Jump to content

വനമാല/സരസ്വതീപഞ്ചകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

1
സാമോദം സത്യലോകപ്രമദവനസരോമണ്ഡപത്തിങ്കൽ വിശ്വം
വ്യാമോഹിപ്പിച്ചു വെള്ളക്കമലമലരതിൽക്കാലുമേൽക്കാലുമേറ്റി
സീമാതീതം രസിക്കും സഖികൾനടുവു സംഗീതരംഗത്തിൽ മേവും
വാമാംഗി വീണവായിപ്പവൾ വരമരുളീടേണമെൻ വാണിമാതാ.

2
ദേവീ! നിൻ തൃക്കടക്കൺമുന സുഭഗതമേ രാഗവിസ്താരലോലം
ഹാ! വീക്ഷിച്ചന്തരംഗാകുലത തടവിയേകാന്തഗാനാന്തരത്തിൽ
ഭാവം മാറീടവേ നിൻ കരതലഗതമാം പൊൻവിപഞ്ചീവിലാസം
ലാവണ്യത്തിൽ ഭ്രമിക്കും വിധിയെ ലയസമാധിക്കു ലാക്കാക്കുമമ്മേ.

3
ഓമൽസംഗീതവും സാഹിതിയുമുടലതായ്‌ത്തിങ്ങിവിങ്ങുന്നയേ നീ-
യീ മന്നിൽപ്പൂവിലോലും മധുവുമുദിതനിർഹാരി സൗരഭ്യവുംപോൽ
ആമോദം ലോകമേലുന്നതു പുനരതിനാലാണു കല്യാണരൂപേ
നാമോതാം നീ വെടിഞ്ഞാൽ ഭുവനമഖിലവും ശാരദേ സാരഹീനം

4
എന്താകും ധർമ്മമെന്താം നൃപതിനയമഹോ സ്വർഗമോക്ഷങ്ങളെന്താ-
മെന്താം വാഗ്ദേവതേ നിൻപതിയുടെ കരസാമർഥ്യചിത്രം ജഗത്തും
ചിന്താരംഭങ്ങളീമന്നകമതിലയിതാവും കിനാവെന്നിയെന്താ-
മെൻതായേ നീ വെടിഞ്ഞാലുലകിടമുടനേ മൂകമാം ലോകവന്ദ്യേ.

5
തെല്ലായാലും സ്വയം നീ ജനനി കനിയുകിൽത്തേനൊഴുക്കാർന്ന വാക്കാൽ
വെല്ലാനും വിശ്വമെല്ലാം വിധിയെ വശഗനാക്കാനുമാർക്കാണശക്യം
വല്ലാതാർത്തിപ്പെടുന്നേനടിയനു വരദേയാശ്രയം പാർക്ക തൃക്കാ-
ലല്ലാതില്ലംബ വാഗീശ്വരി കരുണ ലവം പെയ്ക വൈകാതെ തായേ.
                                                                  -1908

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകൾ

"https://ml.wikisource.org/w/index.php?title=വനമാല/സരസ്വതീപഞ്ചകം&oldid=35825" എന്ന താളിൽനിന്ന് ശേഖരിച്ചത്