരറ്റ പുരന്ദരന്റെ
പൂവാടിപൂണ്ട പുരവും സ്ഥിരമല്ലയെന്നാൽ
ദേവാധിദേവ! തവ പാദസരോരുഹത്തി-
ലാവാതെയാശ്വസനമേതടിയന്നു ശംഭോ!       5

ശിവജ്ഞാനപഞ്ചകം

ചൊല്ലേറുമെന്റെ ഗുരു ചിത്തമലിഞ്ഞു ചൊന്ന
ചൊല്ലേറെയാശയൊടു ചിന്ത തുടർന്നു ശംഭോ!
അല്ലാതെയുള്ള മറയോടനുഭൂതിയും ചേ-
ർന്നുല്ലാസമാർന്നുരുകി നിൽപതുമെന്നഹോ! ഞാൻ.       1

ഉത്തുംഗമാമുപനിഷത്തുകളോതിടുന്ന
തത്ത്വങ്ങളെത്തടവകന്നനുചിന്ത ചെയ്തു
ചിത്തം വെടിഞ്ഞു ശിവ! ബോധമുദിപ്പതെന്നെ-
ന്നുൾത്താപമെന്നൊഴിയു?മോതുക ദേവദേവ!       2

കാണപ്പെടുന്നു വിഷയങ്ങൾ കലർന്നു നിന്നു
കാണുന്ന കാഴ്ചയതിലായ് കണവും വെടിഞ്ഞു
ചേണുറ്റ ചിദ്യുതിയൊടും ശിവ! ചന്ദ്രബിംബം
കാണുന്ന കൗമുദി പരന്നിനിയെന്നഹോ! ഞാൻ.       3

കാലം കടന്നഥ കരുംകടലിന്നെഴുന്ന
കുലം കടന്നു ഗുണവാരിധിയും കടന്നു
പാലംബുരാശിയതിൽ മുങ്ങിയെഴുന്ന നിന്റെ
കാലെന്നു വന്നഗതി കാണുമഹോ മഹേശാ!       4

ഖേദത്തെ നീക്കുമൊരു കൗമുദിപോലെഴുന്ന
പാദത്തെയും പരയെയും പരിചിൽക്കടന്നു
ബോധത്തെയും പണയമിട്ടു ബുഭുക്ഷയറ്റു
മോദത്തൊടെന്നമൃതവാരിധി മുങ്ങുമോ ഞാൻ.       5

ശിവയോഗിപഞ്ചകം

വ്യോമാദിയും വിവിധ വിശ്വവുമൊക്കെ നിന്റെ
ഭൂമാവിലെന്ന പുനരുക്തമിരുന്നു കണ്ട്
കാമാദിയും കരളിലറ്റു കരം കുടഞ്ഞു
സാമോദമങ്ങനെ നടപ്പതുമെന്നഹോ! ഞാൻ.       1

ഞാനും ജഗദ്‌ഗുരുവതാം ഭഗവാനുമന്തർ-
ജ്ഞാനത്തിലേകരസമാമൊരു ശുദ്ധബോധം
മാനം വെടിഞ്ഞ മനതാരിലുദിച്ചു പൊങ്ങു-
മാനന്ദവാരിധിയിലാഴുവതെന്നഹോ! ഞാൻ.       2

നിന്നെ ഭജിച്ചു ശിവ! നിൻവടിവാമെനിക്കു
പിന്നെ പ്രവൃത്തികൾ നിരങ്കുരഭാവമാർന്നു
ഭിന്നിക്കയാലജനുമന്തകനും പ്രമാണ-
മെന്നെപ്പിരിച്ചെഴുതിവയ്‌പതുമെന്നു ശംഭോ!       3

തുല്യത്വദർശനസുഖത്തെ മറന്നിടാതെ
കല്യത്വമാർന്നു മരുവും ശിവകോവിദന്മാർ
ഇല്ലത്തിൽ വാഴുമഥവാ വിപിനത്തിൽ വാഴു-
മില്ലത്തലും ഭയവുമൊന്നുമവർക്കു ശംഭോ!       4

വായുക്കൾ വളരുന്ന പോലെ ശിശുക്കൾ പോലെ
പേയെന്ന പോലെ പടുപാമരനെന്ന പോലെ
മായങ്ങളറ്റു മതിയറ്റഭിമാനമറ്റൊ-
രായാസമറ്റിഹ നടന്നിടുമാത്മയോഗി.       5

ഉപസംഹാരം

ദൈവം ഭവൽപദമതെന്നമരുന്ന ദിവ്യ-
ശൈവോത്തമന്നു ശിവചിന്മയ ചാരുമൂർത്തേ!
കൈവന്നിടുന്നഖിലകാമിതവും വിദേഹ-
കവല്യവും കരതലാമലകം പുരാശേ!       1

ഭൂതേശ! നിന്റെ പദകന്ദളമൊന്നൊഴിഞ്ഞൊ-
രാധാരമില്ലടിയനാശ്രയമാരുമില്ല
ചെയ്തീടുകെന്റെ പരിതാപമറും കടാക്ഷം
കൈതാങ്ങി നിന്നു കരുണാലയ! കാത്തുകൊൾക.       2

കന്നിത്തിടാതുഴലുകിൽക്കനിവാർന്നു ഗോവു-
ചെന്നെത്തിയും മുല ചുരന്നരുളുന്നപോലെ
എന്നിത്തരം പരിതപിക്കുമെനിക്കലിഞ്ഞു
വന്നെത്തുമെന്റെ വരദായിനി വിശ്വമാതാ!       3

ചേതോവിഷാദമകലാൻ മമ ചെറ്റു നിന്റെ
കാതോളമുള്ള നയനം ഗിരിജേ! കുനിക്ക
ഏതാകിലും പിഴകൾ ചെയ്കിലതും പൊറുക്കെൻ
മാതാവിലും കരുണയുള്ള മദംബികേ! നീ.       4

ശിവസഹായയായ നമശിവായ തേ
ഭവായ ഭവ്യായ നമ: പരാത്മനേ
ഭവാധിദൂനശ്രിതചാതമാവലീ-
നവാംബുവാഹായ നമോ നമ:       5

"https://ml.wikisource.org/w/index.php?title=ശിവസ്തോത്രമാല&oldid=35845" എന്ന താളിൽനിന്ന് ശേഖരിച്ചത്