Jump to content

മൗനഗാനം/കൃതാർത്ഥൻ ഞാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മൗനഗാനം
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
കൃതാർത്ഥൻ ഞാൻ
[ 5 ]
കൃതാർത്ഥൻ ഞാൻ


ആ മിഴി തോരില്ലെന്നോ? - നീ മുഖം കുനിച്ചു നി-
ന്നോമനേ, തേങ്ങിത്തേങ്ങിയിങ്ങനെ കരഞ്ഞാലോ ?
അറിയുന്നില്ലേ നീയെൻ ഹൃദയം ദ്രവിക്കുന്ന-
തരുതിന്നെനിക്കിതു കണ്ടുകൊണ്ടയ്യോ നില്ക്കാൻ.
എന്തു വന്നാലും കഴിഞ്ഞീടുമോ സഹിച്ചിടാ-
തെന്തു ചെയ്യട്ടേ, മർത്ത്യരായി നാം ജനിച്ചില്ലേ ?
ഇണ്ടലാർന്നിടായ്കേവം ജീവിതമാർഗ്ഗത്തിൽ, പൂ-
ച്ചെണ്ടണിക്കാവും കാണും, കണ്ടകക്കാടും കാണും !
ഉണ്ടാകും വല്ലപ്പോഴും മഴവില്ലുകളെങ്കിൽ
കൊണ്ടലാലലം നീലവിണ്ടലമിരുണ്ടോട്ടെ !

പ്രേമവിഹ്വലേ, നിന്റെ ഹൃദയം, സദാ ചിന്താ-
ഹോമകുണ്ഡത്തിൽ, കഷ്ട,മിങ്ങനെ ഹോമിക്കൊല്ലേ !
ഇന്നിപ്പോളിഷ്ടംപോലെ വേതാളനൃത്തംചെയ്തു
നിന്നുകൊള്ളട്ടേ കാലവർഷം, നീ കുലുങ്ങൊല്ലേ.
മിന്നലും കൊടുങ്കാറ്റുമിരുളും കാറും കോളു-
മൊന്നുചേർന്നിടിവെട്ടിപ്പേമാരി വർഷിച്ചോട്ടെ !
എത്ര നാളത്തേക്കുണ്ടിബ്ഭൂകമ്പം?-ചിരിച്ചുകൊ-
ണ്ടെത്തുവാൻ പൊന്നിൻചിങ്ങ, മിനിയും വൈകില്ലല്ലോ !
പൊന്നൊലിച്ചലതല്ലുമിളവെയിലിനാൽ, മൂടൽ-
മഞ്ഞിന്മേൽ മനോജ്ഞമാം കുഞ്ഞലുക്കുകൾ ചാർത്തി ,
ഓരോരോ മരതകത്തോപ്പിലും നവപുഷ്പ-
തോരണം തളിർച്ചില്ലച്ചാർത്തുകൾതോറും തൂക്കി ,
മരളും വണ്ടിണ്ടതൻ മൂളിപ്പാട്ടുകൾ പാടി
മുരളീരവം നീളെക്കോകിലങ്ങളാൽ തൂകി,
ഇളകിപ്പാറും ചിത്രശലഭങ്ങളാൽ, ഹർഷ-
പുളകാങ്കുരങ്ങൾ പൂങ്കാവുകൾതോറും പാകി
അനുഭൂതികളാകുമനുയായികളോടൊ-
ത്തണയും വർഷം പോയാ,ലപ്പൊഴേക്കോണക്കാലം !
ഓമലേ, വിഷാദിക്കായ്കിക്കൊടുങ്കാറ്റും കുളിർ-
ത്തൂമണിത്തെന്നലായി മാറിടും ഞൊടിക്കുള്ളിൽ !

[ 6 ]

ഇത്ര മേലന്യോന്യം നാം മോഹിക്കാതിരുന്നെങ്കി;-
ലിത്രമേലന്യോന്യം നാം സ്നേഹിക്കാതരുന്നെങ്കിൽ;
ഒരുകാലത്തുംതമ്മിൽക്കാണാതെകഴിഞ്ഞേനേ;
ഒരുകാലത്തും വിട്ടുമാറാതെ കഴിഞ്ഞേനേ
ഹാ! നമുക്കിരുവർക്കുമൊന്നുപോലൊരിക്കലും
പ്രാണനിലേവം പരുക്കേല്ക്കാതെ കഴിഞ്ഞേനേ !
നാമെന്തു ചെയ്തു കുറ്റം ? - കേവലമന്യന്മാരാ-
യീ മന്നിലങ്ങിങ്ങായിട്ടിരുന്നോരല്ലേ നമ്മൾ ?
[അന്യായം പ്രവർത്തിച്ചതെന്തു നാം?-ഹാ, കേവല-
മന്യരെന്നോണമങ്ങിങ്ങിരുന്നോരല്ലേ നമ്മൾ ?]
കേവലം നേരമ്പോക്കിലെന്തിനു കൂട്ടിച്ചേർത്തി-
തേവമാ വിധി നമ്മെ പ്രേമശൃംഖലമൂലം ?
ആ വിനോദമിന്നക്ഷന്തവ്യമാമപരാധ-
മാവുമാറലങ്കോലപ്പെട്ടുപ്പോയാകപ്പാടെ !
അന്നു താൻ പ്രവർത്തിച്ച വിഡ്ഢിത്തമോർത്താ വിധി-
യിന്നിപ്പോൾ പശ്ചാത്തപിക്കുന്നുണ്ടായിരിക്കണം !
അത്രമേലനുമാത്രം നീറിക്കൊണ്ടിരിക്കുന്നോ-
രഗ്നിപർവ്വതമല്ലേ, പേറുന്നു മനസ്സിൽ നാം ?
ഒന്നെങ്ങാനതിൻ മുഖം പൊട്ടിയാൽ പോരേ?-കഷ്ടം !
പിന്നെയെന്തൊരുപിടി വെൺചാമ്പലല്ലേ നമ്മൾ?
അത്തപ്തപ്രവാഹത്തെത്തണുപ്പിക്കുവാൻ, കാല-
മെത്രനാൾ തുടർച്ചയായൂതണം പ്രശംസയാൽ !
എന്നാലും ഫലപ്പെട്ടുവരുമോ?-ഫലപ്പെട്ടാൽ-
ത്തന്നെ,യന്നയ്യോ, മന്നിലാരു നമ്മളെയോർക്കും ?
ഇന്നു നാം ജീവിക്കുമ്പോൾത്തന്നെയില്ലൊരുതുള്ളി-
ക്കണ്ണുനീർപൊഴിക്കുവാൻ നമ്മെയോർത്താരും മന്നിൽ !
പിന്നെ, നാം വെറും ജലരേഖകൾപോലെ മാഞ്ഞാ-
ലന്നാരു നമ്മെക്കുറിച്ചോർക്കുവാനിരിക്കുന്നു ?
അവയൊന്നും നീ പാഴിലാശിക്കാൻ തുനിഞ്ഞീടാ-
യ്കവശേ-നിരാധആരം നിർമ്മലസ്നേഹം മന്നിൽ !

പകവീട്ടുവാൻ നില്ക്കും ലോകത്തിൻ തള്ളേറ്റങ്ങി-
ങ്ങകലുന്തോറും നമ്മളത്രമേലടുക്കുന്നു.
എന്തു മായയാണാവോ, നമ്മെ നാം മായ്ക്കുന്തോറും
ചിന്തയിലത്രയ്ക്കുമേൽ മിന്നുന്നു തെളിഞ്ഞു നാം !
മറക്കാൻ കഴിഞ്ഞെങ്കിലന്യോന്യം, നമുക്കിനി
മരിക്കുംവരെക്കാണാതിരിക്കാൻ കഴിഞ്ഞെങ്കിൽ !


കരുതിക്കൂട്ടിയല്ലെന്നാകിലും പലപ്പോഴും
കരളിൽത്താപം നിനക്കേകിയിട്ടുണ്ടാകും ഞാൻ

[ 7 ]

സ്നേഹശൂന്യതയായിട്ടതു നീ കരുതായ്ക
മോഹനേ, മച്ചാപലംമാത്രമാണവയെല്ലാം !
പ്രേമത്തിൻ സാമ്രാജ്യത്തിൽ ബന്ധനസ്ഥരായ്ത്തന്നെ
നാമെന്നുമേവം കഴിഞ്ഞീടിലും കൃതാർത്ഥർ നാം !
മർത്ത്യനീതിതൻ കൂട്ടിൽക്കയറ്റിസ്സമുദായം
വിസ്തരിച്ചോട്ടേ നമ്മെക്കുറ്റവാളികളേപ്പോൽ
സ്ഥലകാലങ്ങൾക്കൊക്കുമകറ്റാൻ ശരീരങ്ങൾ
നലമോടത്രയ്ക്കൊട്ടിപ്പിടിക്കും ഹൃദയങ്ങൾ !
ചൂളുകില്ലൊരിക്കലും നിയമം വാളോങ്ങിയാൽ
കാലദേശാതീതമായ് വർത്തിക്കും ദിവ്യപ്രേമം !

നീയേവം തപിച്ചിടായ്കോമലേ, സൌഭാഗ്യങ്ങൾ,
നീളെ നിൻ വഴികളിൽപ്പൂവിരിച്ചീടും മേന്മേൽ !
എന്നിട്ടും മണിവീണക്കമ്പികൾ മുറിക്കിക്കൊ-
ണ്ടെത്രയും വിനീതയായ് ശാന്തി നിൻസവിധത്തിൽ
സന്തതസപര്യയ്ക്കായ്ക്കുണുങ്ങിക്കുണുങ്ങിക്കൊ-
ണ്ടന്തികത്തൊഴിയാതെ നിന്നുടുമുൽക്കർഷങ്ങൾ !
അന്നു നീയിന്നത്തെയെന്നാശംസാവചസ്സോർത്തി-
ട്ടൊന്നു പുഞ്ചിരിക്കൊൾകി, ലോലമലേ, കൃതാർത്ഥൻ ഞാൻ !10

അല്ലെങ്കിലും, സഖി , വല്ലകാലത്തുമാ
നല്ലകാലം മർത്ത്യനില്ലാതിരിക്കുമോ ?
കണ്ണീരുമുഗ്രനിരാശയുംമാത്രമാ -
യെന്നുമൊരുത്തനധപതിച്ചീടുമോ ?
ഏതു രാവിന്റെ കൊടുംകൂരിരുട്ടിലും
പാത തെളിച്ചിടും വിണ്ണിൻവിളക്കുകൾ.
ഏതേതഗാധമാമാഴിപ്പരപ്പിലു-
മേതാനുമുണ്ടാമഭയദദ്വീപുകൾ
ഉല്ലസിക്കാമേതു ചുട്ട മണല്ക്കാട്ടി-
നുള്ളിലും ശീതളശാദ്വലഭൂമികൾ !

21-4-1935
11

കുതുകദായകാ, ഹൃദയനായകാ,
കുസുമദായകാ,സതതം ഞാൻ
അവിടുന്നെന്നടുത്തണയുമെന്നോർത്തോർ-
ത്തവിരാമോന്മാദം നുകരുന്നു.

ചപലകളാമെൻസഖികളങ്ങയെ-
ച്ചതിയനായ്ക്കുറ്റം പറകിലും

[ 8 ]

ഇതുവരെ നേരിട്ടവിടുത്തെക്കാണാ-
നിടയാവാതേവം കഴികിലും
ഒരു വിശ്വാസത്തിൻ സുഖസമാശ്വാസ-
പരിമളമെന്നെപ്പുണരുന്നു.

24-4-1935
12
നീരദങ്ങൾ നിറഞ്ഞു നിർമ്മല
നീലവാനിടം മൂടവേ
ജീവനായകാ, ഞാനിതാ നിന്നു
കേണിടുകയാണെന്തിനോ !
അസ്തമിച്ചിതെൻവാസര ,മിരു-
ളെത്തിയെന്മുന്നിലൊക്കെയും
ഇല്ലൊരു കൊച്ചുതാരകപോലു-
മല്ലിനെന്നെ നയിക്കുവാൻ.
താവകക്ഷേത്രം തേടിയേകയാ-
യീവഴിക്കൊക്കെപ്പോന്നു ഞാൻ.
ആവതില്ലിനിപ്പിന്മടങ്ങാനും
കേവലം നിസ്സഹായ ഞാൻ !

നാലുപാടുമിരച്ചുയർന്നപോയ്
ഘോരമാരുതഗർജ്ജനം
തമ്മിലാഞ്ഞടിച്ചാർത്തു കൂകുന്നു
വന്മരങ്ങളെല്ലാടവും
ചിന്നിമിന്നിപ്പുളഞ്ഞു പായുന്നു
മിന്നൽവല്ലിപ്പടർപ്പുകൾ.

1-10-1932

13
കുയിലിണ പാടിത്തളർന്നുറങ്ങും
കുളിരണിവല്ലിക്കുടിലിനുള്ളിൽ
അവളൊരുമിച്ചാ വസന്തരാവ-
ലവഗതാതങ്കം ഞാൻ വാണിരുന്നു.
അനുപമരംഗമതെന്തുകൊണ്ടു-
മനഘനിർവ്വാണദമായിരുന്നു.
ഭുവനമറിയാതടുത്ത രണ്ടു
നവയൌവനങ്ങളന്നൊത്തുചേർന്നു.

25-10-1933
[ 9 ]

14
അന്നു നാമാദ്യമായ്,ക്കൺമുനത്തെല്ലിനാ-
ലന്യോന്യം സ്വാഗതംചെയ്തനേരം,
പാതിരാത്താരകൾപോലെന്നിലേതാനും
ജ്യോതിഷ്കണങ്ങളടർന്നുവീണു.
മിന്നിപ്പൊലിഞ്ഞിതെൻ ചേതസ്സിലായിരം
മിന്നൽപ്പിണരിൻ സ്ഫുലിംഗകങ്ങൾ.

14-3-1935
15
അരിയ മുന്തിരിയിലകൾ മൂടുമിത്തളിർനികുഞ്ജകം തന്നിൽ
സരളശീകരമിളിതമല്ലികാപരിമളത്തിനു മുന്നിൽ
ഉദിതകൌതുകമമരുമെൻമൃദുഹൃദയവേദിയിലോരോ
മദപരവശമധുരചിന്തകൾ ചിറകടിച്ചടിച്ചെത്തി !

2-3-1934
"https://ml.wikisource.org/w/index.php?title=മൗനഗാനം/കൃതാർത്ഥൻ_ഞാൻ&oldid=38732" എന്ന താളിൽനിന്ന് ശേഖരിച്ചത്