ഭാഷാഭൂഷണം/പേജ് 28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം

ഇവിടെ ഉപമേയവാക്യത്തിൽ രക്ഷ്യഭക്ഷണം ഉപമാനവാക്യത്തിൽ ഭക്ഷ്യഭക്ഷണവുമായ സാധാരണധർമ്മങ്ങൾ ബിംബപ്രതിബിംബങ്ങളായിരിക്കുന്നു. ഇതു് സാധർമ്മ്യത്തിനു് ഉദാഹരണം. വൈധർമ്മ്യത്തിൽ വരുന്നതിനു്,

41. പരമതനുശരീരേ! ത്വാം തപിപ്പിച്ചീടുന്നൂ
പരമതനുരജസ്രം മാം ദഹിപ്പിച്ചീടുന്നൂ;
പരവശത ദിനത്താലമ്പിളിക്കെത്രയുണ്ടോ
പരഭൃതമൊഴി ! പാർത്താലാമ്പലിനത്രയില്ല. - ഭാഷാ ശാകുന്തളം


14. നിദർശന
വിശിഷ്ടധർമ്മികൾക്കൈക്യ-
മാരോപിച്ചാൽ നിദർശന:
ദാനശീലന്നു സൌ‌മ്യത്വം
തങ്കത്തിന്നു സുഗന്ധമാം. 36

ഏതാൻ ധർമ്മങ്ങളുള്ള ഒരു പ്രകൃതമായ ധർമ്മിക്കും ആ ധർമ്മങ്ങൾക്കു് പ്രതിബിംബഭൂതങ്ങളായ മറ്റു ധർമ്മങ്ങളുള്ള ഒരു അപ്രകൃതധർമ്മിക്കും അഭേദം കൽ‌പ്പിച്ചു് ഒന്നിനെ മറ്റതാക്കുന്നതു് ‘നിദർശന’. രണ്ടു വക ധർമ്മവിശിഷ്ടങ്ങളായ ധർമ്മികൾക്കു് ഐക്യാരോപം ചെയ്യുന്നതു് നിദർശന എന്നു താത്പര്യം. കേവലവസ്തുക്കളുടെ ഐക്യാരോപം രൂപകം; ധർമ്മവിശിഷ്ടവസ്തുക്കളുടെ ഐക്യാരോപം നിദർശന എന്നു ഭേദം. രൂപകത്തിൽ ഒറ്റപ്പദങ്ങൾക്കാണു് അഭേദകൽ‌പ്പന; നിദർശനയിൽ വാക്യങ്ങൾക്കാകുന്നു. ലക്ഷ്യത്തിൽ ദാതാവിനു് സൌ‌മ്യശീലം വരുക എന്നുള്ളതു തങ്കത്തിന്നു് സൌരഭ്യം ഉണ്ടാവുകയെന്നുള്ളതു തന്നെയാണു് എന്നു ഉപമാനോപമേയവാക്യങ്ങൾക്കു് അഭേദാരോപം. അല്ലെങ്കിൽ സൌ‌മ്യശീലത്വവിശിഷ്ടനായ ദാതാവു് സൌരഭ്യവിശിഷ്ടമായ സ്വർണ്ണമാണെന്നു് വിശിഷ്ടധർമ്മികൾക്കു് ഐക്യാരോപം. വേറെ ഉദാഹരണം :

42. കാട്ടിൽ കൂട്ടുവിളിപ്പതാം, ശവമതിൻ മെയ്യിൽ തലോടുന്നതാം,
നട്ടീടുന്നതാം ബിസം തറയതിൽ, പാഴൂഴി കർഷിപ്പതാം
പൊട്ടൻ കാതിലുരപ്പതാം, കുരുടനെ കണ്ണാടി കാണിപ്പതാം,
പട്ടിയ്ക്കുള്ളൊരു വാൽ നിവർത്തിടുവതാം, സേവിപ്പതിങ്ങജ്ഞരെ - സ്വ

ഇവിടെ അജ്ഞന്മാരെ സേവിക്കുക എന്നുള്ളതു് കാട്ടിൽ കൂട്ടു വിളിക്കുക, ശവശരീരത്തിൽ തലോടുക മുതലായ പല സംഗതികൾ തന്നെയാണെന്നു പറഞ്ഞിരിക്കുന്നു.

നിദർശനയ്ക്കു് വേറെ ഭേദങ്ങൾ അടുത്തു പറയപ്പെടും. വിശിഷ്ടധർമ്മികൾക്കു് ഐക്യാരോപം ചെയ്യുന്ന പ്രാകൃതനിദർശന പ്രായേണ വാക്യങ്ങൾക്കു് അഭേദത്തെ കൽ‌പ്പിക്കുന്നതാകയാൽ ‘ വാക്യാർത്ഥവൃത്തി നിദർശന’ എന്നു പറയപ്പെടുന്നു. ഈമാതിരി നിദർശനയിൽ ചിലേടത്ത് കവികൾ ഉപമേയവാക്യത്തെ അർത്ഥസിദ്ധമെന്നു വെച്ചു് പ്രയോഗിക്കാതെ ഉപേക്ഷിച്ചു കാണുന്നു. എങ്ങനെയെന്നാൽ,

43. മനമേ! ഭവസാഭിലാഷമിപ്പോൾ
ഘനകേശീംപ്രതി സംശയങ്ങൾ തീർന്നു.

പദ്യം 41. ദുഷ്യന്തവാക്യം, ശകുന്തളയോടു്. പരമതനുശരീര = കൃശഗാത്രി (സുന്ദരി) പരം + അതനുഃ + അജസ്രം = പരമതനുരജസ്രം. അതനുഃ = കാമദേവൻ. അജസ്രം = എല്ലായ്പ്പോഴും, ദിനത്താൽ (സൂര്യാഗമത്താൽ) ചന്ദ്രനുള്ളത്ര മങ്ങൽ ആമ്പലിനില്ലല്ലോ.

പദ്യം 42. അജ്ഞോപാലംഭം. ബിസം = താമര (വളയം). പാഴൂഴി കർഷിക്കുക = ഊഷരഭൂമിയിൽ കൃഷി ചെയ്യുക. ഉരയ്ക്കുക = പറയുക

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_28&oldid=82145" എന്ന താളിൽനിന്ന് ശേഖരിച്ചത്