Jump to content

രാമചന്ദ്രവിലാസം/മൂലഗ്രന്ഥത്തിന്റെ മുഖവുര

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
രാമചന്ദ്രവിലാസം
രചന:അഴകത്ത് പത്മനാഭക്കുറുപ്പ്
മൂലഗ്രന്ഥത്തിന്റെ മുഖവുര


കേരളപാണിനീയം, ഭാഷാഭൂഷണം,വൃത്തമഞ്ജരി മുതലായ ശാസ്ത്ര ഗ്രന്ഥങ്ങളിൽ ഭാഷയുടെ അസ്ഥിവാരം ഉറപ്പിച്ചിട്ടുള്ള ഏ.ആർ.രാജരാജവർമ്മ. എ.,എം.ആർ.ഏ.എസ്.,കൊച്ചുകോയിത്തമ്പുരാൻ തിരുമനസ്സിലെ അവതാരികയ്ക്ക് പുറമെ ഈ പുസ്തകത്തിന് ഒരു മുഖവുരയുടെ ആവശ്യം ഇപ്പോഴില്ലെങ്കിലും ഈ ഗ്രന്ഥത്തിന്റെ ഇതുവരെയുള്ള വാസ്തവമായ ചരിത്രത്തെ മഹാജനങ്ങളെ ഒന്നു ധരിപ്പിക്കേണ്ടതായ ചുമതല മാത്രം എന്നെച്ചേർന്നതാകയാൽ ഈ ചെറിയ ഉപന്യാസം എഴുതാൻ സംഗതിയായതാണ്.

ചോറ് നമുക്ക് ഒഴിച്ചു കൂടാത്ത ആഹാര പദാർത്ഥമായിരുന്നിട്ടും അപ്പം,വടകം ആദിയായി അരിമാവ് കൊണ്ടുണ്ടാക്കുന്ന ഭക്ഷ്യ വിശേഷങ്ങളിൽ അന്യ രസങ്ങളുടെ ആസ്വാദ്യതയാൽ സ്വാഭാവികമായി ജനങ്ങൾക്ക് പ്രത്യേകിച്ച് ഒരങിരുചി ഉണ്ടാകാറുള്ളതു പോലെ ഭഗവൽ കഥകളിൽ അപ്രധാനമല്ലാത്തതും മിക്ക 'കേരളീയ' ഹിന്ദുക്കൾക്കും കാണാപാഠമായിത്തീർന്നിടട്ടുള്ളതുമായ രാമായണത്തെ വേഷം മാറിക്കാണുമ്പോൾ തൽക്കാലത്തേക്കെങ്കിലും മഹാജനങ്ങൾക്ക് ഒരു കൗതുകം തോന്നാതിരിക്കയില്ലെന്നുള്ള വിശ്വാസവും, രാമായണം പതിവായി പാരായണം ചെയ്യാൻ തുടങ്ങിയതു മുതൽ അതിൻമേൽ പിന്നെയും പിന്നെയും എനിക്കുള്ള പക്ഷപാതവും, ഭാഷയുടെ വളർച്ചയ്ക്ക് വേണ്ടി ഇക്കാലത്ത് എല്ലാ ഭാഷാഭിമാനികളും രാപകൽ മുഷിഞ്ഞ് പ്രയത്നിച്ചു വരുമ്പോൾ ചാട്ടം പിഴച്ച് കൂട്ടം പിരിഞ്ഞ് കുരങ്ങു പോലെ ഞാൻ മാത്രം ഉദാസീനനായിരുന്നാൽ ഇതു മറ്റുള്ളവരെയും സ്വഭാഷയെയും ധിക്കരിച്ചതിനു സമമായ ഒരപരാധമായി വരികയില്ലയോ എന്നുള്ള ശങ്കയും നിമിത്തം; ഗുരു ഭക്തി, ഐകമത്യം, വിനയം, ഭൂതദയ, സത്യനിഷ്ട മുതലായ വിശിഷ്ട ഗുണങ്ങൾക്ക് വിളനിലമായ ശ്രീ രാമായണത്തെ പുതിയ സമ്പ്രദായത്തിൽ ഒരു മലയാളകാവ്യമായി എഴുതിനോക്കാമെന്നൊരുത്സാഹം തോന്നുകയാൽ കൃത്യാന്തരബാഹുല്യം, ശരീരാസ്വസ്ഥ്യം ഇതുകളാൽ പരാധീനനാണെങ്കിൽ കുറേശ്ശ അതിലേക്ക് ആരംഭിക്കയും വിശ്രമസമയങ്ങളിൽ ചിലപ്പോൾ "രാമചന്ദ്രവിലാസം" എന്ന കാവ്യത്തിന്റെ പന്ഥാവിലൂടെ എന്റെ മനോരഥം മെല്ലെ നടത്തുകയും ചെയ്തു.

ഒരു കാവ്യരചനയ്ക്കു വോണ്ട സാമഗ്രികളൊന്നുമില്ലാതെ എടുത്തു ചാ‍ടിയ എനിക്ക് ആരംഭത്തിൽതന്നെ, ഇടക്കാലത്തുണ്ടായ ചില ആംഗലേയപണ്ഡിതന്മാരുടെ വ്യാകരണങ്ങളെ പ്രമാണമാക്കുന്നതിൽ അധൈര്യവും, ഭാഷാപ്രയോഗങ്ങൾക്കു സംസ്കൃത പ്രക്രിയകൾ ചില സഹായങ്ങൾ പക്ഷേ ചെയ്യുമായിരിക്കുമെങ്കിലും "കാച്യങ്ങുവച്ചേൻ” എന്നും മറ്റും സന്ധികളുടെ അഭംഗിയെ ഓർത്തു സംസ്കൃത വ്യാകരണത്തെക്കുറിച്ചുള്ള അനാസ്ഥയും നിമിത്തം ചില പ്രയോഗങ്ങളെപ്പറ്റി സംശയം ഉണ്ടായിരുന്നു. അപ്പോൾ ഭ്ഷയ്ക്ക് ഒരു ശാശ്വത നിക്ഷേപമായ "കേരളപാണിനീയം” ആവിർഭവിക്കുകയും അത് ഈ കാവ്യ നിർമ്മാണത്തിൽ എന്നെ ധാരാളം സഹായിക്കുകയും ചെയ്തു. നമ്മുടെ ഭാഷയ്ക്കു ശരിയായ ഒരു അഭിധാന കോശമില്ലായ്കയാൽ പദാർത്ഥങ്ങളെ ആരായുന്നതിലുള്ള ബുദ്ധിമുട്ട് എത്രമാത്രമുണ്ടെന്ന് ഇപ്പോഴാണ് ഞാൻ നല്ലവണ്ണം അറിഞ്ഞത്.അതിനാൽ ഭാഷാഭിമാനികളായ നാം ഭാഷാപോഷണത്തിനു വേണ്ടി വേല ചെയ്യുന്ന അവസരത്തിൽ ഒരു വിധം ത്യാജ്യങ്ങളല്ലാത്ത പദങ്ങളെ കിട്ടുന്നെടത്തോളം സമ്പാദിച്ചു ചേർക്കുന്നതിൽ വലിയ തരക്കേടില്ലെന്നുള്ള സമാധാനത്തോടു കൂടി അപ്രയുക്താദി ദോഷങ്ങളുണ്ടെന്നു തോന്നിക്കുന്ന ചില ഭാഷാപദങ്ങളെ അൽപ്പമായ ലക്ഷ്യജ്ഞത്വം നിമിത്തം ഇതിൽ ചേർക്കാനിടയായിട്ടുണ്ട്.

ഈ കാവ്യ രചനയിൽ പ്രധാന മാതൃകയായി ഞാൻ സ്വീകരിച്ചിട്ടുള്ളത് രാമായണ(ഭോജ) ചമ്പുവിനെ ആണെങ്കിലും വാൽമീകിരാമായണം,അധ്യാത്മരാമായണം,ഹനൂമന്നാടകം, ലഘുവംശം, നൈഷധം, ഭാരതചമ്പു, ആഗ്നേയപുരാണം, ആദിയായി ചിലതിനെ കൂടി പ്രമാണീകരിച്ചിട്ടുള്ളതിനാൽ അവയുടെ ഛായാശകലങ്ങൾ അവിടവിടെ കാണാവുന്നതും മഹാജനങ്ങൾക്ക് അപരിചിതങ്ങളല്ലാത്തതിനാൽ അതുകളെ പ്രത്യേകം വിവരിച്ചിട്ടാവശ്യമില്ലാത്തതും ആകുന്നു.

ഈ പുസ്തകം ഏഴെട്ടുസർഗം ആയപ്പോഴഎക്കു കാര്യഗൗരവമോർത്തു വല്ലാതെ മുഷിഞ്ഞു തുടങ്ങിയെങ്കിലും ഇതിന്മേൽ മഹാജനങ്ങൾ എന്തു പറയുന്നുഎന്നറിഞ്ഞിട്ട് ശേഷം എഴുതാമെന്നും നിശ്ചയിച്ചും കൊണ്ട് പേരുവയ്ക്കാതെ "മലയാളി” പത്രത്തിൽ കുറശ്ശെ ചേർത്തു വന്നു.ആയിടയ്ക്ക് ആളെ അറിയാൻ ചിലർ ധൃതി കൂട്ടുന്നതായി പത്രാധിപരായിരുന്ന മിസ്റ്റർ കുറുപ്പവർകൾ എന്നെ തെര്യപ്പെടുത്തി.അപ്പോൾ ഇതിനെക്കുറിച്ചു ദോഷമായോ ഗുണമായോ ആരും ഒന്നും പറയാതിരുന്നതിനാലുണ്ടായ പശ്ചാത്താപം നിമിത്തം വസ്തുതയെല്ലാം കാണിച്ച് മഹാമഹിമശ്രീ കേരളവർമ്മ വലിയകോയിത്തമ്പുരാൻ സീ.എസ്.ഐ. തിരുമനസ്സിലേക്ക് ഒരു വിജ്ഞാപനം അയയ്ക്കയും അവിടന്നു ദയാപൂർവ്വം ചുവടെ ചേർക്കുന്ന മറുപടി കൽപ്പിക്കയും ചെയ്തു.

തിരുവനന്തപുരം
1074 കന്നി 14





ശ്രീ


ഴകത്തു പദ്മനാഭക്കുറുപ്പിന്,

എഴുത്തുകിട്ടി, മലയാളിയിൽ "രാമചന്ദ്രവിലാസം” കണ്ടു തുടങ്ങിയതു മുതൽ അതിനെ കൗതുകത്തോടുകൂടി നോക്കുകയും അതിന്റെ കർത്താവ് ആരായിരുന്നാലും അയാളുടെ അത്യന്തം ശ്ലാഘനീയമായ യത്നത്തിന് സാഫല്യമുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു. “ശ്രീകൃഷ്ണചരിതം” മണിപ്രവാളത്തോടും സദൃശീകരിക്കുന്നതിനു വേണ്ടുന്ന യോഗ്യതയുള്ള "രാമചന്ദ്രവിലാസ"ത്തിന്റെ കർത്തൃത്വത്തെ വെളിപ്പെടുത്തുന്നതിന് ന്ങ്ങൾ ഒട്ടും അധൈര്യപ്പെടാനില്ല. “മീനകേതനചരിതം” മുതലായ കൃതികളാൽ സിദ്ധിച്ചിട്ടുള്ള ന്ങ്ങളുടെ കവിയശസ്സിന് ഈ കാവ്യം ദൃഡീയസിയായ ഒരു പ്രതിഷ്ഠയെ കൊടുക്കുന്നതാണെന്നുള്ളതിന് യാതൊരു സംശയവുമില്ല. ഇതിനെ പൂരിപ്പിക്കുന്നതിനു വേണ്ട സൗകര്യങ്ങളെല്ലാം ശ്രീരാമന്റ അനുഗ്രഹത്താൽ നിങ്ങൾക്കുണ്ടാകട്ടെ,എന്ന് പ്രാർത്ഥിക്കുന്നു.

ശുഭം
KERALA VARMA



ശീർവാദരൂപമായ ഈ തിരുവെഴുത്തിനാൽ ഞാൻ ലബ്ധധൈര്യനായിട്ട് പിന്നീട് പത്രത്തിൽ ചേർക്കുന്ന ശ്ലോകങ്ങളുടെ ചുവടെ ആവശ്യമുള്ള പക്ഷം എന്റെ പേരു കൂടി വയ്ക്കുന്നതിനു വിരോധമില്ലെന്നു പത്രാധിപരവർകൾക്കു സമ്മതം കൊടുക്കുകയും ഈ കാവ്യത്തെ മുഴുവനാക്കുന്നതിന് പൂർവ്വാധികം നിഷ്കർഷയോടാരംഭിക്കുകയും ചെയ്തു. പിന്നീടു 1075 മീനത്തിൽ കൊടുങ്ങല്ലർ വച്ചു സരസദ്രുതകവി ശ്രേഷ്ഠനായ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സിലെ ആഭിമുഖ്യം ഉണ്ടായ സന്ദർഭത്തിൽ പ്രസംഗവശാൽ"സംസ്കൃതപ്രത്യങ്ങളും മറ്റും ഭാഷാ കവിതയിൽ ചേർത്തു പണ്ടത്തെ മണിപ്രവാളരീതി വരുത്താൻ ശ്രമിക്കുന്നതു ഭാഷയുടെ ഇപ്പൊഴത്തെ സ്ഥിതിക്കു നന്നെല്ലെന്നാണ് പൊതുജനാഭിപ്രായം" എന്നും മറ്റം അവിടുന്ന് അരുളി ചെയ്ത ഉപജേശ പ്രകാരം ഈ കാവ്യത്തിന്റെ ആരംഭത്തിൽ ചുരുക്കമായി ഇവിടവിടെ ഉണ്ടായിരുന്ന വിഭക്തി പ്രത്യയങ്ങളെയും ക്രിയാപദങ്ങളെയും കഴിയും പോലെ ഇതിൽ നിന്നുച്ചാടനം ചെയ്തു.

“ഒരു നാഴിക വഴി ഒച്ചിന് ഒൻപതു കാതം ” എന്ന മട്ടിൽ ഈ കൃതിയുടെ ഒരറ്റത്തു നിന്നും മറ്റൊരു തലയ്ക്കുൽ വളരെ നാൾകൊണ്ടു ഞാൻ ചെന്നു പറ്റിയതിന്റെ ശേഷം ഇതിനെ ഏകാഗ്രതയോടു കൂടെ ഒന്നു പരിശോധിച്ചു ശരിപ്പെടുത്തുന്നതിനായി ഞാൻ തന്നെയായാൽ മതിയാവില്ലെന്നു തോന്നി.

ആ പരിതോഷാദ്വിദൂഷാം
ന സാധുമന്യേപ്രയോഗവിജ്ഞാനം
ബലവദപി ശിക്ഷിതാനാ-
മാദ്മന്ന്യപ്രത്യഞ്ചേതഃ”

എന്നുള്ള പണ്ഡിതാഭിപ്രായം അനുസരിച്ചു മനീഷിതിലകമായ മ.രാ.രാ.കെ.സി.കേശവപിള്ള അവർകളെ കൂടി ‌‍ഞാൻ ക്ഷണിക്കുകയാൽ അദ്ദേഹം അതിനെ സസന്തോഷം സ്വീകരിക്കുകയും എനിക്കു വേണ്ടി ധാരാളം സഹായിക്കയും ചെയ്തിട്ടുണ്ട്.

അനന്തരം സർവ്വശാസ്ത്രപാരംഗതനായ എ.ആർ.രാജരാജവർമ്മ.എം.എ., എം.ആർ.എ.എസ്. കൊച്ചുകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ട് ഈ ഗ്രന്ഥം ആപാദചൂഡം ക്ഷമയോടുകൂടെ പരിശോധിച്ച് ആവശ്യമുള്ള മാറ്റങ്ങൾ ചെയ്തും ചെയ്യിച്ചും സ്വാഭിപ്രായനുസരണം കൽപ്പിച്ചൊരവതാരിക എഴുതിയും ഇതിനെ അച്ചടിപ്പിക്കുന്നതിന് ധൈര്യപ്പെടുത്തിയ അ തിരുമേനിയുടെ ഔദാര്യ ശീലത്തിനു ഞാൻ കടപ്പെട്ടിരിക്കുന്നു.

കുടുംബകാര്യവശാൽ ബദ്ധപ്പെട്ട സഞ്ചാരത്തിലും മറ്റും, അച്ചടിച്ച പ്രൂഫുകൾ പരിശോധിച്ചതു കൊണ്ട് ഒരു ചെറിയ ശുദ്ധിപത്രത്തിന്റെ ആവശ്യം നേരിട്ടു പോയി.എങ്കിലും വലിയ പിശകുകൾക്കിടയാകാതെ ഈ പുസ്തകം അച്ചടിക്കുന്നതിലും ചിത്രബന്ധങ്ങൾക്ക് ആവശ്യമുള്ള കരുക്കൾ നല്ല മാതൃകയിൽ ചേർക്കുന്നതിലും "മനോമോഹനം" അച്ചുകൂടത്തലവന്മാർ എന്ക്കു വേണ്ടി നല്ല ഒത്താശകൾ ചെയ്തിട്ടുണ്ടെന്നുള്ളതും ഗണ്യമാകുന്നു.

ഇപ്രകാരം രൂപീകരിച്ച ഈ പുതിയ മലയാള കാവ്യത്തെ സജ്ജന സമക്ഷം സമർമിച്ചുകൊള്ളുന്നു.

അറിവുടയവർ നല്ല പോലെ നോക്കി-
കുറവുരചെയ്കിലുമല്ലലില്ലതെല്ലും
അരിയ മണികൾ ചാണയിൽ തെളിഞ്ഞേ
പെരിയ വിലയ്ക്കതു യോഗ്യമായ് ഭവിക്കൂ.
1082 -വൃശ്ചികം - 17 നു
ചവറ
വിധേയൻ
ഈ.പത്മനാഭക്കുറുപ്പ്