ഭാഷാഭൂഷണം/ഒന്നാം പതിപ്പിന്റെ മുഖവുര/പേജ് 4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഷാഭൂഷണം (ഭാഷാശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
ഒന്നാം പതിപ്പിന്റെ മുഖവുര

പ്പാടെ സ്വരൂപിച്ചു് ഒരു ഗ്രന്ഥമാക്കിത്തീൎത്തതാകുന്നു ഈ 'ഭാഷാഭൂഷണം'.

ഈ പുസ്തകം തയ്യാർചെയ്യുന്നതിൽ ഞാൻ, സംസ്കൃതത്തിൽ ഇതേവരെ പ്രസിദ്ധീകരിച്ചിട്ടുള്ള അലങ്കാരഗ്രന്ഥങ്ങളെ എല്ലാം ഉപയോഗിച്ചിട്ടുണ്ടു്. എന്നാൽ, അവയിൽ ഒന്നിനേയും ഒരു മാതൃകയായി സ്വീകരിച്ചിട്ടില്ല. ഓരോ അംശത്തിൽ ഓരോരുത്തരുടെ മതത്തിൽ ചേർന്നിട്ടുണ്ടെന്നു്, വേണമെങ്കിൽ പറയാം. അൎത്ഥാലങ്കാരങ്ങളുടെ ലക്ഷ്യലക്ഷണങ്ങളിൽ മിക്കതും കുവലയാനന്ദത്തോടു് യോജിച്ചിരിക്കും; എന്നാൽ ആകത്തുക ആ ഗ്രന്ഥത്തിൽ ഉള്ളതിന്റെ മുക്കാൽ ഭാഗമേ ഇതിൽ കാണുകയുള്ളൂ. ഈ അംശത്തിൽ ഭാഷാഭൂഷണം അലങ്കാരസൎവസ്വകാരന്റെ മതത്തോടാണു് അധികം യോജിക്കുന്നതു്. അർത്ഥാലങ്കാരങ്ങളെ നാലു തുറയായിപ്പിരിച്ചതിൽ കാവ്യാലങ്കാരകർത്താവായ രുദ്രാടാരാചാര്യരാണു് എനിക്കു മാർഗ്ഗപ്രദർശനംചെയ്തതു്. ദോഷാദിപ്രകരണങ്ങളിൽ കാവ്യപ്രദീപക സാഹിത്യദർപ്പണങ്ങളുടെ സരണിയെ അധികം അനുസരിച്ചിരിക്കുന്നു. ഏതാനും ചിലെടുത്തു് സ്വന്തമതംതന്നെ സ്ഥാപിക്കേണ്ടതായും വന്നിട്ടില്ലെന്നില്ല. ഭാഷാഭേദം മറ്റു ചില ദിക്കുകളിൽ ഭേദഗതികൾക്കു കാരണമായിത്തീർന്നിട്ടുണ്ടു്. സംസ്കൃതത്തിൽ മാത്രം സംഭവിക്കുന്ന ചില ദോഷങ്ങളേയും മറ്റും ഉപേക്ഷിക്കുകയും, സംസ്കൃതത്തിലില്ലാതെ ഭാഷയ്ക്കു മാത്രം വരുന്ന മറ്റു ചിലതുകളെ പുതുതായിക്കല്പിക്കയും ചെയ്തിരിക്കുന്നു.

ഈ ഗ്രന്ഥത്തിൽ അലങ്കാരാദികൾക്കു് ഉദാഹരണങ്ങൾ കഴിയുന്നിടത്തോളം പുരാതന കൃതികളിൽ നിന്നു് എടുക്കുന്നതിനു ശ്രമിച്ചിട്ടുണ്ടു്. ഈ ശ്രമം ഫലിക്കാത്തിടത്ത് നവീനന്മാരുടെ പദ്യങ്ങളെ ഗ്രഹിക്കുകയും അതുകളെ തേടിപ്പിടിക്കുന്നതു് എളുതല്ലാതെ വന്നാൽ പുതിയ ശ്ലോകങ്ങളെ നിർമ്മിക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെ പുതുതായി ഉണ്ടാക്കുന്ന ശ്ളോകങ്ങൾ പ്രായേണ സംസ്കൃത ഗ്രന്ഥങ്ങളിൽ കാണുന്ന ഉദാഹരണങ്ങളുടെ തർജ്ജമകളായിരിക്കും. അപൂർവം ചിലെടത്ത്, അതിപ്രസിദ്ധകളായ സംസ്കൃതസൂക്തികളെക്കൊണ്ടു ഭാഷയെ പോഷിപ്പിക്കുവാനുള്ള കൗതുകവും എന്നെ ഭാഷാന്തരീകരണത്തിൽ പ്രവ്ര്ത്തിപ്പിച്ചിട്ടുണ്ടു്. എല്ലാ മാതിരി ഉദാഹരണവും ഏതു ഗ്രന്ഥത്തിൽനിന്നു് എടുത്തതെന്നു് അവിടവിടെ കാണിച്ചിട്ടുണ്ടു്. തത്ക്കാലം നിർമ്മിച്ചിട്ടുള്ളവയെ 'സ്വ' എന്നു് അടയാളം കൊണ്ടു വേർതിരിച്ചിരിക്കുന്നു.

സാഹിത്യശാസ്ത്രത്തിന്റെ വിഷയം മുഴുവനും ഇതിൽ അടക്കുന്നതിനു് എനിക്കു സാധിച്ചിട്ടില്ല. ഈ ന്യൂനതയെ ഒരു രണ്ടാം പതിപ്പു് ആവശ്യപ്പെടുന്ന പക്ഷം പരിഹരിക്കാമെന്നു