Jump to content

ഭാഷാഭൂഷണം/പേജ് 29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം
കനലെന്നു നിനച്ചു പോയി നീ താ-
നനഘം വക്ഷസി ധാര്യമായ രത്നം. - ഭാഷാ ശാകുന്തളം

ഇതിൽ മേനകാപുത്രിയായ ശകുന്തളയെ മുനികന്യക എന്നു ശങ്കിച്ചതു് രത്നത്തെ കനലെന്നു നിനയ്ക്കുക തന്നെയാകുന്നു എന്നു് അർത്ഥം കൊണ്ടു സ്പഷ്ടമാകുന്നതല്ലാതെ ഉപമേയവാക്യം പ്രയോഗിച്ചിട്ടില്ല. ഈമാതിരിയിൽ ബിംബപ്രതിബിംബഭാവമുള്ള വാക്യങ്ങളിൽ പ്രതിബിംബവാക്യത്തെ മാത്രം നിർദ്ദേശിക്കുന്നതു് ‘ലളിതം’ എന്നു് ഒരു സ്വതന്ത്രാലങ്കാരമാണെന്നു് അപ്പയ്യദീക്ഷിതാദികൾ സിദ്ധാന്തിക്കുന്നു.*

ഒന്നിന്റെ ധർമ്മം മറ്റൊന്നിൽ
ചൊന്നാലന്യാനിദർശന:
വെണ്മതിയ്ക്കുള്ള സൌഭാഗ്യം
കാണമതുണ്ടിഹ നിന്മുഖേ. 37

ഉപമാനധർമ്മം ഉപമേയത്തിൽ കാണുന്നതായി പറയുന്നതു് മറ്റൊരുമാതിരി നിദർശന. ഇതിനു് ‘പദാർത്ഥവൃത്തിനിദർശന’ എന്നു പേർ. ജയദേവർ ഇതിനെ ഉപമയുടെ വകഭേദമായി ഗണിച്ച് ‘ലളിതോപമ’ എന്നു വിളിക്കുന്നു. വേറെ ഉദാഹരണം :

44. നീലപ്പുരികുഴലിൽ തവ
മേളിച്ചീടുന്ന മുല്ലമാലികയിൽ
മേളം തുടർന്ന ഗംഗാ-
കാളിന്ദീസംഗഭംഗി തിങ്ങുന്നു. - ആര്യാശതകം
വേറേ നിദർശനാഭേദം
ക്രിയയാൽ കാര്യബോധനം:
നന്നല്ല രാജവിദ്വേഷ-
മെന്നു ലോകരൊടോതുവാൻ
ചന്ദ്രോദയത്തിൽ തിമിരം
ചിന്നിച്ചിന്നിയറുന്നുതേ. 38

ഒരുത്തൻ തന്റെ പ്രവൃത്തികൊണ്ടു മറ്റുള്ളവർക്കു് ഒരു ഉപദേശത്തെ ദൃഷ്ടാന്തപ്പെടുത്തിക്കൊടുക്കുന്നതും നിദർശനയുടെ ഒരു വകഭേദം തന്നെ. ഉദാഹരണത്തിൽ രാജവിദ്വേഷം എന്നതിനു് ചന്ദ്രവിദ്വേഷം, നൃപവിദ്വേഷം എന്നു് ശ്ലേഷം കൊണ്ടു രണ്ടർത്ഥം. ഇവിടെ ചന്ദ്രോദയത്തിൽ ഇരുട്ടിനുണ്ടാകുന്ന നാശം, ‘രാജദ്വേഷം നന്നല്ല’ എന്നുള്ള ഉപദേശത്തിനു് ഉദാഹരണമായിത്തീരുന്നു എന്നു് പറയപ്പെട്ടിരിക്കുന്നു. വേറെ ഉദാഹരണം :

45. മാനം കൈവിട്ടു പോവാനിടവരുമെവനും വാരുണീസേവകൊണ്ടെ-
ന്നൂനം കൂടാതെ ലോകർക്കിതുപൊഴുതുപദേശത്തിനെച്ചെയ്തുകൊണ്ടു്

*വർണ്ണ്യത്തിൽ വർണ്ണ്യവൃത്താന്ത-
പ്രതിബിംബം കഥിക്കുകിൽ
ലളിതം, നീരൊഴിഞ്ഞപ്പോൾ
ചിറ കെട്ടാൻ കൊതിപ്പു നീ. -കുവലയാനന്ദം

വർണ്ണ്യവൃത്താന്തമേ പറയാതെ അതിന്റെ പ്രതിബിംബമായ വൃത്താന്തം വർണ്ണ്യവസ്തുവിൽ ഘടിപ്പിച്ചു പറയുന്നതു് ലളിതം. പ്രണയകലഹത്തിൽ മനംമടുത്തു പുറത്തുപോയ നായകനെ തിരിച്ചുകൊണ്ടുവരാൻ അകാലശ്രമം നടത്തുന്ന നായികയോടുള്ള സഖീവചനമാണു് ഉദാഹരണം. 'നീ' വർണ്ണ്യവസ്തു. അതിൽ പ്രതിബിംബവൃത്താന്തമാണല്ലോ ഘടിപ്പിച്ചിരിക്കുന്നതു്. ലളിതോപമായിൽ നിന്നു പകുതിയെടുത്തതാവാം 'ലളിതം'.

പദ്യം 44.കാളിന്ദി കറുത്തതും ഗംഗ വെളുത്തതും എന്നു കവിസങ്കല്പം.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_29&oldid=82146" എന്ന താളിൽനിന്ന് ശേഖരിച്ചത്