Jump to content

വേദാധികാരനിരൂപണം/പ്രമാണാന്തരനിരൂപണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വേദാധികാരനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
പ്രമാണാന്തരനിരൂപണം


"അധീയീരംസ്ത്രയോ വർണ്ണാഃ സ്വകർമ്മസ്ഥാ ദ്വിജാതയഃ
പ്രബ്രൂയാദ്ബ്രാഹ്മണസ്തേഷാം നേതരാവിതി നിശ്ചയഃ
സർവേഷാം ബ്രാഹ്മണോ വിദ്യാദ്വൃത്ത്യുപായാൻ യഥാവിധിഃ
പ്രബ്രൂയാദിതരേഭ്യശ്ച സ്വയം ചൈവ തയാ ഭവേത്" (മനു 10-12)

അവരവർക്ക് തക്കതായ പ്രവൃത്തികൾ ഉള്ള ദ്വിജന്മാരായ മൂന്നു വർണ്ണക്കാരും പഠിക്കട്ടെ. പഠിപ്പിക്കുന്നതു ബ്രാഹ്മണനല്ലാതെ ഇതരന്മാർ ചെയ്യേണ്ടതല്ല എന്നു നിശ്ചയം. സകലർക്കും ക്രമപ്രകാരമുള്ള ജീവനോപായങ്ങളെ ബ്രാഹ്മണൻ കല്പിക്കട്ടെ. ബ്രാഹ്മണൻ ഇതരന്മാർക്കു കല്പിച്ചു താനും അനുഷ്ഠിക്കട്ടെ - എന്നു പറയുന്നതല്ലാതെ ശൂദ്രൻ വേദാധ്യയനം ചെയ്തുകൂടാ എന്നു സ്പഷ്ടമായി നിഷേധിക്കുന്നില്ല. ഇതിനെ അല്പം കൂടി വിവരിക്കാം. ഒരുവൻ തനിക്കു വേണ്ടതായ സകലകാര്യങ്ങളെയും അന്യസഹായം കൂടാതെ സ്വയം സാധിച്ചുകൊള്ളുകയെന്നത് അസാധ്യമാകയാൽ ആദിയിൽ തന്നെ പ്രവൃത്തികളുടെ വ്യവസ്ഥ ഏർപ്പെടുന്നതു സഹജം. റോമാദേശത്തിൽ രാജാവ്, പാതിരിമാർ, പെട്രിഷർ, പ്ലേവിയർ എന്നും, ഇംഗ്ലണ്ടിൽ രാജകുലം, പാതിരികൾ, ലാർഡ്സ് എന്നും കോമൺസ് എന്നും, ഏർപ്പെട്ടതുപോലെ അതിനും എത്രയോ മുൻകാലം മുതൽക്കേ ഇവിടെയും ബ്രഹ്മക്ഷത്രിയവൈശ്യശൂദ്രർ എന്നു വകുപ്പുകൾ ഏർപ്പെട്ട് അവരവരുടെ പ്രവൃത്തികൾക്കു നിർണ്ണയങ്ങളും ഉണ്ടായി. ബ്രഹ്മജ്ഞാനത്തെ ഇതരന്മാർക്ക് ഉപദേശിക്കാൻ ബ്രാഹ്മണനും, രാജ്യസംരക്ഷണം ക്ഷത്രിയനും, ധാന്യക്കച്ചവടം മുതലായവ വൈശ്യനും, അടിമപ്രവൃത്തി ശൂദ്രനും ആദികാലത്തിൽ ഏർപ്പെട്ടു. ഇത്രത്തോളം മാത്രമല്ലാതെ ഒരുവൻ തന്റെ പ്രവൃത്തിയെ നിറവേറ്റിക്കൊണ്ട് ജ്ഞാനത്തേയും കൂടി സമ്പാദിപ്പാൻ പ്രയത്നിക്കുന്ന പക്ഷം അതിൽ ദോഷമുണ്ടെന്നു മനു പറയുന്നില്ല. മറ്റുള്ള സ്മൃതികളിൽ അപ്രകാരം നിഷേധമിരിക്കുന്നതായി കാണുന്നുമില്ല. ഒരുവേള ഇരുന്നാലും അവ മേൽകാണിച്ച ശ്രുതിപ്രമാണങ്ങളാൽ ബാധിതമാണ്.

"യദദൃഷ്ടം ഹി വേദേഷു തദ്ദ്രഷ്ടവ്യം സ്മൃതൗ കില
ഉഭാഭ്യാം യദദൃഷ്ടം ഹി തത്പുരാണേഷു പഠ്യതേ
ശ്രുതിസ്മൃതിപുരാണേഷു വിരുദ്ധേഷു പരസ്പരം
പൂർവം പൂർവം ബലീയഃ സ്യാദിതി ന്യായവിദോ വിദുഃ"

വേദത്തിൽ കാണാത്ത വിഷയങ്ങളെ സ്മൃതിയിൽ നിന്നു ഗ്രഹിച്ചുകൊള്ളാം. ഈ രണ്ടിലും ഇല്ലാത്തവയെ പുരാണങ്ങളിൽ നിന്നു ഗ്രഹിക്കാം. എന്നാൽ ശ്രുതിസ്മൃതിപുരാണങ്ങളിൽ പരസ്പരം വിരുദ്ധമായി കാണുമ്പോൾ പുരാണത്തേക്കാൾ സ്മൃതിയും, സ്മൃതിയേക്കാൾ വേദവും ബലീയസാകുന്നു - എന്ന് ആപസ്തംബസ്മൃതിയും,

"ശ്രുതിസ്മൃതിവിരോധേഷു ശ്രുതിരേവ ഗരീയസീ
അവിരോധേ സദാ കാര്യം സ്മാർത്തം വൈദികവത് സദാ"
ശ്രുതിക്കും സ്മൃതിക്കും വിരോധമിരിക്കുന്ന സ്ഥലങ്ങളിൽ ശ്രുതിതന്നെ പ്രബലപ്രമാണമാകും. അവയ്ക്കു ഭിന്നിപ്പില്ലാത്തപക്ഷത്തിൽ ശ്രുതിയെപ്പോലെതന്നെ സ്മൃതിയും അംഗീകാര്യമാകും - എന്നു ജാബാലസ്മൃതിയും,
"ശ്രുതിസ്മൃതിപുരാണാനാം വിരോധോ യത്ര ദൃശ്യതേ
തത്ര ശ്രൗതം പ്രമാണം തു തയോർദ്വൈധേ സ്മൃതിർവരാ"
വേദത്തിനു വിരോധമായ സ്മൃതിവാക്യം വകയല്ല. ഈ രണ്ടിനും വിരോധമായ പുരാണവചനവും വകയല്ല - എന്ന് വ്യാസസ്മൃതിയും പ്രമാണങ്ങളാണ്. വേദവിരുദ്ധമായ സ്മൃതിവാക്യം ആവശ്യമില്ല. പ്രമാണമാകയുമില്ല. അത് ആദരിക്കത്തക്കതുമല്ല; എന്ന് മുമ്പേ മീമാംസാശാസ്ത്രത്തിൽ നിന്നെടുത്ത് കാണിച്ചിട്ടുമുണ്ട്. ഇനിയും ഇപ്രകാരം അനേകഗ്രന്ഥങ്ങളിലുമുണ്ട്. ഈ പ്രമാണങ്ങളെക്കൊണ്ടു വേദങ്ങളാൽ ആദരിക്കപ്പെട്ടിരിക്കുന്ന വിഷയങ്ങൾക്കു സ്മൃതികളാൽ യാതൊരു വിധ "ബാധ"വും നേരിടത്തക്കതല്ല. പുരാണങ്ങളിൽ ഏതുകാര്യത്തിനു വേണമെങ്കിലും പ്രമാണം കിട്ടും. ആകയാൽ അവ വേദവിരുദ്ധമാകുന്നു എന്നു തള്ളിക്കളയേണ്ടതല്ലാതെ അവയുടെ ദോഷങ്ങളെക്കുറിച്ചു പ്രസ്താവിച്ചിട്ട് കാര്യമില്ല.

ഇനി ശൂദ്രൻ വേദാഭ്യാസം ചെയ്തുകൂടാ എന്നുള്ളവർ സാധാരണയായി പറയുന്ന ഒരു പ്രമാണത്തെക്കുറിച്ച് അല്പം വിചാരിക്കേണ്ടിയിരിക്കുന്നു. അതായത് "ന സ്ത്രീശൂദ്രൗ വേദമധീയതാം" എന്ന വാക്യമാകുന്നു. ഈ വാക്യം വേദവുമല്ല, സ്മൃതിയുമല്ല, കേവലം സൂത്രമാകുന്നു. ശ്രുതിസ്മൃതിപുരാണേതിഹാസാചാരങ്ങൾ എന്നുള്ള പ്രമാണങ്ങളിൽ ഒന്നായിട്ട് ഇതിനെ എവിടെയും സ്വീകരിച്ചു പഠിക്കുന്നുമില്ല. ആകയാൽ ഇതിനെ ഒരു പ്രമാണമായിട്ടു സ്വീകരിക്കണമെന്നില്ല. വിരോധമില്ലാത്ത ഈ വാക്യത്തെക്കുറിച്ച് ആക്ഷേപിക്കണമെന്നുമില്ല. ഇതിന്റെ അർത്ഥം എന്തെന്നാൽ സ്ത്രീകളും ശൂദ്രരും പഠിച്ചേ കഴിയൂ എന്നില്ല; എന്നല്ലാതെ പഠിച്ചേകൂടാ എന്നല്ല. എന്നാൽ ഇതിനെ വ്യാഖ്യാനിച്ചവർ പഠിച്ചേകൂടാ എന്നർത്ഥം പറഞ്ഞിരിക്കുന്നല്ലോ എന്നാണെങ്കിൽ, ഇതിലേയ്ക്ക് അവരെ കുറ്റം പറവാൻ പാടില്ല. ഇങ്ങനെയുള്ള ഗ്രന്ഥങ്ങൾക്കു വ്യാഖ്യാനം ചെയ്യുന്നവർ തത്ക്കാലത്തിൽ നടന്നുവരുന്ന ആചാരഗൗരവത്തിനു യാതൊരു ന്യൂനതയും നേരിടാതിരിക്കുന്നതിലേയ്ക്കുവേണ്ടി സ്പഷ്ടമായ വാക്യങ്ങൾക്കെല്ലാം കൃത്രിമമായ അർത്ഥകല്പനം ചെയ്യുന്നത് ലോകപ്രസിദ്ധമാകുന്നു. സംശയമുള്ളപക്ഷം ഇതിലേയ്ക്കു ഒന്നുരണ്ടു നിദർശനങ്ങളെ കാണിക്കാം.

"അതഃപരം ഗ്രഹസ്ഥസ്യ ധർമ്മാചാരം കലൗ യുഗേ
ധർമ്മം സാധാരണം ശക്യം ചാതുർവർണ്ണ്യാശ്രമാഗതം.
സംപ്രവക്ഷ്യാമ്യഹം പൂർ‌വം പരാശരവചോ യഥാ"

എന്നു പരാശരസ്മൃതിയിൽ ആദ്യം അവതാരകമായി യുഗാന്തരധർമ്മങ്ങളെക്കുറിച്ച് അല്പം പറഞ്ഞശേഷം ഇനി കലിയുഗധർമ്മങ്ങളെപ്പറ്റി പറയാം എന്നുപക്രമിച്ചിട്ട്,

"നഷ്ടേ മൃതേ പ്രവ്രജീതേ ക്ലീബേ ച പതിതേ പതൗ
പഞ്ചസ്വാപത്സു നാരീണാം പതിരന്യോ വിധീയതേ"

ഭർത്താവു ദേശാന്തരഗതനായി പോയാലും, മരിച്ചാലും, സന്യസിച്ചാലും, നപുംസകനായാലും, പതിതനായാലും അവന്റെ ഭാര്യ വേറൊരുത്തനെ വിവാഹം ചെയ്തുകൊള്ളാം - എന്നു വിധിച്ചിരിക്കുന്ന വാക്യത്തെ, അതിനു വ്യാഖ്യാനം ചെയ്ത മാധവാചാര്യർ, യുഗാന്തരവിഷയമെന്നു മറച്ചുവച്ചിരിക്കുന്നു. യാജ്ഞവല്ക്യസ്മൃതിയിൽ -

"സകൃത് പ്രദീയതേ കന്യാഹരംസ്താം ചൗരദണ്ഡഭാക്
ദത്താമപി ഹരേത് പൂർവ്വാച്ഛ്രേയാംശ്ചേദ്വര ആവ്രജേത്.
അക്ഷതാവാ ക്ഷതാ വാപി പുനർഭൂഃ സംസ്കൃതാ പുനഃ"

കന്യാദാനം ചെയ്യപ്പെട്ട ശേഷവും ഒരുത്തി തന്റെ ഭർത്താവിനേക്കാൾ ശ്രേഷ്ഠനായ ഭർത്താവിനെക്കിട്ടുന്നപക്ഷം ആദ്യഭർത്താവിനെ ത്യജിച്ചിട്ട് പുതിയ ഭർത്താവിനെ വിവാഹം ചെയ്തുകൊള്ളാം - എന്ന് ഒരു ശ്ലോകത്തിലും - അപ്രകാരം വിവാഹം ചെയ്തുകൊണ്ടവൾക്കു "പുനർഭൂ" എന്നു പേരാകുന്നു, ആ പുനർഭൂ ഋതുവായവളായാലും ശരി, ഇല്ലെങ്കിലും ശരി - എന്നു പിന്നത്തെ ശ്ലോകത്തിലും പറഞ്ഞിരിക്കവേ, അതിനു വ്യാഖ്യാനം ചെയ്ത വിജ്ഞാനേശ്വരർ പിന്നത്തെ ശ്ലോകത്തെ കാണാത്ത ഭാവം നടിച്ച് മുമ്പിലെ ശ്ലോകം അമ്മിക്കല്ലിൽ ചവിട്ടാത്ത കന്യക പരമാകുന്നു എന്നു മൂടിവച്ചുകളഞ്ഞു. മനുസ്മൃതി -

"ത്രിംശദ്വർഷോ വഹേത്കന്യാം ഹൃദ്യാം ദ്വാദശവാർഷികീം
ത്ര്യഷ്ടവർഷോഷ്ടവർഷാം വാ ധർമ്മേ സീദതി സത്വരഃ"

സ്ത്രീകൾ പന്ത്രണ്ടാമതു വയസ്സിൽ വിവാഹം ഉത്തമപക്ഷമെന്നും എട്ടാമതു വയസ്സിൽ ഗൗണപക്ഷമെന്നും പറഞ്ഞിരിക്കെ, അതിനെ വ്യാഖ്യാനിച്ച കല്ലൂകഭട്ടൻ, ആ ശ്ളോകത്തിൽ പുരുഷനു വിവാഹകാലം പറഞ്ഞതല്ലാതെ സ്ത്രീകൾക്കല്ലെന്നു മറച്ചുവെച്ചു. ഇനിയും ഇപ്രകാരം അനേക ദൃഷ്ടാന്തങ്ങളുണ്ട്. കഠിനവിഷയങ്ങൾക്കു വ്യാഖ്യാനം വേണമല്ലാതെ സ്പഷ്ടമായ വിഷയങ്ങൾക്കു കൃത്രിമാർത്ഥം ഉണ്ടാക്കുന്നതിനല്ലാ വ്യാഖ്യാനം.

"ന സ്ത്രീശൂദ്രൗ വേദമധീയതാം" എന്നതിന്ന് ഇപ്പോൾ ഇവിടെ പറയുന്ന അർത്ഥമാണു ശരിയെന്നു എങ്ങിനെ പറയാമെന്നാൽ "അധീയതാം" എന്ന ക്രിയ ലിങർത്ഥമാകുന്നു. ലിങിന്നു വിധിനിമന്ത്രണമെന്ന സംഭാവനൗചിത്യാദി പല അർത്ഥങ്ങളുണ്ട്. (84). ഇവയിൽ "പാടില്ല" എന്നുള്ള വിധ്യർത്ഥത്തെയോ "വേണമെന്നില്ല" എന്നുള്ള ഔചിത്യാർത്ഥത്തെയോ സ്വീകരിക്കേണ്ടത് എന്നത്രേ പ്രകൃതത്തിൽ സന്ദേഹം. ഗുരുതരപ്രമാണങ്ങൾക്കു വിരുദ്ധമല്ലാത്തതേതോ അതിനെ സ്വീകരിക്കയെന്നതാണ് പ്രസിദ്ധനയം. ആകയാൽ ഏതാണ് അപ്രകാരമുള്ള പ്രമാണങ്ങൾക്കൊത്തിരിക്കുന്നത്. ഏതാണ് വിരോധിച്ചിരിക്കുന്നത് എന്നു നോക്കാം. ബൃഹദാരണ്യകോപനിഷത്തു മൂന്നാമതും, ആറാമതും [1] ബ്രാഹ്മണത്തിൽ പറയുന്ന ഉപാഖ്യാനത്തിൽ "ഗാർഗ്ഗി" എന്ന സ്ത്രീ വേദാഭ്യാസം ചെയ്തു, എന്നു മാത്രമല്ലാ വേദാർത്ഥങ്ങളെക്കുറിച്ച് യാജ്ഞവല്ക്യരോട് ചർച്ചചെയ്തതായും കാണുന്നു.

1. "അഥ വാചക്നവ്യുവാച ബ്രാഹ്മണാ ഭഗവന്തോ ഹന്താഹമിമം ദ്വൗ പ്രശ്നൗ പ്രക്ഷ്യാമി. തൗ ചേന്മേ വക്ഷ്യതി ന വൈ ജാതു യുഷ്മാകമിമം കശ്ചിദ് ബ്രഹ്മോദ്യം ജേതേതി, പൃച്ഛ ഗാർഗ്ഗീതി.

2. സാ ഹോവാചാഹം വൈ ത്വാ യാജ്ഞവല്ക്യ യഥാ കാശ്യോ വാ വൈദേഹോ വോഗ്രപുത്ര ഉജ്ജ്യം ധനുരധിജ്യം കൃത്വാ ദ്വൗ ബാണവന്തൗ സപത്നാതി, വ്യാധിനൗ ഹസ്തേ കൃത്വോപോത്തിഷ്ഠേദേവമേവാഹം ത്വാ ദ്വാഭ്യാം പ്രശ്നാഭ്യാമുപോദസ്ഥാം തൗ മേ ബ്രൂഹീതി പൃച്ഛ ഗാർഗ്ഗീതി.

3. സാ ഹോവാച യദൂർദ്ധ്വം യാജ്ഞവല്ക്യ ദിവോ യദവാക് പൃഥിവ്യാ യദന്തരാ ദ്യാവാപൃഥിവീ ഇമേ യദ് ഭൂതം ച ഭവച്ച ഭവിഷ്യച്ചേത്യാചക്ഷതേ കസ്മിംശ്ച തദോതം പ്രോതം ചേതി...."

ആറാമതു ബ്രാഹ്മണത്തിലെ പ്രശ്നപ്രതിവചനാനന്തരം അതിൽനിന്ന് ഉപരമിച്ചിരുന്ന വചക്നവാത്മജയായ ഗാർഗ്ഗി ഇങ്ങനെ പറഞ്ഞു

1. "അല്ലയോ പൂജാർഹരായ മഹർഷിമാരേ, ഞാൻ പറയുന്നതു കേൾക്കുവിൻ. നിങ്ങളൂടെ അനുമതിയുള്ള പക്ഷം ഈ യാജ്ഞവല്ക്യനോട് രണ്ടുചോദ്യം ഞാൻ ചോദിക്കാം. അതിനുത്തരം പറയുന്നതായാൽ നിങ്ങളാരും ബ്രഹ്മവാദിയായ ഇദ്ദേഹത്തെ ജയിക്കയില്ല" ഇതിനുശേഷം "ഗാർഗ്ഗി, ചോദിച്ചുകൊൾക" എന്നവർ അനുവദിച്ചു.

2. ഉടനെ യാജ്ഞവല്ക്യരോടായി ഗാർഗ്ഗി ഇങ്ങനെ പറഞ്ഞു - "കാശ്യനോ വൈദേഹനോ ആയിരിക്കുന്ന ശൂരനായ രാജാവ് (കെട്ടു വിട്ടിരുന്ന) വില്ലിനെ കുലച്ച് - പൂട്ടി - ശത്രുസംഹാരകങ്ങളായ അസ്ത്രങ്ങളെ സംഘടിപ്പിച്ചു സന്നദ്ധനാകുന്നതുപോലെ ഞാൻ രണ്ടു പ്രശ്നങ്ങൾ ചെയ്‍വാൻ ഒരുങ്ങിയിരിക്കുന്നു. അതിനു സമാധാനം പറയണം". അപ്പോൾ - "ഗാർഗ്ഗി, ചോദിച്ചുകൊൾക" എന്നു യാജ്ഞവല്ക്യൻ പറഞ്ഞു.

3. ഗാർഗ്ഗി ചോദിക്കുന്നു - "ദ്യുസംഞ്ജമായ അണ്ഡകപാലത്തിന്റെ ഉപരിഭാഗത്ത് എന്ത്? അതിന്റെ അധോഭാഗത്ത് എന്തിരിക്കുന്നു? ദ്യുലോകപൃഥിവീലോകങ്ങളെ ഇടമുറിക്കുന്നതായി എന്തൊന്നിരിക്കുന്നു? ഭൂതവർത്തമാനഭാവികാലങ്ങളിലും ഉള്ളതായി പറയപ്പെടുന്ന ദ്വൈതജാതം ഏതാധാരത്തിൽ സ്ഥിതിചെയ്യുന്നു എന്നു കേൾക്കട്ടെ!..."

ആശ്വലൻ, ആർത്തഭാഗൻ, ഭുജ്യു, ഉഷസ്തൻ, കഹോളൻ മുതലായ മഹർഷിമാർക്കുപോലും വാദത്തിൽ പരാജിതനാക്കാൻ കഴിയാത്ത യാജ്ഞവല്ക്യമഹർഷിയോട് ഒരു സ്ത്രീ ശാസ്ത്രവാദം നടത്തിയ കഥ വേദശിരസ്സായി പരിണമിച്ചിരിക്കുന്നതോർത്താൽ സ്ത്രീകൾക്കു വേദാധികാരമുണ്ടെന്നു കാണിക്കാൻ വല്ല തെളിവും ആവശ്യമുണ്ടോ?

ബൃഹദാരണ്യകോപനിഷത്ത് നാലാമതധ്യായം അഞ്ചാമതു ബ്രാഹ്മണത്തിൽ യാജ്ഞവല്ക്യരുടെ ഭാര്യയായ "മൈത്രേയി" എന്നവൾ ഐഹികസുഖങ്ങളെല്ലാം ത്യജിച്ച് ജീവാത്മപരമാത്മസ്വരൂപങ്ങളെക്കുറിച്ച് വിചാരിച്ച് മോക്ഷപദവിയെ പ്രാപിച്ചതായി പറഞ്ഞിരിക്കുന്നു.

"അഥ ഹ യാജ്ഞവല്ക്യസ്യ ദ്വേ ഭാര്യേ ബഭൂവതുഃ മൈത്രേയീ ച കാത്യായനീ ച. തയോർഹ മൈത്രേയി ബ്രഹ്മവാദിനീ ബഭൂവ."

"മൈത്രേയി എന്നും കാത്യായനിയെന്നു പേരായി യാജ്ഞവല്ക്യർക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നതിൽ മൈത്രേയി ബ്രഹ്മവിചാരശീലയായിരുന്നു, എന്നു തുടങ്ങിയിട്ട് അടുത്ത വാക്യത്തിൽ, യാജ്ഞവല്ക്യൻ തന്റെ സ്വത്ത് അവർക്കായി വീതിച്ചുകൊടുത്തുകൊണ്ട് സന്യസിക്കാൻ പോകുന്നു എന്നു പറഞ്ഞപ്പോൾ, ധന സമ്പൂർണ്ണമായ ഈ ഭൂമി മുഴുവൻ കിട്ടിയെന്നിരുന്നാലും, അതിനാൽ താൻ മുക്തയാകുമോ എന്ന് അവർ ചോദിച്ചതിന് "നേതി നേതി ഹോവാച യാജ്ഞവല്ക്യഃ" ഇല്ലേ ഇല്ല എന്നും - "അമൃതത്വസ്യ നാശാസ്തി വിത്തേന" - ധനം കൊണ്ട് മോക്ഷം കിട്ടുമെന്നുള്ള വല്ല ശങ്കയ്ക്കുപോലും വകയില്ല എന്നും ആയിരുന്നു മറുപടി.

"സാ ഹോവാച മൈത്രേയി യേനാഹം നാമൃതാ സ്യാം കിമഹം തേന കുര്യാം യദേവ ഭഗവൻ വേദ തദേവ മേ ബ്രൂഹീതി."

അപ്പോൾ മൈത്രേയി:- മോക്ഷത്തിനുപകരിക്കയില്ലെന്നിരിക്കുന്ന സ്ഥിതിക്ക് അതു (ധനം) കൊണ്ട് ഒരു കാര്യവുമില്ല. ആകയാൽ ബ്രഹ്മസാക്ഷാത്ക്കാരവിഷയമായി പൂജ്യനായ അങ്ങറിയുന്നതിനെ എനിക്ക് പറഞ്ഞുതരണം, എന്നപേക്ഷിച്ചു. "ആത്മാ വാ അരേ ദ്രഷ്ടവ്യഃ.... ഏതാവദരേ ഖല്വമൃതത്വം" എന്നും മറ്റുമുള്ള ബ്രഹ്മതത്ത്വം യാജ്ഞവല്ക്യൻ അനുപദം ഉപദേശിക്കയും ചെയ്തു. ഇവിടെ മൈത്രേയീ വാക്യവും വേദത്തിലുൾപ്പെടുകയാൽ സ്ത്രീകൾക്കുള്ള വേദാധികാരം ദണ്ഡവാരിതമാകയില്ല [2]എന്നു സിദ്ധിച്ചു.

യാഗാദികളിൽ സ്ത്രീകളും അവർക്കുള്ളതുമായ വേദമന്ത്രങ്ങളെ ഉച്ചരിച്ചുവരുന്നതിന് പ്രത്യേക ദൃഷ്ടാന്തമൊന്നും ആവശ്യമില്ല. ശതപഥബ്രാഹ്മണം "ദർശപൂർണ്ണമാസ" പ്രകരണത്തിൽ പറഞ്ഞ "ഹവിഷ്കൃദാഹ്വാന" സമയത്തിൽ ബ്രാഹ്മണക്ഷത്രിയർ ഇന്നിന്ന മന്ത്രത്തെ ജപിക്കണമെന്നു വിധിച്ചതുപോലെ ശൂദ്രനും "ആയാവേദി" എന്ന വേദവാക്യത്തെ ഉച്ചരിക്കണമെന്നു പറഞ്ഞിരിക്കുന്നു. അതേ പ്രമാണത്തിൽ ഇതരകർമ്മങ്ങളെക്കുറിച്ച് പറയുമ്പോൾ "അഷ്ടീവദഘ്നം ശൂദ്രസ്യ" എന്നും "മസ്തു ശൂദ്രസ്യ" എന്നും ശൂദ്രൻ ഉച്ചരിക്കേണ്ടതായ മന്ത്രങ്ങളെ പറഞ്ഞിരിക്കുന്നു. "വർഷാസു രഥകാര ആദധീത" എന്നു തച്ചൻ (പണിക്കൻ) അഗ്ന്യാധാനം ചെയ്‍വാൻ പറഞ്ഞിരിക്കുന്നു. ശുക്ലയജുസ്സ് ഇരുപത്തെട്ടാമതു അധ്യായപ്രാരംഭത്തിൽ:-

"യഥേമാം വാചം കല്യാണീമാവദാനി ജനേഭ്യഃ ബ്രഹ്മരാജന്യാഭ്യാം ശൂദ്രായ ചാര്യായ[3] പ്രിയോ ദേവാനാം ദക്ഷിണായൈ ദാതുരിഹ ഭൂയാസമയജേകാമഃ സമൃയ്യതാമുപമാദോ നമതു."

ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രർ, ബന്ധു, ശത്രു എന്നീ ജനങ്ങൾക്ക് ഈ മംഗളകരമായ വാക്കിനെ പറയുന്നതിനാൽ ഈ ലോകത്തിൽ ദേവകൾക്ക് പ്രിയനായി ദക്ഷിണയ്ക്കായിട്ട് കൊടുക്കുന്നവനാകുമാറാക; എന്റെ ഈ അപേക്ഷ സഫലമാകത്തക്കതാകട്ടെ എന്നു ദേവതകളുടെ പ്രീതിസമ്പാദനാർത്ഥം ശൂദ്രനുൾപ്പെട്ട സകലജാതിക്കാർക്കും നന്മയരുളുന്ന വേദത്തെ ഉപദേശിക്കുന്നവനാക എന്നു പറഞ്ഞിരിക്കുന്നു.

"യസ്മിൻ ദേശേ യ ആചാരഃ പാരമ്പര്യക്രമാഗതഃ

ശ്രുതിസ്മൃത്യവിരോധേന സ സദാചാര ഉച്യതേ".

ഒരു ദേശത്ത് ശ്രുതിസ്മൃതികൾക്ക് വിരോധം കൂടാതെ നടന്നുവരുന്ന വഴക്കം സദാചാരമെന്നു പറയുന്നു - എന്ന് ആപസ്തംബസ്മൃതിയിൽ പറഞ്ഞിരിക്കുന്നതിനാലും, വേദാധ്യയനത്തെ ഇഷ്ടമുള്ള സകലരും ചെയ്തുവന്നു. വേദവിരുദ്ധമല്ലാതെ അതിനാൽ ആദരിക്കപ്പെട്ടിരിക്കയാലും, ശ്രുതിസ്മൃതി പുരാണേതിഹാസാചാരം പ്രമാണങ്ങളീൽവച്ചു സകല ഗൗരവപ്രമാണങ്ങൾക്കും ഈ അഭിപ്രായം ശരിയായിരിക്കയാലും, വിവാദ വാക്യത്തിന് "പാടില്ല" എന്ന അർത്ഥം പറയുന്നപക്ഷം ശാബ്ദപ്രമാണങ്ങളിൽ സർവോത്കൃഷ്ടമായ വേദത്തെ ആക്ഷേപിക്കുന്നതായി വരികയാലും "കൂടിയേ കഴിയൂ എന്നില്ല" എന്ന അർത്ഥം ശരിയാകുമെന്നല്ലാതെ "പാടില്ല" എന്നുള്ള അർത്ഥം ഒക്കുകയില്ലെന്നു സ്പഷ്ടമാകുന്നു. ഇതുവരെ സാധകബാധകമായുള്ള പ്രമാണങ്ങളെ പരിശോധിച്ചു.

ഇനി യുക്തിയെപ്പറ്റി വിചാരിക്കാം.

കുറിപ്പുകൾ


  1. മൂന്നാമധ്യായത്തിലെ ആറാമത്തെ ബ്രാഹ്മണത്തിൽ എന്നതാണു ശരി
  2. നിശ്ചയമായും തടയപ്പെടുകയില്ല
  3. ച സ്വായ ചാരണായ ച എന്ന മന്ത്രഭാഗം ഇവിടെ വിട്ടുപോയിട്ടുണ്ട്