വേദാധികാരനിരൂപണം/യുക്തിവിചാരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വേദാധികാരനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
യുക്തിവിചാരം


ശൂദ്രൻ വേദാഭ്യാസം ചെയ്തുകൂടാ എന്നുള്ള സങ്കേതം യുക്തിക്കെങ്കിലും ചേർന്നിരിക്കുന്നുണ്ടോ? ഏതു മതഗ്രന്ഥത്തെ എടുത്താലും പരമപദപ്രാപ്തിക്കു ജീവാത്മപരമാത്മസ്വരൂപജ്ഞാനവും, ധർമ്മാനുഷ്ഠാനവും തന്നെയാണ് ഹേതുവെന്നു പറഞ്ഞിരിക്കുന്നതായിക്കാണാം. ഉദാഹരണത്തിന്-

"ബഹൂനാം ജന്മനാമന്തേ ജ്ഞാനവാൻ മാം പ്രപദ്യതേ"

ബഹുജന്മങ്ങളെടുത്തിട്ട് അവസാനത്തിൽ ജ്ഞാനവാൻ മാത്രം എന്നെ പ്രാപിക്കുന്നു - എന്ന ഗീതാവചനം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ.

"തമേവ വിദിത്വാതിമൃത്യുമേതി നാന്യഃ പന്ഥാ വിദ്യതേയനായ"

ഈ വിധമായി ബ്രഹ്മത്തെ അറിഞ്ഞുകൊണ്ടവൻ മാത്രം മൃത്യുവിനെ അതിവർത്തിക്കുന്നു; മോക്ഷപ്രാപ്തിക്കു വേറെ മാർഗ്ഗമില്ല.

"താമാത്മസ്ഥം യേനുപശ്യന്തി ധീരാഃ
തേഷാം സുഖം ശാശ്വതം നേതരേഷാം" [1]

അന്തര്യാമിയെ താനായറിയുന്നവർക്കുമാത്രം നിത്യസുഖമുണ്ടാകും; മറ്റാർക്കുമില്ല - എന്നും മറ്റും അനേകവിധം വേദം ഘോഷിക്കുന്നു. മോക്ഷസാധനമായ ജ്ഞാനത്തെ ശൂദ്രൻ അഭ്യസിച്ചുകൂടാ എന്നു പറയുന്നതിനു ശൂദ്രൻ മോക്ഷത്തെ പ്രാപിച്ചുകൂടാ എന്നല്ലയോ അർത്ഥം. അല്ലാതെയും ആദിമുതൽ ഈ സങ്കേതം ഭഗവന്നിയമമായി നടന്നുവന്നതാണെങ്കിൽ ഇതുവരെയും ഒരു ശൂദ്രൻ പോലും മോക്ഷം പ്രാപിച്ചിട്ടില്ല എന്നല്ലയോ പറയേണ്ടത്? ഇതിനെ ആരെങ്കിലും സമ്മതിക്കുമോ? ബ്രാഹ്മണരിൽ തന്നെ തങ്ങൾക്കു സമാനം ഒരുത്തരും ഇല്ലെന്ന് ദിവ്യബലത്താൽ ആകാശം കൂടെ സ്വന്തം അരവിരൽക്ക് ശരിയായി മറിക്കുന്ന വൈഷ്ണവരല്ലയോ "തിരുക്കച്ചിനമ്പി", "തിരുപ്പാണാഴുവാർ" മുതലായ ചെട്ടി, പറയരായ പല വകക്കാർ മോക്ഷത്തെ പ്രാപിച്ചതായി സമ്മതിക്കുന്നു! ഇതെങ്ങനെ സാധിക്കുമെന്നു ചോദിക്കപ്പെട്ട വൈഷ്ണവർ വേദത്തെ ധിക്കരിപ്പാൻ ശക്തിയില്ലാതെയും ആഴുവാരാദികൾക്കു മോക്ഷമില്ലാ എന്നു പറയാൻ മനസ്സില്ലാതെയും ബഹുസങ്കടത്തോടുകൂടി അതിലേയ്ക്ക് ഒരു സമാധാനം പറയുന്നു. അത് എത്രത്തോളം തൃപ്തികരമായിരിക്കുമോ എന്നു മറ്റുള്ളവർ ആലോചിച്ചുകൊള്ളട്ടെ. ആയതെങ്ങനെയെന്നാൽ ശൂദ്രൻ വേദത്തെമാത്രം പഠിച്ചുകൂടാ എന്നല്ലാതെ വേദത്തിന്റെ അർത്ഥത്തെ അറിഞ്ഞുകൊള്ളുന്നതിൽ ബാധകമില്ലെന്നു പറയുന്നു. ഇവരുടെ വാദം ശരിയാണെന്നു വരികിൽ വേദത്തിന്റെ അർത്ഥത്തേക്കാൾ ശബ്ദമാണ് മുഖ്യമെന്ന് വരുന്നു. നവരത്നങ്ങളേക്കാളും, അവ വച്ചിരിക്കുന്ന പെട്ടിയാണ് മുഖ്യമായിട്ടുള്ളതെന്ന് ആരെങ്കിലും പറഞ്ഞാൽ അതിനെ നാം എത്രമാത്രം ഗൗനിക്കാം. പെട്ടിക്കും തദന്തർഗ്ഗതപദാർത്ഥങ്ങൾക്കും ഉള്ള സംബന്ധം തന്നെ ശബ്ദങ്ങൾക്കും അർത്ഥങ്ങൾക്കും ഇരിക്കും എന്നതിൽ സന്ദേഹം ഉണ്ടോ? ഈ രണ്ടിനും ഭേദമില്ലെന്നു വരികിൽ, നിനക്കു പെട്ടി വേണമോ, അതിലിരിക്കുന്ന രത്നങ്ങൾ വേണമോ എന്നു ചോദിക്കുമ്പോൾ എനിക്ക് രത്നങ്ങൾ വേണ്ട, പെട്ടി മതി എന്നു പറയുന്നവൻ ഭ്രാന്തന്മാരിലുമുണ്ടോ എന്നു സംശയം. വേദത്തിലെ ശബ്ദത്തിനും അർത്ഥത്തിനും ഉള്ള താരതമ്യം വേദവാക്യം കോണ്ടുതന്നെ സ്പഷ്ടമാകുന്നതിനാൽ അതിനെ ഇവിടെ ഉദാഹരിക്കാം.

"സ്ഥാണുരയം ഭാരവാഹഃ കിലാഭൂദധീത്യ വേദം ന ജാനാതി യോർത്ഥം"[2]

വേദത്തെ അഭ്യസിച്ചിട്ടും അതിന്റെ അർത്ഥത്തെ നല്ലപോലെ അറിയാത്തവൻ ഉത്തരത്തിനെ ചുമക്കുന്ന തൂണാകുന്നു - എന്ന് ഋഗ്വേദത്തിൽ പറഞ്ഞിരിക്കുന്നു. ഈ വാക്യത്തെ അറിഞ്ഞാൽ അർത്ഥമറിയാതെ വേദാഭ്യാസം ചെയ്തുകൊണ്ടിരിക്കുന്നവരുടെ മഹിമ ഇത്രത്തോളമെന്നു ഗ്രഹിക്കാമല്ലോ. പല വാക്യങ്ങളെ ഇവിടെ എടുത്തു പറയുന്നതനാവശ്യം. അരിയേക്കാളും അതിനെ മൂടിക്കൊണ്ടിരിക്കുന്ന ഉമിയാണ് വിശേഷമെന്നു വെച്ചുകൊണ്ടാലും ഈ അഭിപ്രായം ആദ്യം മുതൽക്കു നടന്നുവന്നതാണോ എന്ന് ആലോചിക്കണം. വേദാഭ്യാസത്തിന് ശൂദ്രൻ അനർഹനാണെന്നു ബ്രാഹ്മണൻ വെച്ചുകൊണ്ടിരുന്നാലും, പുരാണങ്ങളെ പഠിക്കയും കേൾക്കുകയും ചെയ്യുന്നതിനുപോലും അവന്ന് അധികാരമില്ലെന്നു പറകയില്ലെന്ന് വിശ്വസിക്കുന്നു. ഈ പുരാണങ്ങളിൽ തന്നെ വേദവാക്യങ്ങൾ വരുന്നു എന്നുള്ളതിൽ സന്ദേഹമില്ല. സന്ദേഹമുള്ളവരുണ്ടെങ്കിൽ അവർക്കായിട്ട് ഒരു രണ്ടു ദൃഷ്ടാന്തങ്ങൾ പറയാം. ഭാരതം ആദിപർവം മൂന്നാമധ്യായത്തിൽ "ദേവാവശ്വിനൗ വാഗ്ഭിഃ ഋഗ്ഭിഃ" എന്ന വാക്യവും ശാകുന്തളോപാഖ്യാനം എഴുപത്തിനാലാമധ്യായത്തിൽ

"അംഗാദംഗാത് സംഭവസി ഹൃദയാദഭിജായസേ;
ആത്മാ വൈ പുത്ര നാമാസി സ ജീവ ശരദശ്ശതം."

എന്ന വാക്യവും വരുന്നു. ശൂദ്രൻ പുരാണങ്ങളെ പഠിക്കാമെങ്കിൽ അവയിൽ വരുന്ന ശ്രുതിവാക്യങ്ങളെക്കൂടി പഠിച്ചുപോകും. അപ്പോൾ ഈ സങ്കേതത്തിനു ഗതിയെന്ത്? ഈ പുരാണങ്ങളെ പഠിക്കുന്നതിനും ശൂദ്രന് അധികാരമില്ലാ എന്നു നിർബ്ബന്ധിക്കയാണെങ്കിൽ പുരാണങ്ങളെഴുതിയവരിൽ പലരും ശൂദ്രരാകുന്നു എന്നുള്ളതിനെക്കൂടി ഗൗനിക്കേണ്ടിവരുന്നു. "സൂതസംഹിത" എന്ന ഗ്രന്ഥത്തിന്റെ കർത്താവു ശൂദ്രനാകുന്നു എന്നുള്ളത് മിക്കവർക്കും അറിയാമല്ലോ. അതിനാൽ ആ ഗ്രന്ഥത്തിന്റെ മഹിമയ്ക്ക് ഏതെങ്കിലും കുറവുള്ളതായി കരുതുന്നുണ്ടോ? അതിൽ വരുന്ന അനന്തശ്രുതിവാക്യങ്ങളെ സൂതൻ ഉച്ചരിച്ചതായി വരുന്നില്ലയോ? അവരെപ്പോലെയുള്ളവർക്കു മാത്രം ഈ സ്വാതന്ത്ര്യം എങ്ങനെ സിദ്ധിച്ചെന്നാൽ അവർ മഹാന്മാരാകയാൽ ആ വിഷയത്തിൽ യാതൊരു നിഷേധവുമില്ല എന്നു പറയുന്നു. അവരുടെ മഹത്ത്വത്തിനു പഠിപ്പല്ലയോ കാരണം. ജ്ഞാനത്തിനു രാജചുങ്കമോ മറ്റോ ഉണ്ടോ? അതിനെ പ്രാപിക്കാൻ എല്ലാവർക്കും ഒരേ മാർഗ്ഗമല്ലയോ? ആ മാർഗ്ഗത്തെ അനുസരിച്ചു പഠിച്ചതുകൊണ്ടല്ലയോ "ആഴുവാരാദി"കൾക്കും നായന്മാർക്കും മഹിമ സിദ്ധിച്ചത്? ഇപ്പോഴും ആ മാർഗ്ഗത്തെ അനുസരിച്ചാൽ പ്രകൃതത്തിലുള്ള ശൂദ്രരിലും പലരും മഹത്ത്വം പ്രാപിച്ചു പ്രശോഭിക്കും എന്നതിൽ സന്ദേഹമുണ്ടോ? ഓടക്കാരിയുടെ [3] മകനായ പരാശരനും, മുക്കുവത്തിയുടെ മകനായ വ്യാസനും വേദങ്ങളെ ഓതിയല്ലോ. അവരും ബ്രാഹ്മണർതന്നെ. എന്നാൽ ഋഷിമൂലം, നദിമൂലം ഇവ വിചാരിക്കണ്ടാ എന്നു പറയുന്നു. സമാധാനം പറയാൻ കഴിയാത്ത സംഗതിക്കെല്ലാം ആണല്ലോ ഇങ്ങനെയുള്ള ഉത്തരം. അപ്പോൾ വിധികൂടാതെയുള്ള ഋഷികളൂടെ ഉത്പത്തിക്ഷേത്രം നിന്ദ്യമെന്നു വരികിലും ബീജം ബ്രാഹ്മണസംഭൂതമാകയാൽ അവരും ബ്രാഹ്മണർ തന്നെയെന്നു പറയുന്നു. ഇതെങ്കിലും ശരിയായി നിലനിൽക്കുമോ എന്നു നോക്കാം. പാണ്ഡു, ധൃതരാഷ്ട്രർ, വിദുരൻ ഇവരും ബ്രാഹ്മണരായിട്ടല്ലയോ ഇരിക്കേണ്ടത്? അപ്രകാരമല്ലാതെ ക്ഷേത്രത്തെ ആശ്രയിച്ചു പാണ്ഡുവും ധൃതരാഷ്ട്രരും ക്ഷത്രിയരായിട്ടും, വിദുരർ മാത്രം ശൂദ്രനായും ഇരിക്കുന്നതിലേയ്ക്ക് കാരണം എന്തെന്നു പറയും? ക്ഷേത്രം (അമ്മ) തന്നെ പ്രധാനമെങ്കിൽ വ്യാസപരാശരാദികളും അബ്രാഹ്മണരായിരിക്കേണ്ടതാണ്. വിവാഹം ചെയ്തുകൊണ്ട പിതാക്കൾക്കു ജനിച്ച വ്യാസപരാശരാദികൾക്കും, സ്വപതിയെ വിട്ട് അന്യനു ജനിച്ച പാണ്ഡുപ്രഭൃതികൾക്കും ഭേദമുണ്ടെന്നു ആരെങ്കിലും പറയുന്ന പക്ഷത്തിൽ മാതാക്കളുടെ വ്യഭിചാരദോഷത്താൽ ബ്രാഹ്മണ്യം വിട്ടുപോയവർ വേദാധ്യയനാധികാരത്തെയും വിട്ടുപോയിരിക്കേണ്ടതല്ലയോ? അപ്രകാരമല്ലാതെ അവർ വേദാധ്യയനം ചെയ്തതായി സ്പഷ്ടമേ പറഞ്ഞിരിക്കുന്നല്ലോ. അല്ലാതെയും ബീജം തന്നെ പ്രധാനം എന്ന പക്ഷത്തിൽ പ്രകൃതത്തിലുള്ള ദാസീപുത്രന്മാർ, ബ്രാഹ്മണബീജത്തിൽ ജനിച്ചവരെല്ലാം, ബ്രാഹ്മണരായി വേദാധ്യയനം ചെയ്യാമെന്നല്ലയോ വരുന്നത്? അപ്പോൾ സംസാരികളുടെ പുത്രന്മാർ വേദാധ്യയനം ചെയ്തുകൂടാ; വ്യഭിചാരിപുത്രന്മാർ അധ്യയനം ചെയ്യാം എന്ന് പറയേണ്ടിയിരിക്കുന്നു. ഇതിരിക്കട്ടെ, വേദാധ്യയനാധ്യാപന വിഷയങ്ങളിൽ അധികാരത്തെ കൊടുക്കുന്ന ബ്രാഹ്മണ്യമാകട്ടെ, കേവലം ജന്മത്താലോ, ജ്ഞാനത്താലോ, കർമ്മത്താലോ, ബ്രഹ്മജ്ഞാനത്താലോ അതോ ഇക്കാരണങ്ങളെല്ലാം ഒന്നായി ചേർന്നിരുന്നാലോ ഉണ്ടാകുന്നത് എന്നു നോക്കാം. ജന്മത്താലാണെങ്കിൽ പിതാവു മാത്രം ബ്രാഹ്മണനായിരുന്നാൽ മതിയോ? മാതാവു മാത്രം ബ്രാഹ്മണസ്ത്രീയായിരുന്നാൽ മതിയോ? രണ്ടുപേരും ബ്രാഹ്മണരായിത്തന്നെ ഇരിക്കേണമോ? ആദ്യപക്ഷമാണെങ്കിൽ കുംഭകോണത്ത് സുബ്രഹ്മണ്യയ്യരുടെ വയ്‌പ്പാട്ടീപുത്രന് ചൗളോപനയനാദികൾ ചെയ്യിച്ചതിന് ദൂഷണം പറയരുത്. നായർ സ്ത്രീകളിൽ ജനിച്ച ബ്രാഹ്മണപുത്രന്മാർക്കും ചൗളാദി ആകാമെന്ന് പറയേണ്ടിയും വരും. രണ്ടാം പക്ഷമാണെങ്കിൽ വ്യഭിചാരിപുത്രന്മാരെന്നു ചിലരെ ജാതിയിലും വർഗ്ഗത്തിലും നിന്നു തള്ളുന്നതു തെറ്റാണെന്നു വരും. മൂന്നാമത്തെ പക്ഷമെങ്കിൽ വ്യാസപരാശരാദികളും ബ്രാഹ്മണരല്ലെന്നാകും. അല്ലാതെയും ബ്രാഹ്മണപിതൃമാതൃക്കളോടുകൂടിയവൻ പിന്നീട് ഭൃഷ്ടനായാലും ബ്രാഹ്മണനായിത്തന്നെ ഇരിക്കേണ്ടതാകയാൽ അന്യമതപ്രവേശനവും മാംസഭോജനവും ചെയ്തുകൊണ്ട് നീചസ്ത്രീകളോട് സംഘടിച്ച്, ശിഖായജ്ഞോപവീതാദികളെ ത്യജിച്ച് വർത്തിക്കുന്നവരും ബ്രാഹ്മണർ തന്നെയെന്നു സമ്മതിക്കണം. കർമ്മലോപം വന്നു പോയതിനാൽ ബ്രാഹ്മണ്യം പൊയ്പോകുമെന്നാണെങ്കിൽ അപ്പോൾ ജന്മം കൊണ്ട് ഒന്നുമില്ല. കർമ്മം കൊണ്ടുതന്നെ ബ്രാഹ്മണ്യം സിദ്ധിക്കുന്നു എന്നാകും. ഇതനുസരിച്ചാണ്,

"ജന്മനാ ജായതേ ശൂദ്രഃ കർമ്മണാ ജായതേ ദ്വിജഃ"

എന്ന് ധർമ്മശാസ്ത്രവചനം പ്രവർത്തിച്ചത്. ഇതിന്റെ അർത്ഥം, ജനനാൽ എല്ലാവരും ശൂദ്രർ തന്നെ; പിന്നീട് അവരവർ അവലംബിച്ച കർമ്മങ്ങൾക്കു തക്കവണ്ണം ബ്രഹ്മണരും ക്ഷത്രിയരും വൈശ്യരുമാകുന്നു. ബ്രാഹ്മണന്, കർമ്മസ്വരൂപത്തെ വിചാരിപ്പാൻ പുറപ്പെടുമ്പോൾ ജാതകർമ്മനാമകരണാദി സങ്കേതകർമ്മങ്ങളോ സുകൃതദോഷങ്ങളാകുന്ന സാമാന്യധർമ്മങ്ങളോ എന്ന ശങ്ക ജനിക്കുന്നു. സങ്കേതകർമ്മങ്ങൾ തന്നെയെങ്കിൽ ശൂദ്രരിൽ ഇഷ്ടമുള്ളവരെല്ലാം ശിഖായജ്ഞോപവീതം ധരിച്ച് ഉപനയനാദികർമ്മങ്ങളെ ചെയ്തുകൊണ്ടാൽ ബ്രാഹ്മണരായിത്തീരേണ്ടതാണ്. ഇങ്ങനെയല്ലാതെ സാമാന്യധർമ്മാനുഷ്ഠാനം കൊണ്ടാണെങ്കിൽ ഈ വിധ ധർമ്മാനുഷ്ഠാനങ്ങളില്ലാതെ ബ്രാഹ്മണവേഷം ചമഞ്ഞവരെല്ലാം ബ്രാഹ്മണരാകില്ലെന്നും വേഷത്തിൽ ശൂദ്രരെന്നു വരികിലും ധർമ്മാനുഷ്ഠാനം മാത്രമിരിക്കുമെങ്കിൽ അവരെല്ലാം ബ്രാഹ്മണർ തന്നെ എന്നും സമ്മതിക്കേണ്ടതാണ്. അസത്യം, കൊലപാതകം, അസൂയ, മുതലായ പാപങ്ങളെ ഭയന്ന് സത്യം, ധർമ്മം, ദയ മുതലായ സുകൃതങ്ങളെ നല്ലപോലെ അനുഷ്ഠിക്കുന്നതിൽ പ്രകൃതത്തിലുള്ള ബ്രാഹ്മണരുടെ അടുക്കൽ എന്തെങ്കിലും വിശേഷമുള്ളതായാകട്ടെ ശൂദ്രരിൽ എന്തെങ്കിലും ന്യൂനതയുള്ളതായിട്ടാകട്ടെ നമ്മുടെ അനുഭവത്തിൽപ്പെടുന്നില്ല. ഇങ്ങനെയിരിക്കയാൽ, ബ്രാഹ്മണർക്ക് ഒരാധിക്യവും, ശൂദ്രർക്ക് ഒരു ന്യൂനതയും ഉണ്ടാകുന്നതിന് യാതൊരു കാരണവും കാണുന്നില്ല. കർമ്മ മാത്രമിരുന്നാൽ ഫലമില്ല. അത് ജന്മത്തോടുകൂടിയിരിക്കണം, എന്നാണെങ്കിൽ ജന്മത്താൽ മാത്രം ക്ഷത്രിയനായ വിശ്വാമിത്രമഹർഷി കേവലം കർമ്മബലത്താലല്ലയോ ബ്രാഹ്മണനായത്? മുമ്പിൽ പറയപ്പെട്ട "കവഷൻ" ജന്മനാ ശൂദ്രനെന്നു വരികിലും അവന്റെ കർമ്മവിശേഷത്താൽ കേവലം ബ്രാഹ്മണനായെന്നു മാത്രമല്ല, ഋഷിയായിട്ടും ഭവിച്ചതായി പറഞ്ഞിരിക്കുന്നു. ഇതുമല്ലാതെ ഐതരേയബ്രാഹ്മണം ഏഴാമതു പഞ്ചിക, നാലാമതധ്യായത്തിൽ ക്ഷത്രിയൻ തന്റെ ധർമ്മത്തിനടുത്ത ഉപകരണങ്ങളെ ത്യജിച്ച് ബ്രാഹ്മണനടുത്ത ഉപകരണങ്ങളെ വഹിച്ചുകൊള്ളുന്നതിനാൽ ബ്രാഹ്മണനായിപ്പോകാമെന്നും അപ്രകാരം ഒരുത്തൻ ആയിപ്പോയെന്നും പറഞ്ഞിരിക്കുന്നു.

"....തത്ക്ഷത്രം നിധായ സ്വാദ്യായുധാനി ബ്രഹ്മണ ഏവായുധൈർ ബ്രഹ്മണോ രൂപേണ ബ്രാഹ്മണോ ഭൂത്വാ യജ്ഞമുപാവർത്തത. തസ്മാദ്ധാപ്യേതർഹി ക്ഷത്രിയോ യജമാനോ നിധായൈവ സ്വാദ്യായുധാനി ബ്രഹ്മണ ഏവായുധൈർബ്രാഹ്മണോ രൂപേണ ബ്രഹ്മഭൂത്വാ യജ്ഞമുപാവർത്തതേ" (ഐത-7-4-19). അതുകൊണ്ട് ക്ഷത്രിയനായാലും ഇന്നും ആയുധങ്ങളും ധരിച്ച് ബ്രാഹ്മണവേഷവും യജ്ഞായുധങ്ങളും ധരിച്ച് ബ്രാഹ്മണനായി യജ്ഞശാലയിൽ പ്രവേശിക്കുമ്പോൾ യാഗത്തിൽ പങ്കുകൊള്ളുവാനർഹനാകുന്നു.

"സ ഹ ദീക്ഷമാണ് ഏവ ബ്രാഹ്മണതാമഭ്യുപൈതയത് കൃഷ്ണാജിനമധ്യുഹതി, യദ്ദീക്ഷിതവ്രതം ചരതി യദേനം ബ്രാഹ്മണാ അഭിസംഗച്ഛന്തേ.... ബ്രഹ്മ വാ അയം ഭവതി ബ്രഹ്മ വാ അയമുപാവർത്തതേ ഇതി വദന്തഃ: (ഐത-7-4-23) കൃഷ്ണമൃഗചർമ്മം ധരിക്ക, ദീക്ഷിതവ്രതമ് ചരിക്കുക, ബ്രാഹ്മണരാൽ പരിവാരിതനായിത്തീരുക മുതലായ കാരണങ്ങളാൽ യജ്ഞദീക്ഷ കൈക്കൊണ്ട ക്ഷത്രിയൻ ബ്രാഹ്മണനായി ഭവിക്കുന്നു, ബ്രഹ്മത്വം പ്രാപിക്കുന്നു.

ഇപ്രകാരം പ്രകൃതത്തിൽ ശൂദ്രനും ബ്രാഹ്മണനടുത്ത ഉപകരണങ്ങളെ വഹിച്ചുകൊള്ളുന്നതിനാൽ ബ്രാഹ്മണനാകേണ്ടതാണ്. അപ്രകാരമില്ലെങ്കിൽ ബ്രാഹ്മണ്യം ജന്മത്താലും സാങ്കേതികകർമ്മത്താലും ഉണ്ടാകുന്നില്ല എന്നു നിശ്ചയം. ബ്രഹ്മജ്ഞാനത്താൽ തന്നെ ബ്രാഹ്മണ്യം ഉണ്ടാകുന്നതെങ്കിൽ അതിനെ ആക്ഷേപിക്കുന്നവർ ആരും തന്നെയില്ല. എങ്കിലും ജ്ഞാനം മാത്രം ഇരിക്കയും കർമ്മാനുഷ്ഠാനമില്ലാതെ പോകയും ചെയ്യുന്നെങ്കിൽ ഫലമില്ല.

"അധീത്യ വേദാംശ്ചതുരോ വിദുരോ ജ്ഞാനസമ്പദാ
ദ്വിജോഽപി യഃ കർമ്മഹീനഃ സ വൈ ബ്രാഹ്മണഗർദ്ദഭഃ"

വേദങ്ങളെ പഠിച്ച് സമർത്ഥനായിത്തെളിഞ്ഞവൻ ജ്ഞാനസമ്പത്താൽ ബ്രാഹ്മണനായിരുന്നാലും ധർമ്മാനുഷ്ഠാനം മാത്രം അവനില്ലാതെയിരുന്നാൽ അവൻ തന്നെ ബ്രാഹ്മണക്കഴുത - എന്ന വാക്യം പൂർണ്ണദൃഷ്ടാന്തം ആകും. ബ്രഹ്മജ്ഞാനവും ധർമ്മാനുഷ്ഠാനവും ജന്മത്തൊട് ചേർന്നതല്ലാതെ കേവലം ആർജ്ജനീയമായിരിക്കയാൽ ഇവയെല്ലാവരാലും സാധ്യം തന്നെ. ഇവ പരിപൂർണ്ണമായി സിദ്ധിച്ചിട്ടുള്ള ഇരിപ്പ് മനുഷ്യന്ന് എത്താത്തതെങ്കിലും സാധാരണമായി പ്രകൃതത്തിലുള്ള ബ്രാഹ്മണർക്ക് എത്രത്തോളം സാധ്യമോ അത്രത്തോളം ശൂദ്രാദികൾക്കും സാധ്യം തന്നെ എന്നതിന് സംശയമില്ല. ആകയാൽ ബ്രാഹ്മണർക്ക് സമമായ ശൂദ്രരുമെല്ലാം വേദത്തെ അഭ്യസിക്കാമല്ലോ. ജന്മവും, ബ്രഹ്മജ്ഞാനവും, കർമ്മവും ചേർന്നാലല്ലാതെ ബ്രാഹ്മണ്യം സിദ്ധിക്കില്ല എന്നാണെങ്കിൽ ജന്മനാ ന്യൂനതയുള്ള ആഴുവാർകൾക്കും ബ്രാഹ്മണ്യമില്ല. സങ്കേതകർമ്മങ്ങളെ മുഴുവനും ത്യജിച്ച വൈഷ്ണവർക്കും ബ്രാഹ്മണ്യമില്ല. ബ്രഹ്മജ്ഞാനം കൂടാതെ പ്രകൃതത്തിൽ ബ്രാഹ്മണവേഷം പൂണ്ടിരിക്കുന്നവർക്കും ബ്രാഹ്മണ്യമില്ലെന്നു പറയണം. ഇപ്രകാരം ഒരുത്തർക്കും ബ്രാഹ്മണ്യമില്ലെങ്കിൽ വേദാധ്യയനം ചെയ്യുന്നതിനു യാതൊരുത്തർക്കും അധികാരമില്ലെന്നും ഇങ്ങനെ അധികാരമില്ലാത്തവരിൽ ചിലർ വ്യാജമായി വേഷമിട്ടുകൊണ്ട് അധ്യയനം ചെയ്യുന്നതായാൽ ഭക്തിയെക്കാരണമാക്കിക്കൊണ്ട് മറ്റുള്ളവർ അധ്യയനം ചെയ്യുന്നതിൽ എന്താണാക്ഷേപമുള്ളത്? എന്നാൽ പ്രകൃതത്തിൽ അധ്യയനം ചെയ്യുന്നതിന് എല്ലാവർക്കും അധികാരമുണ്ടെന്നോ ഒരുത്തർക്കും ഇല്ലെന്നോ സിദ്ധാന്തിക്കാമെന്നല്ലാതെ ചിലർക്കുണ്ട്, ചിലർക്കില്ല എന്നുള്ളതു ശരിയില്ല. ഒരുവേള സാങ്കേതികബ്രാഹ്മണ്യത്താൽ അധ്യയനാധികാരം ഉണ്ടാകുന്നു എങ്കിൽ അതിനെ അല്പം പരിശോധിച്ചു നോക്കാം. കലിയുഗത്തിൽ ക്ഷത്രിയരും വൈശ്യരുമില്ല.

"ത്രേതാദൗ വിപ്രവിസൃതാശ്ചതുർദ്ധാവസ്ഥിതാ അപി
വർണ്ണാസ്തിഷ്യേ സമായാതേ വിട്ക്ഷത്രൗ ലുപ്തതാം ഗതൗ"

ത്രേതായുഗാരംഭത്തിൽ വർണ്ണങ്ങൾ നാലായിത്തീർന്നുവെങ്കിലും കലികാലമായപ്പോൾ ക്ഷത്രിയവൈശ്യജാതികൾ ഇല്ലാതെ ആയിരിക്കുന്നു - (ജമദഗ്നി സംഹിത) എന്നു ബ്രാഹ്മണർ സങ്കേതമേർപ്പെടുത്തിയിരിക്കയാലും "കേരളാവകാശക്രമ"മനുസരിച്ചുള്ള 64 ജാതിയിൽ ക്ഷത്രിയരും വൈശ്യരും ഉൾപ്പെടാത്തത് ഇതിനനുഗുണമാകയാലും ശേഷിച്ച ബ്രാഹ്മണരെയും ശൂദ്രരെയും കുറിച്ചു മാത്രം വിചാരിച്ചാൽ മതിയാകും. സാങ്കേതിക ബ്രാഹ്മണനു മന്വാദി ധർമ്മശാസ്ത്രജ്ഞന്മാർ വിധിച്ചിരിക്കുന്ന അനന്തനിത്യനൈമിത്തിക കർമ്മങ്ങളിൽ ഏകദേശമെങ്കിലും ശരിയായി അനുഷ്ഠിക്കുന്നവർ പ്രകൃതത്തിൽ ഒരുത്തരും ഉണ്ടായിരിക്കയില്ല. ആകയാലും, എവിടെയെങ്കിലും ഒരാളിരിപ്പുണ്ടെന്നു വന്നാൽകൂടി ഭൂരിപക്ഷവും അപ്രകാരം അനുഷ്ഠിച്ചവരല്ലായ്കയാലും അവർക്കെല്ലാം അബ്രാഹ്മണ്യം സിദ്ധിച്ചു എന്നാതിൽ സന്ദേഹമില്ല. അബ്രാഹ്മണ്യം കർമ്മഭൃംശത്താൽ സംഭവിച്ചാലും അനധികാരത്വത്താൽ ഉണ്ടായാലും അവയിൽ താരതമ്യമില്ലല്ലോ. ഇക്കാരണത്താൽ ബ്രാഹ്മണരും ഇക്കാലത്തില്ല എന്നല്ലയോ വരുന്നത്? ഇപ്രകാരമില്ലെന്നു വരികിലും (പേരെന്തെങ്കിലുമാകട്ടെ) കാര്യാംശത്തിൽ ഒരു ജാതിയുള്ളതായി സിദ്ധാന്തിച്ചാൽ അതു വെറുതെ ആകയില്ല. അങ്ങനെയെങ്കിൽ മുൻ പറഞ്ഞവിധം വേദാഭ്യാസത്തിന് എല്ലാവർക്കും അധികാരം ഉണ്ടെന്നോ ഒരുത്തർക്കുമില്ലെന്നോ സിദ്ധാന്തം ഏർപ്പെടുന്നു. അധികാരമില്ലാത്ത ഒരു വകക്കാർ മാത്രം അധ്യയനം ചെയ്യുന്നതു സാധുവാകുമെങ്കിൽ മറ്റുള്ളവർ ചെയ്യുന്നത് എങ്ങനെ ദുഷ്യമാകും? ദുരഭിമാനങ്ങളെല്ലാം വിട്ട് വേദാർത്ഥസ്വരൂപവിചാരം ചെയ്യുന്നവർക്ക് ഈ സങ്കേതം കേവലം ഹാസ്യമായതെന്നു തോന്നിപ്പോകും.

കടശിയിൽ ശൂദ്രർ ഉണ്ണാൻ പാടില്ല എന്നു നിഷേധിക്കുമ്പോൾ അതിനെ ആരെങ്കിലും വകവെയ്ക്കുമോ? ഈ ലോകത്തിൽ ജീവിക്കാൻ ഭക്ഷണം ആവശ്യമെങ്കിൽ ഈ ലോകത്തു മാത്രമല്ല, ഏതു ലോകത്തും ജീവിക്കുന്നതിന് ജ്ഞാനമത്യാവശ്യമായിരിക്കയാൽ ആ ജ്ഞാനത്തെ ശൂദ്രൻ പ്രാപിച്ചുകൂടാ എന്നു നിഷേധിക്കുന്നതിനെ മാത്രം ഗൗനിക്കുന്നതിന് ആവശ്യം എന്താണുള്ളത്. തങ്ങളെപ്പോലെ ശൂദ്രരും പഠിച്ചുപോയാൽ തങ്ങൾക്കു മഹിമ കുറഞ്ഞുപോകുമല്ലോ എന്ന അസൂയയാലും, തങ്ങൾ മൂലമായിട്ടേ എല്ലാവരും ജ്ഞാനം സമ്പാദിക്കാവൂ എന്നായാൽ തങ്ങൾക്കു ലാഭപ്രദമായിരിക്കുമെന്ന ദുരാശയാലും തങ്ങൾ വലിക്കുന്ന വഴിക്കെല്ലാം എല്ലാവരും വരണമെന്ന ഉദ്ദേശ്യത്താലും ഇങ്ങനെയുള്ള സങ്കേതത്തെ ആരുതന്നെ ഏതുകാലത്തേർപ്പെടുത്തിയതായാലും അതിനെ ആദരിക്കേണ്ടതില്ല. ക്രിസ്ത്യമഹമ്മദീയാദി സകലരും അവരവരുടെ പ്രമാണങ്ങളെ എല്ലാവർക്കും പഠിക്കാമെന്നു വെച്ചിരിക്കുന്നു. നമ്മുടെ വേദത്തെ മാത്രം ശൂദ്രർ പഠിച്ചാൽ അതിന്റെ മഹിമ കുറഞ്ഞുപോകുമെന്നു എന്തിനായിട്ടു കരുതണം? എല്ലാവരുടെ സ്വഭാവത്തെയും പരിശുദ്ധമാക്കേണ്തതായ വേദത്തിനു പോലും ശൂദ്രരുടെ അദ്ധ്യയനത്താൽ മഹിമ കുറഞ്ഞുപോകുമെങ്കിൽ ആ മഹിമ എത്രത്തോളം നിലനിൽക്കും? ജനങ്ങളെ എങ്ങനെ പരിശുദ്ധരാക്കും? അഗ്നിയെ പരിശുദ്ധമാക്കത്തക്ക വസ്തു ലോകത്തിലുണ്ടോ? ആകയാൽ ആരഭ്യസിച്ചാലും വേദത്തിന്റെ മഹിമയ്ക്കു യാതൊരു കുറവും ഉണ്ടാകയില്ല. അല്ലാതെയും, ശൂദ്രാദികളുടെ സ്ഥിതി ഒരു കാലത്തു താഴ്ന്ന നിലയിലിരുന്നാലും മറ്റൊരു കാലത്തു നന്നായിവന്നുകൂടെന്നില്ല. ആകയാൽ ഇഷ്ടവും സദാചാരവും ഉള്ളവരെല്ലാം ജ്ഞാനസമ്പാദനത്തിന് പാത്രങ്ങൾ തന്നെ. വിശക്കുന്നവന് അന്നം കൊടുക്കാത്തവനെ ദയയില്ലാത്തവനെന്നു നിന്ദിക്കുമെങ്കിൽ അന്നത്തെക്കാളും ആവശ്യമായ ജ്ഞാനം ആഗ്രഹിക്കുന്നവരിൽ "മനസ്സിരങ്ങായ്ക" എന്തെനു പറയാം? അഭ്യാസത്താൽ കഠോരകൃത്യങ്ങളും സാത്മ്യമായി വരും എന്നതിനു കശാപ്പുകാരന്റെ ഹൃദയവും നയവും ദൃഷ്ടാന്തമല്ലയോ? മർക്കടമുഷ്ടി പിടിക്കാതെ ഇച്ഛിക്കുന്ന എല്ലാവർക്കും ജ്ഞാനത്തെ പ്രദാനം ചെയ്യുന്നതുതന്നെ പരമധർമ്മമെന്നും പരമകരുണയെന്നും ഉറച്ച് അപ്രകാരം അനുഷ്ഠിക്കേണ്ടതാണ്.

ശുഭമസ്തു


കുറിപ്പുകൾ


  1. കഠോപനിഷത്ത് 2.2.12
  2. ഇത് വാസ്തവത്തിൽ വേദത്തിന് യാസ്കരൻ രചിച്ച നിഘണ്ടുവായ നിരുക്തത്തിലാണ് വരുന്നത്
  3. വള്ളക്കാരിയുടെ