Jump to content

വനമാല/കളകണ്ഠഗീതം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വനമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
കളകണ്ഠഗീതം

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

മ്പം തരുമീ മധുയൗവനവും
സമ്പത്തുമനിത്യമെടോ സകലം
ശംഭുസ്തുതി ചെയ്യുക ചൂതമര-
ക്കൊമ്പിൽക്കൂടിയാർന്ന കരുങ്കുയിലേ.

വാടുന്നിത, വീണഴിയുന്നു, മണം
തേടുമ്മലരിമ്മലർവാടികളിൽ,
വാടാതവയില്ല ശിവങ്കുഴലാ-
മേടാർമലരെന്നിയിളംകുയിലേ.

കണ്ടൊ കമനീയതയാർന്നു മദം
പണ്ടേറെയിയന്നൊരു പൂങ്കുഴലി
തെണ്ടുന്നിത നിന്ദിതയായ് ജരയാ-
ലുണ്ടോ നിലയൊന്നിനുമെൻ‌കുയിലേ.

രംഭോരു രതിക്കു സമാനയെടോ
കുംഭസ്തനി കോമളമേനിയിവൾ,
ശംഭോ, ശിവ, ജർജ്ജരയായഴിയും
പൈമ്പാൽമൊഴി പാടിവരുങ്കുയിലേ

അയ്യോ!യിതു കാലമതാം കനൽകൈ
ചെയ്യും ചിതയും ചുടുകാടുമെടോ
നിയ്യാഴരുതിന്നിതിലുണ്ടു ശിവൻ
കയ്യാളുമവൻ കരുമാം‌കുയിലേ.

കാണ്മാനുമുമാരമണൻ കഴൽ നീ
പൂണ്മാനുമിയറ്റുക മോഹമെടോ
താമ്രാധരിയിൽ കൊതി കുത്സിതമാ-
മാമ്രാടവിയാർന്നെഴുമാൺ‌കുയിലേ.

ആരാലുമമേയനഖണ്ഡസുഖാ-
കാരൻ, കരുണാമൃതമേനി ശിവൻ
ആരായുകിലാശ്രയമാമവനിൽ-
ച്ചേരാത നരൻ നരനോ കുയിലോ?

പാരാദു പുരന്ദരജാലമിതിൽ
നേരായതു നിർമ്മലബോധമെടോ
ഓരാതിദമൂഴിയിലുള്ളവനി-
ന്നാരാകിലുമല്പനവൻ കുയിലേ.

ആഹാരവിഹാരമിവറ്റിലെഴും
മോഹാദി മൃഗത്തിനുമൊപ്പമെടോ
ദേഹാദികൾ ഭൗതികമാണതിലെ-
ന്താഹാ! പറകന്തരമെൻ കുയിലേ.

തെല്ലേറെ വിവേകികൾ മാനവരാം
നല്ലോരതിൽ നല്ല വിവേകികളാം
എല്ലായറിവും ശിവനേകനെടോ
മല്ലീലത ചൂടിയ മാം‌കുയിലേ.

ഏതിൽത്തടയും നിജബോധമതാ-
ണോതീടുകിൽ ജീവിതമായതെടോ
ചേതസ്സു ശിവങ്കലമർത്തുകിലീ
നീതാനവനാ നറുമാങ്കുയിലേ.

ഓരോന്നിലുമിന്ദ്രിയഗോചരമാ-
യോരുന്നവയല്ല യഥാർത്ഥമെടോ
നേരല്ല നഭസ്സിനു നീലിമ നൽ-
ത്താരേറിയ തൈമധുമാങ്കുയിലേ.

കാണുന്നവ തത്ത്വവിവേചനയിൽ
കാണാതണുവായണുവായഴിയും
ഏണാങ്കുധരൻ കഴൽ നിൽക്കുമെടോ
വാണീജിതവൈണികമാം കുയിലേ.

ബോധത്തിലഴിഞ്ഞവബോധമതാം
ബോധിപ്പവനാ‍മവനേ ശിവനാം
ഏതും ചലിയാതെയിരിക്കയിളം
വാതാവിലവാർവനമാം കുയിലേ

ഭേദങ്ങൾ പറഞ്ഞു പടർന്നുവരും
വാദങ്ങൾ വരുത്തുമനർത്ഥമെടോ
വേദങ്ങൾ തിരഞ്ഞറിയാവടിവിൻ
പാദം‌പ്രതി ചാടുക നീ കുയിലേ.

ബോധത്തിലഴിഞ്ഞവബോധമതാം
ബോധിപ്പവനാ‍മവനേ ശിവനാം
ഏതും ചലിയാതെയിരിക്കയിളം
വാതാവിലവാർവനമാം കുയിലേ.

ഭേദങ്ങൾ പറഞ്ഞു പടർന്നുവരും
വാദങ്ങൾ വരുത്തുമനർത്ഥമെടോ
വേദങ്ങൾ തിരഞ്ഞറിയാവടിവിൻ
പാദം‌പ്രദി പാടുക നീ കുയിലേ.

ബോധം വിഷയം‌പ്രതി നില്ക്കുകയാ-
ലേതിന്നുമെഴും പ്രതിപക്ഷമെടോ
വാദങ്ങളൊഴിഞ്ഞതു വാസ്തവമാ-
മാധുതവനാളിയിളംകുയിലേ.

ശേഷിപ്പതു ബോധമയൻ ശിവനാം
ശേഷങ്ങളവന്റെ വിഭൂതികളാം
ശേഷിക്കയുമില്ലവ ചിന്മയനിൽ
ഭാഷാജിതപൂമധുവാം കുയിലേ.

ദോഷാകരനും നിജദീധിതിയും
ദോഷേതരമോർക്കുകിലേകമെടോ
ശേഷിപ്പൊരു ചിത്ദ്യുതിയും ശിവനാം
യോഷാവചനാരവമാം കുയിലേ.

ഇല്ലതവിശേഷമൊഴിഞ്ഞിടുമാ-
റെല്ലാം സ്വയമസ്ഥിതമാകുമെടോ
കല്ലോലമടങ്ങിയ വൻ‌കടൽപോ-
ലെല്ലാം സുഖമാകുമെടോ കുയിലേ.

ഈ തത്ത്വമറിഞ്ഞിഹ പാടുകിൽ നിൻ
ഗീതത്തിനു മാധുരി കൂടുമെടോ
ആതങ്കമകന്നനപായരസം
ചേതസ്സെ ഹരിക്കുമെടോ കുയിലേ!

"https://ml.wikisource.org/w/index.php?title=വനമാല/കളകണ്ഠഗീതം&oldid=52470" എന്ന താളിൽനിന്ന് ശേഖരിച്ചത്