മണിമാല/ദിവ്യകോകിലം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മണിമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
ദിവ്യകോകിലം അഥവാ ടാഗൂർമംഗളം
(1922ൽ മഹാകവി രബീന്ദ്രനാഥ് ടാഗോറിനു തിരുവനന്തപുരത്തു നൽകിയ സ്വീകരണത്തിൽ വായിക്കാൻ എഴുതിയത്)

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


മണിമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്


വ്യയനാമീശന്റെയാരാമരത്നം തന്നി-
ലവ്യാജകുതൂഹലം പാടിസ്സഞ്ചരിക്കുന്ന
ദിവ്യകോകിലമേ, നിൻ പൊൻ‌കണ്ഠനാളം തൂകും
ഭവ്യകാകളീപരിപാടികൾ ജയിക്കുന്നു.

ജളകർണ്ണത്തിൽപ്പോലുമസ്സുധാലഹരികൾ
കുളിർമയാർന്നുപൂകിസ്സിരകൾ ചലിപ്പിച്ചു
പുളകമുണ്ടാക്കുന്നു ദ്രവിപ്പിക്കുന്നു ചിത്തം
ദളിതനിദ്രമാത്മതർപ്പണം ചെയ്തീടുന്നു.

അതിശാന്തമെന്നാലും ശക്തമാമതിൻ‌ധ്വനി
സതതം ചൂഴ്ന്ന കാറ്റിൽത്തിരകൾ തല്ലിത്തല്ലി
ക്ഷിതിഗോളത്തെജ്ജഗദീശരാജ്യത്തിലേക്കു
കുതികൊള്ളിക്കും നവ്യചലനമുണ്ടാക്കുന്നു.

പൊന്നൊളിവീശിച്ചലിക്കുന്ന നക്ഷത്രങ്ങളാ-
മുന്നിദ്രപുഷ്പങ്ങൾ തന്നിടയിൽ പറന്നെങ്ങും
ചിന്നും‌പൊല്പൊടിപറ്റിത്തിളങ്ങും നിൻ‌ദിവ്യാങ്ഗ-
സന്നിധാനാംതാൻ കണ്ണിനാനന്ദം ചൊരിക്കുന്നു

അല്ലെങ്കിൽ ഖഗവര “രവി”താനല്ലോ ഭവാൻ
നല്ല ചെങ്കതിർകളാം പൊൻ‌തൂവൽച്ചിറകുകൾ
മെല്ലവേ വീശി വിണിൽ പറന്നു ഭൂമുഖത്തി-
ലല്ലുപൂശിയ മഷി തുടയ്ക്കും തേജസ്സല്ലൊ

അതുമല്ലോർത്താൽ രവിഹൃദയത്തിൽനിന്നലോ
ശ്രുതിഗീതങ്ങൾ പുറപ്പെടുന്നു കാലങ്ങളിൽ
വ്യതിയാനത്താൽ വരും വിപ്ലവം നീക്കി ലോക-
സ്ഥിതി പാലിക്കേണ്ടതാസ്നേഹഗാനങ്ങളല്ലോ.

ഏതുദിക്കെന്നാകിലുമേതുബീജമാകിലു-
മേതുവർണ്ണമായാലും മൈത്രിയാൽ പുഷ്പങ്ങളെ
ഭേദമെന്നിയെ തലോടുന്ന പൊൻ‌കരമേലും
ജ്യോതിസ്സേ, ജയിക്ക നീ, ജയിക്ക നിന്റെ ഗാനം

പാടുക, പാടുക, പൊൻ‌കുയിലേ, ഭഗവാന്റെ
വാടിയിൽ പക്ഷാഗ്രത്താൽ അദ്ദിവ്യപദാബ്ജങ്ങൾ
തടവിത്തടവി നീ പറന്നു സുഖമായി
നെടുനാൾ “വിശ്വ”ത്തിന്റെ ഭൂതിക്കായ് ജീവിക്കുക.

അതിഥിയങ്ങെന്നാലും ഞങ്ങൾതന്നിന്ദ്രിയങ്ങൾ-
ക്കതിസൽക്കാരം ചെയ്തു തേനൊഴിക്കിനാൽ ഭവാൻ
സദയ”മൃഷിജന്യ”തേജസ്സേ, യങ്ങെത്തിയ
സുദിനമസ്തമിക്കാ ഞങ്ങൾക്കു തമസ്സിങ്കൽ

അഞ്ചിതാത്മാവേ! ഭവദ്ദർശനത്താൽതാൻ രോമ-
കഞ്ചുകമാർന്നോർ സ്നേഹക്രീതരങ്ങേക്കീ ഞങ്ങൾ
തുഞ്ചലാളിതയായ കൈരളിതൻ‌പേരിലും
വഞ്ചിഭൂവിൻ‌പേരിലും മംഗളമുരയ്ക്കട്ടെ.

"https://ml.wikisource.org/w/index.php?title=മണിമാല/ദിവ്യകോകിലം&oldid=35140" എന്ന താളിൽനിന്ന് ശേഖരിച്ചത്