ഒരു ഭൃത്യനായിരുന്നു എന്നും ഇപ്പോൾ അറിഞ്ഞു. ഒരു സമയം വൈത്തിപ്പട്ടരുടെ വിദ്യയൊ ഇതു എന്നിറിഞ്ഞില്ല.
ശങ്കു:- (കൂറെ മന്ദഹാസത്തോടുകൂടി) ഒരു സമയം അങ്ങിനെ ആയിരിക്കാം. വൈത്തിപ്പട്ടരുടെ അവസ്ഥ ഏതെല്ലാം പ്രകാരത്തിലും വിധത്തിലും ആണെന്നു് എനിക്കു അറിഞ്ഞുകൂടാ. ഈ എഴുത്തിലെ താൽപ്പര്യപ്രകാരം എന്താണു് ഇവിടെ നിന്നു് പ്രവർത്തിക്കുന്നതെന്നറിഞ്ഞില്ല.
രാ. തി:- ആ അസത്ത്, ദുഷ്ടൻ, ചണ്ഡാളൻ, ആ പാപി, ദുർബുദ്ധി അച്ചൻ പറഞ്ഞിട്ടു് കാര്യസ്ഥൻ ഗോവിന്ദൻ എഴുതീട്ടുള്ള ഈ വിലയില്ലാത്ത കത്തിനെ ആരു കൈക്കൊള്ളും. ഞാൻ ഈ എഴുത്തിനു ഒരു മറുപടി അയപ്പാൻ പോകുന്നു. അതു നീ എഴുതി തരണം. ഇങ്ങിനെ കളവായ വിവരത്തെക്കുറിച്ചു് എഴുതി അയച്ചു കളയാമെന്ന് ഒരു ധൈര്യം ഉണ്ടായല്ലൊ.
ക:- വരട്ടെ, ബദ്ധപ്പെടേണ്ട. നോക്കു് ആ പട്ടരേ പിടിക്കുവാൻ നോക്കുക. അയാൾ വന്നാൽ വളരെ വിവരങ്ങൾ നോക്കു് അറിവാൻ കഴിയും.
രാ.തി:- എന്താണു ശങ്കരാ. അങ്ങിനെയോ അഭിപ്രായം. പട്ടരെ ഈ കത്തിനു മറുപടി അയക്കുന്നതിനു മുമ്പെ ഒന്നാമതു വരുത്തേണമെന്നുണ്ടോ?
ശ:- ഈ കത്തിനു മറുപടിയായി എന്തെങ്കിലും അയപ്പാൻ ഭാവമുണ്ടെങ്കിൽ അതു കഴിഞ്ഞിട്ടു മതി എന്നാണു് ഞാൻ വിചാരിക്കുന്നതു്. ഒന്നാമതു പട്ടരെ കിട്ടുമോ എന്നു സംശയമാണു്. കിട്ടിയാലും നുമ്മൾക്കുവേണ്ടി എന്തെങ്കിലും ചെയ്യുമോ എന്നും സംശയമാണു്. പട്ടരുടെ സ്വഭാവം കണ്ടന്മേനോൻ ഇപ്പോൾ ഇവിടെ പ്രസ്താവിച്ചതു് വാസ്തവമാണു്. എടത്തിലെ പണത്തിന്നു മീതെ ഒരു വിധത്തിലും പട്ടരുടെ മനസ്സു പൊന്തുന്നതല്ല. അയാൾ ഇപ്പോൾ എടത്തിൽ ആയിരിക്കും എന്നുള്ളതിനു അധികം സംശയംതോന്നുന്നില്ല. കൃഷ്ണനും അവിടെത്തന്നെ ആയിരിക്കും. ഇവിടെനിന്നു കൃഷ്ണന്റെ ഗോപ്യമായ യാത്രയും, അവൻ ഇവിടെ വൈത്തിപ്പട്ടരെ കണ്ടശേഷം പ്രവർത്തിച്ചിട്ടുള്ള അവസ്ഥകളും ഓർത്താൽ അതിനെപ്പറ്റി ഇങ്ങഇനെ സംശയം ഉണ്ടാവാതിരിപ്പാൻ പാടുള്ളതല്ല.
ശങ്കരൻ പറഞ്ഞതു തിരുമുല്പാട്ടിലേക്കു ബോദ്ധ്യമായി. കണ്ടന്മേനോനും തൽക്കാലം കേവലം വിരസമല്ലാതെ ബോദ്ധ്യമായിതീർന്നു. താൻ പറഞ്ഞിട്ടുള്ള അഭിപ്രായത്തോടുകൂടി യോജിച്ചല്ല.