Jump to content

വൃത്തമഞ്ജരി/മിശ്രവൃത്തപ്രകരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വൃത്തമഞ്ജരി
രചന:എ.ആർ. രാജരാജവർമ്മ
മിശ്രവൃത്തപ്രകരണം

വൃത്തമഞ്ജരി
അദ്ധ്യായങ്ങൾ

അവതാരിക

ഒന്നാം പതിപ്പിന്റെ മുഖവുര

വിഷയാനുക്രമണി


ഇനി ഏതാനും ഭാഗത്തിൽ മാത്രകൾക്കും മറ്റു ഭാഗത്തിൽ ഗുരു - ലഘുക്കൾക്കും നിയമം ചെയ്തിട്ടുള്ള ചില വൃത്തങ്ങൾ ഉള്ളവയെ പറയുന്നു.


313. ഒറ്റയിലാറെട്ടു മറ്റതിൽ

കല, യറ്റത്തഥ രേഫലം ഗവും

വൈതാളീയം, പരത്തിലൊ-

ട്ടരുതു സമം; ലഘുവെട്ടുമാകൊലാ! 1

കലയെന്നാൽ മാത്ര. വിഷമപാദങ്ങളിൽ ആറുമാത്ര; സമങ്ങളിൽ എട്ട്; രണ്ടിനും ഇത്രയും മാത്രകൾ കഴിഞ്ഞാൽ ഓരോ രഗണവും ലഘുവും ഗുരുവും. ഇത് ‘വൈതാളീയ’മെന്ന വൃത്തം. ഇതിൽ ആദ്യമുള്ള മാത്രകളിൽ സമസംഖ്യകളായ 2, 4, 6 എന്ന മാത്രകൾ മുറയ്ക്ക് അടുത്ത 3, 5, 7 എന്ന മാത്രകളിൽ ഒട്ടരുത്. 2, 3; 4, 5; 6, 7 എന്ന സ്ഥാനങ്ങളിൽ ഗുരു വരരുത് എന്നർത്ഥം. സമപാദത്തിന് ആരംഭത്തിൽ എട്ടു മാത്രയുള്ളതെല്ലാം ലഘുക്കളാകയും അരുത്; ലഘുവും ഗുരുവും കലർന്നിരിക്കണം. എല്ലാം ഗുരുവാകുന്നതിന് വിരോധം ഇല്ലതാനും. ഈ ലക്ഷണം കുറെ വ്യാമിശ്രമാകയാൽ വേറെ ഒരു വിധത്തിലും പറയാം:

സമമാത്രകൾ അടുത്ത വിഷമമാത്രകളിൽ ഒട്ടാതിരിക്കണമെങ്കിൽ ദ്വിമാത്രകളായ ഗണങ്ങളെ കൽ‌പ്പിക്കണം; അപ്പോൾ വൈതാളീയത്തിന് വിഷമപാദങ്ങളിൽ ആകെ 14 മാത്രകൾ; അതിൽ ആദ്യത്തെ ആറുമാത്രകൾ മൂന്നു ദ്വിമാത്രാഗണങ്ങളും ശേഷം എട്ടെണ്ണം വർണ്ണഗണത്തിലെ രഗണവും ലഘുഗുരുക്കളും ആയിരിക്കണം. സമപാദങ്ങളിൽ ആകെ 16 മാത്രകൾ; അതിൽ ആദ്യത്തെ എട്ടു മാത്രകൾ നാലു ദ്വിമാത്ര ഗണങ്ങളും ശേഷം എട്ട് മുൻ‌പറഞ്ഞതുപോലെതന്നെ രലഗങ്ങളും ആയിരിക്കണം. ഈ സമപാദങ്ങളിലെ ആദ്യമുള്ള എട്ടു മാത്രകൾ എട്ടും ലഘുക്കളാകരുത് എന്നുകൂടി ഒരു വിശേഷം. ഇങ്ങനെ വൈതാളീയത്തിന്റെ പാദങ്ങളിൽ ആദ്യഭാഗം മാത്രാപ്രധാനവും അന്ത്യഭാഗം വർണ്ണപ്രധാനവും ആകുന്നു. ഈ സംഗതികളെല്ലാം ലക്ഷണശ്ലോകത്തിലും വന്നിട്ടുണ്ടെന്നു കാൺക.

ഒ/റ്റയി / ലാ / റെ ട്ടു മ / റ്റതിൽ

കല / യ / റ്റ / ത്തഥ / രേഫലം / ഗവും

വൈ / താ / ളീ / യം പര / ത്തിലൊ-

ട്ടരു / തു സ / മം /ലഘു/വെട്ടു മാ / കൊലാ.

വേറെയും ഉദാഹരണം:

കവി /മാ/ തേ/ കൈതൊഴു/ ന്നു ഞാൻ

കൈ / വ / ല്യ / പ്രദ / മായ കാ / ലിണ

കവി / താ / ഗുണ / ജാലമൊ / ക്കവേ

കൈ/ വരു /വാൻ / കൃപ/ ചെയ്തിടേ / ണമേ/


314. ഒടുവിൽ ഗുരുവൊന്നു ചേർത്തുവെന്നാ-

ലൗപച്ഛന്ദസികാഖ്യമാമിതേ താൻ.

വൈതാളീയത്തിന്റെ അവസാനത്തിൽ എല്ലാ പാദങ്ങളിലും ഓരോ ഗുരു കൂടി ചേർത്താൽ അത് ‘ഔപച്ഛന്ദസിക‘ മെന്ന വൃത്തമാകും.


ഉദാ: കവിമാതേ കൈതൊഴുന്നു ഞാൻ കേൾ

കൈവല്യപ്രദമായ കാലിണയ്ക്ക്

കവിതാഗുണജാലമൊക്കവേ താൻ

കൈവരുവാൻ കൃപ ചെയ്തിടേണമേ നീ.


315. ആപാതളികാഖ്യയിതേ താൻ

ഭം ഗുരുയുഗ്മവുമെങ്കിലൊടുക്കം. 3

വൈതാളീയത്തിന്റെ അവസാനഭാഗത്തിലുള്ള രലഗങ്ങൾക്കു പകരം ഭഗഗങ്ങൾ വെച്ചാൽ അത് ‘ആപാതളികാ.’


ഉദാ:

കവി / മാ / തേ / കൈ തൊഴു / കാം / ഞാൻ

കൈ / വ / ല്യ / പ്രദ / മായ പ / ദ ത്തിൽ

കവി / താ / ഗുണ / ജാലമ / തെ ല്ലാം

കൈ / വരു/ വാൻ / കൃപ/ ചെയ്തിട / ണം നീ.


316. എഴുത്തിരണ്ടാമതൊക്കവേ

ഗുരുക്കളായാൽ ദക്ഷിണാന്തികാ. 4

വൈതാളീയം, ഔപച്ഛന്ദസികം, ആപാതളികാ ഈ മൂന്നിലും ‘പരത്തിലൊട്ടരുതു സമം’ എന്നുള്ള നിയമത്തെ ലംഘിച്ച്, എല്ലാ പാദങ്ങളിലും രണ്ടാമത്തേയും മൂന്നാമത്തേയും മാത്രകളെ മാത്രം ഒന്നിച്ചു ചേർത്ത് ഒരു ഗുരുകൊണ്ട് നിർദ്ദേശിച്ചാൽ ആ വൃത്തം ‘ദക്ഷിണാന്തികാ.’


317. ഉദീച്യവൃത്ത്യാഖ്യമാമിതേ

രണ്ടാം ഗുരു വിഷമത്തിൽ മാത്രമായ്. 5

രണ്ടാമക്ഷരം ഗുരുവാക്കുന്നത് വിഷമപാദങ്ങളിൽ മാത്രമായാൽ അത് ‘ഉദീച്യവൃത്തി.’


318. അഞ്ചാംകല യുഗ്മപാദഗം

പ്രാച്യവൃത്തിയിഹ നാലിലൊട്ടുകിൽ.

സമപാദങ്ങളിൽ മാത്രം നാലും അഞ്ചും മാത്രകളെ ഗുരുകൊണ്ട് ഒന്നിച്ചാൽ അത് ‘പ്രാച്യവൃത്തി.’


319. ഇരണ്ടു പാദത്തിലും കല-

യ്ക്കൊട്ടലെങ്കിലതുകേൾ പ്രവൃത്തകം.

വിഷമപാദങ്ങളിൽ 2-ം, 3-ം മാത്രകളും സമപാദങ്ങളിൽ 4-ം, 5-ം മാത്രകളും ഒന്നിച്ചാൽ ‘പ്രവൃത്തക’ മെന്ന വൃത്തം.


320. യുഗ്മമാത്രമിതിഹാപരാന്തികാ.

പ്രവൃത്തകത്തിന്റെ സമപാദംകൊണ്ടുതന്നെ ശ്ലോകം മുഴുവനും ചമച്ചാൽ അത് ‘ അപരാന്തികാ’.


321. അയുഗ്മമേ ചാരുഹാസിനീ.

പ്രവൃത്തകത്തിന്റെ വിഷമപാദം പോലെ തന്നെ നാലു പാദവും ആയാൽ അത് ‘ചാരുഹാസിനീ’.