മാർത്താണ്ഡവർമ്മ/അദ്ധ്യായം ഒന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മാർത്താണ്ഡവർമ്മ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഒന്ന്


"വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!
നല്ല മരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപൻ കുമാരൻ മനോഹരൻ..."2


കഥയുടെ ആരംഭത്തിൽ പ്രസ്താവിക്കപ്പെടുന്ന സംഗതികൾ ഒരു വനപ്രദേശത്താണ് നടന്നത്. വനപ്രദേശം എന്നു പറഞ്ഞതു കൊണ്ട് 'ഝല്ലീഝങ്കാരനാദമണ്ഡിതം' ആയും 'സിംഹവ്യാഘ്രശല്യാദിമൃഗഗണനിഷേവിതം' ആയും ഉള്ള ഒരു 'ഘോരവിപിനം' എന്നു വായനക്കാർ വിചാരിച്ചുപോകരുത്. ചെറുതായ വൃക്ഷങ്ങളും മുൾച്ചെടികളും നിറഞ്ഞ്, ജനസഞ്ചാരം അപൂർവ്വമായി മാത്രം ഉള്ളതായ ഒരു ചെറുപ്രദേശമെന്നേ ഗ്രഹിക്കാനുള്ളു. വല്ലതടിനികളാലാകട്ടെ ശിലാതലങ്ങളാലാകട്ടെ സുരഭികളായ പുഷ്പങ്ങളാലാകട്ടെ ആ വനം അലങ്കരിക്കപ്പെട്ടിരുന്നില്ല. ഒരാൾപ്പൊക്കത്തോളം ഉയർന്നു നിൽക്കുന്ന ചില ചെടികൾ ദുർഗ്ഗന്ധവാഹികളായ പുഷ്പങ്ങളെക്കൊണ്ട് പ്രശോഭിതമായും, അത്യുന്നതങ്ങളായ ചില വൃക്ഷങ്ങൾ അവിടവിടെ വിയന്മാർഗ്ഗത്തോളം പൊങ്ങിയും കാണപ്പെടുന്നതുകൊണ്ടുള്ള രമ്യതയല്ലാതെ, ചേതോഹരങ്ങളായ മറ്റു ലക്ഷണങ്ങൾ യാതൊന്നും തന്നെ ആ വനത്തിനുണ്ടായിരുന്നില്ല. നെടുതായി വളർന്നു നിൽക്കുന്ന കരിമ്പനക്കൂട്ടങ്ങൾ വല്ല വനദേവതയുടേയും ഘോഷയാത്രയിൽ പിടിക്കപ്പെട്ട പച്ചക്കുടകൾ പോലെ കാണ്മാനുണ്ടായിരുന്നു. അന്യവൃക്ഷങ്ങളേയും ചെടികളേയും ആ വനത്തിൽ വാഴിച്ചുകൂടെന്നുള്ള മാത്സര്യം കൊണ്ടെന്നു തോന്നിക്കുംവണ്ണം കള്ളിയെന്നുള്ള ഒരു വക മുൾച്ചെടി ഉൾമദത്തോടു കൂടി കരിമ്പന മുതലായ ഓരോ തരുക്കളേയും വളഞ്ഞ് തിക്കിത്തിരക്കി നിരോധിച്ചു നിന്നിരുന്നു. നിലത്തിന്റെ സ്വഭാവം മേൽപറഞ്ഞ് ലക്ഷണങ്ങൾക്ക് ഏറ്റവും യോജിപ്പുള്ളതായിരുന്നു. ചെറിയ പാറകളേയും കൂർത്തുള്ള ചരല്ക്കല്ലുകളേയും ഒഴികെ, ആ കാട്ടിന്റെ മദ്ധ്യേയുള്ള ഒറ്റയടിപ്പാതയിൽ കൂടി സഞ്ചരിച്ചിട്ടുള്ള ജനങ്ങളുടെ പാദങ്ങൾ വേറൊന്നിനേയും സ്പർശിച്ചിട്ടില്ല. മഴ ചൊരിയുന്ന സമയങ്ങളിലല്ലാതെ മറ്റു കാലങ്ങളിൽ ആ വനത്തിൽ ജലം തീരെ ദുർലഭമായിരുന്നു. കുന്നും കുഴിയും കൊണ്ട് സഞ്ചാരത്തിന് അതിദുർഘടമായ ആ പ്രദേശത്ത് അടുത്തുവെങ്കിൽ, എത്ര ബലവാനായ പുരുഷനും ഉടൻ ദാഹവും ക്ഷീണവും ഉണ്ടാകുമായിരുന്നു. വനമെന്നുള്ള നാമധേയത്തെ ധരിക്കുന്നതുകൊണ്ട് പക്ഷി, മൃഗം ഈവക ജന്തുക്കൾക്ക് ഇരിപ്പിടം നൽകാഞ്ഞാൽ ലോകബോദ്ധ്യത്തിന് പോരല്ലോ എന്നു തോന്നീട്ടെന്ന പോലെ, കഴുക്, കൂമൻ എന്നീ പറവകൾക്കും കാടൻ, കാട്ടുകുന്നൻ മുതലായ മൃഗങ്ങൾക്കും ആ വനം അഭയം അരുളി അവയെ പോറ്റി രക്ഷിച്ചുപോന്നു. നായാട്ടിൽ തത്പരന്മാരായ നായന്മാർ ഈ വനത്തെ മാത്രം തങ്ങളുടെ പാദങ്ങളെക്കുറിച്ചുള്ള പ്രതിപത്തി മൂലം ആക്രമിക്കാൻ ആലോചിക്കപോലും ചെയ്തിട്ടില്ല.

മഹത്തുക്കളുടെ സാമിപ്യമോ സംസർഗ്ഗമോകൊണ്ട് നിസ്സാരന്മാരും ചിലപ്പോൾ ഉൽകൃഷ്ടന്മാരായി കാണപ്പെടാറുണ്ടല്ലോ. എന്നാൽ ഇങ്ങനെയുള്ളവരുടെ പ്രകൃത്യാ ഉള്ള ഹീനസ്വഭാവത്തെക്കാണുമ്പോൾ മഹത്തുക്കൾക്ക് ഒരു ഭാവഭേദം സംഭവിച്ചുപോകയും ചെയ്യും. ഇതിന്മണ്ണം മേല്പറഞ്ഞ കാട് ഒരു രാത്രിയിൽ പ്രഥമയാമത്തിൽ ചന്ദ്രസ്പർശത്താൽ ശോഭിച്ചിരുന്നുവെങ്കിലും, ചെങ്കനൽനിറത്തോടുയർന്നുവന്ന പൂർണ്ണചന്ദ്രൻ മേൽഭാഗത്തെത്തിയപ്പോഴേക്ക് വിളറി വർണ്ണം പകർന്നു കാണപ്പെടുന്നു. ആകാശവീഥിയിൽ സഞ്ചരിക്കുന്ന മേഘശകലങ്ങൾ സത്വരഗതിയെ വിട്ടു മാന്ദ്യത്തെ അവലംബിച്ചിരിക്കുന്നു. എന്തോ ഭയങ്കരമായ കാഴ്ചയാൽ സ്തബ്ധരാക്കപ്പെട്ടതുപോലെ വൃക്ഷലതകളും തങ്ങളുടെ നൃത്തങ്ങളെ വെടിഞ്ഞ് നിശ്ചലരായി നിൽക്കുന്നു. മാരുതനും ഭയാക്രാന്തനായി ശ്വാസോച്ഛ്വാസരഹിതനായി ചമഞ്ഞിരിക്കുന്നു. രജനിയുടെ സ്തുതിപാഠകന്മാരായ ജംബൂകസമൂഹങ്ങൾ മാത്രം അവരുടെ ഉദ്യോഗത്തിൽ ഏതും ഉപോക്ഷകൂടാതെ രാഗവിസ്താരങ്ങൾചെയ്ത് അർദ്ധരാത്രിയുടെ മാഹാത്മ്യത്തെ വാഴ്ത്തുന്നു. ഈ സംഗീതത്തിന് താളമായി, നിദ്രാഭംഗം വന്ന് ഭീതിമൂലം അങ്ങോട്ടും ഇങ്ങോട്ടും പറക്കുന്ന പക്ഷികളുടെ ചിറകടികളും കേൾപ്പാനുണ്ട്. യക്ഷിപ്രേതാദികളായ ദേവതകളുടെ വാസഭൂമിയെന്നു ജനങ്ങളാൽ വിശ്വസിക്കപ്പെട്ടിരുന്ന ഈ വനത്തിലെ പക്ഷികളുടെ നിദ്രാവിധ്വംസനംചെയ്ത സംഭവം എന്താണെന്ന് ആരായുകതന്നെ.

ഈ കാട്ടിന്റെ മദ്ധ്യത്തിൽക്കൂടിയുള്ള മാർഗ്ഗങ്ങൾ ഒരു സ്ഥലത്ത് മുകളിൽ നിൽക്കുന്ന ചന്ദ്രന്റെ പ്രതിബിംബമോ എന്നു സംശയിക്കത്തക്കതായ ഒരു ഛായ കാണപ്പെടുന്നു. സമീപവീക്ഷണത്തിന് ദൃശ്യമാകുന്നത് അതിഘോരമായുള്ള ഒരു കാഴ്ചയാണ്. മാർദ്ദവം എന്നതറിഞ്ഞിട്ടില്ലാത്ത ആ നിലത്ത് തന്റെ ദേഹത്തിൽ നിന്നു പ്രവഹിച്ചതായ കടുനിണത്തിൽ മഗ്നനായിട്ട്, ദിവ്യവിഗ്രഹനായ ഒരു പുരുഷൻ, മരണവേദനകൊണ്ട് കൈകാലുകൾ നിലത്തടിച്ചും, "അയ്യോ! നാരായണ! അമ്മ!" എന്നിങ്ങനെയെല്ലാം അതിദയനീയമാംവണ്ണം ഇടക്കിടെ ആർത്തസ്വരത്തിൽ വിളിച്ചും, ശ്വാസംമുട്ടി ചിലപ്പോൾ ഭൂമിയിൽനിന്നു പൊങ്ങി വീണ്ടും പതിച്ചും ചരമപ്രാന്തസ്ഥനായി കിടക്കുന്നു. ദേഹത്തിൽ അവിടവിടെ അനേകം വെട്ടുകൾ ഏറ്റ്, അതുകളിൽ നിന്ന് അപ്പോഴും രക്തം തിളച്ചുപൊങ്ങുന്നു. അരയിൽ ധരിച്ചിരിക്കുന്ന വസ്ത്രം രക്തത്തിൽ മുങ്ങീട്ട് കാലോടു പതിഞ്ഞു കാണപ്പെടുന്നു. തലയിൽ ധരിക്കുന്ന വസ്ത്രം ഒരു ചെടിമേൽ വീണുകിടക്കുന്നു. വലതുകരത്തിനു സമീപത്ത് പിടിവിട്ടു കിടക്കുന്ന ഖഡ്‌ഗത്തിൽ രക്തപാനം അതു ധാരാളമായി കഴിച്ചതിന്റെ ലക്ഷണങ്ങൾ കാണുന്നുമുണ്ട്. വെട്ടുകൾ ഏറ്റ് ശകലിതമായിരിക്കുന്ന ഒരു പരിച, സമീപത്തുള്ള ഒരു വൃക്ഷത്തിൽനിന്ന് വെട്ടുകൾകൊണ്ടുതന്നെ അറ്റു ചിതറിക്കിടക്കുന്ന ലതകളുടേയും ശാഖാഗ്രങ്ങളുടേയും ഇടയിൽ കിടക്കുന്നു. അതിന്മേലുള്ള വെള്ളിക്കുമിളകളിൽ ചന്ദ്രരശ്മി പതിക്കയാൽ ഏറ്റവും ശോഭിച്ചും, ചുറ്റുമുള്ള ചെടികൾ പാദാഘാതം കൊണ്ട് ഒടിഞ്ഞും, നിലത്തോടു പതിഞ്ഞും, ചരൽക്കല്ലുകൾ പൊടിഞ്ഞും, എല്ലാം രക്തകണങ്ങൾ അണിഞ്ഞും കാണപ്പെടുന്നു. മരണാവസ്ഥയിൽ കിടക്കുന്ന ഈ യുവാവിന് ഇരുപതിൽ അധികം വയസ്സു കാണുകയില്ല. തലവളർത്തി ഭുജത്തോളം നീട്ടി കണ്ടിച്ചിരിക്കുന്നു. വിശാലമായ നെറ്റിയും, മഷി അണിഞ്ഞിരിക്കുന്നുവോ എന്നു തോന്നിപ്പിക്കുന്നതായ കറുപ്പോടുകൂടിയ പുരികങ്ങളും, ദന്തത്തിൽ പണിചെയ്തിട്ടുള്ള ചില വിശേഷവിഗ്രങ്ങളിൽ കാണപ്പെടുന്നതുപോലെയുള്ള നാസികയും, കരിമസ്തകം പോലെ വിരിഞ്ഞ മാറും, ഒതുങ്ങിയ അരയും, നീണ്ടുരുണ്ട് ഘനംപൂണ്ടുള്ള ബാഹുക്കളും, അതിമനോഹരമായ വർണ്ണവും കണ്ടാൽ, ആൾ അസാരനല്ലെന്നു പ്രഥമദൃഷ്ടിയിൽത്തന്നെ ഏവനും ബോദ്ധ്യപ്പെടും. ഈ യുവാവിന്റെ ശരീരത്തിൽനിന്ന് പുറത്തേക്കുള്ള രക്തഗതി കുറച്ചുനേരംകൊണ്ട് നിന്നുതുടങ്ങി. കൈകാൽ അനക്കങ്ങൾ ഇടവിട്ടും വളരെ ക്ഷീണത്തിലും ആയി; ശ്വാസവും അടങ്ങി; പെട്ടെന്നു നേത്രങ്ങൾ ഒന്നു തുറന്നു. മരണാവസ്ഥയിലാണെങ്കിലും ആ നേത്രങ്ങളിലെ കരുമിഴികളിൽനിന്നു സ്ഫുരിക്കുന്ന തേജസ്സിനെ എങ്ങനെ വർണ്ണിക്കുന്നു? എന്തു പൗരുഷവും പ്രൗഢിയും ഗാംഭീര്യവും ആ മുഖത്ത് ഇപ്പോൾ കളിയാടുന്നു! നവമായി വികസിച്ച പുഷ്പംപോലെ എത്രയും ചേതോഹരനായുള്ള ഈ യുവാവിന്റെ നവയൗവനാവസ്ഥയിൽ ഈ മൃതി വന്നുകൂടുന്നതു വിധിയുടെ നിഷ്കരുണത്വംകൊണ്ടെന്നല്ലാതെ എന്തു പറയുന്നു? നേത്രങ്ങൾ തുറന്ന് ആകാശത്തോട്ടു നോക്കിയപ്പോൾ, തന്നെ അനുഗ്രഹഭാവത്തോടും അനുകമ്പയോടും കടാക്ഷിക്കുന്ന ചന്ദ്രനെ കണ്ട് ഒരു മന്ദഹാസം തൂകുന്നു. എന്തോ തന്റെ അഭിമതത്തെ ഉച്ചരിക്കുന്നതിനു ശ്രമിച്ചതിൽ 'പ് ' എന്ന അർദ്ധാക്ഷരം മാത്രം കഷ്ടിച്ച് ചുണ്ടുകളിൽ നിന്ന് പുറപ്പെടുന്നു. അതികഠിമായുള്ള വ്യസനത്തിന്റെ സൂചകമായി നേത്രങ്ങളിൽ കണ്ണീർ നിറയുന്നു. മുഖം മുഴുവൻ ഭാവം പകരുകയും മാറിടം വികസിച്ച് അമരുകയും ചെയ്യുന്നു. ഇത്രയും അരനിമിഷംകൊണ്ട് കഴിഞ്ഞ് നേത്രങ്ങൾ വീണ്ടും അടയുന്നു. സകല ചലനവും നിൽക്കുന്നു. ലോകസാക്ഷികളോട് യാത്രയും ചൊല്ലി കാമോപമനായ ആ യുവാവ് ചരമഗതിക്കു സന്നദ്ധനാകുന്നു.

മാതാപിതാക്കന്മാരുടെയോ ഭാര്യാബന്ധുക്കളുടെയോ വാത്സല്യത്തോകൂടിയുള്ള അവസാനശുശ്രൂഷകളൊന്നും കൂടാതെ ഈ തേജോരൂപന് ഈ വിധമായ മരണം സംഭവിക്കുന്നതിന് സംഗതിയാക്കിയ പാപകർമ്മം എന്താണെന്നുള്ള അന്വേഷണം നിഷ്ഫലമായുള്ളതാണ്. ഇന്ദ്രിയങ്ങൾക്കു ഗോചരങ്ങളല്ലാത്തതായ സംഗതികളെപ്പറ്റി പ്രദിപാതിക്കുന്നതിന് പ്രത്യേകം ഒരു പാണ്ഡിത്യം വേണം. അതിനാൽ ഈ മരണം സംബന്ധിച്ചുള്ള ലൗകികാന്വേഷണങ്ങളെ മാത്രം ചെയ്കയല്ലാതെ ആത്മീയമായുള്ള പൂർവ്വോത്തരസംബന്ധങ്ങളെപ്പറ്റി ഈ കഥയിൽ വായനക്കാർക്ക് ഒരറിവും കൊടുക്കാൻ ശ്രമിക്കുന്നില്ല. കലഹകാരണങ്ങളെ കനകം, കാമിനി എന്നീ രണ്ടു വകയായിട്ട് കുഞ്ചൻ എന്ന *കവിമുഖ്യൻ വിഭാഗിച്ചിട്ടുണ്ട്. ഇതുകളിൽ കനകകാംക്ഷകൊണ്ടല്ല ഈ കൊലചെയ്യപ്പെട്ടതെന്ന്, ഒരു സംഗതിയാൽത്തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. കർണ്ണങ്ങളിൽ മിന്നുന്ന രണ്ടു കുണ്ഡലങ്ങളേയും കൈവിരലിൽ കിടക്കുന്ന നവരത്നഖചിതമായ അംഗുലീയത്തേയും തസ്കരന്മാർ ഉപേക്ഷിക്കുമെന്നു തോന്നുന്നില്ല. തസ്കരന്മാരുടെ കൃത്യമെന്ന് വിചാരിക്കുന്നതിന് ഈ ആക്ഷേപമുള്ളതുകൊണ്ട്, ഈ യുവാവിന്റെ മരണം കാമിനി മൂലം ഉണ്ടായ കലഹത്തിന്റെ ഫലമെന്നുതന്നെ ഇതരതെളിവുണ്ടാകുന്നതുവരെ വിചാരിക്കേണ്ടതായിരിക്കുന്നു. എന്തു കാരണത്താലായാലും വഞ്ചകപ്രയോഗത്താൽ വന്നിട്ടുള്ള മൃതിയെന്നു തീർച്ചയാക്കുന്നതിൽ യാതൊരാക്ഷേപവുമില്ല.

യുവാവ്, ശ്വാസോച്ഛ്വാസങ്ങൾ നിന്ന് യാതൊരു ചലനവും കൂടാതെ നിശ്ചേഷ്ടനായി കിടപ്പായപ്പോൾ, വനത്തിന്റെ ഒരു ഭാഗത്തുനിന്നു ചില ശബ്ദങ്ങൾ കേട്ടു തുടങ്ങി. കാട്ടുചെടികളിന്മേലും കല്ലുകളിന്മേലും ജോടുകൾ പതിയുന്നതിന്റെ ശബ്ദമാണ് മുഖ്യമായി കേൾക്കുന്നത്. ഘനമായ മനുഷ്യസ്വരങ്ങളും കേൾക്കുന്നുണ്ട്. കാൽപ്പെരുമാറ്റം അടുത്തടുത്ത് വരുന്നു. ചെടികളുടെ ഇടയിൽ ചില വർണ്ണഭേദങ്ങൾ ചന്ദ്രികയിൽ കാണപ്പെടുന്നു. വിചിത്രവസ്ത്രധാരികളായി ആയുധപാണികളായി നാലുപേർ ചെടികളെ കൈകൊണ്ടു ഭേദിച്ചും ആവശ്യമുള്ളപ്പോൾ ആയുധങ്ങളെക്കൊണ്ടു വെട്ടിയും വഴിയുണ്ടാക്കി, യുവാവിന്റെ ശരീരം കിടക്കുന്ന രക്തക്കളത്തിൽ എത്തി. അവർ കുപ്പായങ്ങളും, മൂന്നുനാല് ആളുകൾക്ക് വിഷമം കൂടാതെ കടന്നിരിക്കുന്നതിന് സ്ഥലമുള്ളതായ കാലുറകളും മിന്നുന്ന കിരീടങ്ങളും, നാനാവർണ്ണം കലർന്നുള്ള അരക്കെട്ടുകളും ധരിച്ച് വാൾ, കുന്തം മുതലായ ആയുധങ്ങളും വഹിച്ചിരുന്നു. സ്വർണ്ണവസ്ത്രധാരിയായി ഒരു യുവാവും, ഗജവിഗ്രഹനായി, ദണ്ഡധാരിയായി ഒരു വയോധികനും, രണ്ടു ഭയങ്കരാകാരന്മാരായ ഭൃത്യന്മാരും ആയ ഈ നാലാളുകളും യുവാവു കിടക്കുന്ന പ്രദേശത്തെത്തിയപ്പോൾ, ഒരു പോലെ ഞെട്ടി, പുറകോട്ടുമാറി കുറച്ചുനേരം എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കിക്കൊണ്ടു നിന്നു. പിന്നീട് സ്വർണ്ണവസ്ത്രധാരിയായവൻ മരണാവസ്ഥയിൽ ആയിരിക്കുന്ന യുവാവിന്റെ സമീപത്തുചെന്നു മുട്ടുകുത്തി കുറേ നേരം സൂക്ഷിച്ചു നോക്കീട്ട് വൃദ്ധനോട് എന്തോ പറഞ്ഞു. വൃദ്ധൻ തലകുലുക്കിയതല്ലാതെ ഉത്തരം ഒന്നും പറഞ്ഞില്ല. മറ്റെയാൾ ഉടനെ വൃദ്ധന്റെ സമീപത്തുചെന്ന് അപേക്ഷാഭാവത്തിൽ ഓരോന്നു പറഞ്ഞു. ഒടുവിൽ ഊക്കനായ വൃദ്ധൻ, തന്റെ ഉദാരഭാവത്തെ വഹിച്ചുകൊണ്ട് നരച്ച വെള്ളിക്കമ്പികൾ പോലെ ഉദരത്തോളം എത്തീട്ടുള്ള താടിയെ കൈകൊണ്ട് പ്രേമത്തോടെ തടവി ഒതുക്കീട്ട്, മരിക്കുന്നവനോ മരിച്ചവനോ ആയ യുവാവിന്റെ അടുത്തുചെന്ന് വടിയെ ബലമായി നിലത്തൂന്നിയും, മുട്ടിൽ കൈകൊടുത്തും, നർച്ചുള്ള പുരികങ്ങളെ ചുളുക്കിയും, വളരെ ബുദ്ധിമുട്ടി, ഒരു വിധത്തിൽ ഒന്നു കുനിഞ്ഞ്, മുറിവേറ്റിട്ടുള്ള ഭാഗങ്ങളെ നോക്കി നിർണ്ണയപ്പെടുത്തുകയും, മാറിന്റെ ഇടതുഭാഗത്ത് അല്പനേരം കൈവെച്ചുകൊണ്ടിരിക്കുകയും ചെയ്തതിന്റെ ശേഷം, താഴുന്നുന്നതിനുണ്ടായതിലും അധികം പ്രയത്നങ്ങൾ ചെയ്ത് ഉയർന്ന്, തന്നോടുകൂടിയുള്ള യുവാവിനോട് ആവിയന്ത്രത്തിൽ നിന്നും 'ഭും ഭും' എന്നു പുക പൊങ്ങുന്ന സ്വരത്തിൽ എന്തോ പറഞ്ഞു. ആ യുവാവ് കിങ്കരന്മാർക്ക് എന്തോ ആജ്ഞ കൊടുത്തു. തങ്ങളുടെ കൈകളിലുണ്ടായിരുന്ന നെടിയ ശൂലങ്ങളെയും അരയിൽ കെട്ടിയിരുന്ന വസ്ത്രങ്ങളേയും കൊണ്ട് ഒരു മഞ്ചലും, ഇലകൾ കൊണ്ട് മെത്തയും വേഗത്തിൽ അവർ ആജ്ഞാനുസരണം ചമച്ചു. സ്വർണ്ണവസ്ത്രക്കാരൻ തന്റെ കിരീടത്തിന് അലങ്കാരമായി ധരിച്ചിരുന്ന തലക്കെട്ടിനെ അഴിച്ച് ഇലകളുടെമേൽ വിരിച്ചു. ഉടൻ കിങ്കരന്മാർ ആ യുവാവിന്റെ ശരീരത്തെ എടുത്ത് അതിന്മേൽ കിടത്തി തങ്ങളുടെ സ്കന്ധങ്ങളിൽ വഹിച്ചുകൊണ്ട് വന്ന മാർഗ്ഗത്തിലൂടെ നടന്നുതുടങ്ങി. വൃദ്ധനും യുവാവും പുറകെ യാത്രയായി. ഇവർ യമകിങ്കരന്മാരോ, തസ്ക്കരന്മാരോ, വല്ല ഭൂതങ്ങളോ, വഞ്ചിക്കപ്പെട്ട യുവാവിന്റെ വൈരികളോ, ആരാണ്? ആർക്കറിയാം?

കുറിപ്പുകൾ:1. കൊല്ലവർഷം 901-ാമാണ്ടിലാണ് (1725-26 AD) ഈ അദ്ധ്യായത്തില് പറയുന്ന കഥ നടക്കുന്നത്. അന്ന് 20 വയസ്സുള്ള അനന്തപത്മനാഭൻ 'ധർമ്മാരാജാ' യിലെത്തുമ്പോൾഷഷ്ടിപൂർത്തിയോട് അടുത്തിരിക്കുന്നു.

2. മഹാഭാരതം 'സ്ത്രീപർവ്വം'

  • കനകംമൂലം കാമിനമൂലം

കലഹം പലവിധമുലകിൽ സുലഭം (സ്യമന്തകം ഓട്ടൻതുള്ളൽ)