രാമചന്ദ്രവിലാസം/ഒന്നാം സർഗം
←മൂലഗ്രന്ഥത്തിന്റെ മുഖവുര | രാമചന്ദ്രവിലാസം രചന: ഒന്നാം സർഗം |
രണ്ടാം സർഗം→ |
- രാമചന്ദ്രവിലാസം
- (മലയാളകാവ്യം)
- ഹരിഃ ശ്രിഗണപതയെ നമഃ
- അവിഘ്നമസ്തൂ
മാർത്താണ്ഡദേവന്റെ മഹാകുലത്തിൽ
കീർത്തിപ്രതിഷ്ഠാപകനാം മഹാത്മാ
മായാവിലാസത്തെ വഹിച്ച ദിവ്യ-
ശ്രിരാമദേവൻ വിജയിച്ചിടേണം. 1
നന്മയ്ക്കു മാവല്ലഭനും മാഹേശൻ
തന്മക്കളാമുണ്ണികൾ രണ്ടുപേർക്കും
എൻമേൽ കനിഞ്ഞീടുവതിന്നു വാക്കാ-
മമ്മയ്ക്കുമായ് താണിഹ കൈതൊഴുന്നേൻ. 2
ആകാത്തതെന്തൊന്നു ഗുരുപ്രസാദം
സ്വാകാംക്ഷ പോലിങ്ങു കരസ്ഥമായാൽ?
ശ്ലോകാഢൃരാം ദേശികരെ പ്രമാണി-
ച്ചേകാഗ്രചേതസ്സോടു കുമ്പിടുന്നേൻ. 3
മിത്രാന്ന്വയത്തിങ്കലുദിക്കുമുർവീ-
വ്യത്രാരികൾക്കൊക്കെ വസിപ്പതിനായ്
വിസ്താരിയാമുത്തരകോസലത്തിൽ
പ്രഖ്യാതയായുണ്ടൊരു രാജധാനി. 4
ഭയന്നു മണ്ടാത്ത വിരോധികൾക്കും
ജയം ലഭിച്ചാൽ പണിയെന്നു കണ്ട്
“അയോധ്യ"യെന്നുളെളാരു സാർഥനാമം
പയോജജന്മാവിതിനേകി മുന്നാം. 5
സർപ്പാധിരാജന്റെ ഫണസ്ഥയായോ-
രിപ്പൂഴിമാതിന്റെ ലലാടദേശേ
ശിൽപ്പം വിളങ്ങുന്നൊരു പൊട്ടുപോലാ-
ണിപ്പട്ടണം ഭൂതിവിലാസമോർത്താൽ. 6
വാനം തൊടും മട്ടിലുയർന്നിതിൽ ഭൂ-
ജാനീശ്വരന്മാരുടെ മേട കണ്ടാൽ
നാനവിചിത്രാന്ന്വിതവൈജയന്ത-
സ്ഥാനപ്രതിച്ഛയയതെന്നു തോന്നും. 7
സൗധങ്ങൾ മേൽപ്പെട്ടു വളർന്നു നമ്മെ-
ബ്ബാധക്കു മെന്നുള്ളൊരു സംശയത്താൽ
ധാതാവു പണ്ടേ നിജവാസലോകം
സാധിച്ചതല്ലീ? സകലത്തിനും മേൽ. 8
-ആദിത്യനാത്മാന്ന്വയജാതർ വേന
ല്ക്കാതിർഥ്യമേകുന്നതു കൊള്ളുവാനായ്
ആദിക്കിലെത്തുമ്പൊഴിരിക്കകൊണ്ടു-
ള്ളാധിക്യമല്ലീ? പകലേറ്റമിന്നും. 9
സൗവർണസങ്കൽപ്പിതമായ മട്ടു-
പ്പാവിൽ പതിച്ചുള്ളൊരു ചന്ദ്രകാന്തം
സേവിച്ചിടുന്നോരുടെതാപമാറ്റി
നിർവാണമേകുന്നിഹ വിഷ്ണുവെപ്പോൽ. 10
പ്രാകാരകുഡ്യങ്ങളിൽ നാലുപാടും
നൽഗോപുരദ്വാരമുഖത്തിലെല്ലാം
വർണങ്ങൾ കോലും മറയാർന്നു നേരാം-
വണ്ണം വഹിക്കുന്നിതു നാ൯മുഖത്വം. 11
താരാപഥത്തോളമുയർന്ന സൗധ-
ദ്വാരാഗ്രഭാഗത്തു ഹിമാംശു താനും
ആരാൽ മഴക്കാറുമണഞ്ഞിടുമ്പോൾ
മാരാരിയെപ്പോലിതു ഭംഗിതേടും.12
അന്തഃപുരസ്ത്രീജനലോചനത്തിൻ
ചന്തത്തിനെച്ചെന്നു ജയിച്ചു പോരാൻ
ചെന്താമരപ്പൂക്കൾ കിടങ്ങിലെല്ലാം
പൊന്തുന്നു സാലത്തെ വളഞ്ഞിതിങ്കൽ. 13
വൃന്ദാരകേന്ദ്രന്റെ പൂരത്തിനൊപ്പം
മിന്നുന്ന സാകേതപുരാന്തികത്തിൽ
നന്നായ് വിളങ്ങും സരയൂനദിക്കും
മന്ദാകിനിക്കും ചെറുതല്ല സാമ്യം.14
ദിവ്യത്വമാർന്നോരിതിലുള്ള തീർഥം
സേവിച്ചിടുന്നു പല ജീവജാലം
മാലിന്യമെന്ന്യേ മഹിതം പ്രസാദം
കോലും മഹാത്മാക്കൾ നിഷേവ്യരത്രേ.15
പ്രജാധിപൻ കാശ്യപനിപ്പുരത്തിൽ
സുജാതയാമിന്ദുമതീവയറ്റിൽ
അജക്ഷമാവല്ലഭസൂനുവായി
ബ്ഭജിച്ചുപോൽ പങ് ക്തിരഥാഭിധാനം. 16
മനുസ്മൃതിക്കൊത്തൊരു ധർമമെല്ലാ-
മനുസ്മരിച്ചിപ്പുരമാസമന്താൽ
ഭരിച്ചൊരപ്പംക്തി രഥക്ഷിതീശൻ
പരത്തി നൽകീർത്തി ജഗത്തിലെല്ലാം.17
ദാരിദ്ര്യമില്ലീതികളില്ല നാട്ടിൽ
ചൗര്യപ്രവൃത്തിക്കവകാശമില്ല
കൈക്കാണവും കോഴയുമില്ല പൗര-
ർക്കെക്കാലവും മങ്ഗലമേകി ഭൂപൻ. 18
ചൊൽക്കൊണ്ട കൗസല്യയുമക്കൃശാങ്ഗി
കൈകേയിയും സൗമ്യ സുമിത്രതാനും
ദാരങ്ങളായിവന്നു നൃപന്നുദാര-
സാരം സ്വശക്തിത്രയമെന്നപോലെ. 19
സന്താനമില്ലാഞ്ഞൊരുനാൾ നൃപേന്ദ്രൻ
മന്ത്രീശ്വരന്മാരെ വിളിച്ചടുക്കൽ
മന്ത്രിച്ചു വല്ലായ്മയശേഷമപ്പോൾ
തന്ത്രജ്ഞരോരോന്നറിയിച്ചുപായം 20
എട്ടാമനാം മന്ത്രി സുമന്ത്രനപ്പോൾ
സാഷ്ടാങ്ഗപാതം നൃപനേ നമിച്ച്
ഉണർത്തിനാൻ പണ്ടു സനൽകുമാരൻ
മുനീശ്വരൻ ചൊല്ലിയ കാര്യസാരം.21
പരിഗ്രഹിച്ചിട്ടു സുമന്ത്രവാക്യം
നരേന്ദ്രനാങ്ഗേശ്വരനാളയച്ച്
പൊരുത്തകൗതൂഹലമാർന്നു വേഗം
വരുത്തി വൈദണ്ഡകനെപ്പുരത്തിൽ. 22
വസിഷ്ഠരോടിക്കഥയാദ്യമേ താൻ
വചിച്ചിതിൻ തീർച്ചയറിഞ്ഞ ശേഷം
വരിച്ചു വൈഭണ്ഡകനോടു ഭൂപൻ
വാരിഷ്ഠമാം നന്ദനകാമയാഗം. 23
സത്രത്തിനായ് വേണ്ട സഹായകർമം
ധാത്രീപതിക്കേകണമെന്ന മട്ടിൽ
പ്രത്യക്ഷമായ് വന്നു വസന്തമപ്പോ-
ളുദ്യാനഭൂവിങ്കലുപേതമോദം. 24
സശോകനാം ഭൂമിപതിക്കു തൻപേർ
വിശങ്കമേകുന്നതിനെന്ന പോലെ
വിശേഷപുഷ്പപങ്ങൾ ശിരസ്സിലേന്തീ-
ട്ടശോകവൃക്ഷങ്ങൾ വിളങ്ങിയെങ്ങും. 25
ചെമന്ന പുത്തൻ തളിർ നാലുപാടും
ചുമന്നു തൻപേരിനടുത്തകൃത്യം
നൃപന്നു ചെയ്യേണ്ടതിനാശയോടും
നിരന്നു നീളെസ്സഹകാരസംഘം.26
മഖം ഭുജിപ്പാനെഴുന്നള്ളുമംബാ-
സഖന്റെ പൂജയ്ക്കുതകീടുവാൻ പോൽ
പ്രകാണ്ഡമൊക്കെപ്പുതുപുഷ്പമേന്തി-
സ്സുകർണികാരം സുതരാം വിളങ്ങി.27
മാനം വളർത്തുന്ന മഖോത്സവത്തേ
മേനിപ്പെടുത്താനൊരു ലക്ഷദീപം
സ്തംഭങ്ങളിൽ തത്ര കൊളുത്തിയോണം
ചാമ്പേയവും മൊട്ടുകളിട്ടു നീളെ. 28
ധരാമണാളന്റെ ഗുണത്തെ വാഴ്ത്തും
ദ്വീരേഫവന്ദിപ്രകരത്തിനുണ്മാൻ
മരന്ദമേന്തീട്ടു മലർക്കുടത്തിൽ
സരോരുഹപ്പൊയ്കയുമുല്ലസിച്ചു. 29
അംഭസ്സു നിഷ്ക്കല്മഷമാക്കുവാനായ്
കുംഭോത്ഭവൻ ചൊല്ലിയയച്ചപോലെ
സംപ്രീതനായി ചന്ദനപർവതോത്ഥൻ
ഡിംഭാനിലൻ വന്നിഹ വീശി മെല്ലെ. 30
മഖത്തിനങ്ങെത്തിയ നാരദൻതൻ
കരത്തിൽ മേവുന്നൊരു വീണപോലെ
വിശുദ്ധമായിട്ടു മുഴങ്ങി മാമ്പൂ
രസത്തിനാലക്കളകണ്ഠകണ്ഠം.31
വിശ്വംഭരാവല്ലഭനശ്വമേധം
വിസ്താരമായിട്ടു കഴിച്ചശേഷം
പുത്രീയസത്രം നിറവേറ്റുവാനാ-
യർഥിച്ചു ശാന്താപതിയോടു ധന്യൻ.32
പാകാരിമുൻപായ നിലിമ്പലോകം
യാഗാംശമൻപോടു പരിഗ്രഹിപ്പാൻ
ഭൂകാമുകൻ തന്റെ മുഖാന്തരാളേ
ലോകേശനോടും ദ്രുതമാഗമിച്ചു. 33
സർവംസഹാദേവിയരക്കർ കാട്ടും
ഗർവം സഹിപ്പാനരുതായ്കയാലേ
നിർവേദഭാരത്തോടു ചെന്നുനിന്ന-
ഗീർവാണസങ്ഘേ വിധിയോടു ചൊന്നാം 34
പുലസ്ത്യപൗത്രാദിമദുഷ്ടരക്ഷോ-
ബലത്തിനാലേറെ വലഞ്ഞഹോ! ഞാൻ
വിലേശയശ്രേഷ്ഠനുമിന്നു ഞാനാം
ലലാടപുണ്ഡ്റത്തെ വെടിഞ്ഞിടാറായ്. 35
കർമങ്ങളൊട്ടുക്കു കുറഞ്ഞു ലോകേ
ധർമങ്ങളും കാടുകരേറി കഷ്ടം!
ശർമംവിനാ ദിക്കരിവീരരെട്ടു
മർമങ്ങൾ ഭേഭിച്ചുഴലുന്ന പാരാം. 36
ഈമട്ടിലുണ്ടായൊരു ദുർവിപാകം
നേരിട്ടു വർധിച്ചതു കാരണത്താൽ
നാളൊട്ടു പൊയ്പ്പോയിഹ കാലവർഷം
പെയ്തിട്ടു മേഘങ്ങളുമെത്ര കഷ്ടം! 37
കുലാങ്കനാവൃന്ദവുമപ്സരസ്ത്രി-
കുലങ്ങളും വിപ്രരുമാർത്തിമൂലം
നിലത്തു തൂകുന്നൊരു ബാഷ്പവർഷം
ഫലിച്ചിടുന്നില്ല മഴയ്ക്കു തുല്യം.38
കഷ്ടം ബഹുവ്രിഹീതയെന്നെ വേർപെ-
ട്ടൊട്ടേറേനാളായി മുഷിഞ്ഞ മട്ടിൽ
സ്വർഗത്തിലെ ദ്ദാനവവൈരിയെന്ന-
വാക്കിങ്കലുൾപ്പെട്ടു ലയിക്കുമാറായ്. 39
ഇത്ഥം നമുക്കിങ്ങു പലേവിധത്തിൽ
സിദ്ധിച്ച ദണ്ഡങ്ങളുണർത്തിനേൻ ഞാൻ
ചിത്തേ വിചാരിച്ചിവിടന്നു മേലാൽ
കർത്തവ്യമെന്തെന്നു വിധിക്കവേണം.40
വിധിക്കു മേലായ് പുനരൊന്നുമില്ല-
വിധിക്കുപാർത്താലഴിവില്ല തെല്ലും
വധിച്ചിടും മാനുഷനെന്നു മുന്നെ
വിധിച്ചവർക്കന്നിവിടന്നു തന്നേ. 41
ഹാഹാ! മനഷ്യാവലയോർത്തുകണ്ടാ
ലാഹാരമത്ര രജനീചരർക്ക്
മോഹാതിരേകത്തോടു ചെന്നെതിർപ്പോൻ
ദേഹാഭിമാനം വിടുമന്നുതന്നെ. 42
വല്ലായ്മയെന്തെങ്കിലുമുള്ള കാല-
ത്തല്ലാതെകണ്ടീശ്വരനാമധേയം
തെല്ലെങ്കിലും ചേതസി ചിന്തചെയ്യൂ-
ന്നില്ലെന്നതെല്ലാരിലുമുളളത്രേ 43
അംഭോജജന്മാവിതു കേട്ടനേരം
സംഭ്രാന്തിയുൾക്കാമ്പിലുയർന്നു പാരം
അംഭോജനാഭന്റെ പാദാരവിന്ദം
കുമ്പിട്ടുണർത്തിക്കണമെന്നുറച്ചു. 44
നാലാനനൻ ദേവകളോടുമേറ്റം
മാലാർന്നു നിൽക്കുന്ന ധരിത്രിയോടും
നീലാമണാളന്റെ നിവാസമാമ-
പ്പാലാഴിതൻ തീരമണഞ്ഞൂ വേഗം. 45
ബാലാർക്കകോപ്രഭമാം കിരീട-
ജ്വാലാകലാപഞ്ഞൊടുമാനനത്തിൽ
കോലും ചിരിച്ചന്ദ്രികയോടുമപ്പോൾ
നീലാളിവർണ്ണന്റെ വപുസ്സു കണ്ടാൻ. 46
കാറൊത്ത നല്ക്കാന്തി കലർന്ന കണ്ണൻ
മാറാത്തണിഞ്ഞുള്ളൊരു മാല്യഗന്ധം
പേറിത്തടഞ്ഞൂർമികളാലിളങ്കാ-
റ്റേറെത്തരംപോലവരെത്തലോടി. 47
സഹസ്രപത്രോത്ഭവനാദിയാമ-
മ്മഹാസമാജം പൂരുഭക്തിപൂർവം
മഹാമുനീന്ദ്രർക്കുമദൃശ്യനാകും
മഹാപുമാനെ പ്രണമിച്ചുവേഗം. 48
മന്ദസ്മിതംകൊണ്ടു പയഃപയോധി-
ക്കുന്നിദ്രധാവളൃംനിറം നിറച്ച്
നന്നായ് കടാക്ഷിച്ചു മുകുന്ദനേവം
വൃന്ദാരകന്മാരച്ചിതപ്പോൾ. 49
ഹേഹേവിധെ! വിണ്ണവർനാഥ! യുഷ്മൽ-
ഗേഹേ വിപത്തീയിടെന്തു? ചൊൽക
ഈവണ്ണമെല്ലാവരുമൊത്തുചേർന്നി-
ട്ടീവന്നയാത്രയ്ക്കു വിശേഷമെന്ത്?50
നാരായണൻതൻ മൊഴികേട്ടനേരം
പാരം പ്രമോദിച്ചു നിലിമ്പലോകം:
സ്മേരാസ്യുനാം മാധവനോടു,കുമ്പി-
ട്ടോരോന്നു ധാതാവറിയിച്ചു പിന്നെ.51
ഞങ്ങൾക്കു സന്താപമൊഴിപ്പതിന്നാ-
യങ്ങുന്നു നിഷ്ക്കർഷയോടിങ്ങിരിക്കേ
മങ്ഗല്യസിദ്ധിക്കു മടക്കമെന്തൊ-
ന്നിങ്ങെത്തുവാനുള്ളതു ദീനബന്ധോ! 52
മാത്സര്യമേറും പിശുനർക്കുപോലും
വാത്സല്യമുൾക്കൊണ്ടമൃതം കൊടുപ്പാൻ
ഉത്സാഹീയാം നിന്തിരുമേനി പിന്നെ
ത്വത്സേവകർക്കെന്തു കൊടുക്കയില്ലെ? 53
നിഷ്കൃഷ്ടമായുള്ള മൃഗസ്വരൂപം
പ്രകൃഷ്ടനാമങ്ങു ധരിച്ചു മുന്നേ
ജഗൽപ്രഭോ! മൂന്നടി മണ്ണു വാങ്ങാൻ
പ്രകാമദൈന്യത്തൊടിരന്നു പിന്നെ.54
അയോഗ്യമാമിത്തൊഴിലിജ്ജനത്തെ-
പ്പുലർത്തുവാൻ ചെയ്ത ചരിത്രമോർത്താൽ
നിജാശ്രിതൻമാർക്കു ഗുണം വരുത്താൻ
സഹിച്ചിട്ടും സത്തുക്കൾ സങ്കടത്തേ.55
അന്നന്നുചേരുന്ന വിപത്തൊഴിപ്പൻ
സന്നദ്ധനായുള്ള ഭവാനെ നിത്യം
വന്നൊന്നു കൂപ്പാത്ത കൃതഘ്നജാതി-
ക്കൊന്നാം തരക്കാരിഹ ഞങ്ങളെല്ലാം 56
ഇന്നന്ദികേടിന്റെ ഫലങ്ങൾ താനേ
വന്നിങ്ങകപ്പെട്ടടിയത്തിനെല്ലാം
ഇന്നും ഭവാനോടതുണർത്തുവാനാ-
യൊന്നിച്ചിവണ്ണം വിടകൊണ്ടു ഞങ്ങൾ. 57
ദ്രോഹം പ്രവർത്തിച്ച ജനത്തെയും ന-
ന്മാഹാത്യമേറുന്ന മഹാശയന്മാർ
പാദാന്തികം പിന്നെയുമാശ്രയിച്ചാ-
ലൈദാര്യമോടങ്ങു ഭരിച്ചുകൊള്ളും. 58
ഇക്കണ്ട ഞങ്ങൾക്കുമലങ്ഘ്യമാകും
ചൊല്ക്കൊണ്ട ലങ്കാപുരി പങ്ക്തികണ്ഠൻ
ഉൽക്കണ്ടിതൻ ജ്യേഷ്ഠനെ വെന്നു വേഗാൽ
നിഷ്കണ്ഠകൻ വാണുഭരിച്ചിടുന്നു.59
ആചാരവിദ്വേഷികളായ ദുഷ്ട-
ർക്കാചാര്യനായുള്ള നിശാചരേന്ദ്രൻ
ഭൂചക്രവാളം മുഴുവൻ മുടിച്ചാൻ
നീചപ്രവൃത്തിക്കുതു നല്ലകാലം. 60
ആയോധനം ചെയ്തു ദശാസ്യനോട-
ങ്ങായാസമാർന്നശ്രയഹീനരായി
പായു പരന്മാർശരണം ലഭിപ്പ-
തീയാർക്കപുത്രന്റെ പുരത്തിൽ മാത്രം. 61
കരുത്തനാം രാവണനാത്തരോഷം
മൃധത്തിനായിന്ദ്രനൊടേ ശേഷം
പെരുത്ത കണ്ണീരി ലുപേന്ദ്ര! വജ്രാ-
യുധത്തിനെക്കച്ചുട്ടു തുകച്ചു ശക്രൻ. 62
ലങ്കേശപുത്രന്റെ ബലത്തിനാലാ-
തങ്കം വളർന്നിട്ടു വലന്തകന്ന്
സംക്രന്ദനത്വം പരമീയിടയ്ക്കേ
സംപ്രാപ്തമായൊള്ളു ദയാപയോധേ! 63
അന്നം കുഴമ്പാമിഷമെന്നിതെല്ലാ-
മന്നന്നൊരുക്കീട്ടു പചിപ്പതിന്നായ്
എന്നും മടപ്പള്ളിയിലഗ്നിദേവൻ
ചെന്നബ്ഭരിപ്പേറ്റു മടച്ചിടേണം. 64
വാട്ടംവിനാം കല്പകവൃക്ഷമെല്ലാം
ദുഷ്ടൻ ചുവട്ടോടെ പറിച്ചവന്റെ
തോട്ടത്തിൽ നട്ടാ,നതു നാകിലോകം
ചട്ടം പിഴക്കാതെ നനയ്ക്കവേണം. 65
തണ്ണീരുകൊണ്ടും സുരനാരിനാർതൻ
കണ്ണീരുകൊണ്ടും വളരും മരത്തിൽ
അന്നന്നു വാടുന്ന സുമങ്ങൾ പോലും
മന്ദാനിലൻ വീഴ്ത്തുകിലുണ്ടനർഥം. 66
നായാട്ടു നീങ്ങീട്ടു വിയർത്തുവാടി-
സ്സായാഹ്നകാലത്തവനങ്ങു വന്നാൽ
വീശിത്തണുപ്പിക്കണമാശുഗൻ പോയ്
മോശത്തരം പറ്റുമതല്ലയെങ്കിൽ. 67
ആവശ്യമുണ്ടായിവരുമ്പോഴോരോ-
പ്രാവശ്യമോരോവിധമാഭയോടും
സൂര്യേന്ദുഗോളങ്ങളുദിച്ചിടാഞ്ഞാൽ
പാരം കുഴപ്പത്തിൽ വരുംകലാശം. 68
ഒട്ടേറെയെന്തിന്നു പറഞ്ഞിടുന്നി-
ങ്ങോട്ടേറെ വാഗ്വൈഭവമില്ലതാനും
മുട്ടാളനാം പങ്ക്തിമുഖാഗ്നിചുട്ടു
പൊട്ടിക്കുമാറായി ജഗത്തശേഷം. 69
മർത്ത്യന്റെ കൈപ്പെട്ടു മരിച്ചിടാത-
ന്നക്തഞ്ചരന്നില്ലൊരു നാശമെന്നും
വക്തവ്യമീ ഞങ്ങളുണർത്തി,മേലാൽ
കർത്തവ്യമെല്ലമിവിടേയ്ക്കുതന്നെ.70
മനുഷ്യജന്മത്തെയെടുത്തു വേഗാ-
ലിനിബ്ഭവാൻ രാക്ഷസവംശമെല്ലാം
ഹനിച്ചുപാലിക്കണമിജ്ജനത്തെ-
ക്കനത്ത കാരുണ്യഗുണാംബുരാശെ.71
വിരിഞ്ചനോതും മൊഴികേട്ടനേരം
മുരാന്തകൻ ദീനജനാനുകമ്പി
ചിരിച്ചു പയ്യെസ്സദസം കുറഞ്ഞൊ-
ന്നുരച്ചു ലോകേശനൊടിപ്രകാരം. 72
തെല്ലും മനോവേദന വേണ്ട നിങ്ങൾ
ക്കെല്ലാം മതംപോലെ നടത്തിവയ്പ്പെൻ.
പൊല്ലാപ്പു കാട്ടാനൊരു ദുഷ്ടരോട്ടു-
ക്കില്ലാതെയാമാശു ഭയപ്പെടായ് വിൻ. 73
ജനിക്കുവാൻ പങ്ക്ക്തിരഥക്ഷിതിക്ഷി-
ത്തനൂജനായുത്തരകോസലത്തിൽ
ഹനിക്കുവാൻ കൗണപരെത്തെദാ മൽ-
ക്കനിഷ്ഠരായ് മൂവരുമുത്ഭവിക്കും. 74
പടക്കളത്തിങ്കലെനിക്കുവേണ്ടി-
ത്തുണയ്ക്കുവാൻ ദേവദംബമെല്ലാം
മനക്കരുത്തോടു മഹീതലത്തിൽ
പിറക്കണം മർക്കടവീരനായി. 75
പീതാംബരൻ ദേവകളോടിവണ്ണ-
മോതികടാക്ഷിച്ചു മറഞ്ഞു മെല്ലെ
ഖേദംവിനാ നാൻമുഖനും നിലിമ്പ-
വ്രാതങ്ങളും പുക്കു നിജം നിവാസം. 76
വിരിഞ്ചിയും പിന്നെയുരച്ചു,ദേവോൽ-
ക്കാരത്തെ നോക്കീട്ടിനി നിങ്ങളാലെ
പരാക്രമം കൂടിയ മർക്കടൗഘം
ധാരാതലത്തിലുദിക്കവേണം. 77
പണ്ടിജ്ജഗൽസൃഷ്ടി തുടങ്ങിയപ്പോ
ളുണ്ടായ പുത്രൻമമ ജാംബവാനും
ഒത്താശ വേണ്ടുന്നതവർക്കു ചേയവ
നൊത്താശയോടിപ്പോഴുമുണ്ടുഭുവിൽ 78
ലോകേശനേവമരുൽചേയ്ത നിയോഗല്ലാം
നാകേശനാദി സുരസംഹതി സമ്മതിച്ചു
ശ്രീകേശവന്നുതവി ശണ്ടയിലിണ്ടലില്ല
തേകിടുവാൻ കപിവലത്തേയുളാക്കി വിട്ടു 79
ഊക്കേറുന്നോരു ബാലിയേസ്സുരവരൻ
സുഗ്രിനേസ്സൂര്യനും
യോഗ്യൻമാൻമാർക്കോരു രത്നമായ ഹനുമാൻ ത
ന്നജ്ജഗൽപ്രാണനും
സൃഷ്ടിച്ചാർ ,ബഹുവാനരപ്പടയേ മ-
റ്റുള്ളോരുവാനോർകളും
ശിഷ്ടൻമാരവരേവരും പ്രതിദിനം മോ
ദിച്ചുമേവീടിനാർ 80
ഒന്നാം സർഗം സമാപ്തം