വനമാല/സ്വാമിതിരുനാൾ മംഗളം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

ശ്രീനമ്മൾക്കനിശം ശിവൻ വിതരണം-
    ചെയ്യട്ടെ ചിന്തിപ്പവർ-
ക്കാനന്ദാകരനാത്മകർമ്മസഖനായ്
    നിൽക്കും ജഗൽക്കാരണൻ
ഊനംവിട്ടിതുമല്ലനുഗ്രഹമലി-
    ഞ്ഞേകട്ടെ യോഗീന്ദ്രനാം
‘ശ്രീനാരായനധർമ്മപാലന’സഭാ-
    ദ്ധ്യക്ഷൻ ജനക്ഷേമദൻ
                                                  - നവംബർ 1906

പാരം പ്രമോദകരജന്മദിനോത്സവത്തിൻ
പാരത്തിലെത്തിയിഹ ഞങ്ങളഹോ മഹേശ!
ഈരാറുവർഷദശകം സസുഖം ജയിക്ക
നാരായണാഖ്യഗുരുവിമ്മഹിമേൽ മഹാത്മാ!

മന്നും ചരാചരവുമംബരവും ചമച്ചു
മിന്നും കരാംബുജമെഴുന്ന മഹാകൃപാബ്ധേ!
നിന്നെജ്ജഗന്മയ, തിരഞ്ഞറിയാ ബുധന്മാർ
പിന്നെബ്ഭജിച്ചിടുവതെങ്ങനെ പാമരന്മാർ!

എന്നാകിലും മലരിൽ മക്ഷികപോൽ ഭവാനിൽ
വന്നാശ്വസിപ്പതിനെഴും തൃഷ മർത്ത്യനോർത്താൽ
എന്നാൽ ജഗദ്ഭ്രമമകന്നിഹ ദേവ നിൻ‌കാ-
ലൊന്നാശ്രയിപ്പവരെയാരു നമസ്കരിക്കാ!

സ്വാമിൻ, സ്വയം സ്വമതസംസ്കരണത്തിനായു-
മീമന്ദഭാഗ്യരുടെയുദ്ധരണത്തിനായും
ഭീമം മഹാവ്രതമെശുത്ത ഭവാന്റെ യോഗ-
ക്ഷേമം നടത്തുമിഹ ശാശ്വതനീശ്വരൻ‌താൻ

ആരന്ധകാരനിരനീക്കി നമുക്കു ബോധ-
മാരബ്ധമാവതിനു പൊങ്ങിയഹസ്കരൻപോൽ
ആരാൽ പവിത്രയിഹ ഭൂമി മഹാമഹാനാ
നാരായണാഖ്യാഗുരു വാഴുക വാഴുകെന്നും.
                                                         - സെപ്തംബർ 1918

വ്യാജം വിട്ടു നടക്കുമീഴവനഭോ-
    ജ്യോതിസ്സുംകൾക്കൊക്കെ ന-
ല്ലോജിസ്സേകിയുദീർണ്ണകാന്തിയൊടെഴും
    മത്സ്വാമി ചിത്സാരഥി
ഈ ജന്മർക്ഷമഹം കഴിഞ്ഞു സുഖമാ-
    യിന്നും ചിരം വാഴുവാൻ
തേജസ്സേറിയെഴും ത്രയീനിലയമാം
    ധാമത്തെ നിത്യം തൊഴാം!
                                                            - ജൂൺ 1917


കാറാകെപ്പോയ്മറഞ്ഞു കളധവളപട-
    ശ്രീമുകിൽപ്പൂവിതാനം
കേറാറായീ നഭസ്സിൽ, ധരയിൽ നവകലാ-
    മന്ദിരഖ്യാതി തിങ്ങി
കൂറാർന്നദ്വൈതരമ്യാശ്രമഗഗനലസ-
    ച്ചന്ദ്രനെൻ സ്വാമി മേലും
നൂറാവർത്തിച്ചു രാജിക്കുക നൂതികൾപെടും
    ജന്മനാൾ വെണ്മയോടും!
                                                        - ആഗസ്ത് 1916


ഇണ്ടൽപ്പെട്ടീടുമാറായുഴറിയസിതപ-
    ക്ഷം ഗമിക്കാതെ ചീത്ത-
ക്കൊണ്ടൽക്കൂട്ടങ്ങൾ പൊങ്ങിക്കയറിയൊളിമറ-
    യ്ക്കാതെ വിഖ്യാതിയോടെ
കണ്ടാനന്ദോർമ്മി കണ്ണിന്നനിശമുതിരുമാ-
    റായ് വിളങ്ങട്ടെ ലോകം
കൊണ്ടാടും സ്വാമിയസ്മൽക്കുലജലനിധിയെ-
    പ്പൊക്കി നിൽക്കും സുധാംശു

വ്രതിമാർ കരയിൽ ജപിക്കവേ
സതിമാർ നിർമ്മലനീരിൽ നീന്തവേ
അതിദുർല്ലഭഹംസമേ! ചിരം
ക്ഷിതിപത്മാകരമാർന്നിരിക്ക നീ
                                                    - സെപ്തംബർ 1922


ലോകാനന്ദദനായ് ജഡപ്രകൃതിയെ
    ജ്ജ്ജത്യന്ധമാക്കിത്തമ-
സ്സാകാശത്തു പരത്തിടും ചിറകിനെ-
    ച്ഛേദിച്ചു ഖേദംവിനാ
ശ്രീകാളും ഛവി തൂവിയങ്ങു ചതയ-
    ത്തോടൊത്തു ചിങ്ങം പെറും
രാകാചന്ദ്ര ജയിക്ക രാവു പകലായ്
    മാറുന്ന കാലംവരെ!
                                                - 1928

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകൾ