ശിവസുരഭി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശിവസുരഭി

രചന:എൻ. കുമാരനാശാൻ

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ



ഭൂതേശപാദകമലപ്പൊടി കൈവിടാതെ
ചേതോവിചാരമതു ചെറ്റു പിഴച്ചിടാതെ
കാതിന്നു ചേർന്ന കവനം 'കരുണാ'പ്രവാഹ-
മോതുന്ന ഭാരതിയെയൻപൊടു കുമ്പിടുന്നേൻ.        1

വേദം പറഞ്ഞു വിരമിച്ചു വിരിഞ്ഞു ബിന്ദു-
നാദം കടന്നു നിലവിട്ടു നിറഞ്ഞു നിത്യം
ഏതും വിളക്കിയെതിരറ്റെരിയുന്ന ദിവ്യ-
ജ്യോതിർമ്മയം ശിവപദം പറായാവതല്ലേ.        2

ആധാരവേദികളിലാടിയലഞ്ഞവർക്കു-
മാധാരമായഖിലമായവശിഷ്ടമായി
ബാധാന്തമായി ബഹിരന്തരമായ് നിറഞ്ഞ
ബോധാന്തമൗനമവിടം പറായാവതല്ലേ        3

കൂറായിരുന്നു കുശലം കുതുകം പെറും തേ-
നാറായതായതഹമെന്നുമനന്യമായി
മാറാതെഴുന്ന മഹിമാവിനെ മാറിനിന്നു
വേറായെടുത്തു വെളിയിൽ പറായാവതല്ലേ.        4

ഉണ്മൗനമോടിയുണരുന്നുരുകുന്നു ചിത്തം
വിമ്മുന്നു വാണി ബഹുവേപഥുവായിടുന്നു
കൺമൂലവാരി കവിയുന്നതുമൂലമെന്റെ
ജന്മാപഹപ്പൊരുളിനെപ്പറയാവതെല്ലേ.        5

ചെറ്റില്ലതിന്നു ഗുണമില്ലൊരു ചിഹ്നമില്ല
മറ്റൊന്നുമില്ല മധുരാമൃതമമില്ല
ഉറ്റുള്ളിരുന്നവനുണർന്നുവരുന്ന ബോധ-
പ്പറ്റാണതാണിതതിനാൽ പറായാവതല്ലേ.        6

ക്ഷുദ്രാനുഭോഗസുലഭക്ഷുധയറ്റു മുറ്റും
ഭദ്രാനുഭൂതി പരനാം പരമഹംസനെന്നും
ഹൃദ്‌ദ്രാവകം ഹിമസുധായിതസാരസച്ചി-
ന്മുദ്രാർത്ഥമൗനമധുരം പറായാവതല്ലേ.        7

മാറിത്തിരിഞ്ഞു മതിമോഹമിയന്നിടാതി-
ക്കൂറൊത്ത കോമളസുധാകരസാഗരത്തിൽ
നീറിത്തളർന്നു നിലവിട്ടിനിയെന്റെ നെഞ്ചം
മാറിത്തെളിഞ്ഞഴലകന്നു കലർന്നുകൊള്ളും.        8

എന്തേനിരക്കുമിടമേതുമറിഞ്ഞിടാതെ-
യെന്തേ നിനക്കിവിടെ ഇന്നിയുമിപ്രമാദം
പന്തേ, പറന്ന പടുപമ്പരമാകുമെന്റെ
ചിന്തേ, നിനക്കു ചെറുതും സുഖമില്ലയല്ലോ.        9

സന്താപമാണിതു സമസ്തമതിന്നു സാക്ഷാ-
ലെന്താണു ചെയ്യുമഖിലേശനനാമരൂപൻ
എൻതാപമെങ്ങനെ കൊടുക്കുമടുക്കുമെന്ന
ചിന്താവശേന ചെറുതും ചിതറൊല്ല നെഞ്ചേ        10

സന്താപശാന്തിയതിനുണ്ടു നിവൃത്തി സർവ്വ-
സന്താനസാധുഗതി സാദരമോതുവാനായ്
അന്താഗമത്തിലുപചാരമുരയ്ക്കിലെന്റെ
ചിന്താമണിക്കു ശിവനെന്നൊരു നാമമുണ്ട്.        11

വാടാതിരുന്നു വളരുന്നിവ വാരിരക്ഷ
കൂടാതെയില്ല കുരുവിന്മുളപോലെയെങ്കിൽ
പാടേ ഭരിപ്പവനു തൽപര ഗംഗ പൊങ്ങും
കോടീരമുണ്ടു കുളിർതിങ്കളുമുണ്ടു നെഞ്ചേ!        12

കാമാദിഭൂതകടുകഷ്ടത കൈയകറ്റും
പ്രേമാവബോധപദപങ്കജമെന്നു കണ്ടാൽ
പൂമാസബന്ധുപൊരിയും പുകയറ്റ പുണ്യ-
ഭ്രൂമദ്ധ്യലോചനവിഭൂതിയുമുണ്ടു നെഞ്ചേ!        13

പുല്ലാദിയായ ഭുവനത്തിനു പുഷ്പപന്മാ-
രല്ലാതെയില്ല ഗതിയക്ഷികൾപോലെയെങ്കിൽ
എല്ലാമുദിച്ചു വിലസിച്ചഴിയാതെവന്നു
ചൊല്ലാർന്നിടും മിഴികൾ ചൊന്നവരാണു നെഞ്ചേ!        14

തേനേകബന്ധു സകലത്തിനുമെന്നമൂലം
ദീനാവനൈകദയനീയ കടാക്ഷമുണ്ട്
ജ്ഞാനോദയത്തിനു ജനത്തിനെഴുന്ന വേദ-
ത്തേനൂറിടുന്ന തിരുവായ്മലരുണ്ടു നെഞ്ചേ!        15

പ്രാണപ്രമാണപരശക്തി രാജോവിലാസം
കാണിച്ചു കണ്ടതിനു കരണമാകയാലെ
മാണിക്യമദ്ധ്യമധുരാധരമുണ്ടതിന്റെ
കോണിൽ കുറച്ചു കുതുകസ്മിതമുണ്ടു നെഞ്ചേ!        16

ഈ ഭൗതികധ്വനിയിലിന്ദ്രിയസാക്ഷിയായും
മേ ഭാരതിക്കിഹ മനോഗതിമാർഗ്ഗമായും
ആ ഭാസുരാംഗനഖിലേശനവന്നു താനേ
ശോഭിച്ചൊരശ്രുതിപുടങ്ങളുമുണ്ടു നെഞ്ചേ!        17

ആളുന്നതിനുമപരാധമശിപ്പതിന്നു-
മാളല്ല മററപരനെന്നറിയുന്നുവെന്നാൽ
കാളും കടുംഗരളകാളകളായകാന്തി
കാളും കൃപാകലിതകണ്ഠകളംബമുണ്ട്       18

ചിന്താവൃതിച്ചികുരനീലിമകോലുമാദി-
സന്താനവല്ലിയുടെ സന്തതസന്ധിമുലം
എൻതാതനെങ്ങുമെതിരറെറരിയുന്ന പാതി-
ച്ചെന്തമരച്ഛവികലർന്ന ശരീരമുണ്ട്.       19

തുള്ളും മനോമൃഗമണത്തു തമോവനത്തി-
നുള്ളിൽ കളിക്കുകിലപായഭയം ഭവിക്കിൽ
ഉള്ളംകനിഞ്ഞു ശമബോധകദൈവതതിത്തി-
നുള്ളംകരത്തിലൊരു കുഞ്ഞുകുരംഗമുണ്ട്.       20

ദണ്ഡപ്പെടുത്തുമൊരു സംസൃതിദാരുദേഹ-
ദണ്ഡം തഴച്ചെഴുമഹംകൃതിയായമൂലം
ഖണ്ഡിച്ചെറിഞ്ഞുകളവാൻ കനിവുള്ള കയ്യിൽ
ചണ്ഡപ്രഭാവഭരാമാർന്ന കുഠാരമുണ്ട്.        21

ആധാനവും നിധനവും പ്രപഞ്ച-
ബാധാബലം ബഹുലദുഷ്കരമൊന്നകന്നാൽ
ആധാമമൊന്നു നില കണ്ടുവരും ജനത്തി-
ന്നാധാരമാമഭയപാണിസരോജമുണ്ട്.        22

വന്മോഹമൂർച്ഛവിഷയാമിഷവീര്യമേകും
ജന്മാമയൈകജയഭേഷജമെന്നപോലെ
തന്മട്ടെനിക്കു തരുമെന്നരുമക്കൊടിക്കു
ചിന്മുദ്രിതച്ചെറുവിരൽത്തളിരുണ്ടു നെഞ്ചേ!        23

ഭൂതങ്ങളാണു ഭുവനം പരമാണുമൂല-
ജ്യോതിസ്സെരിഞ്ഞു കവിയും ജഡഭൂതജാലം
ജാതം ജഗത്തിഖിലമിന്നതുതന്നെ ബാഹ്യ-
ഭൂതിപ്രലിപ്തശിവമേനിയിതാണു നെഞ്ചേ!        24

ഹൃത്താരഖണ്ഡമയവൃത്തിയിലിപ്രപഞ്ച-
വിസ്താരമൊക്കെ വിരവോടു ദഹിച്ചശേഷം
കത്താlതും കനലുമററുകഴിഞ്ഞ ശുദ്ധ-
ചിത്താമയീശിവവിഭൂതിയതാണു നെഞ്ചേ!        25

മാലററിടുന്നതിനു മാർഗ്ഗമുണർത്തി മുററും
പാലിച്ചുകൊള്ളുവതിനായ് പശുവിൻമലത്തെ
മൂലപ്രബോധശിഖി മൂട്ടിയെരിച്ചണിഞ്ഞ
പാലൊത്ത പാശുപതഭസ്മമിതാണു നെഞ്ചേ!        26

മന്ദപ്രബോധമതി മൂടിവരുന്ന കാമ-
സന്ദർഭമാണു സകലാമയമൂലമെന്നാൽ
കന്ദർപ്പവിഗ്രഹമെരിച്ചു ധരിച്ചുകൊള്ളു-
മിന്ദുപ്രകാശശിവഭൂതിയിതാണു നെ‍ഞ്ചേ!        27

ഏതാണു ഞാനരുളുമിന്നിയുമെന്റെ വേദ-
മാതാവുരച്ചു മതിയെന്നരുളുന്ന മാർഗ്ഗം
നീതാനറിഞ്ഞിടുക നിൻനയനം തെളിഞ്ഞാ-
ലോതാവതല്ല പുനരുള്ളതെനിക്കു നെഞ്ചേ!        28

കാലത്തിൽനിന്നു കളിയാടിവരുന്ന കഷ്‌ട-
കാലം കടത്തിവിടുമെൻ'കരുണ'യ്ക്കു പാർക്കിൽ
കാലന്നുരഃസ്‌ഥലകവാടതടം തകർത്ത
കാലുണ്ടശേഷകരണങ്ങളുമുണ്ടു നെഞ്ചേ!       29

എന്താകിലെന്തിനിയെനിക്കെതിരററലിഞ്ഞു
ചിന്താവകാശനടനം ചിതറുന്ന ദൈവം
എൻ താതനാണിതിനുശേഷവുമേകനാഥ-
നെന്താണു ചേതമിതിലുള്ളതെനിക്കു നെഞ്ചേ!        30

മിട്ടാൽ കവിഞ്ഞു മറിയും തിരമാല പൊങ്ങി
നട്ടാവി പൊട്ടി നരകാബ്ധിനടുക്കയത്തിൽ
പെട്ടാലുമെൻപ്രിയവിലാസരസം പെറുന്ന
മട്ടാർമലർപ്പദമിതിന്നി മറക്കുമോ ഞാൻ?        31

വിട്ടാകിലും വികൃതിയാകിലുമൊക്കെ വെന്തു
കെട്ടാകിലും കെടുതിയാകിലുമേകഭാവം
തൊട്ടാലുടൻ തുലനവിട്ടലിയുന്ന പാദ-
മൊട്ടാതെകണ്ടൊരുനൊടിക്കുമിരിക്കുമോ ഞാൻ.        32

മുട്ടായി മോഹവല മൂടി മുഖം മറച്ചു
കെട്ടാറുവാനിഹ കരഞ്ഞു തിരിഞ്ഞുമെങ്ങും
കിട്ടാതിരുന്നു കൃപകൊണ്ടു ലഭിച്ച മഞ്ജു-
മട്ടാർമലർപ്പദമതിന്നി മറക്കുമോ ഞാൻ?        33

കെട്ടറ്റ മാലയിഴിയുംപടി കാമബന്ധം
ഞെട്ടറ്റഹംകൃതി നശിച്ചു ജഡാന്ധകാരം
തട്ടിത്തകർത്തു തലവച്ചു തഴച്ച ബോധ-
മുട്ടറ്റ മോഹനവിളക്കു മറക്കുമോ ഞാൻ?        34

ഇപ്പിച്ചയാളനു കനിഞ്ഞിവിടത്തിലീശൻ
കല്പിച്ച കല്പകമലർക്കൊടിയെന്നപോലെ
കൈപ്പുണ്യമുള്ള കരുണാകരനെന്റെ മേലി-
ലർപ്പിച്ചൊരദ്ഭുതമതിന്നി മറക്കുമോ ഞാൻ?        35

കറ്റാകിലും കല കടന്നു കടന്ന സിദ്ധി
പെറ്റാകിലും പ്രകൃതിയിൽ പതിയുന്നു ലോകം
തെറ്റാതെനിക്കരുളടിത്തളിർ തന്നു ചെന്നു
പറ്റാതിനിപ്പലവഴിക്കു നടക്കുമോ ഞൻ?        36

ഏതോ വരട്ടെതിരിലെന്റെ ശിവന്റെ നാമ-
മോതീടുകേതുമുലയാതെയുണർന്ന നെഞ്ചേ!
ജാതാദരം ശിവശിവേതി ജപിക്കിലേഴു-
പാതാളമെന്തു പരമേഷ്ടിനിവാസമെന്തേ.        37

വാണന്നുതൊട്ടു വിഷയാമയമായ മായാ-
ബാണങ്ങളാണിവിടെയെങ്ങനെ നാം പൊറുക്കും
പ്രാണേശനോടിതു പറഞ്ഞു കരഞ്ഞു കണ്ണീർ
കാണാതകണ്ടിതിനിനിക്കഴിവില്ല നെഞ്ചേ!        38

ആടാതെ പോയി വിഷയങ്ങളിലങ്ങുമിങ്ങും
വാടാതെ വേണ്ടപരമായ വരം വരിക്കാം
പാടാകവേ പരിതപിച്ചു പറഞ്ഞലിഞ്ഞു
പാടാമിനിപ്പരമപാദമതിന്നു നെഞ്ചേ!        39

ആരംഭമറ്റതിരഴിഞ്ഞനുമാനമറ്റു
പാരം കടന്ന പരബോധനിധാനമായി
ആരും ഭരിക്കുമണുവായഖിലാണ്ഡകോടി-
ഭാരം ഭരിച്ച പദപങ്കജമേ! തൊഴുന്നേൻ.        40

ആകാശതിനകത്തണുവൊന്നുമില്ലാെ-
രാകാരമില്ലതിനു മാതൃകതന്നെയില്ല
ആകാലമദ്ഭുതനിത്തമനപശില്‌പ-
മീകാര്യകോടി നാടമാടിയ ഗൂഢമൂർത്തേ!        41

കർത്താവുമായഖിലകാരയിതാവുമായി
കൃത്യൈകകാരണവുമായ്‍ക്കരണങ്ങളായി
കർത്തവ്യകോടികളശേഷവുമായിനിന്നു
നൃത്തം തുടർന്നരുളുമെൻ നടരാജമൂർത്തേ!        42

മൂലത്തെ വിട്ടു മുടിയാതൊരു സത്ത കാര്യ-
ജാലത്തിനില്ലതു ജനിച്ചഴിയുന്നുമില്ല
കാലത്തില്ലെങ്കിലുമിരുന്നു വരുന്നൊരിന്ദ്ര-
ജാലത്തിനേകപതിയാം ജഗദേഗകമൂർത്തേ!        43

ആരോപജാലമതിയിന്നപവാദമാർഗ്ഗ-
മാരുഢയാമമലവൃത്തിയിലാറശേഷം
സൂരപ്രഭാനയനസംഗതി തുല്യബോധ-
വാരശിയായ് വര കടന്നു വളർന്ന മൂർത്തേ!        44

മാനദിയായ് മതികലർന്നു വരുന്നു ദുഃഖം
ജ്‌ഞാനൈകശേഷനില കേവലമായ സൌഖ്യം
സ്‍ഥാനത്തിരുന്നു സകലാമയമററ സച്ചി-
ദാനന്ദകന്ദളിതതുന്ദിലമൂലമൂർത്തേ!        45

പാരാദിയായ പലതും പല ഭേദമായി
നേരേ നടത്തിയരുളും നിഖിലൈകബന്ധോ!
നേരാകുുമാറു നിജഭക്‌തനൊഴിഞ്ഞു നിന്നെ-
യാരാലുമോർത്തറിയുവനെളുതല്ല ശംഭോ!        46

വേദങ്ങളോ ബഹുവിധം പറയുന്നു നാനാ-
വാദങ്ങളോ വെളിയിലിട്ടു വിരട്ടിടുന്നു
ഖേദങ്ങളോ കടന്നുവരുന്ന നിന്റെ
പാദങ്ങളെന്നിയിനി മറ്റവലംബലമില്ലേ        47

ദുർവാസനാവശനിവൻ ദുരചെയ്തു ശുദ്ധ
ഗർവ്വായ് നടക്കുകിലുമെൻകൃപ കൈവിടില്ലേ
നിർവാണമെന്നു നിഗമങ്ങളുരയ്ക്കുമെന്റെ-
സർവസമേേ സകലദീനദയാപയോധേ        48

പുണ്ണായിരുന്നു ഹൃദയം പൊളിയുന്നു തുമ്പ-
മുണ്ണാവതല്ലൊരുവിധത്തിലുമുഗ്രമയോ!
എണ്ണാവതലെളിയ നിന്നടിമയ്‍ക്കിതെന്റെ
കണ്ണേ! കരത്തിനു രുചിച്ച കരുംകരുമ്പേ!        49

ഭദ്രം പഴുത്തു പരിപാകരസം പകർന്ന-
മൃദ്വീകതന്മധുരമേ മമ തമ്പുരാനേ!
ഖദ്യോതകാന്തിവടിവേ കതിരേ കലർന്ന
ഹൃദ്ദീപമേ!ഹൃദയമേ!ഹിതമേ തൊഴുന്നേൻ!        50

"https://ml.wikisource.org/w/index.php?title=ശിവസുരഭി&oldid=145813" എന്ന താളിൽനിന്ന് ശേഖരിച്ചത്