താൾ:മൗനഗാനം.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഇത്ര മേലന്യോന്യം നാം മോഹിക്കാതിരുന്നെങ്കി;-
ലിത്രമേലന്യോന്യം നാം സ്നേഹിക്കാതരുന്നെങ്കിൽ;
ഒരുകാലത്തുംതമ്മിൽക്കാണാതെകഴിഞ്ഞേനേ;
ഒരുകാലത്തും വിട്ടുമാറാതെ കഴിഞ്ഞേനേ
ഹാ! നമുക്കിരുവർക്കുമൊന്നുപോലൊരിക്കലും
പ്രാണനിലേവം പരുക്കേല്ക്കാതെ കഴിഞ്ഞേനേ !
നാമെന്തു ചെയ്തു കുറ്റം ? - കേവലമന്യന്മാരാ-
യീ മന്നിലങ്ങിങ്ങായിട്ടിരുന്നോരല്ലേ നമ്മൾ ?
[അന്യായം പ്രവർത്തിച്ചതെന്തു നാം?-ഹാ, കേവല-
മന്യരെന്നോണമങ്ങിങ്ങിരുന്നോരല്ലേ നമ്മൾ ?]
കേവലം നേരമ്പോക്കിലെന്തിനു കൂട്ടിച്ചേർത്തി-
തേവമാ വിധി നമ്മെ പ്രേമശൃംഖലമൂലം ?
ആ വിനോദമിന്നക്ഷന്തവ്യമാമപരാധ-
മാവുമാറലങ്കോലപ്പെട്ടുപ്പോയാകപ്പാടെ !
അന്നു താൻ പ്രവർത്തിച്ച വിഡ്ഢിത്തമോർത്താ വിധി-
യിന്നിപ്പോൾ പശ്ചാത്തപിക്കുന്നുണ്ടായിരിക്കണം !
അത്രമേലനുമാത്രം നീറിക്കൊണ്ടിരിക്കുന്നോ-
രഗ്നിപർവ്വതമല്ലേ, പേറുന്നു മനസ്സിൽ നാം ?
ഒന്നെങ്ങാനതിൻ മുഖം പൊട്ടിയാൽ പോരേ?-കഷ്ടം !
പിന്നെയെന്തൊരുപിടി വെൺചാമ്പലല്ലേ നമ്മൾ?
അത്തപ്തപ്രവാഹത്തെത്തണുപ്പിക്കുവാൻ, കാല-
മെത്രനാൾ തുടർച്ചയായൂതണം പ്രശംസയാൽ !
എന്നാലും ഫലപ്പെട്ടുവരുമോ?-ഫലപ്പെട്ടാൽ-
ത്തന്നെ,യന്നയ്യോ, മന്നിലാരു നമ്മളെയോർക്കും ?
ഇന്നു നാം ജീവിക്കുമ്പോൾത്തന്നെയില്ലൊരുതുള്ളി-
ക്കണ്ണുനീർപൊഴിക്കുവാൻ നമ്മെയോർത്താരും മന്നിൽ !
പിന്നെ, നാം വെറും ജലരേഖകൾപോലെ മാഞ്ഞാ-
ലന്നാരു നമ്മെക്കുറിച്ചോർക്കുവാനിരിക്കുന്നു ?
അവയൊന്നും നീ പാഴിലാശിക്കാൻ തുനിഞ്ഞീടാ-
യ്കവശേ-നിരാധആരം നിർമ്മലസ്നേഹം മന്നിൽ !

പകവീട്ടുവാൻ നില്ക്കും ലോകത്തിൻ തള്ളേറ്റങ്ങി-
ങ്ങകലുന്തോറും നമ്മളത്രമേലടുക്കുന്നു.
എന്തു മായയാണാവോ, നമ്മെ നാം മായ്ക്കുന്തോറും
ചിന്തയിലത്രയ്ക്കുമേൽ മിന്നുന്നു തെളിഞ്ഞു നാം !
മറക്കാൻ കഴിഞ്ഞെങ്കിലന്യോന്യം, നമുക്കിനി
മരിക്കുംവരെക്കാണാതിരിക്കാൻ കഴിഞ്ഞെങ്കിൽ !


കരുതിക്കൂട്ടിയല്ലെന്നാകിലും പലപ്പോഴും
കരളിൽത്താപം നിനക്കേകിയിട്ടുണ്ടാകും ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/6&oldid=174179" എന്ന താളിൽനിന്ന് ശേഖരിച്ചത്