Jump to content

ഭാഷാഭൂഷണം/പേജ് 33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം


സാരൂപ്യസംബന്ധം കൊണ്ട് പ്രസ്തുതമായ പരാധീനവൃത്തികളുടെ നിന്ദയിൽ‡ പര്യവസാനിക്കുന്നു. പ്രസ്തുതവൃത്താന്തബോധകങ്ങളായ സംബന്ധങ്ങൾ ഇന്നവയെല്ലാമെന്ന് പൂർവാചാര്യമതാനുസാരേണ പരിഗണനം ചെയ്യുന്നു.

വിശേഷത്തിന്നു സാമാന്യം
കാര്യത്തിന്നഥ കാരണം
ഇതു രണ്ടും മറിച്ചിട്ടും
തുല്യത്തിന്നിഹ തുല്യവും
പ്രകൃതത്തിന്നപ്രകൃത-
മഞ്ചുമാതിരിയിങ്ങനെ. 43

(1) പ്രസ്തുതമായ വിശേഷത്തിനു പകരം അപ്രസ്തുതമായ സാമാന്യം; മറിച്ച് (2) സാമാന്യത്തിനു വിശേഷം; (3) കാര്യത്തിന്നു കാരണം; (4) കാരണത്തിന്നു കാര്യം; (5) തുല്യത്തിന്നു തുല്യം ; ഇങ്ങനെ സാമാന്യവിശേഷഭാവം, കാര്യകാരണഭാവം, സാരൂപ്യം, എന്ന് മൂന്നു സംബന്ധങ്ങളെ അടിസ്ഥാനമാക്കി അപ്രസ്തുതപ്രശംസ അഞ്ചുവിധമായി ചമയുന്നു. ഇവയിൽ സാരൂപ്യ നിബന്ധനമായതു മാത്രമെ സാമ്യമൂലകാലങ്കാരങ്ങളിൽ ഉൾപ്പെടുന്നുള്ളൂ. ശേഷം നാലും വാസ്തവോക്തിയിൽ ചേരേണ്ടവയെന്നു സ്പഷ്ടമാകുന്നു.

സാരൂപ്യനിബന്ധനാപ്രസ്തുതപ്രശംസയ്ക്കു് പൂർവാചാര്യന്മാർ ‘അന്യോക്തി’ എന്നും ‘ അന്യാപദേശം’ എന്നും പ്രത്യേകസംജ്ഞ ചെയ്തിട്ടുമുണ്ടു്.

അന്യോക്തിയ്ക്ക് ഉദാഹരണം:

54. തേളു തുച്ഛമൊരു കീടകം പരമിതെന്തുചെയ്യുമൊരുറുമ്പിനെ
ക്കാളുമില്ല പണി കൊല്ലുവാനിതിനെ, വാഴുമെത്രയിതു വാഴ്കിലും;
ആളുകൾക്കു പുനരെന്തു പേടി,യവർ പേരു കേട്ടുമുടനോടിടും;
കാളുമുഗ്രവിഷമുള്ള വാൽമുനയതിന്റെ തീവ്രത കഥിപ്പതോ! - അന്യാപദേശശതകം

ഇവിടെ തേളിന്റെ വാലിനെ വർണ്ണിക്കുന്നതുകൊണ്ട് ഖലൻ എത്രതന്നെ നിസ്സാരനായാലും അവന്റെ നാക്കിനെ എല്ലാവരും ഭയപ്പെടും എന്നുള്ള സരൂപമായ ഉപദേശത്തെ കവി വായനക്കാരെ ധരിപ്പിക്കുന്നു.

വിശേഷപ്രസ്താവത്തിൽ സാമാന്യകഥനത്തിനു് ;

55. തന്ദേശം ചെന്നണവതിനു തേ ചൊല്ലുവാൻ മാർഗ്ഗമാദൌ
സന്ദേശം ചൊന്നഥ സപദി ഞാൻ യാത്രയാക്കാം ഭവാനെ
സന്ദേഹം വേണ്ട പരനുപകാരത്തിനാകാത്തതെങ്കിൽ
കിന്ദേഹം കൊണ്ടൊരു ഫലമിഹ പ്രാണിനാം ക്ഷോണി തന്നിൽ? - മയൂരസന്ദേശം

ഇവിടെ ഉത്തരാർദ്ധത്തിൽ ‘ നീ എനിക്കുവേണ്ടി ഈ കായക്ലേശം ചെയ്യുന്നതിനു മടിക്കരുതു്’ എന്ന വിശേഷത്തിനു പകരം ‘ പരോപകാരാർത്ഥമിദം ശരീരം’ എന്ന സാമാന്യം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.

സാമാന്യപ്രസ്താവത്തിൽ വിശേഷകഥനത്തിനു്;

56. ജനമെല്ലാമുന്മുഖമാ-
യനിമേഷകളായ നേത്രപംക്തികളാൽ

‡ അന്യരെ ആശ്രയിക്കുന്ന ദുർഭാഗ്യവാന്മാർ.

* 6 -ആം കാരിക നോക്കുക.

പദ്യം 55. നായകൻ സന്ദേശഹരനോടു് ഉപക്രമമായി പറയുന്നതു്. തം + ദേശം - തന്ദേശം (ആ ദേശത്തു്). കിം + ദേഹം - കിന്ദേഹം. കിം - ചോദ്യസൂചകമായ വാക്കു്. ദേഹം കൊണ്ടു കിം ഫലം എന്നു് അന്വയഗതി.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_33&oldid=81942" എന്ന താളിൽനിന്ന് ശേഖരിച്ചത്