Jump to content

മണിമാല/ഒരു ഉദ്‌ബോധനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മണിമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
ഒരു ഉദ്‌ബോധനം

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


മണിമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്


സൂര്യൻ കിഴക്കുദിക്കാറായ്
സരഘാനിവഹങ്ങളേ!
സ്വാതന്ത്ര്യമധു തേടീടാൻ
സോത്സാഹമെഴുനേൽക്കുവിൻ.

പറന്നുപോവിൻ പുഷ്പങ്ങ-
ളെങ്ങെന്നാലങ്ങു ചെല്ലുവിൻ!
പുലർകാലത്തു തേനീച്ച-
യുറങ്ങാ സുദിനങ്ങളിൽ.

ഭിന്നവർണ്ണങ്ങൾ പൂക്കൾക്കു
ഭഗവാനു ചിത്രഭാനുതാൻ
ഔദാര്യമാർന്നു നൽകുന്നു
നിങ്ങൾക്കുത്സാഹമേറ്റുവാൻ.

തുല്യമായ് സർവസുമവും
തലോടി മണമാർന്നിതാ
പ്രഭാതവായു പോകുന്നു
പോവിൻ നിങ്ങളതേവഴി.

വീട്ടിലോ നാട്ടിലോ വല്ല
കാട്ടിലോ മേട്ടിലോ സ്വയം
പൂവു സൃഷ്ടിച്ച കൈയങ്ങു
വിളിക്കുന്നുണ്ടു നിങ്ങളെ.

ചെന്നമ്മലരിനെല്ലാവും
ദളം ദ്വിഗുണമാർന്നപോൽ
ചിറകർപ്പിച്ചു പോകർക്കു
ചേർപ്പിൻ കണ്ണിനു കൗതുകം.

സ്വയം മുകുളജാലത്തി-
നുള്ളത്തിലമൃതാക്ഷരം
ഉപദേശിച്ചു സദ്‌ബോധ-
മുണ്ടാക്കി മധുവുണ്ണുവിൻ.

മന്ത്രിക്കുവിൻ കൂടി നാനാ-
മാർഗ്ഗത്തൂടെ ചരിക്കുവിൻ
വെവ്വേറായ് മോക്ഷമാർജ്ജിപ്പി-
നൊന്നായ് ചേർന്നതു കാക്കുവിൻ.

തരുശാഖയിലോ താഴെ-
പ്പൊത്തിലോ കന്ദരത്തിലോ
ഗൃഹകോടിയിലോ സംഘം
കൂടി ക്ഷേമം നിനയ്ക്കുവിൻ.

ഉപദ്രവിക്കായുവിൻ പോ-
യൊരു ജന്തുവിനേയുമേ
അപായം തടയാൻ ഘോര-
ഹുങ്കാരം കൂട്ടി നിൽക്കുവിൻ.

തേനോളം സ്വാദ്യമായ് ലോക-
ത്തെങ്ങുമില്ലാർക്കുമൊന്നുമേ
അതിന്റെയപഹർത്താക്ക-
ളത്രേയസുരരോർക്കുവിൻ.

മുഖത്തുണ്ടിന്നു നിങ്ങൾക്കു
ദൈവദത്തമൊരായുധം
മൃദുവെന്നാകിലും തീക്ഷ്ണം
പേടിക്കുമതു വൈരികൾ.

വഞ്ചിശ്രീയെക്കവരുവാൻ
പണ്ടു വന്നൊരു മുഷ്കരൻ
മുകിലൻ പടയോടൊത്തു
മുടിഞ്ഞു മക്ഷികാളിയാൽ.

അതോർക്കും ധൂർത്തരീയുഗ്ര-
സംഘം കണ്ടു ഭയപ്പെടും
ന്യായസ്ഥരുടെ ശൗര്യത്തെ
വിശേഷിച്ചഞ്ചുമാരുമേ.

മുറിവേൽ‌പ്പിക്കിലും ധൂർത്തർ
പത്രം ചുട്ടുകരിക്കിലും
മുഷ്ക്കിന്നു കീഴടങ്ങാതെ
മരിപ്പോളം തടുക്കുവിൻ.

മലക്കുണ്ടിൽ മറിഞ്ഞെത്ര
കീടം ചാകുന്നു നാൾക്കുനാൾ
മധുകാത്തുറ്റ തേൻ‌കൂട്ടിൽ
മരിപ്പിൻ നിങ്ങൾ വേണ്ടുകിൽ.

സ്വാതന്ത്ര്യംതന്നെയമൃതം
സ്വാതന്ത്ര്യംതന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്കു
മൃതിയെക്കാൾ ഭയാനകം.

സ്വാതന്ത്ര്യമധു തേടീടാൻ
സരഘാനിവഹങ്ങളേ
തുണയ്ക്കും നിങ്ങളെദ്ദീന-
ദയാലു ജഗദീശ്വരൻ.

"https://ml.wikisource.org/w/index.php?title=മണിമാല/ഒരു_ഉദ്‌ബോധനം&oldid=52394" എന്ന താളിൽനിന്ന് ശേഖരിച്ചത്