വേദാധികാരനിരൂപണം/അധികാരനിരൂപണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വേദാധികാരനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
അധികാരനിരൂപണം


ഇനി, ഏതാനം കാലമായിട്ടു വേദാദ്ധ്യായന വിഷയത്തിൽ നടന്നുവരുന്ന പല ഭാഗക്കാരുടേയും അധികാര താരതമ്യവാദതെക്കുറിച്ച് നിരുപിക്കാം. വേദത്തെ പഠിക്കയും പ്രവചിക്കയും ചെയ്യുന്നതിലേയ്ക്ക് ബ്രാഹ്മണനു മാത്രമേ അധികാരമുള്ളു എന്നും, ക്ഷത്രിയ വൈശ്യന്മാർക്കു അഭ്യസിക്കുന്നതിനു മാത്രമല്ലാതെ പ്രവചനം ചെയ്യുന്നതിന് അധികാരമില്ലെന്നും ശുദ്രനു അഭ്യസിക്കുവാനോ പ്രവചനം ചെയ്യാനോ ഒന്നിനുംതന്നെ അധികാരമില്ലെന്നും വിധികൾ ഏർപ്പെട്ടിരിക്കുന്നതായി മിക്കപേരും വിശ്വസിച്ചിരിക്കുന്നു. ആകയാൽ ഇതിലെയ്ക് എന്തെങ്കിലും പ്രമാണമുണ്ടോ എന്ന് പരിശോധിച്ചാൽ, നാം അറിഞ്ഞിടത്തോളം വേദത്തിൽ ക്ഷത്രിയൻ അദ്ധ്യാപനവും ശൂദ്രൻ അദ്ധ്യയനവും പാടില്ലെന്നു നിഷേധം ഏർപ്പെടുകയോ ആയതു സാധുവാകയോ ചെയ്തിട്ടുണ്ടെന്നു കാണുകയില്ല. അപ്രകാരം നിഷേധം ഇരിക്കുന്നതായി ആരെങ്കിലും എടുത്തുകാണിക്കുന്നപക്ഷം അപ്പോൾ അതിനെപറ്റി ആലോചിച്ചുകൊള്ളാം. ക്ഷത്രിയൻ അദ്ധ്യാപനവും ശൂദ്രൻ അദ്ധ്യയനവും ആകാം എന്നുള്ളതിലേയ്ക് അനവധി ആചാരങ്ങളെ വേദങ്ങളിൽനിന്നുതന്നെ എടുത്തുദാഹരിക്കാനുണ്ട്. അവയിൽ ഒന്നുരണ്ടു ദൃഷ്ടാന്തങ്ങളെ ഇപ്പോൾ ഇവിടെ എടുത്തു കാണിക്കാം.

ബൃഹദാരണ്യകോപനിഷത്ത് രണ്ടാം അദ്ധ്യായം ആദ്യത്തെ ബ്രാഹ്മണത്തിൽ ’ഗാർഗ്ഗ്യൻ’ എന്ന ഒരു ബ്രഹ്മണൻ അജാതശത്രുവെന്ന ഒരു രാജാവിനെ ആചാര്യനായി വരിച്ച് ബ്രഹ്മവിദ്യയെ അഭ്യസിച്ചതായി പറഞ്ഞിരിക്കുന്നു.-

"സ ഹോവാച ഗാർഗ്ഗ്യ ഉപ ത്വാ യാനീതി" (ബൃഹ. 2.1.14.) "സ ഹോവാചാജാതശത്രുഃ പ്രതിലോമം ചൈതദ് യദ് ബ്രാഹ്മണഃ ക്ഷത്രിയമുപേയാദ് ബ്രഹ്മ മേ വക്ഷ്യതീതി വ്യേവ ത്വാ ജ്ഞപയിഷ്യാമീതി തം പാണാവാദയോത്തസ്ഥൗ .... (ബൃഹ. 2.1.15).

ബ്രഹ്മവിഷയമായി താനറിഞ്ഞിട്ടുള്ളതിൽക്കൂടുതൽ അറിയേണ്ടതുണ്ടെന്ന രാജാവിന്റെ നിർദ്ദേശംവഴിയായും ആയത് അനുപസന്നനു - താൻ ഉപനയിക്കാത്തവൻ - ഉപദേശിച്ചുകൂടാ എന്ന ആചാരം സ്വയമായും ഗ്രഹിച്ചിരിക്കുന്ന ഗാർഗ്ഗ്യൻ എന്ന ആ ഋഷി ഇങ്ങനെ പറഞ്ഞു::-

"ഒരു ശിഷ്യൻ - ഉപനയനംപ്രാപിച്ച് എങ്ങനെ ഗുരുവിനെ അനുഗമിക്കുന്നോ - നമസ്കാരാദിയാൽ സേവിക്കുന്നോ - അതുപോലെ ഞാൻ അങ്ങേ അനുഗമിക്കുന്നുണ്ട്.’ അപ്പോൾ അജാതശത്രു ഇപ്രകാരം മറുപടി പറഞ്ഞു::- "ആചാര്യസ്ഥാനമുള്ള ബ്രാഹ്മണൻ ബ്രഹ്മവിദ്യ ഉപദേശിക്കണമെന്ന് അപേക്ഷിച്ച് ക്ഷത്രിയനെ ശരണം പ്രാപിക്ക - ഉപനയനപൂർവ്വം ക്ഷത്രിയങ്കൽ നിന്നു വിദ്യ ഗ്രഹിക്കുക എന്നത് സമ്പ്രദായവിരുദ്ധമാണ്, ആകട്ടെ, ഞാൻ അങ്ങേയ്ക്കു ബ്രഹ്മവിധ്യാബോധം ഉണ്ടാക്കിതരുന്നുണ്ട്.’

ഇതിൽ സംപ്രദായ വിരോധമുണ്ടെന്നും മറ്റും രാജാവു പറഞ്ഞുകൊണ്ടത് അദ്ദേഹത്തിന്റെ അനൗദ്ധത്യം - സ്വഭാവഗുണം എന്നല്ലതെ മറ്റൊന്നുമല്ലെന്ന് മേൽ വരുന്ന സംഗതികളാൽ പ്രത്യക്ഷപ്പെടുന്നതാണ്.

ഉപമന്യുപുത്രനായ ’പ്രാചീനശാലൻ’, പൗലുഷിയെന്ന ’സത്യപ്രജ്ഞൻ’, ഭാല്ലവേയനായ ’ഇന്ദ്രദ്യുമ്നൻ’ ശർക്കരാക്ഷാപത്യമായ ’ജനൻ’, ആശ്വതരാശ്വപുത്രനായ ’ബുഡിലൻ’ എന്നീ ഋഷിമാർ ബ്രഹ്മത്തെപ്പറ്റി പര്യാലോചന നടത്തിയതിൽ അന്തം കാണതെ കുഴങ്ങി. ഭഗവാൻ ഉദ്ദാലകനെ ഗുരുവായി വരിക്കയെന്നു നിശ്ചയിച്ച് അവിടെ ചെന്നു. അപ്പോൾ, "പൂജ്യപാദരായ മഹർഷിമാരേ! കൈകേയനായ അശ്വപതിയെന്ന രാജാവ്, ഈ വിഷയം നമുക്കുപദേശിക്കാൻ ശക്തനാണ് എന്നു പറഞ്ഞ് ആ മഹർഷി അവരോടൊരുമിച്ച് അദ്ദേഹത്തെ സമാശ്രയിച്ച് വരദാനാവസരത്തിൽ ഇങ്ങനെ അറിയിച്ചുഃ-

"തേ ഹോചുര്യേന ഹൈവാർത്ഥേന പുരുഷശ്ചരേത്തം ഹൈവ വദേദാത്മാനമേവേമം വൈശ്വാനരം സംപ്രത്യധ്യേഷി തമേവ നോ ബ്രഹീതി’ (ഛാന്ദോഗ്യം അഞ്ചാമധ്യായം ഏകാദശ ഖണ്ഡം ആറാമതു വാക്യം) ’താൻ ഹോവാച പ്രാതർവഃ പ്രതിവക്താസ്‍മീതീ തേ ഹ സമിൽ പാണയ പൂർവാഹ്ണേപ്രതിചക്രമിരേ (’ടി.7).

അർത്ഥം::- ഏതു വസ്തുവിനെ അപേക്ഷിച്ച് പുറപ്പെടുന്നോ അതാണല്ലോ ലഭിക്കേണ്ടത്. അങ്ങറിയുന്ന വൈശ്വാനരബ്രഹ്മവിദ്യയാണ് ഞങ്ങൾക്കു കിട്ടേണമെന്നുള്ളത്. അതുപദേശിക്കണം. ഇങ്ങനെ അർത്ഥിച്ചതുകേട്ട് ’ഉപദേശിക്കാം - അധ്യയനം ചെയ്യിക്കാം - നാളെ കാലത്തെ ആകട്ടേ’ എന്നു സംപ്രദായസൂചകമായി രാജാവു പറയുകയും അവർ അതനുസരിച്ച് ഉപനയനത്തിനെന്നപോലെ സമിത്പാണികളായി ച്ചെന്ന് ഉപദേശം ഗ്രഹിക്കയും ചെയ്തു.

"മൂർദ്ധാ തേ വ്യപതിഷ്യദ് യന്മാം നാഗമിഷ്യഃ’ തന്റെയടുക്കൽ വരാതെയിരുന്നെങ്കിൽ തെറ്റി ഉപാസിക്കകൊണ്ട് - "നിന്റെ തല പോകുമായിരുന്നു; നീ മരിക്കുമായിരുന്നു, നിന്റെ ദേഹം പൊടിയുമായിരുന്നു; നീ അന്ധനാകുമായിരുന്നു; നിന്റെ ബസ്തിസ്ഥാനം പിളരുമായിരുന്നു; നിന്റെ കാലൊടിയുമായിരുന്നു" ഇങ്ങനെ ഓരോരുത്തരോടുമുള്ള ഉപദേശവാക്യത്തിന്റെ അവസാനത്തിൽ കാരണസഹിതം രാജവു പറഞ്ഞിരിക്കുന്നതു നോക്കിയാൽ വേദാചാര്യന്മാരായ ആ മഹർഷികളുടെതിനെ അപേക്ഷിച്ച് ആ രാജവിന്റെ ബ്രഹ്മസാമ്രാജ്യധുരന്ധരത എത്രയോ മേലാണെന്നു കാണമല്ലോ. ഇതിനാൽ ക്ഷത്രിയൻ അധ്യപനം ചെയ്യുന്നതിന് അധികാരിയെന്നു മാത്രമല്ല ബ്രാഹ്മണന്റെ ബ്രഹ്മോപദേഷ്ടാവ് ആകാമെന്നുകൂടി സ്പഷ്ടമാവുന്നു.

ഛാന്ദോഗ്യോപനിഷത്ത് അഞ്ചമധ്യായത്തിൽ ആരുണിപുത്രനായ ’ശ്വേതകേതു’ എന്ന ബ്രാഹ്മണൻ -ഋഷി ജീവലന്റെ പുത്രനായ ’പ്രവാഹണൻ’ എന്ന രാജാവിനോടു വേദാന്തവാദത്തിൽ തോറ്റു തന്റെ പിതാവിനോടു ചെന്നു പരാതി പറഞ്ഞപ്പോൾ അദ്ദേഹം - ഗൗതമൻ - പുത്രസമേതം പുറപ്പെട്ടു രാജാവിനെ ആശ്രയിച്ചു ബ്രഹ്മവിദ്യ യാചിച്ചപ്പോൾ ’എല്ലായ്പ്പോഴും ഉപദേശിക്കാനുള്ള അധികാരം ക്ഷത്രിയന്റേതാകയാൽ നിനക്കുപദേശിക്കാം വാ!’ എന്ന് രാജാവ് ആ ബ്രാഹ്മണനോട് പറഞ്ഞുകൊണ്ട് ബ്രഹ്മജ്ഞാനോപദേശം ചെയ്തതായിക്കാണുന്നു.

"ത്വം ഹ ചിരം വസേത്യജ്ഞാപയാംചകാര, തം ഹോവാച യഥാ മാ ത്വം ഗൗതമാവദോ യഥേയം ന പ്രാക്ത്വത്തഃ പുരാവിദ്യാ ബ്രാഹ്മണാൻ ഗച്ഛതി തസ്മാദു സർവ്വേഷു ലോകേഷു ക്ഷത്രസൈവ പ്രശാസനം അഭ്യുദിതി, തസ്മൈ ഹോവാച" (5.3.7.)

അർത്ഥം. - ബ്രഹ്മവിദ്യ ഏറ്റവും രഹസ്യമായിട്ടുള്ള ഒന്നാകയാൽ ദീർഘകാലം ദീക്ഷിച്ചിരിക്കണമെന്നു രാജാവ് ഗൗതമനു ആജ്ഞകൊടുത്തു. പിന്നീട് ആ പ്രവാഹണരാജാവ് അദ്ദേഹത്തോട് - ഗൗതമവംശ്യനായ ആരുണിയോട് - ഇങ്ങനെ പറഞ്ഞു::- "അല്ലയോ ഗൗതമ! അങ്ങ് സർവവിദ്യാകുശലനായിരിക്കുന്നു എങ്കിലും അജ്ഞന്റെ നിലയിൽ ഇതുപദേശിക്കണമെന്ന് എന്നോടപേക്ഷിച്ചല്ലോ. എന്നാൽ എന്റെ ആരംഭം അത്ര ശരിയല്ല. എന്താണെന്നുവെച്ചാൽ ഈ വിദ്യ ഇതിനുമുമ്പ് - അങ്ങേപ്പോലുള്ള - ഒരു ബ്രാഹ്മണങ്കൽ സ്ഥലം പിടിച്ചിട്ടില്ല - ബ്രാഹ്മണർക്ക് ഈ വിദ്യയുണ്ടായിരുന്നില്ല. അക്കാരണത്താൽതന്നെ ഏതുകാലത്തും ഇതുപദേശിക്കാനുള്ള അധികാരം ക്ഷത്രിയനു മാത്രമേ ഉണ്ടായിരുന്നുള്ളു." ഇങ്ങനെ പറഞ്ഞിട്ട് അദ്ദേഹം ഗൗതമൻ മുതൽപേർക്ക് ഉപദേശിച്ചു.

ജനകമഹാരാജാവിന്റെ അടുക്കൽ ചെന്നു ശ്രീശുകബ്രഹ്മർഷി ഉപദേശം സ്വീകരിച്ചതു പ്രസിദ്ധമാണല്ലോ:-

"ജനകോ നാമ ഭൂപാലോ
വിദ്യതേ മിഥിലാപുരേഃ
യഥാവദ്വേത്ത്യസൗ വേദ്യം
തസ്മാൽ സർവമവാപ്‍സ്യസി
പിത്രേത്യുക്തഃ ശുകഃ പ്രായാത്
സുമേരോർ വസുധാതലം
വിഡെഹനഗരീം പ്രാപ
ജനകേനാഭിപാലിതാം
ജിജ്ഞാസാർത്ഥം ശുകസ്യാസാ-
വാസ്താമേവേത്യവജ്ഞയാ
ഉക്ത്വാ ബഭൂവ ജനക-
സ്തുഷ്ണീം സുപ്ത ദിനാന്യഥ"

അനന്തരം ശുകൻ:

"സംസാരഡംബരമിദം
കഥമഭ്യുത്ഥിതം ഗുരോ!
കഥംപ്രശമമായാതി
യഥാവത് കഥയാശു മേ."
"തത്കിമേതന്മഹാഭാഗഃ
സത്യം ബ്രൂഹി മമാ ചലം;
ത്വത്തോ വിശ്രമമാപ്നോമി"

അപ്പോൾ രാജാവ്:

"ദൃശ്യം നാസ്തീതി ബോധേന
മനസോ ദൃശ്യമാർജ്ജനം
സംപന്നം ചേത്തദുത്പന്നാ
പരാ നിർവാണനിർവൃതിഃ
പ്രാപ്തം പ്രാപ്തവ്യമഖിലം
ഭവതാ പൂർണ്ണചേതസാ;
സ്വരൂപേ തപസി ബ്രഹ്മൻ
മുക്തസ്ത്വം ഭ്രാന്തിമുത്സൃജ
വിശശ്രാമ ശുകസ്തുഷ്ണീം
സ്വസ്ഥേ പരമവസ്തുനി;
വീതശൊകഭയായാസോ
നിരീഹഞ്ഛിന്നസംശയഃ"

അർത്ഥം:- മിഥിലാരാജ്യത്തു ജനകൻ എന്നു പ്രസിദ്ധനായ ഒരു രാജാവുണ്ട്; അദ്ദേഹം ബ്രഹ്മതത്ത്വം വേണ്ടുംവണ്ണം അറിയുന്ന ആളാണ്; അദ്ദേഹത്തിന്റെ അടുക്കൽനിന്നു നിനക്ക് വേണ്ടതെല്ലാം ഗ്രഹിക്കാം. ഇങ്ങനെ തന്റെ പിതാവു പറഞ്ഞതുകേട്ടു ശ്രീശുകൻ ഹേമാദ്രിയിൽനിന്നു ഭൂമിയിലെയ്ക്കു നടന്ന് വിദേഹനഗരത്തിൽ ചെന്നുചേർന്നു. ശുകൻ ബ്രഹ്മോപദേശത്തിനു പാത്രമാണോ എന്നറിയുന്നതിനായി - പരീക്ഷാർത്ഥം - അവിടെ നിൽക്കട്ടേ - എന്നുമാത്രം പറഞ്ഞിട്ടു ജനകൻ മൗനമായിരുന്നു. പിന്നീടു - ദർശനം ലഭിച്ചപ്പോൾ ശുകൻ രാജാവിനോട് ഇങ്ങനെ ചോദിച്ചു: - അല്ലയോ ബ്രഹ്മവിദ്ദേശിക ! ഈ സംസാരപ്രവാഹം എങ്ങനെ ഉണ്ടായി? ഇതെങ്ങനെ മായും? ഇതിന്റെ യഥാർത്ഥ സ്ഥിതി എനിക്കുപദേശിച്ചുതരേണമേ, മഹാത്മാവേ എനിക്കു വസ്തുതത്ത്വത്തിൽ ദൃഢത ഉണ്ടാക്കേണമേ, അങ്ങയുടെ ഉപദേശം കൊണ്ട് എനിക്ക് ചിത്തവിശ്രാന്തി - സ്വരുപാവസ്ഥാനം - ഉണ്ടാകുന്നതാണ്.

ഉപദേശം:- ഇക്കാണുന്ന പ്രപഞ്ചം അസത്ത് - മിത്ഥ - ആകുന്നു എന്നുള്ള ദൃഢാനുഭവപ്പടി മനസ്സിൽ നിന്ന് അതിനെ നിർമ്മർജ്ജനം ചെയ്‍വാൻ - നിശ്ശേഷം അകറ്റാൻ സാധിച്ചു എങ്കിൽ അപ്പോൾ ബ്രഹ്മാനന്ദാനുഭവമായിക്കഴിഞ്ഞു. സൂക്ഷ്മതത്ത്വാലോകകുശലനായ അങ്ങേയ്ക്ക് വരേണ്ടതെല്ലാം വന്നു. അങ്ങ് സ്വരൂപസാക്ഷാത്കാരസമ്പന്നനായി വിളങ്ങുന്നു; മുക്തി പദം പ്രാപിച്ചോ എന്ന ശങ്ക വേണ്ട; അങ്ങ് നിർവാണപദാരൂഢനായി തീർന്നിട്ടുണ്ട്. ഇതുകേട്ടു സകലവിധ സംശയങ്ങളും ബന്ധ ദുഃഖ ഭ്രമങ്ങളും എല്ലാം നിശ്ശേഷം ശ്രീശുകബ്രഹ്മർഷി ചിത്തവിശ്രാന്തിയടഞ്ഞു പരബ്രഹ്മവസ്തു സത്താമാത്രത്തിൽ ആമഗ്നനായി (മഹോപനിഷത്. അ-2).

ഒരിക്കൽ, വാദത്തിൽ തോൽക്കുന്നവരെ കടലിൽ കെട്ടിതാഴ്ത്തുകയെന്ന പന്തയത്തിന്മേൽ വേദാന്തവാദം നടത്തി "വാരുണി", മഹർഷിമാരെ തോല്പ്പിച്ച മുർ നിശ്ചയപ്രകാരം അവരെ കെട്ടി താഴ്ത്തിയതിൽ ’അഷ്ടവക്രാ" ന്റെ പിതാവായ "കഹോളൻ" കൂടി ഉൾപ്പെട്ടതു കണ്ട് അഷ്ടവക്രൻ പുനർവാദം നടത്തി വാരുണിയെ ജയിച്ച് അദ്ദേഹത്തെ ആ നയത്തിൽ ശിക്ഷികാൻ ഒരുങ്ങിയപ്പോൾ മഹർഷിമാരെ വീണ്ടുകൊടുക്കയും, തന്നിമിത്തം ഗർവിഷ്ഠനായി നടന്ന അഷ്ടവക്രന്റെ അഹംകാരം ശമിപ്പിക്കുന്നതിനായി ഒരു സിദ്ധയോഗിനി പ്രത്യക്ഷീഭവിച്ച് ചോദ്യങ്ങൾ ചെയ്ത് അദ്ദേഹത്തെ കഷണിപ്പിക്കയും ഗർവ ശമിച്ചപ്പോൾ അവയെ വിവരിച്ചു കൊടുക്കണമെന്ന് യാചിച്ചതിൽ അസ്പഷ്ടമായി വ്യാഖ്യാനിച്ച ശേഷം ജനകനോടു ചോദിച്ചുകൊള്ളാൻ ഉപദേശിച്ചതനുസരിച്ച് ജനക മഹാരാജങ്കൽ നിന്ന് അദ്ദേഹം ഉപദേശം ഗ്രഹിക്കയും ചെയ്ത കഥ ത്രിപുരരഹസ്യം ജ്ഞാനഖണ്ഡത്തിൽ പറയുന്നത് മറ്റൊരുദാഹരണമാണ്.

ഈ ദൃഷ്ടാന്തങ്ങളെക്കൊണ്ട് ക്ഷത്രിയൻ അധ്യാപനം ചെയ്യുന്നതിന് അർഹനല്ലെന്നുള്ള അഭിപ്രായം തെറ്റാണെന്നു തെളിയുന്നു.

ഛാന്ദോഗ്യോപനിഷത്ത് നാലാമതദ്ധായ പ്രാരംഭത്തിലുള്ള ജാനാശ്രുത്യുപാഖ്യാനംകൊണ്ട് ശൂദ്രനും വേദാഭ്യാസം ചെയ്തതായി തെളിയുന്നു. ’ജാനശ്രുതിയെന്ന, ശ്രൂദ്രൻ, ’രൈക്വൻ’ എന്ന ഒരു ബ്രഹ്മണന്റെ അടുക്കൽ ചെന്നു വളരെ ദ്രവ്യം കൊടുത്തു ബ്രഹ്മവിദ്യയ്‍ക്ക് യാചിച്ചപ്പോൾ ആ രൈക്വൻ ശുദ്രനായ നിനക്ക് അതുപദേശിക്കത്തക്കതല്ല; നിന്റെ ദ്രവ്യം നീ തന്നെ എടുത്തോ, എന്നുത്തരം പറഞ്ഞതുകേട്ട് അയാൾ വളരെ വ്യസനിച്ച്, പിന്നെയും വളരെ ദ്രവ്യത്തോടെ ഒരു യുവതിയായ സ്ത്രീയേയും കൊടുത്തതിൽ ആ രൈക്വൻ അയാൾക്കുപദേശം ചെയ്തു എന്നു ഖണ്ഡിതമായി പറഞ്ഞിരിക്കുന്നു. ഇതിനു പ്രമാണം.

1. "തദുഹ ജാനശ്രുതിഃ പൗത്രായണഃ ഷട്ശതാനി ഗവാം നിഷ്കമശ്വതരീരഥം. തദാദായ പ്രതിചക്രമേ തം ഹാഭ്യുവാദ"- ഇതുകേട്ടുകൂടുമ്പോൾ തന്നെ പൗത്രായണനായ ജാനശ്രുതിയാകട്ടെ, അറുനുറുപശുക്കൾ ഹാരാദ്യാഭരണങ്ങൾ, കോവർകഴുതയെക്കെട്ടിയ രഥം എന്നീ ഉപായനങ്ങളോടുകൂടി പുറപ്പെട്ടുചെന്നു രൈക്വനെകൊണ്ട് അദ്ദേഹത്തോടിങ്ങനെ പറഞ്ഞു.

2. "രൈക്വോമാനി ഷട്ശതാനി ഗവാമയം നിഷ്കോഅയമശ്വതരീരഥോനു മ ഏതാം ഭഗവോദേവതാം ശാധി യാം ദേവതാമുപാസ്സ ഇതി" - അല്ലയോ ഭഗവൻ രൈക്വ! അറുനുറു പശുക്കളും, സുവർണ്ണ ഹാരാദ്യഭരണങ്ങളും, തേരുമെല്ലാം ഇതാ അങ്ങയ്‍ക്ക് തരുന്നു; അങ്ങ് അനുഷ്ടിക്കുന്ന ദേവതോപാസനക്രമം എനിക്കുപദേശിക്കാൻ കൃപയുണ്ടാകണം.

3. "തമു ഹ പരഃ പ്രത്യുവാച ഹഹാ രേ ത്വാ ശൂദ്ര തവൈവ സഹ ഗോബിരസ്ത്വിതി തദു ഹ പുനരേവ ജാനശ്രുതിഃ പൗത്രായണഃ സഹസ്രം ഗവാം നിഷ്കമശ്വരീരഥം ദുഹിതരം തദാദായ പ്രതിചക്രമേ" ഇപ്രകാരം അഭ്യർത്ഥനചെയ്ത ജാനശ്രുതിയോടു രൈക്വൻ ഈ വിധം മറുപടി പറഞ്ഞു:- "കൊള്ളാം. എടാ ശുദ്രപ്പയലേ! ഗോവൃന്ദം,ആഭരണാദികൾ, രഥംമുതലായ ഉപഹാരങ്ങളെല്ലാം നിനക്കുതന്നെയിരിക്കട്ടെ". ഇതുകേട്ടു ജാനശ്രുതി, വീണ്ടും ആയിരം പശുക്കൾ, ആഭരണാദി, രഥം തന്റെ പുത്രി എന്നിത്രയും സാധനങ്ങൾകൂടി കൈകൊണ്ടു രൈക്വന്റെ അടുക്കൽ ചെന്നു.

4. "തം ഹാഭ്യുവാദ രൈക്വേദം സഹസ്രം ഗവാമയം നിഷ്കോയമശ്വരരീരഥ ഇയം ജായ അയം ഗ്രാമോ യസ്‍മിന്നാസ്സേഅന്വേവ മാ ഭഗവഃ ശാധീതി" - എന്നിട്ട് അദ്ദേഹത്തിനോട് ഇങ്ങനെ പറഞ്ഞു: - അല്ലേ രൈക്വ! ’ഇതാ ആയിരം പശുക്കൾ സർണ്ണപണ്ടങ്ങൾ രഥം ഇത്രയുമെടുക്കാം. കൂടാതെ, അങ്ങേയ്‍ക്ക് ഭാര്യയായി ഇവളേയും. ഇരിക്കുന്നതിനു ഈ ഗ്രാമവും തരുന്നു. ഇതെല്ലാം അംഗീകരിച്ചു ഭഗവാനേ! എനിക്കുപദേശം ചെയ്തരുളേണമേ!’

5. "തസ്യാ ഹ മുഖമുപോദ്ഗൃഹ്ണന്നുവാചാജഹാരേമാഃ ശൂദ്ര അനേനൈവ മുഖോനാലാപയിഷ്യഥാ ഇതി തേ ഹൈതേ രൈക്വപർണ്ണാ നാമ മഹാ വൃഷേഷു യത്രാസ്മാ ഉവാസ സ തസ്മൈ ഹോവാച" - ജാനശ്രുതിയുടെ ഈ അപേക്ഷ കേട്ടപ്പോൾ - തന്റെ ഭാര്യാസ്ഥാനമലങ്കരിക്കുനതിനായ് സമർപ്പിക്കപ്പെട്ട ആ കന്യക ഇവിടെ വിദ്യാദാനവിഷയത്തിൽ ഹേതുവായിത്തീർന്നിരിക്കുന്ന എന്നുകരുതി രൈക്വമഹർഷി "അല്ലയോ ശൂദ്രാ! നീ നിന്റെ പുത്രിമുമ്പായ കാഴ്‍ചദ്രവ്യങ്ങൾ വഴിയായി വിദ്യോപദേശമപേക്ഷിക്കുന്നു; അങ്ങനെയാകട്ടെ" എന്നു പറഞ്ഞ് (രൈക്വൻ) ഇതെല്ലാം സ്വീകരിച്ചു. ജാനശ്രുതി രൈക്വനു ദാനം ചെയ്തതും പുണ്യസ്ഥലങ്ങളിൽ മുൻനിൽക്കുന്നതുമായ ആ രൈക്വപർണ്ണഗ്രാമത്തിൽ താമസിച്ചുകൊണ്ട് ഉപദേശം നൽകി.

കഥാസാരം.- ജാനശ്രുതി അല്ലെങ്കിൽ പൗത്രായണൻ എന്ന പ്രഭു തന്റെ മാളികയിൽ ശയനം ചെയ്തിരുന്നു. അപ്പോൾ - ദേവാത്മകന്മാരായ - മൂന്നു ഹംസങ്ങൾ അവിടെ പറന്നുപറ്റി. അതിൽ ഒന്ന് ’ ഈ ജാനശ്രുതിതന്നെ മഹാധന്യൻ’ എന്നിങ്ങനെ പ്രശംസിച്ചുപറഞ്ഞു. അതുകേട്ടു മറ്റൊന്നു ’ഹേ! എന്തുപറഞ്ഞു? വിദ്യാവിഹീനനായ ഇവനോ കേമൻ! വണ്ടിയോടുകൂടിയ രൈക്വനെ കേമൻ എന്നുപറയണം.’ എന്നു അപഹസിച്ചു. ഈ അനാദരവാക്യം കേട്ടു ജാനശ്രുതി തന്റെ കുറവു തീർപ്പാൻ കുറെ സ്വർണ്ണവും മറ്റും കൊണ്ട് രൈക്വന്റെ അടുക്കൽ ചെന്ന് തനിക്കു ബ്രഹ്മവിദ്യ ഉപദേശിക്കണമെന്നപേക്ഷിച്ചു. "കഷ്ഠം! കഷ്ടം! എടാ ശ്രുദ്രാ! നിന്റെ പശുക്കൾ നിനക്കു തന്നെയിരിക്കട്ടെ" എന്ന് അദ്ദേഹം നിരസിച്ചു. ജാനശ്രുതി തിരിച്ചുപോന്ന തന്റെ പുത്രിയും സുന്ദരിയുമായ കന്യകയേയും, ആയിരം പശുക്കളേയും, രഥത്തേയും മറ്റും കൊണ്ട് രൈക്വന്റെ അടുക്കൽവീണ്ടും ചെന്നു. അവയെ സ്വീകരിച്ച് അദ്ദേഹം ബ്രഹ്മവിദ്യ ഉപദേശിച്ചു.

ഈ ഭാഗങ്ങളിലേയ്ക്ക് ബ്രഹ്മസൂത്രത്തിലെ ’ശുഗസ്യ’ ഇത്യാദി അഞ്ചു സൂത്രങ്ങളും [1] അവയുടെ ഭാഷ്യങ്ങളുംകൊണ്ടു ജാതിശൂദ്രനായ ജാനശ്രുതിയെ, ദുർവ്യാഖ്യാനം ചെയ്തു ക്ഷത്രിയനാക്കിയിരിക്കുന്നു. അത് അസംഗതമാണ്. നോക്കുക!

ജാനശ്രുതി രൈക്വന്റെ അടുക്കൽ ചെന്ന് ഉപദേശം വേണമെന്നപേക്ഷിക്കുകയും, രൈക്വൻ, "കഷ്ടം! കഷ്ടം! ശൂദ്രനായ നിനക്ക് പറഞ്ഞുതരികയില്ല; നിന്റെ ദ്രവ്യം നീ തന്നെ എടുത്തോ" എന്നു പറഞ്ഞ് ഉപേക്ഷിക്കുകയും ചെയ്തു. ശൂദ്രന് വിദ്യാധികാരമില്ല; അവനെ യാതൊന്നും പഠിപ്പിച്ചുപോകരത്, എന്നുള്ള നിയമം പ്രബലമായി നടന്നുവരുന്ന കാലത്താകയാൽ, ഈ വാക്കുകേട്ടുകൂടുമ്പോൾ, "ഓഹോ എന്നെ രൈക്വൻ ശുദ്രനെന്നു തെറ്റിദ്ധരിച്ചു പോയി; അതുകൊണ്ടാണ് ഇപ്രകാരം പറഞ്ഞു നിഷേധിച്ചത്" എന്നു ജാനശ്രുതിക്കു നല്ലതിൻവണ്ണം മനസ്സിലായിരിക്കും. താൻ ശുദ്രനല്ലായിരുന്നു എങ്കിൽ പെട്ടെന്ന്, "അയ്യോ! ഞാൻ ശ്രുദ്രനല്ലേ; ഇന്ന ജാതിക്കാരനാണേ! എന്നു ഉടൻ പറയുമായിരുന്നു. അപ്രകാരം യാതൊന്നും ചെയ്യാത്തതുകൊണ്ട് ജാനശ്രുതി ജാതിശൂദ്രനാണെന്നും തന്നിമിത്തം ശ്രൂദ്രശബ്ദത്തിന് അവയവാർത്ഥമില്ലെന്നും വരുന്നു.

അല്ലാതെയും, ജാനശ്രുത്യുപാഖ്യാനം കേട്ടാൽ സാധാരണ വിദ്വാന്മാർപോലും ഈ ശുദ്രശബ്ദത്തിനു ജാതിശൂദ്രതയെത്തന്നെ അർത്ഥമായി ഗ്രഹിപ്പാനേ ഇടയുള്ളു; അങ്ങനെതന്നെ ധരിച്ചു മിരിക്കും അന്നു കരുതിയാണ് സൂത്രഭാഷ്യകാരന്മാർ (52) ആയതിനെ മറയ്കുന്നതിന് മനഃപൂർവ്വം പൂർവ്വപക്ഷം ചെയ്ത് നിഷേധിച്ചും വെച്ച് വേറെ പ്രകാരത്തിൽ സിദ്ധാന്തിച്ച് വളരെയൊക്കെ ബദ്ധപ്പെട്ട് പരാക്രമങ്ങൾ കാണിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് ആലോചിക്കുമ്പോൾ, ഇപ്രകാരം ഒരു സിദ്ധാന്തം ചെയ്തില്ലെങ്കിൽ ജാനശ്രുതിക്ക് എല്ലാവരും ജാതിശൂദ്രതയെതന്നെ നിശ്ചയിച്ചുകളയുമെന്നു ഭാഷ്യകർത്താവും നിരൂപിച്ചുട്ടുള്ളതായി തെളിയുന്നു. ജാനശ്രുതി രൈക്വന്റെ വാക്ക് കേട്ടുകൂടുമ്പോൾ അതിന്റെ സാധാരണ അർത്ഥമായ ജാതിശുദ്രതയെതന്നെയാണ് മനസ്സിലാക്കിയതെന്ന് ഇതുകൊണ്ടും നിശ്ചയിക്കാവുന്നതാണ്.


അതല്ല, രൈക്വൻ ആന്തരമായിക്കരുതിയ അവയവാർത്ഥത്തെ താൻ അറിഞ്ഞതുകൊണ്ടായിരുന്നു മിണ്ടാതെ പോയെതെങ്കിൽ "വിദ്യാവിഹീനനായ ഒരുവനെ" എന്നു പറഞ്ഞതു കേട്ട് വ്യസനിച്ച് അതിനെ പരിഹരിപ്പാൻ നോക്കിയ ജാനശ്രുതിക്കു രൈക്വന്റെ മനോഗത്തേയും ശ്രൂദ്രശബ്ദത്തിന് അസാധാരണമായി കൊണ്ടുവന്ന അവയവാർത്ഥത്തേയും അറിയുന്നതിന് തക്കതായ പരോക്ഷജ്ഞാനവും ശബ്ദാർത്ഥശാസ്ത്രപാണ്ഡിത്യവും ഉണ്ടായിരിപ്പാനും ഇടയില്ലാ. ആയതിനാൽ അതും ചേരുകയില്ല. ഈ ന്യായങ്ങളാൽ ജാനശ്രുതി ജാതിശൂദ്രനെന്നു അവയവാർത്ഥം വൃഥാകല്പിതമെന്നും തെളിയുന്നു.

പിന്നെയും, അവയവാർത്ഥം സ്വീകരിക്കുന്നപക്ഷം ജാനശ്രുതി, ജാതിശൂദ്രനല്ല, ക്ഷത്രിയാനാണെന്നും, അപ്പോൾ വേദാധ്യയനത്തിന് അനർഹല്ലെന്നും വരണം. ആ സ്ഥിതിക്കു നേരേ ഉപദേശിച്ചുകൊടുക്കാതേ "കഷ്ടം കഷ്ടം .." എന്നു പറഞ്ഞു നിഷേധിച്ചത് ഉചിതമായോ? അതിശ്രദ്ധയോടുകൂടിയും വ്യസനിച്ചും വരുന്നവനു ഉപദേശിക്കരുതെന്നു വല്ല നിഷേധവുമുണ്ടായിരുന്നിട്ടാണെങ്കിൽ അത് പ്രമാണവിരുദ്ധമാകുന്നു. ഉപദേശിക്കപ്പെട്ടാലല്ലാതെ വിട്ടുപോകാത്തതും ആദ്യം ഉപദേശിക്കാതെ ഉപേക്ഷിപ്പാൻ കാരണമെന്നു കാണപ്പെടുന്നതും ആയ വ്യസനത്തോടുകൂടി ഇരിക്കവേതന്നെ രണ്ടാമത് ഉപദേശിച്ചും ഇരിക്കുന്നു. ഇപ്രകാരം വരുന്നവൻ ആകുന്നു ഉപദേശിക്കപ്പെടാൻ പാത്രമെന്നുള്ളത് "വിദ്യായാം വ്യസനം" മുതലായ പ്രമാണങ്ങൾക്കും യുക്ത്യനുഭവങ്ങൾക്കും അനുസരണമായും ഇരിക്കുന്നു.

ജാനശ്രുതിയുടെ പരിപാകത്തെ പരീക്ഷിപ്പാനായിരുന്നു എങ്കിൽ മുമ്പിൽക്കൂട്ടി പരോക്ഷജ്ഞാനംകൊണ്ട് അറിഞ്ഞിരിക്കുന്ന രൈക്വനു പരീക്ഷ വേണ്ടല്ലോ. വേണമെന്നു വരുന്നപക്ഷത്തിൽ അദ്ദേഹം പരോക്ഷജ്ഞാനംകൊണ്ട് (ദിവ്യദൃശാ) അറിയുന്ന ആളല്ലെന്നും അപ്പോൾ ശുദ്രശബ്ദം അവയവാർത്ഥകമല്ലെന്നും വരും.

ജാനശ്രുതിക്കും അപ്പോൾ ഉണ്ടായിരുന്ന ഭക്തി ശ്രദ്ധ മതിയാകയ്കയാൽ ആയതിനെ വർദ്ധിപ്പിക്കുന്നതിനായിരുന്നു എങ്കിൽ വളരെക്കാലം താമസിപ്പിക്കയും, ശുശ്രൂഷിപ്പിക്കയും മറ്റും ചെയ്ത് സൂക്ഷിച്ച് കണ്ടറിഞ്ഞ് പറഞ്ഞുകൊടുക്കേണ്ടതായിരുന്നു. പരീക്ഷിക്കാനാണെങ്കിലും അപ്രകാരണ്തന്നെ "ദ്വാദശാബ്ദം തു ശുശ്രൂഷാം" [2] എന്നല്ലയോ പ്രമാണം പറയുന്നത്? ഇവിടെ അതും അനുഷ്ഠിക്കപ്പെട്ടില്ല: "നേരേമറിച്ച് "ഇയം ജായാ അയം ഗ്രാമഃ" [3] എന്നിരിക്കയാൽ

"ഗുരവോ ബഹവഃ സന്തി ശിഷ്യവിത്താപഹാരകാഃ" [4]

എന്നു പറഞ്ഞതുപോലെ പരീക്ഷിപ്പാൻ നോക്കിയതു കൂടുതൽ ദക്ഷിണയെ കരുതിയാണെന്നു തോന്നുന്നു. വേറെവിധം പറയുന്നതിന് യാതൊരു മാർഗ്ഗവും കാണുന്നില്ല.

താൻ ആദ്യം ഉപേക്ഷിച്ചാൽ രണ്ടാമത് ഉപദേശിക്കേണതയിവരും. അപ്പോൾ അടുത്ത ഭവിഷ്യത്തിനെപ്പോലും അറിയുന്നതിനുള്ള പരോക്ഷജ്ഞാനം തനിക്ക് ഇല്ലെന്നു വന്നുപോകും. ആയത് ശരിയുമല്ല. എന്നോർത്ത് ക്ഷമിച്ചുകളയാതെ ഉപേക്ഷിച്ചതിനെ നോക്കുമ്പോൾ എല്ലാവരേയും പോലെ മാസദൃഷ്ടികൊണ്ട് പുറമെ അപ്പോൾ കണ്ടപ്രകാരം അറിഞ്ഞിരിക്കുമെന്നല്ലാതെ രൈക്വൻ തന്റെ പരോക്ഷജ്ഞാനംകൊണ്ട് അറിയുകയോ ആയതിനെ വെളിക്കു സൂചിപ്പിക്കണമെന്നു കരുതകയോ ചെയ്തിട്ടില്ലെന്നും ആദ്യം ഉപേക്ഷിച്ചിട്ടു രണ്ടാമത് ഉപദേശിക്കയും വേണ്ടെന്നു തള്ളിയേച്ച് കൂടുതലായി ദ്രവ്യം കിട്ടിയപ്പോൾ സ്വീകരിക്കയും ചെയ്തതിനാൽ എന്തായാലും ദ്രവ്യലാഭത്തിനു തക്ക പോലെ പ്രവർത്തിക്കണമെന്നല്ലാതെ തന്റെ വാക്കിനും പ്രവൃത്തിക്കും വ്യവസ്ഥകേടു സംഭവിക്കരുതെന്നുള്ള വിചാരത്തിനു മുലവും ന്യായവുമായ ഒരഭിമാനം രൈക്വന് ഉണ്ടായിരുന്നില്ലെന്നു, കാണുന്നതിനാൽ ഈ ശുദ്രശബ്ദം അവയവാർത്ഥകമല്ലെന്നും, ജാനശ്രുതി ജാതിശ്രുദ്രൻ തന്നെയെന്നും സിദ്ധിക്കുന്നു.

ഇതിനെ സംബന്ധിച്ചു പ്രാചീനമലയാളം ഒന്നാം പുസ്തകത്തിൽ കാണിച്ചിട്ടുള്ള സൂത്രം ഭാഷ്യം മുതലായത് ഇവിടെ അനുസന്ധേയങ്ങളാണ്.

മേൽ കാണിച്ച വേദഭാഗത്തിലെ ശുദ്രശബ്ദത്തിനു കൃത്രിമാർത്ഥം ചെയ്ത സൂത്രങ്ങളും അവയുടെ ഭാഷ്യങ്ങളുടെ അർത്ഥങ്ങളും അടിയിൽ ചേർക്കുന്നു.

സൂത്രം: ശുഗസ്യ തദനാദരശ്രവണാത്തദാദ്രവണാൽ സൂച്യതേ ഹി.34

ഭാഷ്യാർത്ഥം: മനുഷ്യർക്ക് വിദ്യാധികാരമുണ്ടെന്നു സിദ്ധാന്തിച്ചുംവച്ച് ഏതുപ്രകാരം ദേവന്മാർക്കും വിധിക്കപ്പെട്ടുവോ അപ്രകാരം ശ്രൂദ്രനും വിദ്യാധികാരമുണ്ടെന്ന ശങ്കയെ നിവൃത്തിക്കാനാണ് ഈ അധികരണം ആരംഭിക്കപ്പെടുന്നത്.

ശുദ്രൻ വിദ്യയിലധികാരമുണ്ട്. ശൂദ്രന്നു യാഗത്തിൽ അധികാരമില്ലെന്നു നിഷേധിക്കപ്പെട്ടതുപോലെ വിദ്യയിലും നിഷേധിക്കപ്പെട്ടതായി കേൾക്കുന്നില്ല. ശൂദ്രന്ന് (അനഗ്നിത്വം) യാഗാഗ്നിയുടെ ഇല്ലായ്മയുണ്ട്. ഈ ’അനഗ്നിത്വം’ തനിക്കു കർമ്മങ്ങളിൽ അധികാരമില്ലെന്നുള്ളതിന് കാരണമാകുമെന്നല്ലാതെ അത് വിദ്യാധികാരനിഷേധത്തിനും കാരണമാകുന്നില്ല. ആഹവനീയാദിയായ യാഗാഗ്നിയില്ലാത്തവന്ന് വിദ്യയേ ഗ്രഹിപ്പാൻ കഴിയുന്നതല്ലെന്നുമില്ലാ; വിദ്യയിൽ ശ്രൂദ്രാധികാരത്തെ പ്രബലീകരിക്കുന്നതിന് സംവർഗ്ഗ വിദ്യ വിദ്യയിൽ ജാനശ്രുതിയായിരിക്കുന്ന പൗത്രായണൻ, വേദശ്രവണത്തിന് ഇച്ഛിച്ചപ്പോൾ രൈക്വന്റെ സംബോധനവാക്യത്തിൽ പ്രയോഗിക്കപ്പെട്ട ശുദ്രശബ്ദം പരാമർശകമായിരിക്കുന്നു. അതായത് "കഷ്ടം കഷ്ടം കഷ്ടം എടാ ശൂദ്രാ,നിന്റെ പശുക്കൾ നിനക്കു തന്നെ ഭവിക്കട്ടെ’ എന്നാണ്. വിദുരാദികൾ ശൂദ്രയോനിയിൽ ജനിച്ചവരായിരുന്നിട്ടും വിശിഷ്ടവിജ്ഞാനസമ്പത്തിയുള്ളവരായിരുന്നു എന്നു സ്‍മരിച്ചിട്ടുമുണ്ട്.[5]. ഈ കാരണങ്ങളാൽ ശൂദ്രന്നു വിദ്യാധികാരമുണ്ടെന്നുണ്ടെങ്കിൽ നാമിപ്രകാരം പറയുന്നു എങ്ങനെയെന്നാൽ, ശുദ്രനു വേദാധികാരമില്ലാത്തതിനാൽ വിദ്യയിലുമധികാരമില്ല. വേദം പഠിച്ചവനു മാത്രമേ വേദാർത്ഥങ്ങളിലുമധികാരമുണ്ടാവുമ്. ഉപനയനസംസ്കാരം കഴിഞ്ഞാലെ വിധിയുള്ളു. ഉപനയനമോ, (ദ്വിജാദികൾ) ബ്രഹ്മക്ഷത്ര വൈശ്യന്മാർക്ക് മാത്രമേ വിധിച്ചിട്ടുള്ളു. (സാമർത്ഥ്യം) ശക്തിയില്ലാതിക്കുമ്പോൾ വിദ്യയിൽ അപേക്ഷയുണ്ടെന്നുള്ളതുമാത്രം അധികാരകാരണമായി തീരുന്നില്ല. ശാസ്ത്രീയകാര്യത്തിൽ ശാസ്ത്രീയമായിരിക്കുന്ന സാമർത്ഥ്യം വിദ്യാധികാരത്തിനു മതിയാവുന്നുമില്ല. ശൂദ്രന് വേദാദ്ധ്യയനം നിഷിദ്ധമാകയാൽ തത്സംബന്ധിയായ ശക്തിയും നിരാകരിക്കപ്പെട്ടിരിക്കയാണെല്ലോ? ന്യായത്തിനു സാധാരണത്വമുള്ള താകയാൽ ഏതു ന്യായത്താൽ ശൂദ്രന് യാഗത്തിനധിക്കരമില്ലയോ അതുതന്നെ വിദ്യയ്ക്കുമധിക്കരമില്ലെന്നുള്ളതിനെ സൂചിപ്പിക്കുന്നു. സംവർഗ്ഗവിദ്യയിൽ ശൂദ്ര ശബ്ദം കേൾക്കപ്പെടുകയാൽ ശുദ്രന്നും വിദ്യാധികാരമുണ്ടെന്നു വിചാരിക്കപ്പേഉകായണെങ്കിൽ ന്യായവിരുദ്ധമാകയാൽ അതും കാരണമാകുന്നില്ല. ഏന്തെന്നാൽ നായവചനത്തിനു ലിംഗദർശനം [6] ദ്യോതകമാകുന്നു. ഇവിടെ ന്യായമുണ്ടാകുന്നുമില്ല. ഈ ശൂദ്രശബ്ദം സംവർഗ്ഗവിദ്യയിൽ ഇരിക്കയാൽ ആ വിദ്യയൊന്നിൽ ഇരിക്കുന്ന ശൂദ്രനെ മാത്രമേ അധികരിക്കുന്നുള്ളു. "സംവർഗ്ഗവിദ്യ| അർത്ഥവാദഘടത്തിലാകയാൽ ഈ ശൂദ്രശബ്ദം തനിക്ക് മറ്റുള്ള വിദ്യകളിൽ ഒരിടത്തുമധികാരമുണ്ടാക്കുന്നതിനു ശ്രമിക്കുന്നില്ല. ഈ ശൂദ്രശബ്ദം അധികാരവിഷയത്തിൽ മാത്രമേ ഉപയോഗിക്കു എന്നുള്ളതെങ്ങനെയാണെന്നുണ്ടെങ്കിൽ പറയാം. "എടാ. വിദ്യാഹീനനായിരുന്നിട്ടും (ഒരുത്തനെ) ഈ ജാനശ്രുതിയെ വണ്ടിയോടുകൂടിയിരിക്കുന്ന രൈക്വനോട് സദ്യശനാക്കി പറയുന്നൊ" എന്ന ഹംസവാക്യത്താൽ തന്റെ അനാദരത്തെ ശ്രുതവാനായിരിക്കുന്ന ആ ജാനശ്രുതിയെന്ന പൗത്രായണന്ന് ദുഃഖമുണ്ടായി. ഇതിനെ ൠഷിയായിരിക്കുന്ന രൈക്വൻ ശൂദ്ര ശബ്ദംകൊണ്ട് സൂചിപ്പിച്ചത്. ജാതിശുദ്രന്ന് വിദ്യാധികാരമില്ലാഴികയാൽ തന്റെ പരോക്ഷജ്ഞാനത്തെ അറിയിക്കുന്നതിനായിട്ടാണെന്നു തോന്നുന്നു തനിക്കു (ശുക) ശോകമുണ്ടായെന്നു ശൂദ്രശബ്ദംകൊണ്ട് സൂചിപ്പിച്ചത്, ജാതിശൂദ്രന്ന് വിദ്യാധിക്കരമില്ലാഴികയാൽ തന്റെ പരോക്ഷജ്ഞാനത്തെ അറിയിക്കുന്നൈന്നയിട്ടാണെന്നു തോന്നുന്നു. തനിക്കു (ശുക) ശോകമുണ്ടായെന്നു ശുദ്രശബ്ദം കൊണ്ടു സൂചിപ്പിക്കപ്പെടുന്നത്. (എങ്ങനെയെന്നാൽ) ശുക്കിന്റെ[7] ആദ്രവണം ഹേതുവായിട്ടും. ശുക്കിനെ അഭിദ്രവിക്കയാലും, ശുക്കിനാൽ അഭിദ്രവിക്കപ്പെട്ടെന്നും, ശുക്കോടുകൂടി രൈക്വനെ അഭിദ്രവിച്ചെന്നും, ശൂദ്രശബ്ദത്തിന് അവയവാർത്ഥമുള്ളതാകയാലും രുഢാർഥമില്ലാഴികയാലുമാകുന്നു. എന്നാൽ ഈ അർത്ഥം ഈ ജാനശ്രുത്യുപാഖ്യാനതിൽ കാണപ്പെടുന്നുമുണ്ട്.

സൂത്രം: ക്ഷത്രിയത്വഗതെശ്ചോത്തരത്ര
ചെത്രരഥേന ലിംഗാൽ . 35.

ഭാഷ്യാർത്ഥം.- ഇതുഹേതുവായിട്ടും ജാനശ്രുതി ജാതിശുദ്രനല്ല. യാതൊന്നിന്റെ കാരണം പ്രകരണഎ നിരൂപിക്കയാൽ സ്പഷ്ടമാകുന്നു. എങ്ങനെയെന്നാൽ ഈ ജാനശ്രുതിക്ക് സംവർഗ്ഗവിദ്യയുടെ ഇത്തരഭാഗത്തിൽ ചെത്രരഥനായി അഭിപ്രതാരിയായിരിക്കുന്ന ക്ഷത്രിയനോടുള്ള സമഭിവ്യവഹാരം (കൂട്ടിച്ചേർത്തു പറക) എന്നൗ ഹേതുവാൽ ക്ഷരിയത്വം ബോദ്ധ്യപ്പെടുന്നു. സംവർഗ്ഗവിദ്യാവാക്യശേഷതിലാണ് ചൈത്രരഥിയായിരിക്കുന്ന അഭിപ്രാതാരിയെന്ന ക്ഷരിയൻ കീർഇക്കപ്പെടുന്നത്. അതായ അനന്തരം സൂതനാൽ അരിവിഷ്യമാണന്മാരായി (വിളംബപ്പെഉന്നവരായി) ശൗനകനായിരിക്കുന്ന കാംക്ഷസേനിയേയും ബ്രഹ്മചാരി ഭിക്ഷിച്ചു എന്നാണ്. അഭിപ്രതാരി തനിക്കു കാപേയയോഗം ഹേതുവായിട്ട് (ചൈത്രരഥിത്വ) ചിത്രരഥന്റെ വംശത്തിലുള്ളവന്നണെന്നുള്ളതും സ്പഷ്ടമാകുന്നു. എന്തെന്നാൽ "ഇതു കൊണ്ടാണ് ചൈത്രരഥനെ കാപേയന്മാർ യജിപ്പിച്ചത്." എന്ന വേദ വാക്യത്താൽ ചൈത്രരഥനു കാപേയ യോഗമുണ്ടെന്നും അറിയപ്പെട്ടു. തുല്യവംശ്യന്മാർക്കു മിക്കവാറും തുല്യവംശ്യന്മാർ മാത്രമേ യാജകന്മാരാകുന്നുള്ളു. അതു ഹേതുവായിട്ട് ചൈത്രരഥിയെന്നു പ്രസിദ്ധനായ ഒരു ക്ഷത്രപതിയുണ്ടായി എന്നും വേദവാക്യത്തിൽ ക്ഷത്രപതിയെന്നുബോധിക്കയാൽ ചൈത്രരഥിക്കു ക്ഷത്രിയവമുണ്ടെന്നും സ്പഷ്ടമാകുന്നു. ക്ഷത്രിയനായിരിക്കുന്ന ആ അഭിപ്രതാരിയോടുകുടി ജാനശ്രുതിക്ക് തുല്യയായിരിക്കുന്ന വിദ്യവിഷയത്തിൽ സങ്കീർത്തനം ഭവിക്കയാൽ തനിക്കും ക്ഷത്രിയത്വമുണ്ടെന്നു സുചിപ്പിക്കുന്നു. തുല്യന്മാരെ മാത്രമെ മിക്കവാറും കൂട്ടിച്ചേർത്തു പറയുകയുള്ളു. സൂതനെ അയയ്‍ക്കുക മുതലായ ഐശ്വര്യയോഗമിരിക്കയാലും ജാനശ്രുതിക്ക് ക്ഷത്രിയത്വമുണ്ടെന്നു വെളിവാകുന്നു. ഇത് ഹേതുവായിടും ജാതിശൂദ്രന്നു വിദ്യാധികാരമില്ല.

സൂത്രം: സംസ്കാരപരാമർശാത്തദഭാവഭിലാപാച്ച 36

ഭാഷ്യാർത്ഥം. ഇതു ഹേതുവായിട്ടും ശൂദ്രന് വിദ്യയ്ക്ക്, അധികാരമില്ല.

എന്തെന്നാൽ വിദ്യാപ്രദേശങ്ങളിൽ ഉപനയനാദിയായിരിക്കുന്ന സംസകാരങ്ങൾ ആവശ്യമാണെന്നു പരാമർശിക്കപ്പെഉന്നു. "അവനെ ഉപ്നിയപ്പിച്ചു ഭഗവാനേ! പഠിപ്പിക്കണേ" എന്നുപറഞ്ഞുകൊണ്ട് ഉപസാദിച്ചു എന്നും "വേദപാരഗന്മാരായും സഗുണബ്രഹ്മനിഷ്ഠന്മാരായുമുള്ള ഭരദ്വാജാദികൾ, ബ്രഹ്മത്തെ തിരഞ്ഞ് ഈ പിപ്പലാദൻ എല്ലാം പറയുമെന്നു നിശ്ചയിച്ച് അവർ കയ്യിൽ ചമതയും വച്ചുകൊണ്ട് ഭഗവാനായിരിക്കുന്ന പിപ്പലാദനെ പ്രാപിച്ചു". എന്നും "അവരെ ഉപനയിപ്പിക്കാതെ" എന്നു കേൾക്കുകയാൽ വേദദ്ധ്യായനത്തിന് ഉപനയനപ്രാപ്തി കാണിക്കപ്പെടതായിത്തന്നെയിരിക്കുന്നു, "ശൂദ്രൻ നാലാമത്തെ വർണ്ണവും ഏകജാതിയും" എന്ന സ്മരിച്ചിരിക്കയാലും ശൂദ്രങ്കൽ പാപം അല്പവും ഇല്ലാത്തതിനാൽ അവനു സംസ്‍കാരം ആവശ്യമില്ലെന്നു പറകയാലും ശൂദ്രന് സംസ്‍കാരമില്ലെന്നു പറയപ്പെടുന്നു.

സൂത്രം:- തദഭാവനിർദ്ധാരണേ ച പ്രവൃത്തേഃ 37

ഭാഷ്യാർത്ഥം:- ഇതു ഹേതുവായിട്ടും ശൂദ്രന്ന് വിദ്യയിലധികാരമില്ല. എന്തെന്നാൽ , സത്യവചനത്താൽ ആൻ ശൂദ്രനല്ലെന്ന് ഉറപ്പാക്കിയതിന്റെ ശേഷമേ ജാഹാലനെ ഗൗതമൻ ഉപനയിപ്പിക്കുന്നതിനും അഭ്യസിപ്പിക്കുന്നതിനും ശ്രമിച്ചിട്ടുള്ളുമ്. "ഇതിനെ വിവേചിച്ചു പറയുന്നതിന് (ബ്രാഹ്മണനല്ലാത്തവൻ യോഗ്യനാകുന്നില്ലാ. അല്ലയോ സൗമ്യ! നീ ചെന്ന് ചമത കൊണ്ടുവ, നിന്നെ ഉപനിയപ്പിക്കാം. നീ സത്യത്തിൽ നിന്നും തെറ്റിയില്ലാ" എന്ന വേദവാക്യം (ലിംഗ) കാരണമാകുന്നു.

സൂത്രം:- ശ്രവഭാദ്ധ്യയനാർത്ഥപ്രതിഷേധാൽ സമൃതേശ്ച.38.

ഭാഷ്യാർത്ഥം- ഇതു ഹേതുവായിട്ടും ശൂദ്രന്നു വിദ്യയിൽ അധികാരമില്ല, എന്തെന്നാൽ സ്മൃതിപ്രമാണത്താൽ ശൂദ്രന്ന ശ്രവണത്തിനും അദ്ധ്യയനത്തിനും പ്രതിഷേധം കാണുകയാൽ , വേദശ്രവണപ്രതിഷേധവും വേദാദ്ധ്യയനപ്രതിഷേധവും വേദാർത്ത ജ്ഞാനപ്രതിഷേധവും വേദാനുഷ്ഠാന പ്രതിഷേധവും സ്മരിക്കപ്പെടുന്നു. ശ്രവണപ്രതിഷേധം പറയപ്പെട്ടത് എങ്ങനെയെന്നാൽ, "ഇവൻ വേദത്തെ കേൾക്കുകയാൽ ഈയവും മെഴുകും ഉരുക്കിയൊഴിച്ച് ഇവന്റെ ചെവികളെ നിറയ്‍ക്കുക" എന്നും, പദ്യു ഹവേത്യാദിവാക്യത്താൽ ശൂദ്രസമീപത്തിൽ വച്ച്, അദ്ധ്യയനം ചെയ്യരുതെന്നു കേൾക്കുകയാൽ സമീപത്തിൽവച്ചുപോലും വിധിയല്ലാത് വേദാദ്ധ്യയനം തനിക്ക് അശേഷം പാടില്ലെന്നും സ്പഷ്ടമാകുന്നു. "അത്രയുമല്ല ശൂദ്രൻ വേദമുച്ചരിച്ചാൽ നാക്കു കണ്ടിക്കണമെന്നും, ധരിച്ചാൽ ശരീരത്തെ വെട്ടിപിളർക്കണമെന്നുമിരിക്കയാൽ, വേദാർത്ഥജ്ഞാനത്തിനും തദനുഷ്ഠാനത്തിനും പാടിലെന്ന് സിദ്ധമാകുന്നു. "ശൂദ്രന് ജ്ഞാനത്തെ കൊടുക്കരുതെന്നും’ അദ്ധ്യയനം, യാഗം, ദാനം ഇതുകൾ ദ്വിജാതികൾക്കാണെന്നും, വേദപ്രമാണവും കാണുന്നു. പൂർവ്വജന്മൈൽ ചെയ്യപ്പെട്ട സംസ്‍കാരപ്രാപ്തിയാൽ വിദുരൻ, ധർമ്മവ്യാധൻ തുടങ്ങിയ ശൂദ്രർക്ക് ജ്ഞാനോൽപൈയുണായിരുന്നുവെങ്കിലും ജ്ഞാനത്തിന് ഐകാന്തിക ഫലത്വമുള്ളതിനാലും ഇതിഹാസപുരാണങ്ങളെ ചാതുർവർണ്ണ്യങ്ങളെ ശ്രവിപ്പിക്കണെമെന്ന ഹേതുവാലും അവർക്കു ഫലപ്രാപ്തിയെ പ്രതിബന്ധിപ്പാൻ കഴിയുന്നതല്ല. ആകയാൽ വേദപൂർവ്വകമായിരിക്കുന്ന വിദ്യാധികാരം ശൂദ്രന് വിഹിതമല്ലെന്നിരിക്കുന്നു (പ്രാചീനമലയാളം).

മേൽപ്രസ്താവിച്ച സൂത്രഭാഷ്യത്തിൽ ഒരുദാഹരണമായി സ്വീകരിച്ചിരിക്കുന്നതും ജാനശ്രൂത്യുപാഖ്യാനം പോലെ ഈ വിഷയത്തിൽ ഒരു പ്രമാണമായിപ്പറയെപ്പെടുന്നതും ആയ ജാബാലന്റെ കഥയെപറ്റി സ്വല്പം ചിന്തിക്കാം.

ജാബാലകഥാസാരം:- ’ജാബലൻ ഗൗതമന്റെ അടുക്കൽ അദ്ധ്യയനത്തിന് ചെന്നു, ഗൗതമൻ അവന്റെ പേരിൽ ശൂദ്രശങ്കയുണ്ടായി, ജാബാലനെക്കൊണ്ട് താൻ ശൂദ്രനല്ലെന്നു സത്യം ചെയ്യിച്ചശേഷമേ പഠിപ്പിച്ചുകൊടുത്തുള്ളു.’

ഇതിനേയും ശൂദ്രൻ വിദ്യയ്‍ക്കു പണ്ടുപണ്ടേ അനർഹനാണെന്നുള്ളതിന് ഒരു ദൃഷ്ടാന്തമായി ബ്രാഹ്മണർ പറയുന്നുണ്ട്! ശൂദ്രൻ വിദ്യയ്ക് അനർയ്ഹനെന്നും അതിനാൽ അവനെ യാതൊന്നും പഠിപ്പിച്ചുപോകരുതെന്നും മുമ്പിനാലെ നിഷേധിക്കപ്പെട്ടിട്ടുണ്ട്. ജാബാലൻ ചെന്നത് അഭ്യസിപ്പാനുമായിരുന്നു. അപ്പോൾ ഗൗതമൻ ജാബാലനെക്കൊണ്ട് ശൂദ്രനല്ലെന്നു സത്യം ചെയ്യിച്ചതിനാൽ ഗൗതമനു ജാബാലനെക്കുറിച്ചു ശൂദ്രശങ്കയുണ്ടായിരുന്നെന്നും, തന്നിമിത്തം ഇവൻ തന്നെ കബളിപ്പിച്ചു വിദ്യാമോഷണത്തിനായി വന്നിരിക്കയാണെന്നുള്ള സംശയം അദ്ദേഹത്തിന്റെ ഉള്ളിൽ ജനിച്ചിരിന്നു എന്നും നിശ്ചയംതന്നെ. പിന്നെ ശൂദ്രൻ അന്യാവാക്കാണെന്നു പ്രമാണവുമുണ്ട്. ഇങ്ങനെ, അവിശ്വാസിയെന്നു തെളിയുന്ന ജാബാലന്റെ വാക്കിനെ ഗൗതമൻ വിശ്വസിക്കയും സന്ദേഹതിൽനിന്നു വേർപെടുകയും ചെയ്കയില്ല. ഗൗതമനു ജാബാലന്റെ ജാതിനിർണ്ണയം ചെയ്തേ കഴിയു അന്നു നിർബന്ധമുണ്ടായിരുന്നെങ്കിൽ ജാബാലനുമായി അടുത്തു നല്ല പരിചയമുള്ളവരായ ബ്രാഹ്മണരോടാരോടെങ്കിലും അദ്ദേഹം പരമാർത്ഥം ചോദിച്ചറിയുമായിരുന്നു. അപ്രകാരം ചെയ്തതായി കാണുന്നുമില്ല. ഉപനയിപ്പിക്കുകയും പഠിപ്പിക്കയും ചെയ്തിട്ടുമുണ്ട്. ഇതെല്ലാംകൊണ്ടും ഗൗതമൻ, മനഃപൂർവ്വമായി പഠിച്ചാൽ അവനും ദോഷമുണ്ടെന്നോ ശൂദ്രനല്ലെന്നുവരികിലേ പഠിപ്പിക്കാവു എന്നോ ഉള്ള അഭിപ്രായം ഉണ്ടായിരുന്നില്ലെന്നും ആരായാലും എന്തു ജാതിയായാലും ശരി, ശ്രദ്ധയുള്ളവരെ പഠിപ്പിക്കണമെന്നുള്ള അഭിപ്രായമേ ഉണ്ടായിരുന്നുള്ളു എന്നും സ്പഷ്ടമാകുന്നു.

സമാധാനം." എന്നാൽ സത്യം ചെയ്യിച്ചതെന്തിന്?

നിഷേധം:- അതു പറയാം. ശൂദ്രനു ബ്രാഹ്മണ ശുശ്രൂഷയൊഴിച്ചു മറ്റൊരു നന്മയ്‍ക്കും അധികാരം ഇല്ലെന്നും, ആരും ഒന്നും പഠിച്ചുപോകരുതെന്നും, അവനവന്റെ ഇച്ഛപോലെ ചില സങ്കേതങ്ങൾ ഏർപ്പെടുത്തി അവയെ അനാദിപ്രമാണാനുസരണം നടത്തുന്നതിനു ശ്രദ്ധാലുക്കളായിരുന്ന അക്കാലത്തെ പ്രബലന്മാരോട് താൻ സത്യം ചെയ്യിച്ചതിൽപിന്നീടെ പറഞ്ഞുകൊടുത്തുള്ളു എന്നു സമാധാനം പറഞ്ഞു സമ്മൈപ്പിക്കുന്നതിലേക്കായിട്ടു മാത്രമായിരുന്നു.

ഉപനയനാദിപൂർവ്വം കർമ്മകാണ്ഡതിൽ പ്രവൃത്തരായ ശേഷമേ ജ്ഞാനകാണ്ഡോക്തമായ വിധിയെ കൈക്കൊള്ളാവൂ എന്നു നിയമമില്ലെന്നും, സാധനചതുഷ്ടയസംപത്തി [8] സിദ്ധിച്ചാൽ ക്രമത്തെ ഗണ്യമാക്കാതെ ജ്ഞാനമാർഗ്ഗം സ്വീകരിക്കുന്നതിൽ ഏവരും അർഹന്മാരണെന്നും പ്രഥമസൂത്രത്തിന്റെ ഭാഷ്യത്തിൽ ആചാര്യ സ്വാമികൾ (66) പറഞ്ഞിരിക്കുന്നു. അതിനുവിപരീതമായി മുൻപറഞ്ഞ് ’ശുഗസ്യ’ ഇത്യാദി സൂത്രങ്ങളുടെ ഭാഷ്യത്തിൽ ക്രമം വിവക്ഷിച്ചു കാണുന്നതും അതിന്റെ സാധുത്വത്തിൽ ശങ്ക അങ്കുരിപ്പിക്കുന്നു.

നോക്കുകഃ- "...യദനന്തരം ബ്രഹ്മജിജ്ഞാസോപദിശ്യത ഇതി ഉച്യതേഃ- നിത്യാനിയവസ്തുവിവേകഃ, ഇഹാമുത്രാർത്ഥഭോഗവിരാഗഃ, ശമാദി സാധന സംപത്, മുമുക്ഷുത്വംച, തേഷു ഹി സൽസുപ്രാഗപി ധർമ്മജിജ്ഞാസായ ഊർദ്ധ്വം ശക്യതേ ബ്രഹ്മ ജിജ്ഞാസിതും ജ്ഞാഉം ച ന വിപര്യയേ, തസ്മാത് അഥ ശബ്ദേന യഥോക്തസാധന സംപത്ത്യാനന്തര്യമുപദിശ്യതേ" - ’അഥാതോ ബ്രഹ്മജിജ്ഞാസാ’ എന്ന സുത്രത്തിലെ അഥശബ്‍ദത്തിന് അർത്ഥാന്തരസംഗതി [9]ദുർഘടമെന്ന് ബഹുസംരംഭപൂർവ്വം കാണിച്ചും ബ്രഹ്മജിജ്ഞാസാവിഷയത്തിൽ അധ്യയനാദി സാധനം (സാമഗ്രി) അല്ലെന്നുറപ്പിച്ചും കൊണ്ട് അതിന് പര്യാപ്തമായ സാധനം വേണമെന്ന ഉദ്ദേശത്തിന്മേൽ, യാതൊന്നിനു ശേഷമായിട്ടാണ് ബ്രഹ്മജിജ്ഞാസ ഉപദേശിക്കേണ്ടത് എന്ന ശങ്കയ്ക്ക് പറയാം എന്നു സിദ്ധാന്തപക്ഷം ആരംഭിക്കുന്നു. നിത്യാനിത്യവസ്തുവിവേകവും ഐഹികാമുഷ്മികഭോഗവിരക്തിയും, ശമാദിഷട്കസംപത്തിയും, മുമുക്ഷുത്വവും [10] ഉണ്ടായിരിക്കുന്ന അവസ്ഥയിൽ ധർമ്മജിജ്ഞാസയ്‍ക്ക് മുമ്പായാലും പിമ്പായാലും വേണ്ടില്ല, ബ്രഹ്മവിചാരവും ജ്ഞാനപ്രാപ്തിയും സുശക്തമാണ്. അക്കാരണത്താൽ അഥ ശബ്ദംകൊണ്ട് മേൽപറഞ്ഞ സാധനസംപത്തിയുടെ ആനന്തര്യത്തെ (സൂത്രകാരൻ ) ഉപദേശിക്കുന്നു.

അതുകൂടാതെയും ഐതരെയബ്രാഹ്മണം രണ്ടാമൗ പഞ്ചിക തൃതീയാധ്യായപ്രാരംഭത്തിൽ "കവഷൻ’ എന്ന ഒരു വേടൻ വേദാധ്യയനം ചെയ്തു എന്നുമാത്രമല്ല ഋഷിയുമായി യാഗദികൃതുക്കളിൽ ബ്രാഹ്മണരോടുകൂടിച്ചേർന്ന് ബഹുമാന്യനായി വാണിരുന്നു എന്നു പറഞ്ഞിരിക്കുന്നു.

"ഋഷയോ വൈ സതസ്വത്യാം സത്രമാസത്. തേ കവഷമൈലുഷം സോദാദനയൻ ദാസ്യാഃ പുത്രഃ കിതവോ അബ്രാഹ്മണഃ കഥം നോ മധ്യേ അദീക്ഷിഷ്ടേതി. തം ബഹിർദ്ധന്വോദവഹൻ ‍. അത്രൈനംപിപാസാ, ഹന്തുസരസ്വത്യാ ഉദകം മാ പാദിതി. സ ബഹിർദ്ധന്വോ ദുഹ്ളഃ പിപാസയാ വിത്ത ഏതദപോനപ്‌‌ത്രീയമപശ്യത്, പ്രദേവത്രാ ബ്രഹ്മണേ ഗാതുരേത്വിതി.

തേനാപാം പ്രിയം ധാമോപാഗച്ഛത്, തമാപോഅനുദായൻ. തം സരസ്വതീ സമന്തം പര്യധാവത്, തസ്മാദ്ധ്യാപ്യേതർഹി പരിസാരകമിത്യചക്ഷതേ, യദേനം സരസ്വതീസമന്തം പരിസസാര. തേ വാ ഋഷ യോഅബ്രുവൻ വിദുർവാ ഇമം ദേവാ ഉപേമം ഹ്വയാ മഹാ ഇതിതഥേതി തം ഉപാഹ്വയന്ത ..." (ഐ. ബ്രാ. അ. 8.ഖ. 1).

മഹർഷിമാർ സരസ്വതീതീരത്തുവെച്ച് ഒരു വലിയ യാഗമാരംഭിച്ചിരിക്കുമ്പോൾ (അതിൽ പ്രവേശിച്ചിരുന്ന) ഇലൂഷപുത്രനായ കവഷനെ ദാസീപുത്രനും അബ്രാഹ്മണനും വേട്ടയാടിയും ആയവൻ (യാഗത്തിൽ )സന്നിഹിതനായി എങ്ങനെയാണു നമ്മോടൊപ്പം അർഹണം അർഹിക്കുക? എന്നു പറഞ്ഞു ബഹിഷ്‍കരിച്ചു. സരസ്വതിയിലെ ജലംപോലും കുടിക്കാതെ ദാഹിച്ച് മരിക്കട്ടെയെന്നു കരുതി ഒരു മരുഭൂമിയിലാക്കി. ഈ നിലയിൽ ദാഹപീഡിതനായ കവഷൻ ’അപോനപ്‌‌ത്രീയംപ്രദേവത്രാ ബ്രഹ്മണേ ഗാതുരേതു’ എന്നു തുടങ്ങിയ 15 ഋക്ക് മന്ത്രദ്രഷ്ടാക്കളുടെ നയത്തിൽ ഉണ്ടാക്കി. ഈ സൂക്തനിർമ്മാണം വഴിയായി ആയാൾക്കു ദേവതാപ്രസാദം സിദ്ധിച്ചു. ആ ദേവതകൾ അയാളുടെ പരിസരം പ്രാപിച്ചതോടുകൂടി സരസ്വതിയും ചൂഴ്‍ന്നൊഴുകി. സരസ്വതി ആയാളെ ചുറ്റി ഒഴുകിയ കാരണത്താൽ ആ സ്ഥലതിന് "പരിസാരക" മെന്നു പേരായി. ഈ അവസ്ഥയറിഞ്ഞ് ആ ഋഷിമാർ , "ആയാൾക്കു ദേവസാന്നിധ്യം ഉണ്ടായിരിക്കുന്നതിനാൽ നമുക്ക് (ചെന്ന്) ആയാളെ ക്ഷണിച്ചുകൊണ്ടുവരാം." എന്നു പറഞ്ഞ് ഐകകണ്ഠ്യേന സമ്മതിച്ചു കവഷനെ കൂടിക്കൊണ്ടുപോയി. അനന്തരം അവർ അപോനപ്‌‌ത്രീയ യജ്ഞം നടത്തി...."

വേടൻ - വിശിഷ്ടനാകുന്നതിനുമുമ്പ് ഏകാന്തത്തടവിൽ കിടന്ന് - ഉണ്ടാക്കിയ അപോനപ്‌ത്രീയ സൂക്തം വേദതിൽ ഉൾപ്പെട്ടിരിക്കുമ്പോൾ വേദാധ്യയനത്തിന് ആർക്ക് അർഹതയില്ലെന്നു പറയാം? .

ഐതരേയബ്രാഹ്മണത്തിൽ കാണിച്ചതുപോലെ കൗഷിതകിബ്രാഹ്മണതിലും ദാസീപുത്രനായ ഈ കവഷന്റെ കഥയുണ്ട്. നോക്കുക.

"മാധ്യമാഃ സരസ്വത്യാം സത്രമാസത തദ്ധാപി കവഷോ മധ്യേ നിഷസാദ. തം ഹേമ ഉപോദുർദ്ദാസ്യാ വൈ ത്വം പുത്രോസി ന വയം ത്വയാ സഹ ഭക്ഷയിഷ്യാമ ഇതി സ ഹ ക്രൂദ്ധഃ പ്രദവത്സരസ്വതീമേതേന സുക്തേന തുഷ്ടാവ്. തം ഹേമമന്വേയായ ത ഉഹേമേ നിരാഗാ ഇവ മേനിരേ തം ഹാന്വാവൃത്യോചുഃ ഋഷേ! നമസ്തേ അസ്തു മനോ ഹിംസീസ്ത്വം വൈ നഃ ശ്രേഷ്ഠോസി യം ത്വേയമന്വേതീതി. തം ഹ യ ജ്ഞപയാംചക്രുസ്തസ്യ ഹ ക്രോധം വിനിന്യുഃ സ ഏഷ കവഷ സ്യൈഷ മഹിമാ സുക്തസ്യ ചാനുവേദിതാ" (കൗ- ബ്രാ - 12.3)

ഗൃത്സമദ, വിശ്വാമിത്ര, വാമദേവ, അത്രി, ഭരദ്വാജ, വസിഷ്ഠപ്രമുഖരായ മഹർഷിമാർ സരസ്വതീതീരതുവെച്ച് ഒരു യാഗമാരംഭിച്ചു. അപ്പോൾ "കവഷൻ " അവരുടെ ഇടയിൽ കടന്നിരുന്നു. ’ദാസീപുത്രൻ - കൗലടേയൻ - ആയ നിന്നോടുകൂടി ഞങ്ങൾ ഒന്നും ഭക്ഷിക്കയുംമറ്റും ചെയ്കയില്ല.’ എന്നു പറഞ്ഞു അവർ അയാളെ നിർഭർത്സിച്ചു. കവഷൻ കോപിച്ചു സരസ്വതിതീരം പ്രാപിച്ച് മുൻപറഞ്ഞ സൂക്തങ്ങൾ നിർമ്മിച്ചു ദേവപ്രസാദം വരുത്തി. ഉടൻ സരസ്വതി ആയാളെ അനുഗമിച്ചു. ഇത്രയുമായപ്പോൾ കവഷൻ നിഷ്കമലഷനാണെന്ന് അവർ തീർച്ചയാക്കി, അവിടെച്ചെന്ന് ഇങ്ങനെ ക്ഷമായാചനം ചെയ്തു:- "ഋഷിസത്തമാ! അങ്ങേയ്ക്ക് നമസ്കാരം; അങ്ങ് ഞങ്ങളുടെ ഇടയിൽ പരമാരാധ്യനാകുന്നു; എന്തെന്നാൽ സരസ്വതി അങ്ങേ ചുറ്റി വന്നിരിക്കുന്നു ഞങ്ങളെ വല്ലായ്മക്കിരയാക്കരുതേ!. പിന്നീട് അവർ കവഷനെ യജ്ഞകാര്യവ്യവസ്ഥാപയിതാവാക്കി ആയാളുടെ കോപത്തെ ശമിപ്പിച്ചു. ഇതാണു കവഷന്റെ മഹാമഹിമശാലിത്വം. ഈ സൂക്തദ്രഷ്ടാവെന്ന നിലയിൽ അദ്ദേഹം കീർത്തിമാനായി.

ഇനിയും വേദത്തിൽ കക്ഷീവാൻ എന്ന ഒരു ബഹുമാന്യനായ ശുദ്രസ്ത്രീപുത്രന്റെ കഥ പറയുന്നുണ്ട്.

"സോമാനസ്സ്വരണം കൃണുഹി ബ്രഹ്മണസ്‍പതേ കക്ഷീവന്തം യ ഔശിജഃ"

അല്ലയോ ബ്രഹ്മണസ്പതേ! ഈ സോമപാനം ചെയ്യുന്ന എന്നെ ’ഉശിക്’ എന്നവളുടെ പുത്രൻ ആ കക്ഷീവാനെപ്പോലെ പ്രകാശമുള്ളവനാക്കിചെയ്താലും. ഇതെല്ലാംകൊണ്ടും ശൂദ്രന് അധ്യയനാദി ആകാമെന്ന് ഉറപ്പായി തെളിയുന്നു.

ഈ എല്ലാ നിദർശനങ്ങളാലും ഏർപ്പെടുന്ന ആചാരത്തിന് വിരോധമായിട്ട് വേദത്തിൽ നിഷേധങ്ങളിരിക്കുമെന്ന് അനുമാനിക്കുമോ? ഒരിക്കലും പാടില്ല. " വിരോധേ ത്വനപേക്ഷം സ്യാദ് അസതി ഹ്യനുകാനം" "ശ്രുതിവിരോധേ സ്മൃതിവാക്യം അനപേക്ഷ്യം അപ്രമാണം അനാദരണീയം ച" .

അർത്ഥം - പ്രത്യക്ഷശ്രുതിക്കു വിരോധമായ, സങ്കേതങ്ങൾക്കു ശ്രുതിയിൽ ആധാരം കിട്ടുകയില്ലെന്നു തന്നെ അനുമാനിച്ചുകൊള്ളണം. ശ്രുതിക്കു വിരോധമായ അപ്രകാരമുള്ള ഏർപ്പാടുകൾ അനാവശ്യവും അപ്രമാണവും അനാദരണീയവും ആണ് എന്നു മീമാംസയിൽ[11] പറഞ്ഞിരിക്കുന്നു. അനുമാനിക്കേണ്ട പക്ഷത്തിൽ ഇതു ശരിതന്നെ. പ്രത്യക്ഷനിഷേധമായിരുന്നാലോ എന്ന് ആരെങ്കിലും വേദത്തിൽനിന്നും ഒരു നിഷേധവാക്യത്തെ കാണിക്കുന്നു എങ്കിൽ അതിനും മാർഗ്ഗം മനുസ്‍മൃഇയിൽ ഏർപ്പെടുത്തിയിരിക്കുന്നു.

"ശ്രുതിദ്വൈധം തു യത്ര സ്യാത്തത്ര ധർമ്മവുഭൗ സ്മൃതൗ" (മനു 2-4)

വേദത്തിൽ തന്നെ ഒന്നിനൊന്നു വിരോധമായ രണ്ടു മാർഗ്ഗങ്ങളെ പറഞ്ഞിരുന്നാൽ അവ രണ്ടും സമഗൗരവമായി സമ്മതിക്കേണ്ടതാണെന്നു വിധിച്ചിരിക്കുന്നു. ഈ വിധിയാൽ വേദത്തിൽ ഒരു സ്ഥലത്തു ക്ഷത്രിയാദികൾക്കു അധ്യാപനവും, ശൂദ്രന് അധ്യയനവും പാടില്ല എന്നു വിധിച്ചിരുന്നാൽപോലും മറ്റുള്ള ഭാഗങ്ങളിൽ ആദരിച്ചിരുന്ന ആചാരബലത്താൽ ക്ഷത്രിയാദികൾക്ക് അധ്യാപനവും, ശൂദ്രന് അധ്യയനവും ചെയ്യാമെന്നു നിർവിവാദമായി ഏർപ്പെടുന്നു. ഇപ്രകാരം വേദത്തിനാൽ യാതൊരു തടസ്സവും ഇല്ലെന്നു സിദ്ധിച്ചു.

ഇനി പ്രമാണാന്തരങ്ങളെക്കുറിച്ചാലോചിക്കാം.

കുറിപ്പുകൾ


 1. ബ്രഹ്മസൂത്രം 1.3.34-38
 2. ഗുരുശുശ്രൂഷയെ പന്ത്രണ്ടു വർഷം ചെയ്യേണ്ടതാണ്.
 3. ഈ ഭാര്യാ, ഈ ഗ്രാമം
 4. ശിഷ്യന്റെ വിത്തം അപഹരിക്കുന്ന ഗുരുക്കന്മാർ വളരെയധികം ഉണ്ട്, ഗുരുഗീത
 5. സ്മൃതിയിൽ പരാമാർശിച്ചിട്ടുണ്ട് എന്നർത്ഥം
 6. ലിംഗം - ഹേതു . പുകയുള്ളിടത്ത് തീയുണ്ട് എന്ന അനുമാനത്തിൽ പുക ഹേതുവാണ്.
 7. ശോകത്തിന്റെ
 8. വിവേകം,വൈരാഗ്യം ,ശമാദി ഷഡ്ഗുണങ്ങൾ, മോക്ഷേച്ഛ എന്നിവയെ സാധന ചതുഷ്ടയസംപത്തി എന്നു പറയുന്നു
 9. ബ്രഹ്മസൂത്രത്തിലെ ആദ്യ സൂത്രത്തിലെ അഥ എന്ന ശബ്ദത്തിന് അനന്തരം എന്ന അർത്ഥമല്ലാതെ അതിന്റെ മറ്റ് അർത്ഥങ്ങളായ മംഗളം , പ്രശ്നം , കാർത്നന്യം എന്നിവ ആ സന്ദർഭത്തിൽ യോജിക്കില്ല എന്ന് ശ്രീ ശങ്കരാചാര്യർ വ്യാഖ്യാനിച്ചിട്ടുണ്ട്.
 10. ഇവ നാലുമാണ് സാധന ചതുഷ്ടയ സംപത്തി
 11. ജൈമിനി മഹർഷിയുടെ മീമാംസാസൂത്രത്തിൽ