Jump to content

വനമാല/പറന്നു പോയ ഹംസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വനമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
പറന്നു പോയ ഹംസം
(അന്നനട)

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

പൊടുന്നനേ ഭൂമി വെടിഞ്ഞിവണ്ണം നീ
പറന്നുപോയല്ലോ പ്രിയമരാളമേ,

പെരുവഴിതന്നിലഹോ കരസ്ഥമാം
വിലയേറും ധനം കളഞ്ഞുപോകയാൽ

കുഴങ്ങിനില്ക്കുന്ന പഥികനെപ്പോലെ
മദീയമാനസമുഴന്നിടുന്നല്ലോ.

അതിസ്വാധീനമാം പ്രിയവസ്തുക്കൾ വി-
ട്ടകന്നു വിശ്വാസമിയന്നു ദൂരത്തിൽ

അതിചിരം കാര്യവശരായ് വാണിടാ-
മഴലില്ലായതിൽ അതുകൾതാൻ സ്വന്തം

പിടി വെടിഞ്ഞുപോവതു വിചാരിച്ചാൽ
പൊറുക്കാറില്ലൊരുനിമിഷം ദേഹികൾ

അനർഘരത്നങ്ങൾ സ്വയമണിയാതെ
നിജമഞ്ജുഷയിലിരുന്നാലും മതി

അരിയ പൂക്കൾതാൻ പറിക്കാതെ തന്റെ
മലർക്കാവിൻ‌കോണിൽ സ്ഫുരിച്ചാലും മതി

സുഖമന്യാദൃശമതിലുണ്ടോർക്കുകി-
ലഹോ മമതതൻ വിലാസമദ്ഭുതം!

ഇവറ്റതാനപഹൃതമായ്പോകിലു-
ണ്ടനുഭവവേദ്യമതിലുണ്ടാം ദു:ഖം.

അരിയോരന്നമേ,യതിചിരമെന്റെ
ഹൃദയപങ്കജസഖനായ് വാണ നീ

പറന്നുപോകുന്നൊരളവപ്പൂവിന്റെ-
യടിനാളംകൂടി ഹരിച്ചുവെന്നതോ

അകമലർ കരിഞ്ഞെനിക്കു സമ്പ്രതി-
യഹഹ! ലോകങ്ങളിരുളാകുന്നല്ലോ.

അതിനിടയ്ക്കയ്യോ തമസ്സിൽ കൊണ്ടലിൻ
ചടുലമാം,മിന്നൽക്കൊടി പായും‌പോലെ

കഴിഞ്ഞകാലമാമിരുട്ടിലോർമ്മതൻ
സ്ഫുരിച്ച ദൃഷ്ടിയും ചുഴിഞ്ഞെത്തുന്നല്ലോ.

വിചാരവായുവാൽ പടർന്നുകേറിയീ
വിയോഗമിന്ദ്രിയഗണങ്ങളെയെല്ലാം

ചൂടുന്നല്ലോ ധൈര്യശിലാതലം കാഞ്ഞു
ഞെരിഞ്ഞും പേശികൾ പുകഞ്ഞും കഷ്ട!മി-

ന്നടവേ തീ വീണ ഗിരിപോൽ സത്വര-
മകമേയെന്നാത്മാവെരിഞ്ഞിടുന്നല്ലോ

                     (അപൂർണ്ണം)
                                               -ഫെബ്രുവരി 1919

"https://ml.wikisource.org/w/index.php?title=വനമാല/പറന്നു_പോയ_ഹംസം&oldid=35316" എന്ന താളിൽനിന്ന് ശേഖരിച്ചത്