ഭക്തവിലാപം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭക്തവിലാപം

രചന:എൻ. കുമാരനാശാൻ

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ



അണകവിയുന്നലഴലാഴിയാഴുമെന്നിൽ
പ്രണയമുദിച്ചു കഴിഞ്ഞു പാരവശ്യാൽ
അണികരമേകിയണഞ്ഞിടുന്ന നാരാ-
യണഗുരുനായകനെന്റെ ദൈവമല്ലോ


വേദാഗമക്കളികളാശമുയർത്തി നിന്നി-
ലാധാരമാമലയതിൽ മകുടാഭിഷേകം
ബോധാന്ധകാരമിഹിരൻ മമ നാശകാലം
ബോധിച്ചെടുത്ത ഗുരുവിൻ കരുണാമൃതക്കൈ.

-1-
ആലമുണ്ടഴലുപോലെ മായയിൽ
മാലുകൊണ്ടു മതിയും മയങ്ങി ഞാൻ
കാലു തന്നു കനിയുന്നതെന്നു നീ
വേലുമേന്തി വിലസുന്ന ദൈവമേ

-2-
സ്ഥൂലമോ പൊരുളു സൂക്ഷ്മദേഹമോ
മൂലമോ മുടിവിലുള്ളതെന്നിയേ

കാലവൈഭവമതിൽക്കലർന്നെഴും
ജാലമോ മുരുക! മൂലദൈവമേ!

-3-
പ്രാണനായക! ഭവൽപദാംബുജം
കാണുമാറു കരുതാതെ കശ്മലൻ
വീണനായി വളരുന്നുവെങ്കിലും
കാണി നീ കരുണചെയ്ക ദൈവമേ!

-4-
ഏണനേർമിഴികളോടു മന്മഥൻ
ബാണവൈഭവമെടുത്തടിക്കിലും
പ്രാണനുള്ളളവണഞ്ഞിടാതെ കൺ-
കോണൊഴിഞ്ഞു കൃപചെയ്ക ദൈവമേ!

-5-
ആണവക്കടലിലാഴുമേഴ ഞ്-
നേണപാണിമകനെന്റെ തമ്പുരാൻ
വേണമെങ്കിലവനെന്നെയാളുമെ-
ന്നാണുറപ്പുമടിമക്കു ദൈവമേ!

-6-
നീറിടുന്നു മനതാരിൽ നിൻപദം
തേറിടുന്നതിശക്തനെങ്കിലും
കൂറിടുന്ന തിരുമേനിയെന്നിയേ
വേറെനിക്കൊരുവരില്ല ദൈവമേ!a

-7-
നാറുമീയുടലുതന്റെ മേനിയിൽ
കേറിയൻപൊടു കലർന്നുകൊള്ളുമോ
ചോറിരന്നു ചുണകെട്ടു ചീയുമോ
കൂറഴിഞ്ഞു വിലസുന്ന ദൈവമേ!

-8-
സൂനവാടിയിലെഴുന്ന തെന്നലേ!
പീനമാ മയിലിലേറുമോമലേ!
മാനമറ്റ മലമായ ചെയ്യുമീ
ദീനമെന്നു തുലയുന്നു ദൈവമേ!

-9-
വാനലർക്കൊടി കുലച്ച കോരകം
തേനൊലിച്ചു വിരിയുന്ന വേളയിൽ
സ്വാനമിട്ടളി മുഴക്കി മൗനമായ്
ഞാനിരിപ്പതിനിയെന്നു ദൈവമേ

-10-
തീനെടുത്തിനി വെറുക്കുമെങ്കിലും
വാനടുത്ത വഴി കാണുമെങ്കിലും
കോനെടുത്തു കുടിവയ്ക്കുമെങ്കിലും
ഞാനെടുത്ത ജനി നന്നു ദൈവമേ!

-11-
പരമായ നിന്റെ പദപങ്കജത്തിനി-
പ്പുറമായി നിന്നു പൊതിയുന്നു സങ്കടം;
പറയാവതല്ല പലരോടുമോതിയാ-
ലറിയാവതല്ല കളവല്ല ദൈവമേ!

-12-
അറിയാമിതൊക്കെയവിടത്തിലെങ്കിലും
പറയാതിരിപ്പഴകല്ല പാമരൻ;
മറനാലുമോതിയറിയാതെ നിൻപദം
പറവാനുമില്ല പരിചിന്നു ദൈവമേ!

-13-
ഒരു വേല ചെയ്തു തിരുവുള്ളമൂറുമാ-
റൊരു സമ്പ്രദായമറിയാതെ പാപി ഞാൻ
ഗുരുപാദമെന്നു കുറിയായ് നിനച്ചതിൽ-
പ്പെരുമാറുമാറു മരുവുന്നു ദൈവമേ!

-14-
തിരുനീറണിഞ്ഞു തിരുനാമമോതി നി-
ന്തിരുവേലകൊണ്ടു ദിവസം കഴിച്ചു ഞാൻ
സ്ഥിരമായിരുന്നു തവ പാദപങ്കജം
മരുവുന്നതെന്നു മയിലാർന്ന ദൈവമേ!

-15-
മരുവിൽപ്പരന്ന മൃഗതൃഷ്ണികാജലം
പരുകുന്നതിന്നു പണിചെയ്തിടാതെ ഞാൻ
സുരലോകഭോഗമതിലും വെറുത്തു നി-
ന്നരികത്തിലെന്നു മരുവുന്നു ദൈവമേ!

-16-
അറിയാതിരുന്നതറിയാതറിഞ്ഞു ഞാ-
നറിവാകുമിമ്പമഴിയാതഴിഞ്ഞതിൽ
മുറിയാതെ നിഷ്ഠ മുറയായുറച്ചിരു-
ന്നുറവാവതെന്നു പറയുന്നു ദൈവമേ!

-17-
തുറയായ് നടന്നു തുണയറ്റു നിൻപദം
തുറയായറിഞ്ഞു തുഴയുന്നതൊക്കെയും
കുറിയായുണർന്നു കനിയുന്ന നീയിനി-
പ്പുറമേ വരുന്ന വരവെന്നു ദൈവമേ!

-18-
ചെറുതില്ല ചിത്തമതിലമ്പു നിമ്പദം
പുറമേ നിനച്ചു പുകഴുന്നു പാപി ഞാൻ
അറിവില്ല ചെയ്തതഖിലം പൊറുത്തു നീ
മറുതിപ്പെടുത്തു കനിവുള്ള ദൈവമേ!

-19-
സുരദിന്ധു ചൂടി വിലസുന്ന സുന്ദര-
ത്തിരുമൗലിയാറു തിരളുന്ന നിൻപദം
ഒരു നേരമുള്ളിലൊഴിയാതിരിക്കുമാ-
റരുമക്കടാക്ഷമരുളീടു ദൈവമേ!

-20-
പരമില്ലെനിക്കു പറവാനുമാശ്രയം
പരിപാഹി പാഹി പരമാർത്ഥരൂപമേ!
പരിതോഷമോടു പലവാറുമാളുമെൻ
"കരുവാ"യിരുന്നു കനിയുന്ന ദൈവമേ!

-21-
അണുവിന്നു മൂലമറിയായ്മയാഴു-
ന്നണുജാലജാലമഖിലാണ്ഡമണ്ഡലം
ഘൃണയോടു കാത്തു മരുവുന്ന നിൻപദം
പണിയുന്നവർക്കു പിണിയേതു ദൈവമേ!

-22-
അണയറ്റു പൊങ്ങുമരുളാഴിതന്നിലി-
പ്പിണമൊക്കെ നിന്നു വിലസുന്നു പോളപോൽ
ഗുണമറ്റു കണ്ണു കുറിയാക്കിടുന്ന നിൻ-
ഗുണമാരറിഞ്ഞു ഗുരുവെന്നി ദൈവമേ!

-23-
ക്ഷണവൃത്തിയായ വിഷയാത്മകം സുഖം
തൃണതുച്ഛമെന്നു കരുതുന്ന ബുദ്ധിമാൻ
പണിചെയ്തു ഭക്തിപദവീവിലാസമോ-.
ടണയുന്നപാരസുഖരൂപ! ദൈവമേ!

-24-
തുണയെന്നു നിന്നു പണിയും ജനത്തിന-
ങ്ങണയുന്ന താപമഖിലം കൊടുത്തുടൻ
പണയപ്പെടുന്ന പരമാനുകമ്പയാർ-
ന്നണിമാദിസിദ്ധിയരുളുന്ന ദൈവമേ!

-25-
ക്ഷണികാദിവാദിവിപരീതവർത്തികൾ-
ക്കണുകാതെതന്നെയകലത്തിരുന്നു നീ
പ്രണയം കലർന്നു പരമാർത്ഥവിത്തുകൾ-
ക്കണികയ്യിലാർന്നു വിലസുന്ന ദൈവമേ!

-26-
മണമാദിയായി വിലസുന്ന മണ്ണിലും
തുണചിന്ത ചെയ്തു ഗുണമായ് നിറഞ്ഞുടൻ
ഗുണിയറ്റു നിന്നു ഗുണവും നിരാശ്രയി-
ച്ചണയുന്നതായി വിലസുന്ന ദൈവമേ!

-27-
രണനാദിതോറുമനിശം ഭ്രമിച്ചുടൻ
രണമാടി നിന്നു രസമൂറുമിന്ദ്രിയം
രണനാദി പെറ്റു രണമാടി രണ്ടുമ-
റ്റമരേണമെന്നിലരുളായ ദൈവമേ!

-28-
ഗണികാജനത്തൊണയാതെ കേവലം
പണമോഹമോടു പതറാതെ മാനസ്സം
ക്ഷണനേരമിങ്ങു മരുവാതെ വന്നുനി-
ന്നണിപാദപദ്മമതിലാക ദൈവമേ!

-29-
നിണമുണ്ടിടുന്ന നരകപിശാചുതൻ
ഗണമെന്നപോലെ വരുമഷ്ടവൈരിമാർ
പ്രണവപ്രയോഗശരധാരയേറ്റുടൻ
വ്രണമാർന്നു വീഴുമരുളേക ദൈവമേ

-30-
മണമേ മലർന്ന മലരേ! മരന്ദമേ!
അണിയിട്ടു പാടുമളിയേ വസന്തമേ!
ഗുണമറ്റു നിന്നു 'കരുവാ' വിളങ്ങുമു-
മുണ്മണിയേ തുണക്ക ഗുഹദേവ! ദൈവമേ!

-31-
ആദിനായക! നിറഞ്ഞു നീയിരു-
ന്നാദരിക്കിലുമന്ധനായ ഞാൻ
ഖേദാവാരിധിയതിൽ കിടന്നഹോ!
വേദനപ്പെടുവതെന്തു ദൈവമേ!

-32-
വേദവീഥിയിലുമില്ല നിൻപദം
വാദവാണിയിലുമില്ല ചൊല്ലുകിൽ
മോദമുറ്റ മുനിതൻ മനക്കുരു-
ന്നാദരിച്ചടിയിരുന്ന ദൈവമേ!

-33-
മൂർത്തി മൂന്നുമുരുവറ്റു നിന്നിടും
പൂർത്തിയായ പുരവൈരിപുണ്യമേ
കാർത്തികേയ! കരുണാരസം പൊഴി-
ഞ്ഞാർത്തി തീർത്തരുളുമാദിദൈവമേ!

-34-
പേർത്തുപേർത്തു പരിതാപമൊക്കെ ഞാ-
നോർത്തു ചൊല്ലിയുഴലുന്നു സന്തതം
പാർത്തിരുന്നു പലകാലമെന്നെ നീ-
യോർത്തിരങ്ങിയരുളുന്നിനി ദൈവമേ!

-35-
ഉണ്ണിയാണൊരുവനില്ല നിൻപദം
നണ്ണിയാണു നടകൊണ്ടിടുന്നു ഞാൻ
ദണ്ഡമിന്നുമിയലുന്നതോർക്കിലെൻ-
കണ്ണുനീരു കവിയുന്നു ദൈവമേ!

-36-
കണ്ണിൽ നിന്നു കളിയാടിടുന്ന നിൻ‌-
പുണ്യപാപമറിയാതെ പാപി ഞാൻ
മണ്ണു തൊട്ടു മഷിയോളവും കിട-
ന്നെണ്ണിയെണ്ണിയുഴലുന്നു ദൈവമേ!

-37-
ഉണ്ണുമൂഴകളശേഷമൂഴിയിൽ-
ക്കണ്ണിൽ നിന്നു കലരുന്ന കാരണം
നണ്ണി നണ്ണി നരകിച്ചു നെഞ്ചകം
പുണ്ണു പോലെ പിളരുന്നു ദൈവമേ!

-38-
ദണ്ഡധാരി ദയയെന്നി നിത്യമെൻ-
മണ്ഡപത്തിൽ മരുവുന്ന മൂലമായ്
ദണ്ഡഭീതി പെരുകുന്നു സന്തതം
ദണ്ഡുമേന്തി വിലസുന്ന ദൈവമേ

-39-
പുണ്ഡരീകനയനൻ പുരാരിയും
പുണ്ഡരീകഭവനും പുലർത്തിടും
പുണ്ഡരീകമൃദുപാദമെൻ മൻ:-
പുണ്ഡരീകമതിലാക്ക ദൈവമേ

-40-
വിണ്ണിൽ നിന്നു വിലസുന്ന കാർത്തികാ-
പുണ്യമേ ഭുവനമാളുമേകമേ
കണ്ണടുത്തു 'കരുവാ' വിളങ്ങുമെ-
ന്നുണ്ണിവേല! വരികാശു ദൈവമേ!

-41-
അന്തരായനിരയായ മായത-
ന്നന്തരാളമതിലായ പാപി ഞാൻ
അന്തരംഗമറിയാതനാരതം
വെന്തെരിഞ്ഞു വിരളുന്നു ദൈവമേ!

-42-
നൊന്തിരുന്നു നുതി ചെയ്തു നിത്യവും
നിന്തിരുപ്പദനിലീനമാനസൻ
സന്തരിച്ച ജനിസാഗരത്തിൽ വീ-
ണന്തരിച്ചറിയനെന്റെ ദൈവമേ!

-43-
എന്തു ചെയ്തെളിയ ഞാനിനി പ്രിയം
നിന്തിരുപ്പദനിലീനമാനസൻ
സന്തരിച്ച ജനിസാഗരത്തിൽ വീ-
ണന്തരിച്ചടിയനെന്റെ ദൈവമേ!

-44-
ബന്ധമുക്തി വിഭജിച്ചു വിഭ്രമി-
ച്ചന്ധകൂപമതിലാണു സന്തതം
ബന്ധമറ്റ തവ പാദതരതിൽ-
ബന്ധമാരറിയുമാദിദൈവമേ!

-45-
അന്ധകാരമതിനാദിയില്ല പി-
പിന്നന്ധകാരമതുമില്ല ചൊല്ലുകിൽ
അന്ധനായടിയനാഴുവാനതിൽ
ബന്ധമെന്തരുളുകെന്റെ ദൈവമേ!

-46-
പന്തിയായ പലതും പരന്നിരു-
ന്നന്തകാനനമതിങ്കലാകവേ
അന്തികത്തിലരശറ്റ ഞാനിരു-
ന്നെന്തു ചെയ്യുമിനിയെന്റെ ദൈവമേ!

-47-
ബന്ധുവായ തവ പാദപങ്കജം
ചിന്തിയാതെ മരുവുന്ന ദുർജ്ജനം
അന്തമറ്റ നരകാബ്ധിയേറുവാ-
നെന്തുപായമറിയുന്നു ദൈവമേ!

-48-
കാലവാഹിനി വഹിച്ച കാഷ്ടമായ്
കാളരാത്രിയിലുഴന്നു നിത്യവും
ബാലനാമടിമ വാടി വീഴുമ-
ന്നീലമാമയിലിൽ നിന്ന ദൈവമേ!

-49-
മൂലമേ മുരുകദൈവമേ! മുഴു-
സ്ഥൂലമേ സുഖപയപയോനിധേ
കാലണഞ്ഞ കരണം കലർന്നുടൻ
മൂലമാമയിലിൽ നിന്ന ദൈവമേ!

-50-
നൂലറിഞ്ഞു നുതിചെയ്തുകൊള്ളുവാൻ
കാലമില്ല കനിവില്ല പാടുവാൻ
വേലയറ്റ 'കരുവാ' വിളങ്ങുമെൻ-
വേലവാ! വരിക വിശ്വദൈവമേ!

-51-
അടലാടിടുന്ന വിഷയങ്ങളന്വഹം
തുടരാതൊഴിഞ്ഞു തുലയായിരുന്നു ഞാൻ
അടയാളമറ്റൊരരുളംബരത്തിലായ്
നടമാടിടുന്ന നലമൊന്നു ദൈവമേ!

-52-
മൃഡസൂനുവിന്റെ മഹിമാവുകൊണ്ടുടൻ
ജഡവാതമൊക്കെ ജവമേ ജയിച്ചു ഞാൻ
ഗുഡമേ ജയിക്ക ഗുഹനേ! നമുക്കിനി-
യിഡനിന്നിറങ്ങുമമൃതായ ദൈവമേ!

-53-
പടമാദി തൊട്ടു പലരും പറഞ്ഞിടും
പടുവാദമൊക്കെയഴിയുന്ന പാതയിൽ
വിടകൊണ്ടു ചെന്നു വിരിവുള്ളെടത്തു ഞാ‌-
നടയുന്നവാറുമരുളീടു ദൈവമേ!

-54-
അടിയോ നിനക്കിലതിനില്ലനാദിയായ്
വടിവോടിരുന്നു വിലസുന്നു വിശ്വവും
ഇടയൂടിരിക്കുമിവനീ വഴക്കൊഴി-
ഞ്ഞിടരറ്റിരിപ്പതിനിയെന്നു ദൈവമേ!

-55-
അടി കൊണ്ടുകൊള്ളുവതിനെന്നുതൊട്ടു വ-
ന്നടിയൻ കിടന്നു വലയുന്നനാരതം
പൊടിപോലുമില്ല സുഖമിന്നു മാനസം
പിടികായമാനമതിലെന്റെ ദൈവമേ!

-56-
കാളാംഭോദക്കരിംകോമളതരകബരീ
ഭാരമാരോഹണം ചെ-
യ്തോളംതല്ലുന്ന ഗംഗാനദിയുമൊളിചൊരി-
ക്കുന്ന ചന്ദ്രക്കിടാവും
മാളും മാരൻ മദിച്ചാലിനിയുമിനിയുമെ-
ന്നങ്ങു ചെന്നെറ്റിയിൽ തീ-
കാളും കണ്ണും കലർന്നെൻ കരുണമുരുകനെ-
ക്കാണുവാൻ കാലമായോ!

-57-
കന്ദർപ്പൻതന്നെ വെന്നക്കൊടിയൊരു കുലവി-
ല്ലിങ്ങു കൈക്കൊണ്ടപോലെ-
സ്സന്ദർഭം ചേന്നിണങ്ങും സരസതരലസ-
ച്ചില്ലിതൻ തെല്ലിഴിപ്പും
മന്ദസ്മേരം പൊഴിക്കും മധുമൊഴിവിലാ-
സങ്ങളും ചേർന്ന ബാല-
സ്കന്ദൻതാൻ കാലകാലന്നരുളുമാ-
യ്‌ക്കാണുവാൻ കാലമായോ!

-58-
ആലം കൈക്കൊണ്ട മർത്ത്യർക്കമൃതമഴ ചൊരി-
ഞ്ഞോരു താതാംശഭൂത-
ക്കാലക്കംബുക്കഴുത്തിൽ കലിതരസമെഴും
ഭസ്മരുദ്രാക്ഷനൂലും
ആലസ്യം വിട്ടുദിക്കുന്നഭയമമലചിൻ-
മുദ്രയുന്നിദ്രഭാവം
കോലും വേലും ധരിച്ചും കുശലമുരുകനെ-
ക്കാണുവാൻ കാലമായോ!

-59-
പാലൊക്കും ഭൂതി പൂശിപ്പരിമളമിളകും
പദ്മരാഗപ്രദേശം-
പോലൊക്കും വിസ്തൃതോദരസ്ഥലമതിലണയ-
പ്പൂണുമപ്പൂണുനൂലും
മേലിൽ പൊൻകാഞ്ചി പൂട്ടിക്കലിതരസമര-
ക്കെട്ടുക്കെട്ടു കെട്ടുന്ന വേങ്ങ-
ത്തോലും തൊങ്ങുന്നൊരുണ്ണിത്തിരുവടിയെയിനി-
ക്കണുവാൻ കാലമായോ!

-60-
ആടും മൈലേറിയാടുന്നമരമുരുകനെ-
പ്പാടുവാനൂടമോദം
കൂടും കൗമാരകർണ്ണാമൃതമിതു കരുതി-
ക്കേവലം ഭാവമെന്നാൽ
ഗാഢം തൃക്കൈ തലോടിക്കരുണയൊടു വളർ-
ത്തുന്ന കുഞ്ജാസനശ്രീ
തേടും നാരായണശ്രീപരമഗുരുവിനെ-
ച്ചൊല്ലി നീ ചൊല്ലു വാണീ!

-61-
ആത്മാതീതപ്പരപ്പിൽ പരയുമരുമരുളുമായ്
പറ്റിനിൽക്കും പരത്തിൽ
സ്വാത്മാനന്ദാനുഭൂതിപ്രചുരിമ വടിവാ-
യാർന്നു നേർന്നോരു ദേവൻ
ആത്മൗഘൈശ്വര്യമുക്തിപ്രദനചലനനാ-
ദീശ്വരൻ വിശ്രുതൻ മാ-
ഹാത്മ്യാംഭോരാശിയെന്നന്നരുമമുരുകനെ-
പ്പാടു നീ ഗുണവാണീ!

-62-
കുന്നിൻമാതോടുകൂടിക്കുവലയശരവൈ-
രിക്കുടുംബിക്കുമെന്നും
മൂന്നായ്‌മൂളുന്ന മൂലക്കനലിനുമൊളിവിൽ-
പ്രാണനും പ്രാണനാകും
പുന്നാമം നാരകം തീർത്തരുളുമരുളിനെ-
പെറ്റു പോറ്റാതിരുന്നാ-
ലെന്നാനന്ദം ലഭിക്കുന്നമലമുരുകനെ-
പ്പാടു നീ ഗൂഢവാണീ!

-63-
സാംഗംനിന്നുള്ള സാക്ഷാലറുസമയസമൻ
സാമരസ്യസ്വരൂപൻ
ഗാംഗേയൻ കാർത്തികേയൻ ഗഗനപദവെയേ-
റിക്കളിക്കും കുമാരൻ
മംഗല്യംപൂണ്ടു മാതാമടിയിലറുമുഖം-
കൊണ്ടു പാലുണ്ടു ലോലാ-
പാമഗപ്രക്ഷേപണോൽകപൃഥുകമുരുകനെ-
ന്നോതു നീ സാധുവാണീ!

-64-
ആവിർമ്മോദം വളർന്നച്യുതനരികിലണ-
ഞ്ഞണ്ടർകോൻ കല്പകപ്പൂ-
ങ്കാവിൽ കൈവച്ചു കാളും കലഹമുടയ കാ-
രുണ്യതാരുണ്യരൂപൻ
ദേവാനീകാധിനാഥൻ ദനുസുതരിപു ദി-
വ്യാജവാഹൻ ഗുഹൻ ധാ-
താവിൻ ധാർഷ്ട്യം തടുക്കുന്തരുണമുരുകനെ-
ന്നോതു നീ സാധുവാണീ!

"https://ml.wikisource.org/w/index.php?title=ഭക്തവിലാപം&oldid=55821" എന്ന താളിൽനിന്ന് ശേഖരിച്ചത്