മാർത്താണ്ഡവർമ്മ/പീഠിക
മാർത്താണ്ഡവർമ്മ രചന: പീഠിക |
അദ്ധ്യായം ഒന്ന്→ |
ഈ പുസ്തകത്തെ ഉണ്ടാക്കീട്ടുള്ളത് ഇംഗ്ലീഷിൽ 'ഹിസ്റ്റാറിക്കൽ റൊമാൻസ്' എന്നു പറയപ്പെടുന്ന കഥാസമ്പ്രദായത്തിൽ ഒരു മാതൃക മലയാളഭാഷയിൽ നിർമ്മിക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടിയാകുന്നു. ഇതു സാദ്ധ്യമാകുന്നെങ്കിൽ ഗ്രന്ഥകർത്താവിന്റെ ശ്രമം സഫലമായിത്തീരുന്നതാണ്.
ഈ കഥയിൽ ഒരു അനുബന്ധം ചേർക്കണമെന്നു ഗ്രന്ഥകർത്താവിന് ആദ്യത്തിൽ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പുസ്തകത്തിന്റെ വലിപ്പം ആരംഭത്തിൽ വിചാരിച്ചിരുന്നതിൽ ഇരട്ടി ആയതിനാൽ ആ ആഗ്രഹത്തെ ഉപേക്ഷിക്കയും കഥയെ അവസാനത്തിൽ കുറച്ചു ചുരുക്കുകയും ചെയ്തിരിക്കുന്നു.
ഈ പുസ്തകത്തിൽ മൂന്നാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്തു ശ്രീവരാഹം, പെരുന്താന്നി മുതലായ സ്ഥലങ്ങളെ കുറിച്ചു സൂചിപ്പിച്ചിരിക്കുന്ന സ്ഥിതിക്ക് ആ ഭാഗം അടിച്ചു തീർന്നതിന്റെ ശേഷം സർക്കാരിന്റെ കൃപ ഹേതുവാൽ കുറച്ചു ഭേദഗതി വന്നിട്ടുള്ളതിനെ സന്തോഷപൂർവ്വം പ്രസ്താവിച്ചുകൊള്ളുന്നു.
കൊച്ചുകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ട് ഈ ശ്രമത്തിൽ ഗ്രന്ഥകർത്താവിനെ പലവിധേനയും ആ തിരുമനസ്സിലെ പ്രസിദ്ധമായിട്ടുള്ള ഔദാര്യത്തോടുകൂടി ഉത്സാഹിപ്പിച്ചിട്ടുള്ളതിലേക്കു ഗ്രന്ഥകർത്താവ് തന്റെ ഹൃദയപുരസ്സരമായുള്ള കൃതജ്ഞതയെ ഈ പ്രസ്താവനമാർഗ്ഗേണ അറിയിച്ചുകൊള്ളുന്നു.
ഈ ഗ്രന്ഥകർത്താവ് വായനക്കാരുടെ അല്പമായ സന്തോഷത്തിനെങ്കിലും പാത്രവാനാകുന്നെങ്കിൽ ആയതിലേക്കുള്ള അവകാശത്തിനെ ഗ്രന്ഥകർത്താവു തന്റെ അഭിനന്ദിയോടു കൂടി, ഈ പുസ്തകട്ടെ സംബന്ധിച്ച് മടികൂടാതെയും, സ്നേഹത്തോടും വളരെ പ്രയത്നിച്ചിട്ടുള്ള മാ-രാ-രാ- നെയ്യാറ്റിൻകര എൻ. രാമൻപിള്ള ബി.എ. അവർകൾക്ക് ദത്തം ചെയ്തുകൊള്ളുന്നു.
മാ-രാ-രാ-കെ.ആർ.മാധവാര്യർ അവർകൾ, മാ-രാ-രാ-കെ.പപ്പുപിള്ള ബി.എ. അവർകൾ, മാ-രാ-രാ-പി. ആറുമുഖം പിള്ള ബി.എ. മാ-രാ-രാ-കിളിമാനൂർ രാജരാജവർമ്മ കൊച്ചുകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ട് ഇവരിൽ നിന്നും ഈ വിഷയത്തിൽ ഉണ്ടായിട്ടുള്ള സഹായത്തിനും ഈ പുസ്തകം ആദ്യമായി അച്ചടിച്ചു തന്ന മെസ്സേഴ്‌സ് അഡിസൻ കമ്പനിയോടും ഗ്രന്ഥകർത്താവ് തന്റെ കൃതജ്ഞതയെ ഇപ്രകാരം ധരിപ്പിച്ചുകൊള്ളുന്നു.
- ഗ്രന്ഥകർത്താ