വനമാല/ഗരിസപ്പാ അരുവി അല്ലെങ്കിൽ ഒരു വനയാത്ര

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വനമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
ഗരിസപ്പാ അരുവി അല്ലെങ്കിൽ ഒരു വനയാത്ര

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

റായി കൊല്ലമതുമല്ലഥ സംഭവങ്ങൾ
നൂറായതിന്നുപരിയെങ്കിലുമോർമ്മതന്നിൽ
മാറാതെ, മേൽ മണൽപെടും നിഴൽപോലെ പൊങ്ങു-
മാറായി കൗതുകമൊടാ വനയാത്രയിന്നും

എന്നല്ലയന്നു സുഖജാഡ്യമിയന്ന ചിത്ത-
മിന്നർന്നിതുൽകലികയക്കഥ പാടുവാനും
സ്പന്ദിച്ചിടാതരിയ പൂമധുവുണ്ടു തെല്ലു
മന്ദിച്ചിരുന്നു മുരളുന്നൊരു വണ്ടുപോലെ.

കാണുന്നു ഞാനരുവി വീഴുവതിപ്പൊഴും, മൽ-
പ്രാണങ്ങൾ നിർവൃതികലർന്നതിൽ നിന്നിടുന്നു
വാണിക്കതിൽത്തുനിയുവാൻ വിരുതറ്റപോലെ
പോണായതാദ്യമതിദൂരവനത്തെ വാഴ്ത്താൻ

തുംഗാതടം മുതൽ വടക്കു തുടർന്നു കാണും
ശൃഗംങ്ങൾമേൽ മിഴിയെയിന്നുമിഴച്ചിടുന്നു
തുംഗാനുബന്ധികൾ നഭ:സ്ഥലി തന്നെ വേട്ട
ഭൃംഗാസിതച്ഛവികൾ പശ്ചിമപർവ്വതങ്ങൾ

ചൊൽക്കൊണ്ടിടുന്ന ‘ശിമഗാ’നഗരത്തിൽ നിന്നു-
മക്കാളവണ്ടി വഴിയേ നെടുരഥ്യയുടെ
ഉൾക്കൊണ്ട കൗതുകമുരപ്പതിനിഷ്ടരെന്യേ-
യുൽക്കണ്ഠപൂണ്ടു വനഭൂവണയുന്നിതാ ഞാൻ

സാലങ്ങൾ വിട്ടുപരി പൂങ്കൊടി സഞ്ചരിക്കു-
മ്പോലംബരത്തിൽ മയിൽ വട്ടമിടും വനങ്ങൾ
ഹാ! ലക്ഷ്യമായി, നടകൊൾവൊരു ഗണ്ഡശൈല-
ജാലംകണക്കുലയുമാനയെഴും സ്ഥലങ്ങൾ

തത്സീമതന്നില’യനൂരി’ലൊരേടമെത്തി
മൽ‌സൗഹൃദൈകനിധി വാഴ്വതു നോക്കിനോക്കി
ഉത്സാഹമത്ഭുതമിവറ്റയൊടെന്റെയുള്ളി-
ലൗത്സുക്യവും ത്വരയുമായ് വഴി നീങ്ങിടുന്നു.

ആരണ്യപുഷ്പനിരയല്ലഥ ബംഗളൂരു-
ള്ളാരാമരമ്യ കുസുമോൽകരമൊന്നുമല്ല
ദൂരത്തിലാപ്രിയതയാർന്ന മുഖങ്ങളൊട്ടു
താരങ്ങൾതാണവിടെ നില്പതുപോൽ സ്ഫുരിപ്പൂ.

ചിന്തിക്കിലിന്നുമതഹോ നവഹർഷബാഷ്പം
ചിന്തുന്നു കണ്ണി,ലതിരറ്റെഴുമേ പ്രമോദം
സ്വന്തംഗൃഹങ്ങളിലുമിഷ്ടരണഞ്ഞിറ്റുമ്പോ-
ളെന്താകണം കഥ വിദേശവനാന്തരത്തിൽ!

സ്നേഹം ജഗത്തിതിനു ജീവിതമാം നിനയ്ക്കിൽ
മോഹാന്തജീവിതമതിന്നുമഹോ വിളക്കാം
ആകാന്തകോശംഹ ഞാനെഴുതീടിലേകും
സ്നേഹത്തിനാത്മസുഖമെന്നൊരു സംജ്ഞകൂടി

ലോകാനുരാഗമിയലാത്തവരേ, നരന്റെ-
യാകാരമാർന്നിവിടെ നിങ്ങൾ ജനിച്ചിടായ്‌വിൻ
ഏകാന്തനിർമ്മമതരേ, വെറുതേ വനത്തി-
ന്നേകാന്തമാം ഗുഹവെടിഞ്ഞു വെളിപ്പെടായ്‌വിൻ.

എത്തുന്നതേ മിഴിയിലെന്നിലുദിക്കുമൻപാൽ
വിസ്താരിതേക്ഷണമെഴും സുകുഖൻ സഖാതാൻ
പ്രത്യക്ഷമായ് വിദുഷിയാം പ്രിയയോടുമെന്മേ-
ലത്യന്തമുൾപ്രിയമിയന്ന കിടാങ്ങളോടും.

ഓർക്കുന്നിതങ്ങവർ മുസാവരിതന്നിലെന്നെ-
പ്പാർക്കുന്നതും കുളികഴിഞ്ഞു കൂതൂഹലത്താൽ
നോക്കിന്നുനോക്കൂ, മകമേ പ്രിയമേലുമോരോ
വാക്കിന്നുവക്കുമരുളുന്നതുമുണ്മതും ഞാൻ

ചിന്തിപ്പൂ, പോയൊടുവിലച്ചെറുകാനനത്തിൽ
ചന്തങ്ങൾ കണ്ടിടയിൽ നില്പതിരിപ്പതും ഹാ!
സന്തുഷ്ടിപൂണ്ടുഴറി ഞങ്ങൾ നികേതനത്തി-
ലന്തിക്കുമുമ്പണവതും പതഗങ്ങൾപോലെ.

പാരം തെളിഞ്ഞ ഹൃദയങ്ങളിലങ്ങു കണ്ട-
തോരോന്നുമാശു നിഴലിച്ചു കിനാവു കണ്ടും
തീരാത്ത കൗതുകഭരത്തൊടടുത്തനാൾ ഹാ!
നേരം വെളുപ്പതിനുമുമ്പുണരുന്നു ഞങ്ങൾ.

ആലോലമൂതുമൊരു കാറ്റിലഹോ ജനത്തി-
ന്നാലാപമേതുമിയലാത്ത വനാന്തഭൂവിൽ
കാലത്തുണർന്നു കളനാദമെഴുന്ന പക്ഷി-
ജാലങ്ങൾ പാടിടുവതാത്മസുഖം തരുന്നു.

പോകാതെയും ശിശിരമുദ്ഭടപുഷ്പകാല-
മാകാതെയും സ്വയമുഷസ്സിൽ ഹിമാർദ്രമായും
ഏകുന്നു കൗതുക, മിളംതളിരാർന്നു, കന്യാ-
പാകത്തിൽനിന്നു, പരിശുദ്ധവനാന്തഭംഗി.

കാണുന്നു ഞങ്ങളണപൊട്ടിയപോൽക്കിഴക്കു
ചേണാർന്നു ചിന്തുമരുണാരുണകാന്തിപുരം
ക്ഷോണീതലം നിറവതും ഹിമശീകരങ്ങൾ
മാണിക്യശോഭ തടവുന്നതുമൊട്ടുനേരം.

അന്നന്തിയാവതിനകം `ബനവല്ലി’യെത്താ-
നൊന്നിച്ചു കൗതുകമൊടൊത്തു തിരിച്ചു ഞങ്ങൾ
ചെന്നീടവേ ധരയുമംബരവും മറച്ചു
നിന്നീടുമായടവിയുള്ളമുലച്ചു പാരം.

മെല്ലെന്നു ശാഖികളിലൂതിയ കാറ്റിലൂർമ്മി-
തല്ലുന്നപോലിളകിനിന്ന മഹാവനത്തിൽ
ഉല്ലാസമാർന്നു നടുവേ മുഴുകുന്നു ഞങ്ങ-
ളെല്ലാവരും കടലിൽ മത്സ്യഗണംകണക്കെ.

സൂര്യൻ പുറത്തെഴുമിരുട്ടുമകത്തു കാറ്റിൻ-
കാര്യം വെടിഞ്ഞ നിലയും സുഖമാം തണുപ്പും
പര്യാകുലം കിളികൾതൻസ്വനവും മരത്തിൻ
നിര്യാസഗന്ധവുമഹോ! കവരുന്നു ചിത്തം.

നോക്കുന്ന ദിക്കുകളിലൊക്കെ മഹാതരുക്കൾ,
പൂക്കും മഹാലതകൾ, ഭൂരി മുളന്തടങ്ങൾ,
നിൽക്കാതെ വെള്ളിലകൾ വീണവ മെത്തയായു-
ള്ളക്കാട്ടിലെത്തറകളാരിഹ വാഴ്ത്തുമെല്ലാം!

ഓടിപ്പൂ ബാഹ്യകരണങ്ങളെ ഞങ്ങളെ, കാട്ടിൻ
മോടിപ്രഭാവമതിലങ്ങവ മങ്ങി നില്പൂ
ക്രീഡിച്ചു വാടിയ കിടാങ്ങൾകണക്കെ വൃഷ്ടി
താഡിച്ച പിച്ചിമലരിൻ നികരംകണക്കെ.

കണ്ടാ മനൊജ്ഞതകൾ കുട്ടികൾ വിസ്മയിച്ചു-
കൊണ്ടാശു ഞങ്ങടെ മുഖങ്ങളിൽ നോക്കിയും ഹാ!
കൊണ്ടാടി ഞങ്ങളിതരേതരവും മിഴിച്ചു
മിണ്ടാതിരിപ്പു ശിവനേ! മൊഴി തോന്നിടാതെ.

പെട്ടെന്നു ഞങ്ങളൊരലൗകികമാം സുഖത്തിൽ-
പ്പെട്ടെന്തിവണ്ണ?-മഥവാ സ്വയമാദിശക്തി
വെട്ടിത്തെളിച്ചു, വികൃതാകൃതിയാക്കിടാതെ
വിട്ടുള്ള ഭൂപ്രകൃതിഭംഗിയിൽ വാഴ്വു ദേഹി.

ഓടാതെ, കണ്ഠ്മണിനാദമെഴാതെ, ഭക്തി-
തേടുന്നവാറിവിടെ മന്ദമഹോ നടപ്പൂ
ഈടാർന്ന വണ്ടിയെയിഴച്ചിണയൊത്ത മൈസൂർ-
മാടും മലഞ്ചെരിവിൽ വെണ്മുകിലിൻദ്വയം‌പോൽ.

ഒട്ടപ്പുറത്തുടനെ ഞങ്ങൾ ദിനേശരശ്മി
പെട്ടങ്ങുമിങ്ങുമിടവിട്ട മരങ്ങൾ കണ്ടൂ
പെട്ടെന്നു വീർപ്പുതടവു, മനവും കിനാവു-
വിട്ടങ്ങുഷസ്സിലുണരും ശിശുപോൽക്കളിപ്പൂ.

നൂനം മനോഹരവനങ്ങളിലിച്ഛപോലെ-
യാനന്ദമാർന്നു മരുവും ചരജീവിവൃന്ദം
ജ്ഞാനം വഹിക്കുകിലവറ്റയിലേകമാവാൻ
ഞാനെപ്പോഴും മതിയിൽ മോഹമിയന്നിടുന്നു.

നിൽക്കാമടുത്തിവിടെയാന മുളന്തടത്തിൽ
ഇക്കണ്ട വള്ളിമറയിൽക്കടുവാ കിടക്കാം
അക്കാര്യമോർത്തടവിയിൽ പ്രണയം വിടുന്നി-
ല്ലുൾക്കാമ്പു പേടിയറിയാ സുഖമേറിടുമ്പോൾ.

വിണ്ണറ്റമാഞ്ഞുവളരും മുളതന്റെ മൈലിൻ-
കണ്ണറ്റ പീലിസമമാം തഴ കാറ്റിലാടി
തിണ്ണെന്നഴുക്കുകൾ തുടച്ചു നഭസ്സിൽ നീല-
വർണ്ണം പുതുക്കിടുകയല്ലി വസന്തമെത്താൻ?

കെട്ടിശ്ശിശുക്കളെയിഴച്ചു മരത്തിലൊന്നു
വിട്ടൊന്നിലൂക്കോടു കുരങ്ങുകൾ ചാടീടുമ്പോൾ
പൊട്ടിച്ചിരിച്ചു വഴിമേലരുളുന്നു ഞങ്ങൾ-
ക്കൊട്ടേറെ മോദമതിവിസ്മിതരാം കിടാങ്ങൾ.

പോയാശു ഞങ്ങളഥ വണ്ടിയിൽ നിന്നിറങ്ങി-
സ്സയാഹ്നശോഭയതു കണ്ടു നടന്നു മന്ദം
ആയാസമെന്നിയണയുന്നു ഖഗങ്ങൾ കുറവും
തോയാശയത്തിനരികിൽച്ചെറു ബങ്കിളാവിൽ.

നില്ലാതെ പോയ് ശിശിരമേറെ വിടർന്ന പൂക്ക-
ളില്ലായ്കിലും നെടിയ പൊയ്ക തരുന്നു മോദം
വല്ലാത്ത രോഗവിഷമസ്ഥിതി വിട്ടു മെല്ലെ-
യുല്ലാഘഭാവമെഴുമിഷ്ടജനം കണക്കെ.

ആർത്തും വിളിച്ചുമിടയിൽച്ചിറകാഞ്ഞടിച്ചു
നീർത്തുള്ളിപാറി നിരയായ് നിരയായ്പ്പറന്നും
പേർത്തും ജലോപരി പതിച്ചുമുഴന്നു പക്ഷി-
ച്ചർത്തുല്പതിച്ചുമിത ചേക്കു തിരഞ്ഞിടുന്നു.

മേയുന്ന കാലികളുമൊത്തിടയക്കിടാങ്ങൾ
പോയുള്ള പുല്ലുകൾ നിറഞ്ഞ നിലത്തിലൂടെ
തേയാത്തൊരോർമ്മ തരുമപ്പകൽ പൊയ്കവക്കിൽ
മായുന്നതോർത്തവിടെ ഞങ്ങൾ നടന്നിടുന്നു.

ദൂരത്തു പശ്ചിമതടത്തിലെരിഞ്ഞടങ്ങും
സൂര്യന്റെ കാന്തിയുമിരുട്ടുമിടഞ്ഞിടുന്നു
ഊരിൽക്കൊളുത്തിയ വിളക്കുകൾ പൊങ്ങിടാത്ത
താരങ്ങൾപോലകലെ മങ്ങി വിളങ്ങിടുന്നു.

മേടാകുമസ്ഥലമതിൽച്ചെറുബങ്കിളാവിൽ-
ക്കൂടാരമപ്പരിജനങ്ങളൊരുക്കി മുമ്പേ
വീടാക്കിയൂണിനുമുറക്കിനുമേതുമല്ലൽ-
കൂടാതെ രാത്രിയിലതിൽക്കഴിയുന്നു ഞങ്ങൾ.

മിണ്ടാതെ കുട്ടികൾ കിടക്കയണഞ്ഞു, കൂമ്പും
തണ്ടാരുപോലെ മിഴിപൂട്ടിയുറങ്ങിടുമ്പോൾ
കണ്ടാളെഴാത്ത മലനാട്ടിലെ രാവു ഞങ്ങൾ
രണ്ടാമതും വെളിയിലെത്തിയിരുന്നിടുന്നു.

അന്തിക്കു മൊട്ടുകൾ വിടർന്നൊരു കാട്ടുമുല്ല
ചിന്തും മണത്തൊടു തണുത്തു കൊഴുത്ത തെന്നൽ
പന്തിക്കു ചെറ്റു പനിനീരു പൊടിഞ്ഞു വീശി-
യെന്തുള്ളലിഞ്ഞു കളഭം കുടയുന്നതല്ലീ?

ചാരത്തു കായ്നിര പഴുത്തു മണം കലർന്ന
പേരാലിൽ വന്നു കടവാതിൽ നിറഞ്ഞുപോയി
നേരേ നിലാവതിൽ മുതിർന്നു പറന്നു മൂങ്ങ-
യോരോരു മൂലകളിൽ മൂളിയിരുപ്പുമായി.

എങ്ങും പരക്കുമൊരുമൂടലിയന്നുമങ്ങു-
മിങ്ങും ചടച്ചു വിളറും ചെറുകൊണ്ടലാർന്നും
മങ്ങും നിലാവിൽ മരവും നിഴലും നിലത്തി-
ലങ്ങങ്ങു രാവിരുളു കൂട്ടുവതോ നിരത്താൻ?

ഏറുന്നൊരിമ്പമതിനാൽ മൊഴിവിട്ടു ഞങ്ങൾ
കൂറാർന്നിടുന്നു തനിയേ വെറുതേയിരിപ്പിൽ
പാരില്പ്പലേ സുഖമയൂഖഗണത്തിനൊറ്റ-
വേരായടിക്കു വിലസും രവി മൗനമത്രേ.

വിട്ടങ്ങിരിക്കവെയുടൻ മലർപോയൊഴിഞ്ഞ
ഞെട്ടാക്കിയുള്ളിലണയും തനതോമലാളെ
ഒട്ടോർത്തിരുന്നിനിയ തോഴർ തുടർന്നുപോയ
മട്ടും മറന്നവിടെ ഞാൻ തനിയേയിരിപ്പൂ.

വായ്ക്കുന്നതില്ല മതിയാർന്ന വെളിച്ചമെങ്ങും
നോക്കുന്ന താരകങ്ങൾ നിന്നു മയങ്ങിടുന്നു
കേൾക്കുന്നതുണ്ടു ചെറുകാറ്റിനിരമ്പൽ മെല്ലെ-
ക്കൂർക്കം‌വലിച്ചുലകുതന്നെയുറങ്ങുകല്ലീ?

         (അപൂർണ്ണം)

അനുബന്ധം[തിരുത്തുക]


രണ്ടായി കൊല്ലമതുമല്ലിതിനുള്ളിലേറെ-
യുണ്ടായി സംഭവമിതൊക്കെ മറക്കിലുംതാൻ
തിണ്ടാടിയോർമ്മയിലഹോ നിഴൽപോലെ പൊങ്ങു-
ന്നുണ്ടോ കൂതുഹലവുമാ വനയാത്രതാനും.

എന്നല്ലയന്നു സുഖമൂകതയഅർന്ന ചിത്ത-
മിന്നേറ്റമുൽക്കലികയാർന്നിതു പാടുവാനും
സ്പന്ദിച്ചിടാതെ പുതുപൂമധുവുണ്ടു പാരം
മന്ദിച്ചിരുന്നു മുരളുന്നൊരു വണിപോലെ.

കാണുന്നു മുമ്പരുവി ഞാൻ, അതിൽ നിന്നുടുന്നെൻ-
പ്രാണങ്ങൾ നിർവൃതികലർന്നുടനെങ്കിലും താൻ
വാണീ മദീയയതിൽ വൈഭവമറ്റപോലെ
പോണിന്നു പിൻവഴിയിലുള്ള വനാന്തരത്തിൽ.

തുംഗാതടം മുതൽ വടക്കു തുടർന്നുകാണും
ശൃംഗങ്ങൾമേൽ മിഴിയെയിന്നുമിഴച്ചിടുന്നു
തുംഗാനുബന്ധികൾ നഭ:സ്ഥലിതന്നെ വേട്ട
ഭൃംഗാസിതച്ഛവികൾ പശ്ചിമപർവ്വതങ്ങൾ.

ഹാ! ലക്ഷ്യമായ് ലളിതജംഗമഗണ്ഡശൈല-
ജാലത്തൊടൊത്ത ഗജയൂഥസമാകുലങ്ങൾ
സാലങ്ങൾ വിട്ടിത ലതാവലയം പറക്കും-
പോലംബരത്തിൽ മയിൽ വട്ടമിടും വനങ്ങൾ.

വായ്ക്കും സുഖം വിജനനഷ്ടവികാസമാകാ-
താക്കീയിനിക്കു വിധി, കണ്ടയി(?) സൗഹൃദത്താൽ
ആക്കാടു കാണ്മതിനണഞ്ഞ 'യനൂരി'ലെന്നെ-
ക്കാക്കുന്നൊരു പ്രിയമുഖങ്ങളെയിന്നിതാ ഞാൻ.

ആഹാ സുഹൃത്തമസമാഗമസൗഖ്യമെത്ര
മോഹാസ്പദം സ്വയമതും പുനരന്യനാട്ടിൽ
സ്നേഹാകുലത്വമൊടു പിന്നൊരു കാട്ടിൽ-ഏതു
സൗഹാർദ്ദതയൊഴിഞ്ഞഥവാ സുഖം‌താൻ.

ലോകാനുരാഹവിമുഖാത്മഗണങ്ങളേ, മർ
ത്ത്യാകാരമാർന്നിവിടെ നിങ്ങൾ ജനിച്ചിടായ്‌വിൻ
ഏകാന്തനിർമ്മമതരേ ബത! നിങ്ങൾ നാട്ടി-
ലേകാന്തമാം ഗുഹയിൽനിന്നു പുറപ്പെടായ്‌വിൻ.

നെഞ്ചൊത്തുകൂടിയൂരുനിർവൃതിയാർന്നു നീളെ-
ച്ചഞ്ചൊത്തെഴുന്ന വനശോഭകളാസ്വദിപ്പാൻ
ചാഞ്ചാടുമിന്ദ്രിയപശുക്കളെ മേച്ചുപോന്നു
വാഞ്ച്ഛാനുകൂലമിത ഗോപർകണക്കെ ഞങ്ങൾ.

പോകാതെയും ശിശിരമുദ്ഭടപുഷ്പകാല-
മാകാതെയും ദിനമുഖങ്ങളിലാർദ്രമായും
ഏകുന്നു കൊഉതുകമിളന്തളിരാർന്നു കന്യാ-
പാകത്തിൽനിന്നു പരിശുദ്ധവനാന്തഭംഗി.

അഗ്രാഭകണ്ടണയുമാറ റിയാതെയക്ഷ-
പ്രഗ്രാഹി ഞങ്ങളെയിതഅ കബളീകരിച്ചു
അഗ്രാഹ്യസീമമതിദുർഗ്ഗമമാളെഴാത്തൊ-
രുഗ്രാടവീതടമുദാരമനോഭിരാമം.
         (അപൂർണ്ണം)