ശാരദ/ഒമ്പതാം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശാരദ
രചന:ഒ. ചന്തുമേനോൻ
ഒമ്പതാം അദ്ധ്യായം

[ 145 ] എട്ടാം അദ്ധ്യായം എഴുതിക്കഴിഞ്ഞിട്ടു് ഇപ്പോഴേക്കു് കാലം വളരെ കഴിഞ്ഞു. എട്ടാം അദ്ധ്യായത്തിൽ വിവരിക്കപ്പെട്ട കഥ നടന്നിട്ടും ആ വിവരത്തെക്കുറിച്ചു് കവി അറിഞ്ഞിട്ടും ഉള്ള കാലമേറി ഇതും വളരെയായി. എന്നിട്ടും ഈ പുസ്തകത്തെ ഇതുവരെ പര്യവസാനത്തോളം എഴുതി തീർക്കാതിരുന്നിട്ടുള്ളതു് എന്റെ പക്കൽ ഒരു വലിയ തെറ്റല്ലയോ? തെറ്റാണെന്നു ഞാൻ സമ്മതിക്കേണ്ടി വന്നിരിക്കുന്നു. ഒരു വലിയ തെറ്റുതന്നെയാണു്. അതിനെ എന്റെ വായനക്കാർ സദയം ക്ഷമിപ്പാനും ഈ കാലത്തിന്നു മദ്ധ്യേ അല്പം ചില ദൈവീകമായ പ്രതികൂലസംഗതികൾ ഉണ്ടായിട്ടുണ്ടെന്നു കൂടി സവിനയം ഇവിടെ പ്രസ്താവിച്ചുകൊള്ളുന്നു. ഈ തെറ്റിനെ മുഴുവനുമായിട്ടോ അല്ലെങ്കിൽ ഏതാനുമായിട്ടോ പരിഹരിക്കാൻ ആ സംഗതികൾ മതിയാവുന്നതല്ലെന്നു് എനിക്കു തന്നെ തൃപ്തിവന്നിരിക്കുന്നു. അതുകൊണ്ടു് ഏതെങ്കിലും ഈ കാര്യത്തിൽ വന്നിട്ടുള്ള ഉപേക്ഷയോ അമാന്തമോ ഹേതുകമായ അപരാധത്തെ എന്റെ പ്രിയപ്പെട്ട വായനക്കാർ സസന്തോഷം ക്ഷമിച്ചൂ് ഈ കഥയെ സ്വീകരിച്ചു് അതിന്റെ അവസ്ഥാന്തസാരം രസിക്കുമെന്നാണു് എന്റെ വിശ്വാസം. ഒന്നാം പുസ്തകത്തിൽ ഒടുവിൽ കാണിച്ചിരുന്നതു തിരുമുല്പാടും കണ്ടമേനോനും പൂഞ്ചോലക്കര എടത്തിൽ അച്ഛൻ പറഞ്ഞ എടം വക ഒന്നാം കാര്യസ്ഥൻ പൂമഠത്തിൽ ഗോവിന്ദൻ എന്ന ശങ്കുനമ്പി എഴുതിയ എഴുത്തിനെ രാമൻ മേനോന്നു വായിച്ചു കേൾപ്പിക്കണമെന്ന വിചാരത്തോടുകൂടി രാമന്മേനോൻ പാർക്കുന്ന മഠത്തിലേക്കു പോയ സംഗതിയാകുന്നു. എഴുത്തു രാമന്മേനോനെ സ്വകാര്യമായി വായിച്ച കേൾപ്പിച്ചു. രാമന്മേനോൻ:- (ചിരിച്ചുംകൊണ്ടു്) മുസൽമാൻ ജാതിയായ ഒരു ബൗദ്ധസ്ത്രീയിൽ ശാരദാ ജനിച്ചകുട്ടിയാണെന്നു പറഞ്ഞതു ശരിയായിരിക്കാം. കല്യാണി ബൗദ്ധസ്ത്രീയായിരിക്കാം. ഞാൻ ഇതു് അറിഞ്ഞിട്ടില്ല. അവളുടെ ശൈശവകഥകളിൽ ഉള്ള രഹസ്യങ്ങളിൽ ഒന്നായിരിക്കാം അതു്. ആർക്കറിയാം. എനിക്കു യാതൊരു സംശയം കൂടി ഉണ്ടായിട്ടില്ല. അഥവാ പൂഞ്ചോലക്കര എടക്കാർക്കു് തന്നെ വല്ല ഭ്രഷ്ടും ഉണ്ടായിരിക്കാം. അതു് അവർക്കല്ലെ നിശ്ചയമുള്ളു. എന്നു പറയുമ്പോഴേക്കു് തിരുമുല്പാടും കണ്ടന്മേനോനും വളരെ ചിരിച്ചു. കണ്ടന്മേനോൻ "റില്ലി ആക്ട്" പ്രകാരമുള്ള വ്യവഹാരത്തി [ 146 ] ന്നു് ഈ കത്തിലെ സംഗതി പ്രത്യേകം പിൻതാങ്ങുന്ന ഒരു വ്യവഹാരസംഗതിയായി തീരുമെന്നു പറഞ്ഞു ഘോഷിച്ചു.

രാമവർമ്മൻ തിരുമുല്പാട് :- എനിക്ക് ഈ കത്തിൽ പറയുന്ന സംഗതി ഭോഷ്ക്കാണെന്നുള്ളതിലേക്കു യാതൊരു സംശയവും ഇല്ല. കല്യാണി ഇവിടെ നിന്നു പൊയ്ക്കളഞ്ഞത് അറിയാത്ത പേർ ഒരു മുപ്പത്തഞ്ചു വയസ്സിന്നു മീതെ ആരെങ്കിലും ഈ രാജ്യത്തു ഉണ്ടാവുമോ എന്നു ഞാൻ സംശയിക്കുന്നു. പിന്നെ കല്യാണി ബൌദ്ധസ്ത്രീയല്ലെന്നു പരബോദ്ധ്യമല്ലെ? ഇതിനു വൈത്തിപ്പട്ടർ സാക്ഷിയായി ഇപ്പോഴും ഇരിക്കുന്നുവല്ലൊ?

കണ്ടന്മേനോൻ:- വൈത്തിപ്പട്ടരുടെ കാര്യം അത്ര ഉറയ്ക്കേണ്ട. അയാൾ പണം കിട്ടിയാൽ ഏതു പുറവും എങ്ങിനെ എങ്കിലും ലപിഡൻസ് കൊടുക്കും.

രാമവർമ്മൻ തിരുമുല്പാടു്:- അങ്ങിനെ നീ പറയുന്ന ലപിഡൻസ് കൊടുത്താൽ അങ്ങിനെ എന്തെങ്കിലും പറഞ്ഞാൽ അയാൾ കുടുങ്ങിപ്പോകും. നോം എല്ലാവരും കൂടി ഒന്നിച്ചല്ലെ അയാളുടെ ഗ്രാമത്തിൽ നിന്ന് രാമന്മേനോനേയും കുട്ടിയേയും ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വന്നതു്. ഇതെന്തൊരു കഥയാണു്. ഇല്ലാതാക്കുവാൻ ആ പട്ടുരുമേലൊ മറ്റാരാലോ കഴിയുമോ?

കണ്ടന്മേനോൻ:- അങ്ങിനെ പറയേണ്ട. ഇതു് ഒരു ജഡ്ജിക്കു ബോദ്ധ്യം വന്നു ഓപ്യം ആവണ്ടുന്ന കാര്യമാണു്. ജഡ്ജിമാർക്കു ലപിഡൻസ് അല്ലാതെ മറ്റെന്താണുള്ളതു്. എന്നാൽ നമ്മുടെ ഇപ്പോഴത്തെ മൂപ്പർക്കു് (ബകരാക്ഷസൻ എന്നു് രാമവർമ്മൻ തിരുമുല്പാടു് മൂന്നാം അദ്ധ്യായത്തിൽ പറഞ്ഞ ആൾ) ഇതൊന്നും വേണ്ടാ. എന്തു് ലിപിഡൻസ് കൊടുത്താലും തരക്കേടില്ലാ. അവിടെ പണം മാത്രം ശരിയായി കിട്ടണം. എന്നാൽ മറ്റു ജഡ്ജിമാർ ഈ കാര്യത്തെക്കുറിച്ച് വിചാരണ ചെയ്യുമ്പോൾ ലപിഡൻസ്സ് നോക്കി കോഡ്ഢീസ്സ് പ്രകാരം ഓപ്യം ഉണ്ടാവുന്നതല്ലാതെ മറ്റ് അവർക്ക് എന്തു നിവൃത്തി. ആ വക സ്ഥലങ്ങളിൽ വൈത്തിപ്പട്ടരുടെ ലപിഡൻസ്സ് നമുക്ക് വളരെ ആവശ്യമുള്ളതാണു്.

രാമവർമ്മൻ തിരുമുല്പാടു്:- നിന്റെ ലപിഡൻസ്സുകൊണ്ടു ബുദ്ധിമുട്ടായി. എന്നാൽ വൈത്തിപ്പട്ടരെ പിടിക്കുക. അത്രതന്നെ. എനിക്കു ഈ കാര്യത്തിൽ വൈത്തിപ്പട്ടരുടെ പ്രകൃതത്തിലും പ്രവൃത്തിയിലും കുറെ സംശയം ഉണ്ടു്. ഇവിടെ താമസിച്ചിരുന്ന കൃഷ്ണനിൽ [ 147 ] പോയി?? ആരുടെ കൂടെ പോയി? ഇവിടെ ചോദിച്ചിട്ടുതന്നെയോ പോയത്?

രാമൻമേനോൻ :- അവൻ ഇവിടെനിന്നു് ആരോടും ചോദിക്കാതെ ഒളിച്ചു പൊയ്ക്കളഞ്ഞു. ഒരു ദിവസം രാത്രി ഊൺ കഴിഞ്ഞു് ഇവിടെ പതിവു പ്രകാരമുള്ള സ്ഥലത്തു് ഉറങ്ങിയിരുന്നു എന്നും പിറ്റെദിവസം നോക്കിയപ്പോൾ അവനേയും അവന്റെ കര, മുണ്ടുകൾ ഇതുകളേയും കാണ്മാനില്ലെന്നും ശങ്കരൻ പറഞ്ഞു. ഇവരെ വൈത്തിപ്പട്ടർക്കല്ലാതെ ഇത്രവേഗം ഇവിടെനിന്നു കൊണ്ടുപോവൻ സാധിക്കുമോ എന്നു ഞാൻ സംശയിക്കുന്നു. ഇവനു് വൈത്തിപ്പട്ടരോടുള്ള സ്നേഹം അതികലശലാണെന്നു ശങ്കരൻ പറഞ്ഞു ഞാൻ അറിഞ്ഞു. ഇവനെ കല്യാണിയുടെ കൂടെ ആക്കിയതുതന്നെ വൈത്തിപ്പട്ടരാണെന്നു ഇവൻ തന്നെ പലപ്പോഴും പറയാറുണ്ടത്രെ. കല്യാണിയെ ഒന്നാമതു കണ്ടപ്പോൾ ഇവനും വൈത്തിപ്പട്ടരും കല്യാണിയുടെ കൂടെ ഉണ്ടായിരുന്നു.

കണ്ടൻമേനോൻ:- ഈ വൈത്തിപ്പട്ടർ ഈ കാര്യത്തിൽ എന്തൊ അപകടം പ്രവർത്തിച്ച നിമിത്തം ഈ കൂട്ടം ഇത്ര വൈഷമ്മിച്ചു കാണുന്നതാണെന്നു ഞാൻ തീർച്ചയായും ഓപ്യം കൊടുക്കുന്നു. കഴിയുന്ന വേഗത്തിൽ ആ പട്ടരെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവന്നു അയാളെ പാട്ടിൽ പിടിച്ചു് "റില്ലി ആക്ട് പ്രകാരം" വ്യവഹാരങ്ങൾ ഉടനെ കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം.

ഈ സംസാരമെല്ലാം ഉണ്ടായപ്പോൾ ശങ്കരൻ ആ സ്ഥലത്തിനു സമീപം നിന്നിരുന്നു. രാമവർമ്മൻ തിരുമുല്പാടു് ശങ്കരനെ കണ്ടു. തന്റെ പക്കൽ ഉള്ള എഴുത്തു ശങ്കരനെ കാട്ടാമോ എന്ന ഭാവസൂചകമായ തിരുമുല്പാട്ടിലെ സ്ഥിതി കണ്ടിട്ടു ക്ഷണേന രാമൻമേനോൻ അതിനു അനുവദിച്ചതായ ഭാവം കാട്ടി. ഉടനെ എഴുത്തിനെ ശങ്കരൻ പക്കൽകൊടുത്തു. ശങ്കരൻ എഴുത്തു വാങ്ങി വായിച്ചു. അതിനെ തിരുമുല്പാടു പക്കൽ തന്നെ കൊടുത്തു.

രാ: തി:- ഞാൻ ഇപ്പോൾ രാമൻമേനോനോടു കൃഷ്ണന്റെ വർത്തമാനത്തെ കുറിച്ചു പറയുകയായിരുന്നു. അവൻ എവിടേക്കു കടന്നുപോയിരിക്കുന്നുവോ എന്നു അറിയുന്നില്ല. അവന്നു ഇവിടെനിന്നു താനെ പൊയ്ക്കളയുവാൻ എങ്ങിനെ ധൈര്യം ഉണ്ടായതു്? അവൻ എത്രയോ കാലം - എന്നുവെച്ചാൽ കല്യാണിയും രാമന്മേനോനും തമ്മിൽ കണ്ട മുതല്ക്കു കൂടെ താമസിച്ചുവല്ലൊ. ഇവൻ മുമ്പെ വൈത്തിപ്പട്ടരുടെ [ 148 ] ഒരു ഭൃത്യനായിരുന്നു എന്നും ഇപ്പോൾ അറിഞ്ഞു. ഒരു സമയം വൈത്തിപ്പട്ടരുടെ വിദ്യയൊ ഇതു എന്നിറിഞ്ഞില്ല.

ശങ്കു:- (കൂറെ മന്ദഹാസത്തോടുകൂടി) ഒരു സമയം അങ്ങിനെ ആയിരിക്കാം. വൈത്തിപ്പട്ടരുടെ അവസ്ഥ ഏതെല്ലാം പ്രകാരത്തിലും വിധത്തിലും ആണെന്നു് എനിക്കു അറിഞ്ഞുകൂടാ. ഈ എഴുത്തിലെ താൽപ്പര്യപ്രകാരം എന്താണു് ഇവിടെ നിന്നു് പ്രവർത്തിക്കുന്നതെന്നറിഞ്ഞില്ല.

രാ. തി:- ആ അസത്ത്, ദുഷ്ടൻ, ചണ്ഡാളൻ, ആ പാപി, ദുർബുദ്ധി അച്ചൻ പറഞ്ഞിട്ടു് കാര്യസ്ഥൻ ഗോവിന്ദൻ എഴുതീട്ടുള്ള ഈ വിലയില്ലാത്ത കത്തിനെ ആരു കൈക്കൊള്ളും. ഞാൻ ഈ എഴുത്തിനു ഒരു മറുപടി അയപ്പാൻ പോകുന്നു. അതു നീ എഴുതി തരണം. ഇങ്ങിനെ കളവായ വിവരത്തെക്കുറിച്ചു് എഴുതി അയച്ചു കളയാമെന്ന് ഒരു ധൈര്യം ഉണ്ടായല്ലൊ.

ക:- വരട്ടെ, ബദ്ധപ്പെടേണ്ട. നോക്കു് ആ പട്ടരേ പിടിക്കുവാൻ നോക്കുക. അയാൾ വന്നാൽ വളരെ വിവരങ്ങൾ നോക്കു് അറിവാൻ കഴിയും.

രാ.തി:- എന്താണു ശങ്കരാ. അങ്ങിനെയോ അഭിപ്രായം. പട്ടരെ ഈ കത്തിനു മറുപടി അയക്കുന്നതിനു മുമ്പെ ഒന്നാമതു വരുത്തേണമെന്നുണ്ടോ?

ശ:- ഈ കത്തിനു മറുപടിയായി എന്തെങ്കിലും അയപ്പാൻ ഭാവമുണ്ടെങ്കിൽ അതു കഴിഞ്ഞിട്ടു മതി എന്നാണു് ഞാൻ വിചാരിക്കുന്നതു്. ഒന്നാമതു പട്ടരെ കിട്ടുമോ എന്നു സംശയമാണു്. കിട്ടിയാലും നുമ്മൾക്കുവേണ്ടി എന്തെങ്കിലും ചെയ്യുമോ എന്നും സംശയമാണു്. പട്ടരുടെ സ്വഭാവം കണ്ടന്മേനോൻ ഇപ്പോൾ ഇവിടെ പ്രസ്താവിച്ചതു് വാസ്തവമാണു്. എടത്തിലെ പണത്തിന്നു മീതെ ഒരു വിധത്തിലും പട്ടരുടെ മനസ്സു പൊന്തുന്നതല്ല. അയാൾ ഇപ്പോൾ എടത്തിൽ ആയിരിക്കും എന്നുള്ളതിനു അധികം സംശയംതോന്നുന്നില്ല. കൃഷ്ണനും അവിടെത്തന്നെ ആയിരിക്കും. ഇവിടെനിന്നു കൃഷ്ണന്റെ ഗോപ്യമായ യാത്രയും, അവൻ ഇവിടെ വൈത്തിപ്പട്ടരെ കണ്ടശേഷം പ്രവർത്തിച്ചിട്ടുള്ള അവസ്ഥകളും ഓർത്താൽ അതിനെപ്പറ്റി ഇങ്ങഇനെ സംശയം ഉണ്ടാവാതിരിപ്പാൻ പാടുള്ളതല്ല.

ശങ്കരൻ പറഞ്ഞതു തിരുമുല്പാട്ടിലേക്കു ബോദ്ധ്യമായി. കണ്ടന്മേനോനും തൽക്കാലം കേവലം വിരസമല്ലാതെ ബോദ്ധ്യമായിതീർന്നു. താൻ പറഞ്ഞിട്ടുള്ള അഭിപ്രായത്തോടുകൂടി യോജിച്ചല്ല. [ 149 ] എങ്കിലും വൈത്തിപ്പട്ടരുടെ സ്വഭാവത്തെക്കുറിച്ചു താൻ പറഞ്ഞിട്ടുള്ളതു മുഴുവനും അനുകരിച്ചിട്ടാണു തന്റെ അഭിപ്രായം എന്നുള്ള ഏക സംഗതി മാത്രം ഓർത്തിട്ടാണു്. രാമൻമേനോനും അങ്ങിനെ തന്നെയെന്നു അഭിപ്രായപ്പെട്ടു.

ശ:- എന്നാൽ ഈ കത്തിനു് എന്താണ് മറുവടി അയക്കേണ്ടതു്? എന്നുവെച്ചാൽ അത് ഉടനെ തയ്യാറാക്കുന്നതു് ഏറ്റവും നല്ലതാണെന്നു് എന്റെ താഴ്മയുള്ള ബുദ്ധിയിൽ തോന്നുന്നതു് ഇവിടെ കേൾപ്പിക്കുന്നു.

രാ.തി:- ശങ്കരൻതന്നെ കത്തുണ്ടാക്കി തരണം. വേഗം കടലാസ്സു്, തൂവൽ, മഷി ഇതുകളെ കൊണ്ടുവരിക.

ശ:- കടല്ലാസ്സും മറ്റും കൊണ്ടുവരാം. കത്തു് എഴുതുന്നതു് കണ്ടമ്മാമൻ അല്ലെ, വളരെ നല്ലതു്.

രാ.തി:- കത്തു നീ തന്നെ എഴുതണം. കടലാസ്സും മറ്റും വേഗം കൊണ്ടുവരണം. കണ്ടന്മേനോന്നു് ഈ കാര്യത്തിൽ വളരെ എഴുതുവാൻ എനി എടയുണ്ടാകുമല്ലോ.

കണ്ടന്മേനോന് ഇതു് അത്ര രസിച്ചില്ല. എന്നാൽ ഒന്നും പറയാതെ നിൽക്കുന്നതു് നല്ലതല്ലെന്നു വിചാരിച്ചു് "ഓ,ഹോ, കത്തു എഴുതുന്നതു ശങ്കരൻ തന്നെ ആകട്ടെ, ഞാൻ സമ്മതിച്ചു. നമുക്ക് ഇവന്റെ വാചകത്തിന്റെ രീതിയും ഒന്നറിയാമല്ലോ." ഇതു കേട്ടപ്പോൾ ശങ്കരൻ എഴുത്തു് എഴുതുന്നതു് ഇപ്പോൾ പറഞ്ഞപ്രകാരം തന്നെ മതിയായിരിക്കും. അങ്ങനെയാണെങ്കിൽ ഞാൻ അതുപ്രകാരം എഴുത്തുണ്ടാക്കിക്കൊണ്ടുവന്നു വായിച്ചു കേൾപ്പിക്കാം.

രാ.തി:- ഓ, ഹൊ, ധാരാളം മതി. ഒന്നു എഴുതിക്കൊണ്ടുവരിക. ശങ്കരൻ എഴുതിയാൽ വളരെ നന്നാവുമെന്നു് എനിക്കു ബോദ്ധ്യമാണു്.

ശങ്കരൻ ഉടനെ അകായിൽ പോയി എഴുത്തു് എഴുതിക്കൊണ്ടു വന്നു. താഴെ പറയും പ്രകാരമായിരുന്നു എഴുത്ത്.


ശ്രീ


"തന്റെ എഴുത്തു കിട്ടി. തിരുവനന്തപുരത്തുകാരൻ രാമൻപിള്ള എന്നു തന്റെ എഴുത്തിൽ കാണുന്ന രാമൻമേനോൻ എന്ന ആൾ ഒരു പെൺകുട്ടിയോടുകൂടി നമ്മുടെ വക ഒരു മഠത്തിൽ താമസിച്ചുവരുന്നുണ്ടു്. അതു താൻ എഴുത്തിൽ കാണിച്ചപ്രകാരം നമ്മുടെ ചിലവിന്മേലല്ല അവരുടെ സ്വന്തം ചിലവിന്മേലാണു്. ആ പെൺകുട്ടി മുസൽ [ 150 ] മാൻ ജാതിയായ സ്ത്രീയിൽ ജനിച്ച കുട്ടിയല്ല. മേൽപറഞ്ഞ രാമൻമേനോനു പൂഞ്ചോലക്കര എടത്തിൽ കല്യാണി എന്നു പേരായ സ്ത്രീയിൽ ജനിച്ച ഒരു കുട്ടിയാകുന്നു. നായരുജാതി എന്നു പ്രസിദ്ധമായി അറിയപ്പെടുന്ന പൂഞ്ചോലക്കര എടത്തിൽ മേലാൽ സന്തതിക്കും വേറം വളരെ അഭ്യുദയങ്ങൾക്കും ആയി പൂഞ്ചോലക്കര എടത്തിൽ ഒരു സ്ത്രീയെ സംബന്ധത്തിനു് എല്ലാവിധത്തിലും അർഹനായ രാമൻമേനോന്നു പൂഞ്ചോലക്കര എടത്തിൽ കല്യാണി എന്ന സ്ത്രീയിൽ പുത്രിയായി ജനിച്ചതുകൊണ്ടു എങ്ങിനെയാണു് ആ കുട്ടിക്കു് ഇപ്പോൾ ജാതിവൈരൂപ്യം കല്പിക്കുന്നതു എന്നു മനസ്സിലാകുന്ന വിധം ഒന്നും തന്നെ എഴുത്തിൽ പ്രസ്താവിച്ചു കാണുന്നില്ല. സൂക്ഷ്മമായി അറിവു കിട്ടിയിരിക്കുന്നു. എന്നു താൻ എഴുതിയതു വളരെ നിസ്സാരമായി വിചാരിപ്പാനേപാടുള്ളു. അവിടുന്നും ഇവിടുന്നും തമ്മിൽ വ്യവഹാരം നിമിത്തം രസമില്ലെങ്കിലും, സൂക്ഷ്മമായി കിട്ടിയ വിവരത്തെ അറിയിപ്പാനുണ്ടായ അനുകമ്പ വളരെ യഥോചിതം തന്നെ. ക്ഷത്രിയനായ നമുക്കും നമ്മുടെ കുടുംബങ്ങൾക്കും ക്ഷേത്രം, കുളം മുതലായതുകൾക്കും സദാചാര വിശുദ്ധി ഉണ്ടായി വരുന്നതു തന്റെ പൂഞ്ചോലക്കര അച്ചനു സന്തുഷ്ടിയാണെന്നു് ഇപ്പോൾ ലോകപ്രസിദ്ധമാണല്ലോ. എനിക്കു ഈ വിധം ഒരു കത്ത് തനിക്കു് എഴുതുവാൻ ആവശ്യമില്ലാത്തതാണു്. അതു തന്റെ പൂഞ്ചോലക്കര അച്ചൻ പറഞ്ഞാലും പറഞ്ഞിട്ടില്ലെങ്കിലും ഒരുപോലെ തന്നെ. ഹുംകൃതിയോടുകൂടി ഇങ്ങിനെ ഒരു ഭീഷണി ഉണ്ടാക്കിത്തീർത്തുകളയാമെന്നുള്ള വിചാരം മാത്രം സർവ്വത്ര സ്ഫുരിക്കുന്നതായും നിസ്സാരമായും ഉള്ള തന്റെ കത്തനു മേൽകാണിച്ചപ്രകാരമാണു് ഇവിടെനിന്നു മറുപടി പറയുന്നതു് എന്ന് അറിയിക്കുന്നു.

ഉദയന്തളി രാമവർമ്മൻ തിരുമുല്പാടു്.

ഈ കത്തു വായിച്ചു കേട്ടപ്പോൾ രാമവർമ്മൻ തിരുമുല്പാട്ടിലേക്കു അതിയായി ഉണ്ടായ സന്തോഷത്തിനാൽ ഒന്നും പറയാതെ മന്ദഹസിച്ചുംകൊണ്ടു കണ്ടന്മേനോന്റെ മുഖത്തു നോക്കി.

കണ്ടന്മേനോൻ:- കത്തു് വളരെ നന്നായി. ഇതിൽ ലാപോയിന്റ് കൂടി ഉണ്ടു്.

രാമവർമ്മൻ തിരുമുല്പാടു്:- എനിക്കു് അതു് അറിഞ്ഞുകൂടാ. എന്നാൽ ഇവിടെനിന്നു പൂഞ്ചോലക്കരക്കു് ഇതുവരെ എഴുതീട്ടുള്ള എഴുത്തുകൾ മുഴുവൻ ശങ്കരൻ ആണെന്നു തോന്നും ഈ എഴുത്തു വായിച്ചു കേട്ടാൽ. ഇവന്റെ ബുദ്ധി വളരെ വിശേഷമായിട്ടുള്ളതാണെന്നു ഓർത്തു ഞാൻ ആശ്ചര്യപ്പെടുന്നു. ഉടനെ എഴുത്തു വാങ്ങി പൂട്ടി മേൽവിലാസം എഴുതി തന്റെ ഒരാൾക്കാരൻ പക്കൽ തിരുമുല്പാട് കൊടുത്തു.

തിരുമുല്പാടും കണ്ടന്മേനോനും ഊൺ കഴിഞ്ഞു വരാം എന്നു പറൻഞ്ഞു ഉടനെ അവിടെനിന്നു പുറപ്പെടുകയും ചെയ്തു. വഴിയിൽ വെച്ചു ചോദിച്ച നമ്പൂതിരിമാരോടു് ഇതെല്ലാം പൂഞ്ചോലക്കര അച്ഛൻ കളവായി ഉണ്ടാക്കിയ നിർമ്മര്യാദമായ ഒരു കഥയാണെന്നു പറയുകയും അതു ചിലർ വിശ്വസിക്കുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=ശാരദ/ഒമ്പതാം_അദ്ധ്യായം&oldid=38498" എന്ന താളിൽനിന്ന് ശേഖരിച്ചത്