ഭാഷാഭൂഷണം/പേജ് 32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം


ഈവിധമുള്ള ദീപകം ‘കാരകദീപകം’; ആദ്യം പറഞ്ഞത് ‘ക്രിയാദീപകം’. ഉത്തരോദാഹരണത്തിൽ കരണദീപകത്തിനു് അനേകക്രിയാന്വയം. വേറെ കാരകങ്ങൾക്കു് ഉദാഹരണങ്ങൾ :


കർത്താവിനു് :
51. ഭക്ത്യാ സേവിക്ക പൂജ്യാൻ, മരുവുക സഖിയെപ്പോൽ സപത്നീജനത്തിൽ,
ഭർത്താവിൻ വിപ്രിയം ചെയ്യരുതു നികൃതയെന്നാകിലും കോപമൂലം
അത്യന്തം ഭൃത്യരിൽ വാഴുക സരളതയാ, ഗർവ്വമുൽസൃജ്യഭോഗേ-
ഷ്വിത്ഥം സ്ത്രീകൾ ഭവിക്കുന്നിഹ ഗൃഹിണികളാ,യന്യഥാ ഗേഹബാധാഃ ‌ - ഭാഷാശാകുന്തളം


അധികരണത്തിനു് :
52. കാറ്റുൾക്കൊണ്ടൊരു കീചകങ്ങൾ കുഴലൂതുന്നൂ ശ്രുതിക്കൊത്തപോൽ
സംഘം ചേർന്നൊരു സിദ്ധമുഗ്ദ്ധമിഴിമാർ പാടുന്നു സങ്കീർത്തനം
മുറ്റും നിന്നിടിനാദമങ്ങൊരു മൃദംഗംപോൽ മുഴങ്ങീടുകിൽ
സമ്പൂർണ്ണം സദിരിന്റെ മേളമവിടെ സ്വാമിക്കു സന്ധിക്കുമേ. - മേഘദൂത്


കർമ്മത്തിനു് :
53. മണപ്പിച്ചു ചുംബിച്ചു നക്കിക്കടിച്ചി-
ട്ടിണങ്ങാതെ ദൂരത്തെറിഞ്ഞാൻ കുരങ്ങൻ
മണിശ്രേഷ്ഠ! മാഴ്കൊല്ല; നിന്നുള്ളു കാണ്മാൻ
പണിപ്പെട്ടുടയ്ക്കാഞ്ഞതേ നിന്റെ ഭാഗ്യം. - കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

ഇതുപോലെ ശേഷം കാരകങ്ങൾക്കും ഊഹിച്ചുകൊള്ളുക. കാരകദീപകത്തിൽ ഔപ‌മ്യത്തിനു് പ്രതീതി വരാത്തതിനാൽ ഇതു് സാമ്യമൂലകാലങ്കാരങ്ങളിൽ ഉൾപ്പെടുന്നില്ല. ഇതിനെ സ്വീകരിക്കുന്ന പക്ഷം വാസ്തവോക്ത്യാലങ്കാരങ്ങളുടെ കൂട്ടത്തിൽ ചേർക്കണം.*


16. അപ്രസ്തുതപ്രശംസ
അപ്രസ്തുതപ്രശംസാഖ്യ-
മപ്രസ്തുതമുരയ്ക്ക താൻ:
സ്വൈരം മൃഗങ്ങൾ വാഴുന്നൂ
പരാരാധനമെന്നിയേ. 42

ഏതാനും ചില സംബന്ധങ്ങൾ കൊണ്ടു് പ്രസ്തുത വൃത്താന്തത്തിനു് പ്രതീതി വരും വിധത്തിൽ അപ്രസ്തുതവൃത്താന്തത്തെ വർണ്ണിക്കുക ‘അപ്രസ്തുതപ്രശംസ’. രാജസേവകന്റെ വാക്യമായ ഉദാഹരണത്തിൽ അപ്രസ്തുതമൃഗവൃത്താന്ത വർണ്ണനം


പദ്യം 51. കണ്വവചനം, ശകുന്തളയോടു്, നികൃത = നിരസിക്കപ്പെട്ടവൾ. അന്യഥാ = മറിച്ചാണെങ്കിൽ. 'സ്ത്രീകൾ' എന്ന കർത്താവിൽ 'സേവിക്ക' തുടങ്ങിയ അനേകം ക്രിയകൾക്കു യോഗം. 'ഭൃത്യരിൽ അത്യന്തം സരളതയാ വാഴുക' എന്നു മൂന്നാംപാദത്തിൽ അന്വയം.

പദ്യം 52. കീചകം = മുള. സിദ്ധമുഗ്ദ്ധമിഴിമാർ = സിദ്ധസ്ത്രീകൾ. സദിരു് = പാട്ടുകച്ചേരി. 'അവിടെ' (ആ ദിക്കിൽ) എന്ന അധികരണകാരകത്തിൽ 'കുഴലൂതുന്നു' തുടങ്ങിയ അനേകം ക്രിയകൾക്കു യോഗം.

പദ്യം 53. മണിശ്രേഷ്ഠ! = ശ്രേഷ്ഠമായ രത്നമേ! 'നിന്നെ' എന്നൊരു കർമ്മം അത്യാഹരിക്കണം. അതിൽ 'മണപ്പിക്കുക' തുടങ്ങിയ അനേകം ക്രിയകൾക്കു യോഗം.

* 6- ആം കാരിക നോക്കുക.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_32&oldid=82149" എന്ന താളിൽനിന്ന് ശേഖരിച്ചത്