Jump to content

വനമാല/ഒരു അനുമോദനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

പൂവേ സൗരഭമുള്ളനാൾ ഭുവനമാ-
     ന്യം നീ, പുരാരാമമ-
ല്ലാവാസം, സ്വയമിന്നദിഷ്ടകൃതമാ-
     യീടുന്ന കാടെങ്കിലും,
ഭൂവിൽത്താണേറിയാത്ത ഗർഭമതിലുണ്ടാം
     ഹീരമേ, സ്വൈര്യമായ്
മേവാമത്രേ കരേറി നീ മഹിതമാം
     കോടീരകോടീതടം.

എന്നല്ലുജ്ജ്വലമായ് നഭസ്സിൽ വിലസും
     നക്ഷത്രമേയത്രനി-
ന്നെന്നും മഞ്ഞു മറച്ചിടാ, മുകിലുമെന്നും
     നിന്നെ മൂടാ ദൃഢം
മന്നിൽ ത്വദ്ഗുണമെന്നുമോരുവതി-
     നാളില്ലെന്നതും വന്നിടാ-
മിന്നും കാന്തി നിനക്കു നൽകിയ വിധാതാ
     മൂർഖനല്ലോർക്ക നീ.

ഉദ്യത്താം പുഴയെങ്ങുദിച്ചുദധിയെ-
     ങ്ങിന്നെത്ര സുസഥൈര്യമാർ-
ന്നുദ്യോഗിച്ചിഹ ഗണ്ഡശൈലനിരയാ
     സ്രോതസ്സെ രോധിപ്പതും
എത്തീടേണ്ടവയെത്തിടേണ്ട ദിശി ചെ-
     ന്നെത്തും തടുത്തിന്നൊരാൾ
നിർത്തീടാൻ കരുതേണ്ടഹോ! നീയതിത-
     ന്നുദ്ദേശ്യമുദ്ദാമമാം.

അന്യോൽക്കർഷവിരക്തരാത്മസുഖമ-
     റ്റൈശ്വര്യമറ്റന്ധരായ്-
ത്തന്നെത്താനെരിയുന്നു കത്തിയൊരസൂയാ-
     വഹ്നിതന്നിൽ സദാ
അന്യൂനം പറയാം മനുഷ്യരിൽ ദുരീർഷ്യാ
     മുക്തരാരാകിലും
ധന്യന്മാരവർ; സത്യമോതി ഭഗവാൻ
     ബുദ്ധൻ വിവൃദ്ധാശയൻ

ഉൽക്കർഷത്തിനു ജാതിജാതിയൊടിട-
     ഞ്ഞോരാതെ പോരാടിയോ
നിഷ്കാര്യം സമുദായമാഞ്ഞു സമുദാ-
     യത്തോടെതിർത്തോ സ്വയം
ഒക്കെപ്പാടെ വരും ജയാപജയമെല്ലാം
     കണ്ടുകൊണ്ടത്രമേൽ
നിൽക്കുന്നുണ്ടൊരു കൈ! സമീകരണസ-
     ന്നാഹത്തൊടൂഹിക്കുകിൽ.

പൊങ്ങും താണതു, പൊങ്ങിനിന്നതതുപോൽ
     താഴും; വിളങ്ങുന്ന പൂ-
മങ്ങിപ്പോമിഹ നാളെ നൂനമഥവാ-
     യിന്നല്ലയെന്നാകിലും,
എങ്ങും ഭംഗമെഴാതെയീ നിയമമാം
     ചക്രം ചലിക്കുന്നതിൽ
ത്തങ്ങീടുന്നഖിലം, തദാശ്രയഫലം
     നൽകുന്നു യത്നങ്ങളും.

കിട്ടാഞ്ഞു ഗുണതുല്യവൃത്തി നിജരാജ്യം
     വിട്ടു നഷ്ടാശനായ്
ബ്രിട്ടീഷാശ്രയമെന്നു പോയ് വിദിതനാം
     പി. വേലു, ബി. ഏ. ഭവാൻ
സ്പഷ്ടം ഭാരത ചക്രവർത്തി പരിതോ-
     ഷിച്ചു ലഭിച്ചീപ്സിതം
ദിഷ്ടത്താലതുമല്ല ‘റാവുബഹദൂ’രെ-
     ന്നായ് ഭവന്നാമവും.

ആരോർത്തീ ഗതമായ കൊള്ളിയതിവർ-
     ത്തിക്കും വിളക്കാകുമെ-
ന്നാരീ വിസ്തൃതമായ വിത്തു മരമായ്
     വായ്ക്കുന്നുവെന്നോർത്തതും?
പാരം വിസ്മയവും കൂതൂഹലവുമു-
     ണ്ടാകുന്നിതാനന്ദവും
ധീരാത്മൻ, സ്വയമോർത്തു ലോകഗതിയിൽ-
     ത്തോന്നുന്നു വിശ്വാസവും.

യോഗ്യൻ യുക്തപദം ഭവാനിതഥവാ
     പ്രാപിച്ചതാശ്ചര്യമ-
ല്ലോർക്കുന്നുണ്ടധികോന്നതിക്കുമധികം‌-
     പേർ പാത്രമാവാമതും
ഭാഗ്യത്തെപ്പുകഴുന്നതിൽ പ്രഥയുമ-
     ല്ലുണ്ടന്യധന്യത്വമീ
വാഗ്ബന്ധത്തിനു പിന്നെ-ലോകമറിയു-
     ന്നുണ്ടായതോതാതെയും

പോകട്ടായതു ഭൂരിമോദമിയലു-
     ന്നൊന്നല്ല രണ്ടല്ലതാൻ
ഈ കാണും ഭവദീയർതൻ ഹൃദയമി-
     നീരേഴുനൂറായിരം
ആകക്കണ്ടു കൃതാർത്ഥനാകുക, ഭവാൻ
     മാഹാത്മ്യമാത്മീയമാം
ലോകത്തിന്നെഴുമേവനാൽ, ഗുണനിധേ!-
     യിന്നാപ്പുമാനേ പൂമാൻ

പ്രീതിക്കായ് സുമതേ, ഭവാനെ വെറുതേ
     വർണ്ണിക്കയോയല്ല ഞാൻ
ജാതിസ്നേഹനിമിത്തമാം ജളതയാൽ
     കെല്പാർന്നു ജല്പിക്കയോ
ചേതസ്സിങ്കൽ യുവാക്കളീ ചരിതമൊ-
     ന്നക്ലിഷ്ടദൃഷ്ടാന്തമായ്
വേദിക്കും സ്ഥിരയത്നനിഷ്ഠയതിനും
     വിദ്യോദ്യമത്തിന്നുമേ.

ഹാ! വാഴേണ്ടിയിരുന്നയേ വിദിതവൃ-
     ത്താന്തൻ ഭവത്താതനി-
ന്നാ വിദ്യാപ്രണയിക്കെഴും രസവുമാർ-
     ക്കെത്തും കൃതാർത്ഥത്വവും
ഭൂവിൽ ധീഗതിപോലെയോ പിണയുമാ-
     ശാതന്തുവെപ്പോലെയോ
ജീവൻ നീളുവതില്ല മർത്ത്യനയി, കഷ്ടം!
     പോട്ടെ ദൈവേഷ്ടമാം.

ഈ മന്നിൽപ്പരിപൂർത്തിയില്ല വിഭവ-
     ങ്ങൾക്കൊന്നുമെന്നാകിലും
ഹേ മാന്യാശയ, നിങ്ങൾ ഭാഗ്യനിധിയാ-
     ണീവൃത്തമോർത്തിപ്പൊഴും.
സാമോദം കലരുന്നു തേ സ്ഥവിരയാം
     മാതാ സമുദ്ബുദ്ധമാം
ഹേമന്താംബുജമൊത്ത വക്ത്രമതിലാ-
     യാനന്ദമന്ദസ്മിതം.

ചൊൽക്കൊള്ളുന്ന പദങ്ങളും മഹിമയും
     മേന്മേലുമേലും ഭവാ-
നുൽക്കർഷത്തിനു ദേഹികൾക്കവധിയിൽ-
     ല്ലത്രേ തനുത്യാഗവും
ഉൽക്കാമ്പിൽ ജഗദീശഭക്തിയൊടുമ-
     ങ്ങാരോഗ്യമോടും ചിരം
വിഖ്യാതത്വമിയന്നു വാഴ്ക സമുദാ-
     യത്തേയുമോർത്തീടുക.
                                                       - 1906

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകൾ

"https://ml.wikisource.org/w/index.php?title=വനമാല/ഒരു_അനുമോദനം&oldid=52465" എന്ന താളിൽനിന്ന് ശേഖരിച്ചത്