മണിമാല/സിംഹനാദം
മണിമാല (കവിതാസമാഹാരം) രചന: സിംഹനാദം |
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
മണിമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്
ഉണരിനുണരിനുള്ളിലാത്മശക്തി-
പ്രണയമെഴും സഹജാതരേ ത്വരിപ്പിൻ!
രണപടഹമടിച്ചു ജാതിരക്ഷ-
സ്സണവൊരിടങ്ങളിലൊക്കെയെത്തി നേർപ്പിൻ
കരനഖനിരകൊണ്ടു കൂരിരുട്ടാം
കരിയുടെ കുംഭമുടച്ചു ചോരതൂവി
ത്വരയൊടുദയമാർന്നു നിങ്ങളോടീ
‘ഹരി’യുരചെയ്‌വതു ഹന്ത! കേട്ടുകൊൾവിൻ
നേടിയൊരിരുൾ തുലഞ്ഞു രാത്രിയോടും
കൊടിയ പിശാചുക്കൾ കോടിപോയ്മറഞ്ഞു
മുടിവിനു നിഴൽകണ്ടു മൂലതോറും
കുടികളിൽ നില്പിതു ഘോരഭൂതമേകും.
ത്സടിതിയവനെയാഞ്ഞു വേട്ടയാടിൻ
നൊടിയളവിക്കലി നിൽക്കിലുണ്ടപായം
പടിമ പെരുതവന്നു പേപിടിപ്പി-
ച്ചടിമകളാക്കിടുമാരെയും ദുരാത്മാ.
സമത സമതയെന്ന മന്ത്രരത്നം
സതതമിയന്ന മുഖത്തൊടും സധൈര്യം
അമരിനയി വിവേകനിത്യയന്ത്രം
വ്രതമൊടണഞ്ഞൊരു നെഞ്ചോടും ത്വരിപ്പിൻ.
പറക പണിയിരുട്ടു പെറ്റതാകും
പറയനിവൻ സ്വയമെന്തു വിദ്യയാലോ
മറയവരുടെ മണ്ടയിൽക്കരേറി-
ക്കുറകൾ പറഞ്ഞു മുടിച്ചു കേരളത്തെ.
നരനു നരനശുദ്ധവസ്തുപോലും
ധരയിൽ നടപ്പതു തീണ്ടലാണുപോലും
നരകമിവിടമാണു ഹന്ത! കഷ്ടം
ഹര! ഹര! ഇങ്ങനെ വല്ല നാടുമുണ്ടോ?
പരരിലലിവെഴാത്ത ദുർജ്ജനത്തിൻ-
കരബലകല്പിതമാണു ജാതിഭേദം
ദുരയൊടവർ മിടഞ്ഞുവെച്ച മൗഢ്യ-
ത്തിരയിലൊളിക്കരുതാരുമാത്മദീപം.
എരുകെരിക മദീയരുള്ളിലർച്ചി-
സ്ഫൊരിതജടാഞ്ചിതനിത്യദീപമേ! നീ
പെരിയൊരരിയെ നിങ്ങൾ പോയ് ജയിപ്പിൻ
പരിചൊടു സിംഹയുവാക്കളേ! സലീലം.