വൃത്തമഞ്ജരി/വിഷമവൃത്തപ്രകരണം
←അർദ്ധസമവൃത്തപ്രകരണം | വൃത്തമഞ്ജരി രചന: വിഷമവൃത്തപ്രകരണം |
ദണ്ഡകപ്രകരണം→ |
വൃത്തമഞ്ജരി |
---|
ഇനി വിഷമവൃത്തങ്ങളെ ചൊല്ലുന്നു:
281. സജസം ലമാദിയിൽ വരേണ -
മഥ നസജഗങ്ങൾ രണ്ടിലും
മൂന്നിലിഹ ഭനജലം ഗുരുവും
സജസം ജഗങ്ങളൊടു നാലിലുദ്ഗതാ. 1
ഒന്നാം പാദത്തിൽ സജസല; രണ്ടിൽ നസജഗ; മൂന്നിൽ ഭനജലഗ; നാലിൽ സജസജഗ. ഇങ്ങനെ നാലു പാദവും നാലു വിധമായ വൃത്തം ‘ ഉദ്ഗതാ’.
ഉദാ - :
കമലോദ്ഭവന്റെ മുഖമായ
വിമലകമലത്തിൽ മേവിടും
കോമളമധുകരിയെന്റെ മനഃ-
കമലത്തിൽ വന്നു കളിയാടിടണമേ. - സ്വ.
292. ചരണം തൃതീയമതുമാത്ര-
മിഹരനഭങ്ങളാവുകിൽ
ശേഷമാസകലമുദ്ഗതതൻ-
നിയമങ്ങളെങ്കിലതു സൗരഭാഭിധം. 2
ഉദ്ഗതയുടെ മൂന്നാം പാദം മാത്രം രനഭങ്ങളെക്കൊണ്ട് ചമച്ചാൽ അത് ‘ സൗരഭ’ മെന്ന വൃത്തം.
കമലോദ്ഭവന്റെ മുഖമായ
വിമലകമലത്തിൽ മേവിടും
കോമളാളിവധുവെന്റെ മനഃ
കമലത്തിൽ വന്നു കളിയാടിടേണമേ. -സ്വ.
293. അതുപോലെതന്നെ പുനരത്ര
ചരണമഥ കേൾ തൃതീയകം
നയുഗളസയുഗളമാവുകിലോ
ലളിതാഖ്യയുദ്ഗതയതിന്നു വന്നിടും. 3
ഉദ്ഗതയുടെ മൂന്നാമ്പാദം നനസസഗണങ്ങളാക്കിയാൽ അത് ‘ലളിതാ.’ മുൻകാണിച്ച ശ്ലോകം തന്നെ ‘ഭ്രമരതരുണി മമ മാനസമാം’ എന്ന് മൂന്നാം പാദം മാറ്റിയാൽ ഉദാഹരണമാകും.
294.
എട്ടക്ഷരം പാദമാദ്യം
പിന്നോരോന്നിലും മുറയ്ക്കു നന്നാലേറും
എന്നാലതു പദചതുരൂർദ്ധ്വാഭിധം വൃത്തമാകും
ഗുരുലഘുനിയമമൊന്നുമില്ലിതിന്നു ഭംഗി താൻ പ്രമാണമാം. 4
ഒന്നാം പാദത്തിന് അക്ഷരം 8; രണ്ടിന് 12; മൂന്നിന് 16; നാലിന് 20 എന്ന് നന്നാലക്ഷരം കൂടീട്ടുള്ള പാദങ്ങളാൽ ചമയ്ക്കപ്പെട്ട വൃത്തം ‘പദചതുരുർദ്ധ്വം.’ ഇതിന് ഗുരുലഘുനിയമങ്ങളൊന്നുമില്ല; കേൾവിക്കുള്ള ഭംഗി നോക്കി പ്രയോഗിച്ചുകൊൾക എന്നേയുള്ളൊ. പ്രസിദ്ധവൃത്തങ്ങളുടെ ഏകദേശാംശങ്ങളെ കലർത്തിയാൽ ഒരു ഭംഗി തോന്നും. വിദൂഷകന്റെ കുപ്പായത്തിലെന്നപോലെ പലതും കൂട്ടിച്ചേർത്തുള്ള വൈചിത്ര്യമാണ് ഇതിന്റെ അഴക്. ഗുരുലഘുവിന്യാസത്തിൽ തീവ്രനിർബന്ധമുള്ള മറ്റു വൃത്തങ്ങളുടെ ഇടയിൽ ഒരു നിർബന്ധവുമില്ലാത്ത ഈ വൃത്തം പരഭാഗംകൊണ്ട് ശോഭിക്കുന്നു.
ഉദാ: സരസ്വതി വണങ്ങുന്നേൻ
സരസീരുഹത്തിനൊത്ത നിൻചരണം
സ്വാരസ്യമേറും സാഹിത്യാദ്യമലകലകളുടെ
സാരസർവ്വസ്വവും സരമിഹ വിലസണം മമ മാനസേ. - സ്വ.
ഇതിന്റെ പാദങ്ങളെ മാറ്റിയും മറിച്ചും ഇടുകയും ആവാം. അങ്ങനെ ചെയ്താൽ 24 വിധം വരും.
295. ഇഹ പദചതുരൂർദ്ധ്വ-
ക്രമമതിനു ശരി ലഘു നിരത്തി,
പരമൊടുവിലഥ ഗുരുയുഗമിടുകിലാങ്ങിൽ-
പരമയി കരുതുക വടിവുമധികമുടയൊരു പീഡം. 5
പദചതുരൂർദ്ധ്വത്തിന്റെ മുറയ്ക്ക്, പാദങ്ങൾക്ക് 8, 12, 16, 20 എന്നക്ഷരം കല്പിച്ച്, ആ അക്ഷരങ്ങളിൽ ഓരോ പാദത്തിലും ഒടുവിലെ രണ്ടക്ഷരം മാത്രം ഗുരുവാക്കിക്കൊണ്ട് ശേഷമെല്ലാം ലഘുവാക്കിയാൽ ‘ആപീഡ’ മെന്ന വൃത്തം. ആങ്ങിൽ പരം പീഡം ആപീഡമെന്നർത്ഥം.
ഉദാ: വിവിധലിപികൾകൊണ്ട-
ങ്ങവികലമിഹ കരചരണാദ്യം
അവയവമഖിലമപി വിരവൊടു ചമയ്ക്കും-
കുവലയമിഴിയൊരുവൾ നടനമരുളുക മമ നാവിൽ. - സ്വ.
ആപീഡത്തിന്റെ ഒന്നാം പാദത്തെ രണ്ടാം പാദവും, രണ്ടാം പാദത്തെ ഒന്നാം പാദവുമാക്കിയാൽ അതിന് ‘കലിക’ അല്ലെങ്കിൽ ‘മഞ്ജരി’ എന്നു പേർ. അതുപോലെ മൂന്നാംപാദത്തെ ഒന്നാംപാദവും ഒന്നാംപാദത്തെ മൂന്നാംപാദവുമാക്കിയാൽ ‘ലവലി’ എന്നു പേർ. അപ്രകാരം തന്നെ 12, 16, 20. 8 എന്ന അക്ഷരക്രമത്തിന് പാദങ്ങളെ ബന്ധിച്ച ആപീഡത്തിന് ‘അമൃതധാര’ എന്നുപേർ. ഉദാഹരണത്തിന് മുൻ കാണിച്ച പദ്യം തന്നെ പാദം മാറ്റി എഴുതിയാൽ മതി.
296.
ഒന്നാം പാദമതൊറ്റയായ് മസം ജഭഗം ഗം
പുനരത്ര സനജരേഫഗങ്ങൾ രണ്ടിൽ
അഥ നയുഗള സഗണം
പ്രചുപിത നനനജയമുപസ്ഥിതപൂർവ്വം. 6
‘ഉപസ്ഥിതം’ എന്നു മുൻപിലുള്ള പ്രചുപിത ‘ ഉപസ്ഥിതപ്രചുപിത’ എന്നു വൃത്തത്തിന്റെ പേർ. അതിന് ഒന്നാംപാദം ഒറ്റയായി തനിയേനിന്ന് പൂർവ്വാർദ്ധമാകും; ശേഷം മൂന്നുപാദങ്ങളും ചേർന്നത് ഉത്തരാർദ്ധം എന്നൊരു വിശേഷം. ഗണനിയമം ഒന്നിന് മസജഭഗഗ; രണ്ടിന് സനജരഗ; മൂന്നിന് നനസ; നാലിന് നനനജയ എന്ന്. ഈ ഉപസ്ഥിതപ്രചുപിതത്തിന്റെ മൂന്നാംപാദത്തിന് നനസ നനസ എന്നു ഗണങ്ങൾ ചെയ്താൽ ഉണ്ടാകുന്നതിന് ‘വർദ്ധമാന’ മെന്നു പേർ. അതിന്മണ്ണം തന്നെ മൂന്നാംപാദത്തെ തജരഗണങ്ങളെക്കൊണ്ട് ചെയ്താൽ അതിന് ‘ശുദ്ധവിരാഡാർഷഭം’ എന്നു പേർ.
297. പാദത്തിനേറ്റക്കുറവോ നിയമങ്ങൾക്കു ഭേദമോ
വരുന്ന മറ്റു വൃത്തങ്ങളെല്ലാം ഗാഥയിലുൾപ്പെടും. 7
3 പാദം, 5 പാദം, 6 പാദം മുതലായി പാദസംഖ്യക്ക് ഏറ്റക്കുറവു വരുന്ന പദ്യങ്ങളും ലക്ഷണത്തിന് ഈഷദ്ഭേദം വരുന്ന പദ്യങ്ങളും ‘ഗാഥ’ കൾ എന്നു പറയപ്പെടുന്നു. ഉദാഹരണം ഊഹ്യം.