പ്രാചീനമലയാളം 2/സാങ്കേതികൻ
←ശാസ്ത്രനമ്പൂരി | പ്രാചീനമലയാളം 2 രചന: സാങ്കേതികൻ |
എമ്പ്രാൻ(2)→ |
ഇനി സാങ്കേതികന്മാരെക്കുറിച്ചു. ഇവർ ആദ്യം ഭാർഗ്ഗവൻ കൊണ്ടുവന്നിരുത്തിയ ശേഷം പൊയ്ക്കളഞ്ഞവരും അനന്തരം പോകാതെ ഇവിടുത്തെന്നെ ഇരുന്നവർക്കു പുതിയ മലയാളാചാരം ഉണ്ടാക്കി ഏർപ്പെടുത്തി സ്വർഗ്ഗത്തു ചെന്നു് ചില സാധനങ്ങളെ കൊണ്ടു വന്നു് രസകരമായ അതിവിശേഷ ഏർപ്പാടു ചെയ്തു് മലയാള ഭൂമിയെ ഇങ്ങനെയൊക്കെ സ്വർഗ്ഗമാക്കിയപ്പോൾ മറുപടിയും വന്നു് ഭാർഗ്ഗവനോടപേക്ഷിക്കയാൽ എമ്പ്രാനെന്നൊരു അതിശയ വ്യാഖ്യാന നാമവും വേദാധ്യയനം, ക്ഷേത്രങ്ങളിൽ ശാന്തി, നമസ്കാര ഭക്ഷണം, പരികർമ്മം, ഇങ്ങനെയുള്ള സ്ഥാനങ്ങളും കൊടുത്തു് തുളുഗ്രാമങ്ങളിൽ പാർപ്പിക്കപ്പെട്ടവരും അനന്തരം ഇവരിൽ ചിലർ ചില രാജാക്കന്മാരാൽ ഈ മലയാളത്തിൽ കൊണ്ടുവരപ്പെട്ടവരും ആകുന്നു എന്നു മുമ്പിനാൽ പറഞ്ഞിട്ടുണ്ടല്ലൊ.
എന്നാൽ ഭാർഗ്ഗവൻ ഇവരെ മലയാളാചാരത്തിൽ ഉൾപ്പെടുത്താതേയും മലയാളത്തിലേക്കു കടത്തിവിടാതേയും തുളുഗ്രാമത്തിൽ തന്നെയിരുത്തിയതിനാൽ ഇവർക്കായി കല്പിച്ച ശാന്തി, നമസ്കാരം, മുതലായവയുടെ അവകാശം തുളുക്ഷേത്രങ്ങളെ സംബന്ധിച്ചിടത്തോളം മാത്രമേ ഒള്ളു എന്നും ഇങ്ങോട്ടീ വകക്കാരെ വരുത്തുന്നതു് ഭാർഗ്ഗവനും വിരോധമായിരുന്നു എന്നും ഊഹിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഈ കൂട്ടരിൽ ഇവിടെ (മലയാളത്തിൽ) സ്ഥിരവാസികളായ അനേകം പേർ പൂർവ്വശിഖയും വച്ചു് ചിലർ മലയാളാചാരം മുഴുവനും ചിലർ പകുതിയും ധരിച്ചും കൊണ്ടിരിക്കുന്നു. ഇവരുടെ സമ്പ്രദായം ശാങ്കര സ്മൃതി ൧ -അ - ൩ആം പാദം - ൧൪ - മു - ൧൮ - വ - ശ്ലോ.
- ‘കെശപ്രാരംഭതഃ ഫാലാ
- ദൂർദ്ധ്വന്തുചതുരംഗുലം
- ത്യക്ത്വാദൈവീംശിഖാമാഹു
- ശ്ച തുരംഗുലവിസ്തൃതിം [ 28 ]
- താവതീമെവ പൈശാചീ
- മാസൂരീഞ്ചതതഃ ക്രമാൽ
- മാനുഷ്യെ ദ്വെലലാടസ്യ
- പ്രാന്തയൊരുഭയൊഃ കൃതെ
- ദക്ഷിണെതു ശിഖാദൈവീ
- കേരളെതുനചെതരാഃ
- ഉത്തരേഷ്ഠതു പൈശാചി
- നെതരാ ഇതി ഭാർഗ്ഗവഃ
- അപിധാനാൽ പരിത്യജ്യ
- സമ്പ്രദായാഗതാംശിഖാം
- വഹന്നപ്യതഥാഭൂതാ
- ദ്വിജഃ പാതിത്യമൃച്ഛതി.‘
നെറ്റിയിൽ രോമമുള്ളെടത്തുനിന്നു് നാലംഗുലം മേല്പോട്ടുചെന്നാൽ അവിടെ നാലംഗുലം വിസ്താരത്തിൽ ദേവശിഖയുടെ സ്ഥാനമാകുന്നു. അവിടുന്നു് നാലംഗുലം ചെന്നാൽ ആസുരിയമായ ശിഖയുടെ സ്ഥാനമാണു്. മലയാലത്തിൽ ൬൪ ഗ്രാമങ്ങളുള്ളതിൽ തെക്കെ ൩൨ ൽ (തുളുരാജ്യത്തിൽ) പൈശാച ശിഖയുമാണു് ഭാർഗ്ഗവനാൽ വിധിക്കപ്പെട്ടിട്ടുള്ളതു്. സമ്പ്രദായപ്പടി വന്ന കുടുമ്മയെ വിധിപ്രകാരം അല്ലാതെ കളഞ്ഞാലും വേറുവിധം വച്ചാലും ദ്വിജൻ പാതിത്യമുള്ളവനാകും.
ഇപ്രകാരം ഭാർഗ്ഗവനിയമവിരുദ്ധവും പാതിത്യപ്രദവുമാകുന്നു. എന്നിട്ടും അവരെ ദോഷം പറഞ്ഞു നീക്കി വയ്ക്കാതേയും ഭാർഗ്ഗവാനുവാദമില്ലതിരിക്കെ ഈ മലയാളരാജ്യത്തും ശാന്തി മുതലായവ കൊടുത്തും കൊടുക്കുന്നതിനെ അനുവദിച്ചുകൊണ്ടുമിരിക്കുന്നു. ഈ കൂട്ടരിൽ ഇവിടെ സ്ഥിരവാസമില്ലാത്തവർ സ്വദേശത്തേക്കു യഥേഛം പോവുകയും വരികയും മുമ്പിലത്തെ പരദേശാചാരം തന്നെ വച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇനിയും ഇവർ ഇവിടെനിന്നും വല്ലവിധവും അധികം ദ്രവ്യം സമ്പാ [ 29 ] ദിച്ചിട്ടു് ഇവിടെത്തന്നെ വിശിഷ്ടന്മാരെപ്പോലെ സ്ഥിരവാസം ചെയ്യുമാറു സന്ദർഭം നേരിട്ടാൽ, ആദ്യം പൂർവ്വശിഖ (മുൻകുടുമ), പിന്നെ ക്രമേണ പോറ്റി, നമ്പിതിരി, നമ്പൂതിരി, നമ്പൂരി ഇപ്രകാരം ആയിക്കൊണ്ടിരിക്കുന്നു. പൂർവ്വനിയമം വിടുന്നതിനാൽ ഭാർഗ്ഗവ നിയമാനുസരണം ഭ്രഷ്ടു വിധിച്ചു തള്ളാതെ ഇവരെ കൂട്ടിച്ചേർക്കുന്നതുകൊണ്ടു് നമ്പൂരിമാർക്കു ഇക്കാര്യത്തിൽ അഭിമാനമില്ലെന്നും അതിനാൽ ഇതൊന്നും ഭാർഗ്ഗവനിയമമല്ലെന്നും വിശിഷ്ഠന്മാരായ ബ്രാഹ്മണരെപ്പോലെ കുറെ മുമ്പിൽ പലപ്പോഴായിട്ടുവരികയും യഥാസൗകര്യം സ്വയമിപ്രകാരം ആയിക്കൊള്ളുകയും ചെയ്തവരാണെന്നും ഊഹിക്കേണ്ടിയിരിക്കുന്നു.