വീരവിരാട കുമാര വിഭോ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വീരവിരാട കുമാര വിഭോ
രചന:ഇരയിമ്മൻ_തമ്പി
ഉത്തരാ സ്വയം‍വരം


വീരവിരാട കുമാര വിഭോ, ചാരുതരഗുണ സാഗരഭോ
മാരലാവണ്യ, നാരി മനോഹാരി താരുണ്യ
ജയ ജയ ഭൂരി കാരുണ്യ, വന്നീടുക
ചാരത്തിഹ പാരിൽത്തവ
നേരത്തവരാരുത്തര സാരസ്യസാരമറിവതിനും
ചാരത്തിഹ പാരിൽത്തവ
നേരത്തവരാരുത്തര സാരസ്യസാരമറിവതിനും
നല്ല മാരസ്യ ലീലകൾ ചെയ് വതിനും


നാളീക ലോചനമാരേ നാം വ്രീള കളഞ്ഞു വിവിധമോരോ
നാളീക ലോചനമാരേ നാം വ്രീള കളഞ്ഞു വിവിധമോരോ
കേളികളാടി മുദരാഗ മാലകൾ പാടി കരം കൊട്ടി ചാലവേ ചാടി
തിരുമുന്നിൽ താളത്തൊടു മേളത്തൊടു മേളിച്ചനുകൂലത്തൊടു-
മാളികളേ നടനം ചെയ്യേണം
താളത്തൊടു മേളത്തൊടുവ്മേളിച്ചനുകൂലത്തൊടു-
മാളികളേ നടനം ചെയ്യേണം; നല്ല-
കേളി ജഗത്തിൽ വളർത്തേണം


ഹൃദ്യതരമൊന്നു പാടീടുവാൻ ഉദ്യോഗമേതും കുറയ്ക്കരുതേ
ഹൃദ്യതരമൊന്നു പാടീടുവാൻ ഉദ്യോഗമേതും കുറയ്ക്കരുതേ
വിദ്യുല്ലതാംഗീ, ചൊല്ലീടുക പദ്യങ്ങൾ ഭംഗി
കലർന്നു നീ സദ്യോമതാംഗീ
ധണം ധകതദ്ധിമിതദ്ധയ്യ തദ്ധോമെന്ന്
മദ്ദളം വാദയ ചന്ദ്രലേഖേ
ധകതദ്ധിമിതദ്ധയ്യ തദ്ധോം തദ്ധോമെന്നു
മദ്ദളം വാദയ ചന്ദ്രലേഖേ, നല്ല
പദ്യങ്ങൾ ചൊല്ലു നീ രത്ന രേഖേ...


പാണീവളകൾ കിലുങ്ങീടവേ പാരം ചേണുറ്റ കൊങ്ക കുലുങ്ങീടവേ
പാണീവളകൾ കിലുങ്ങീടവേ പാരം ചേണുറ്റ കൊങ്ക കുലുങ്ങീടവേ
വേണിയഴിഞ്ഞും നവസുമ ശ്രേണി പൊഴിഞ്ഞും
കളമൃദു വാണി മൊഴിഞ്ഞും സഖി ഹേ
കല്യാണി ഘനവേണി ശുകവാണി സുശ്രോണീ, നാ-
മിണങ്ങിക്കുമ്മിയടിച്ചീടേണം
കല്യാണി ഘനവേണി ശുകവാണി സുശ്രോണീ
നാമിണങ്ങീക്കുമ്മിയടിച്ചീടേണം നന്നായ്
വണങ്ങിക്കുമ്മിയടിച്ചീടേണം, നന്നായ്
വണങ്ങിക്കുമ്മിയടിച്ചീടേണം, നന്നായ്
വണങ്ങിക്കുമ്മിയടിച്ചീടേണം.

"https://ml.wikisource.org/w/index.php?title=വീരവിരാട_കുമാര_വിഭോ&oldid=32728" എന്ന താളിൽനിന്ന് ശേഖരിച്ചത്