പ്രപഞ്ചവും മനുഷ്യനും/നമ്മുടെ ഭൂമി
[ 107 ]
9
നമ്മുടെ ഭൂമി
സൂര്യന്റെയും നക്ഷത്രങ്ങളുടെയും ഉള്ളിൽ നടന്നുകൊണ്ടിരിക്കുന്നതെന്താണെന്ന് നമുക്കിന്നറിയാം. പക്ഷെ, നാമധിവസിക്കുന്ന ഭൂമിയുടെ ഉൾത്തലങ്ങളെക്കുറിച്ച് നമുക്ക് വളരെക്കുറച്ചേ അറിയൂ. ഭൂമിയുടെ ആന്തരികഘടനയെക്കുറിച്ചുള്ള നമ്മുടെ ഊഹാപോഹങ്ങൾക്ക് നിദാനം മറ്റു ഗ്രഹങ്ങളുടെയും മറ്റും ഘടനയെക്കുറിച്ചുള്ള അറിവാണ്. വാസ്തവത്തിൽ സൗരയൂഥത്തിലെ ഏറ്റവും രഹസ്യമയനായ ഗ്രഹം ഭൂമിയാണെന്ന് പറയാം. 1969 ജൂലായ് 21-ാം തീയതി ചന്ദ്രനിൽ കാലുകുത്തിയ ആംസ്ട്രോങ്ങും ആൽഡ്രിനും ഇങ്ങോട്ടു നോക്കിയപ്പോൾ കണ്ടത് നീല നിറം കലർന്ന പ്രകാശം ചൊരിയുന്ന വലിയൊരു ചന്ദ്രനെയാണ്. കാഴ്ചയിൽ തികച്ചും ഒരു ഗോളമെന്ന് അവർക്ക് തോന്നിയെങ്കിലും ഭൂമി കൃത്യമായ ഒരു ഗോളമല്ല. നടുവിൽ ഒരു ചെറിയ തുറിപ്പ് അതിനുണ്ട്. ഉത്തരധ്രുവത്തിൽനിന്ന് ദക്ഷിണധ്രുവത്തിലേയ്ക്കുള്ള വ്യാസം 7900 മൈലാണ്. ഈ വ്യത്യാസമാണ് ഭൂമിയെ ഒരു പൂർണ്ണഗോളമല്ലാതാക്കി തീർക്കുന്നത്.
ഭൂമിയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുമ്പോൾ ഈ ഗോളത്തെക്കുറിച്ചുമാത്രം ചിന്തിച്ചാൽ പോരാ. അതിന് ചുറ്റുമുള്ള വിപുലമായ ആവരണം കൂടി നമ്മുടെ പഠനവിഷയമാകണം. ഭൂമിയെ അതിന്റെ ആവരണത്തിൽനിന്ന് വേർതിരിച്ച് നിറുത്തിക്കൂടാ. എന്തൊക്കെയാണതിന്റെ ആവരണത്തിലുള്ളത്? ഭൂമിയുടെ കേന്ദ്രത്തിൽനിന്ന് 40,000-60,000 മൈലുകൾ വ്യാപിച്ചുകിടക്കുന്ന അതിവിപുലമായ കാന്തികമേഖലയാണ് പ്രധാനമായത്. അതുകഴിഞ്ഞാൽ പിന്നെ അയണുകൾ നിറഞ്ഞ അയണ-മണ്ഡലമാണ്. ഇതാണല്ലോ റേഡിയോ തരംഗങ്ങളെയും മറ്റും പ്രതിഫലിപ്പിച്ച്, ഭൂഗോളത്തിന്റെ മറുപുറങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ നമ്മെ സഹായിക്കുന്നത്. സ്ട്രാറ്റോസ്ഫിയർ അഥവാ സമതാപമണ്ഡലമാണടുത്തത്. നമ്മുടെ ബാഹ്യാന്തരീക്ഷത്തിന്റെ ഉയർന്ന പാളിയായ അവിടെ താപനില ഏറെക്കുറെ സമാനമായി നിലനില്ക്കുന്നു. അടുത്തത് ട്രോപോസ്ഫിയർ അഥവാ ക്ഷോഭമണ്ഡലമാണ്. ബാഹ്യാന്തരീക്ഷത്തിന്റെ ഈ കീഴ്പാളിയിൽ ഉയരം കൂടുംതോറും താപനില കുറയുന്നു. വായുനിബദ്ധമായ അന്തരീക്ഷം, ജീവികളുടെ അന്തരീക്ഷം അഥവാ ജീവമണ്ഡലം, ഉറച്ച പുറംപാളി അഥവാ ലിത്തോസ്ഫിയർ, ജലാശയങ്ങളെല്ലാമടങ്ങുന്ന ജലമണ്ഡലം എന്നെല്ലാം ഭൂമിയുടെ ഉപരിതലത്തെയും തരംതിരിക്കാൻ കഴിയും. നമ്മുടെ പ്രകൃതിസിദ്ധമായ അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങൾ നൈട്രജൻ, ഓക്സിജൻ, ആർഗൺ, കാർബൺഡയോക്സൈഡ്, നിയോൺ, ഹീലിയം, ക്രിപ്റ്റോൺ, [ 108 ] ക്ലീനോൺ, ഹൈഡ്രജൻ, മീതേൻ, നൈട്രസ് ഓക്സൈഡ് എന്നിവയാണ്. പക്ഷേ, ഭൂമിയുടെ ഈ വായുനിബദ്ധാവരണം ജീവമണ്ഡലത്താൽ സ്വാധീനിക്കപ്പെടുന്നു. സസ്യങ്ങളുടെയും ജന്തുക്കളുടെയും ശ്വാസോച്ഛ്വാസാദിപ്രക്രിയകൾ, ഈ വായുമണ്ഡലത്തിന്റെ ഉള്ളടക്കത്തെ നിയന്ത്രിക്കുന്നുണ്ട്. ജനനമരണ പ്രക്രിയകളിലൂടെ ജീവികൾ മണ്ണിലുള്ള പല രാസവസ്തുക്കളെയും രൂപാന്തരപ്പെടുത്തി വായുവിൽ ലയിപ്പിക്കുന്നു. മണ്ണാകട്ടെ തീർച്ചയായും പാറകളുടെ സന്തതിയാണ്. കാറ്റും മഴയും മറ്റുംമൂലം പാറയിൽനിന്നു ഉൽഭൂതമായതാണത്. മണ്ണിൽ ജീവിക്കുന്നതും നിലനില്ക്കുന്നതുമായ ജന്തുക്കളും സസ്യങ്ങളും അവയുടെ ചുറ്റുപാടുമെല്ലാംതന്നെ, സൂര്യനിൽനിന്നും മറ്റു നക്ഷത്രങ്ങളിൽനിന്നുമുള്ള ഊർജപ്രസരണത്താൽ ഒരു പരിധിവരെ നിയന്ത്രിക്കപ്പെടുന്നുണ്ടുതാനും.
ഈ ബാഹ്യാവരണത്തിനുള്ളിലുള്ള ഭൂമിയുടെ ഘടനയെന്താണെന്നു നോക്കാം. ഏതാണ്ട് ഇരുപതുമൈൽ കനത്തിലുള്ള ഒരു പുറംതോടാണ് ഈ ഗോളത്തിന്റെ ഏറ്റവും പുറത്തുള്ളത്. ഭൂമിയെ ഒട്ടാകെ കണക്കിലെടുക്കുമ്പോൾ വെറുമൊരു ആപ്പിൾതൊലിയുടെ കനമേ ഈ പുറംതോടിനുള്ളു. സമുദ്രങ്ങളുടെ അടിത്തട്ടിൽ ഈ പുറംതോട് അത്യന്തം നേർത്തതാണ്. ഇതിനു കീഴെയായി വളരെയധികം കട്ടിയുള്ള ഒരു പടലവും അതിനുള്ളിൽ അതിവിപുലമായ ഒരു കേന്ദ്രമേഖലയും സ്ഥിതിചെയ്യുന്നു.
ഭൂകമ്പങ്ങളുടെ ഫലമായുണ്ടാകുന്ന കമ്പനതരംഗങ്ങളെക്കുറിച്ചു പഠിക്കുന്നതിലൂടെ സീസ്മോളജി അഥവാ ഭൂകമ്പവിജ്ഞാനം ആണ് ഭൂമിയുടെ ഉൾത്തട്ടുകളെക്കുറിച്ചുള്ള വിവരം നമുക്ക് തന്നത്. അതിൻ പ്രകാരം ഭൂമിയുടെ ആന്തരികഘടനകളിങ്ങനെയാണ്. ഏതാണ്ട് 4000 മൈലാണല്ലോ ഭൂമിയുടെ വ്യാസാർദ്ധം. ഇതിൽ പുറമേനിന്ന് 1800 മൈൽ കഴിഞ്ഞാൽ കേന്ദ്രമേഖല ആരംഭിക്കുന്നു. അപ്പോൾ ഈ കേന്ദ്രമേഖലയുടെ വ്യാസാർദ്ധം 2200 മൈലായിരിക്കുമല്ലോ. പിൽക്കാലത്ത്, കേന്ദ്രമേഖലയിൽ വീണ്ടും ഉള്ളിലായി 800 മൈൽ വ്യാസാർദ്ധത്തിൽ ഒരു ആന്തരമേഖലയുണ്ടെന്നു വ്യക്തമായി. പുറമെയുള്ള 1800 മൈലിൽ പുറംതോടിന്റെ ഏതാനും മൈലുകൾ കഴിച്ചുള്ള ഭാഗം മധ്യപടലമാണ്. ആ നിലയ്ക്കു പുറംതോടൊഴികെയുള്ള ഭൂമിയുടെ ഘടനയെ മൂന്ന് അടുക്കുകളായി തിരിക്കാം.
പുറംതോടിന്റെ താഴത്തെ പരിധിയെ 'മഹറോവിസിക് വിഛിന്നത' എന്നാണു വിളിക്കുന്നത്. ഇതിനു താഴെയുള്ള 1800 മൈൽ കട്ടിയിലുള്ള മധ്യപടലം പാറകൾകൊണ്ടു നിർമ്മിതമാണ്. ഇത് ഉള്ളിലുള്ള കേന്ദ്രമേഖലയെ ആവരണം ചെയ്തുകൊണ്ട് സ്ഥിതിചെയ്യുന്നു. കേന്ദ്രമേഖലയിലെ ബാഹ്യഭാഗം ദ്രാവകാവസ്ഥയിൽ അഥവാ ഉരുകിയ അവസ്ഥയിലാണു സ്ഥിതിചെയ്യുന്നത്. അതേസമയം ആന്തരികതലം ഏറെക്കുറെ ഉറച്ചു കട്ടിയായതുമാണ്. ഏറ്റവും ആന്തരിക തലത്തിലുള്ളത് അധികപക്ഷവും ഇരുമ്പായിരിക്കാനാണു സാധ്യത. അവിടെ നിലനില്ക്കുന്ന അപാരമായ മർദ്ദത്തിൽ അതു ഘനീഭവിക്കാൻ നിർബദ്ധമാണ്. [ 109 ] ഭൂമിയുടെ ആന്തരികഘടന ഇന്നത്തെ നിലയിൽ ആയിത്തീർന്നതിന്റെ പശ്ചാത്തലത്തെ കണ്ടെത്താൻ ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ച് മനസ്സിലാക്കേണ്ടതത്യാവശ്യമാണ്. ഇന്നു പൊതുവെ സ്വീകാര്യമായിട്ടുള്ള സൗരയൂഥോത്ഭവസിദ്ധാന്തം കഴിഞ്ഞ അദ്ധ്യായത്തിൽ വിശദീകരിച്ചിട്ടുണ്ടല്ലോ. ആ വാതകധൂളിമേഘസിദ്ധാന്തത്തിൻ പ്രകാരം ഭൂമി രൂപം കൊണ്ടതു താരതമ്യേന തണുത്ത പദാർത്ഥങ്ങളിൽ നിന്നാണല്ലോ. സൂര്യന്റെ ചൂടേറ്റതുകൊണ്ട് ആ തണുത്ത പദാർത്ഥം ഉരുകാനിടയില്ല. തന്മൂലം ഇന്നത്തെ ഭൂമിയുടെ ആന്തരികഘടനയുണ്ടാകുന്നതിനു മറ്റെന്തോ കാരണമുണ്ട്. ഇന്നത്തെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ആദ്യത്തെ കോടിക്കണക്കിനു വർഷങ്ങളിൽ ഭൂമി ഉരുകിയിട്ടുണ്ടായിരുന്നില്ല. വാതകധൂളിവസ്തുക്കളാൽ നിർമ്മിതമായ ഒരു ഘനപദാർത്ഥ സഞ്ചയമായിരുന്നു അത്. പിൽക്കാലത്ത് അതിൽത്തന്നെ നടന്നുകൊണ്ടിരുന്ന അണുഭേദനങ്ങളുടെയും മറ്റും ഫലമായി താപനില ഉയരുകയും ഭൂമിയെ ഏറെക്കുറെ ഉരുകിയ അവസ്ഥയിലേയ്ക്കെത്തിക്കുകയും ചെയ്തിരിക്കണം! ഇങ്ങനെ താരതമ്യേന മൃദുഘടനയോടു കൂടിയ ഈ കാലഘട്ടത്തിലായിരിക്കണം വിവിധ രാസപദാർത്ഥങ്ങൾ ഇന്നത്തെപ്പോലെ പല പാളികളായി വേർതിരിഞ്ഞത്.
ഭൂമി അർദ്ധദ്രവാവസ്ഥയോട് അടുത്തുവന്ന ആ കാലത്താണ് ഏറ്റവും ഭാരംകൂടിയ മൂലകങ്ങളായ ഇരുമ്പും നിക്കലും മറ്റും ഉള്ളിലോട്ടു ആണ്ടുപോയത്. അതുകൊണ്ടാണ്, കേന്ദ്രമേഖലയിലെ അതിമർദ്ദം മൂലം ഘനീഭവിച്ച ഉൾക്കാമ്പ് ഭൂരിഭാഗവും ഇരുമ്പായി തീർന്നത്. ഇരുമ്പിനേക്കാൾ കൂടുതൽ ഭാരമുള്ള മൂലകങ്ങളുണ്ടെങ്കിലും, അവ വളരെ കുറച്ചായതിനാലാണ് ഇവിടെ ഇരുമ്പിനു പ്രാമുഖ്യം ലഭിച്ചത്. കേന്ദ്രമേഖലയിലെ ബാഹ്യതലമാകട്ടെ, ഉരുകിയ ഇരുമ്പിന്റെ ഒരു തടാകമാണ്. അവിടെ ഇരുമ്പിന്റെ കൂടെ നിക്കലും മറ്റു ലോഹങ്ങളുമുണ്ടായിരിക്കാം. ഇതിനു പുറത്തുള്ള പാറകൾ നിറഞ്ഞ മധ്യപാളിയിൽ അധികവും താരതമ്യേന ഭാരം കുറഞ്ഞ ഖനിജങ്ങളാണ്. സിലിക്കേറ്റുകളും മഗ്നീഷ്യവും മറ്റുമാണ് മുഖ്യഘടകം. ഇരുമ്പുമുണ്ടെങ്കിലും. ഈ മധ്യപാളിയിൽത്തന്നെ കീഴോട്ടു ചെല്ലുംതോറും ഇരുമ്പിന്റെ ശതമാനം കൂടിവരുന്നതും കാണാവുന്നതാണ്. താരതമ്യേന ഭാരം കുറഞ്ഞ വസ്തുക്കളാണ് പുറംതോടിന്റെ നിർമ്മിതിയിൽ പങ്കുകൊണ്ടത്. ഏറ്റവും ഭാരം കുറഞ്ഞ മൂലകങ്ങൾ വാതകങ്ങളായി അന്തരീക്ഷത്തിലും തങ്ങിനിന്നു.
ഭൂമി ഒരു കാന്തം
[തിരുത്തുക]ഭൂമിയുടെ കാന്തശക്തിയെക്കുറിച്ച് വളരെക്കാലം മുമ്പേ അറിവുണ്ടായിരുന്നു. പക്ഷേ, ഭൂമിയുടെ ഈ കാന്തശക്തി ഉള്ളിലാണോ അതോ പുറത്താണോ ഉത്ഭൂതമായതെന്നത് ഒരു പ്രശ്നമായിരുന്നു. പക്ഷേ, ഭൂമിയുടെ ആന്തരികഘടനയെക്കുറിച്ച് മുകളിൽ പറഞ്ഞ വസ്തുതകൾ ഏറെക്കുറെ അറിയപ്പെട്ടതോടുകൂടി കാന്തികമണ്ഡലം കേന്ദ്രമേഖലയിൽതന്നെയാണ് ഉടലെടുത്തതെന്നു വ്യക്തമായി. കാരണം പുറംതോടിലും മധ്യപാളിയി [ 110 ] ലുമുള്ള വസ്തുക്കൾ ഒരു കാന്തമണ്ഡലത്തിനു രൂപം കൊടുക്കാൻ പറ്റിയതല്ല. അതേസമയം അത് ദ്രവാവസ്ഥയിലുള്ള കേന്ദ്രലോഹമേഖലയിൽ ഉടലെടുക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. അഥവാ അവിടെ മാത്രമേ കാന്തികമണ്ഡലത്തിനു ജന്മംകൊള്ളാൻ കഴിയൂ. ഈ കേന്ദ്രദ്രാവകത്തിന്റെ ചലനംമൂലം വൈദ്യുതപ്രവാഹങ്ങൾ ഉടലെടുത്തുകൊണ്ടിരിക്കുകയാണ്. അഥവാ അതൊരു ഡയനാമോ ആണ്.
കഴിഞ്ഞ 500 കോടി കൊല്ലങ്ങളിലായി ഭൂമിയുടെ കാന്തമണ്ഡലം ഇന്നത്തേതുതന്നെയായിരുന്നുവെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, പുറം തോടിലുള്ള വിവിധ അടുക്കുകളിൽ പല കാലങ്ങളിൽ നിക്ഷേപിക്കപ്പെട്ടിരുന്ന പ്രകൃതിനിർമ്മിതമായ കാന്തസൂചികൾ വ്യക്തമാക്കുന്നത് വിവിധ കാലഘട്ടത്തിൽ ഭൂമിയുടെ കാന്തമണ്ഡലത്തിന്റെ ദിശ വ്യത്യസ്തമായിരുന്നുവെന്നാണ്. ഇങ്ങനെ സംഭവിക്കുന്നതിനു മൂന്നു സാധ്യതകളാണുള്ളത്. ഒന്ന്, ഭൂമിയുടെ അക്ഷം നേരെ എതിർദിശയിലേയ്ക്കു തിരിഞ്ഞിട്ടുണ്ടായിരിക്കണം. രണ്ട്, ആന്തരികതലം ഒരു ഡയനാമോ ആണെന്ന സിദ്ധാന്തത്തിനനുസരിച്ച് അതുല്പാദിപ്പിക്കുന്ന വൈദ്യുതപ്രവാഹത്തിന്റെ ദിശ പലതവണ ആവർത്തികമായി എതിർദിശയിലായിരുന്നിരിക്കണം. മൂന്ന്, ഭൂമിയുടെ പുറംതോട് പലപ്പോഴും തെന്നിനീങ്ങിയിട്ടുണ്ടായിരിക്കണം.
ഭൂഖണ്ഡങ്ങളുടെ വ്യതിചലനം
[തിരുത്തുക]ആൽഫ്രഡ് വാഗ്നറുടെ വിവാദാസ്പദമായ 'ഭൂഖണ്ഡവ്യതിചലന'സിദ്ധാന്തപ്രകാരം ഇന്നു ഭൂമുഖത്തുള്ള എല്ലാ ഭൂഖണ്ഡങ്ങളും ആദിമസമുദ്രത്തിൽ ഒരൊറ്റ വൻകരയായിട്ടാണു സ്ഥിതിചെയ്തിരുന്നത്. അത്, സാന്ദ്രത കൂടിയ താഴത്തെ പാളിക്കു മീതെ പൊന്തിക്കിടക്കുകയായിരുന്നു. പിൽക്കാലത്ത് ആ ഒരൊറ്റ വൻകര വിഭജിക്കപ്പെടുകയും, പല ഭാഗത്തേക്കു തെന്നിനീങ്ങുകയും ചെയ്തുവത്രേ.
ഈ സിദ്ധാന്തപ്രകാരം അതിവിപുലമായ യൂറേഷ്യ ഏറെക്കുറെ മാറ്റം കൂടാതെതന്നെ നിലനിന്നിട്ടുണ്ട്. എന്നാൽ രണ്ട് അമേരിക്കകൾ ആഫ്രിക്കയുടെയും യൂറോപ്പിന്റെയും പടിഞ്ഞാറുഭാഗത്തുനിന്നുവിട്ടുപോയതാണ്. തെക്കേ അമേരിക്ക, ആഫ്രിക്കയുടെ പടിഞ്ഞാറുഭാഗത്തു ചേർത്തുവെയ്ക്കുകയാണെങ്കിൽ നല്ല യോജിപ്പായിരിക്കും. എന്നാൽ ഇന്ത്യൻ സമുദ്രപ്രദേശത്ത് ഒരു വലിയ 'ഗ്വോണ്ടാന ലാൻഡ്' നിലനിന്നിരുന്നു എന്നു കരുതപ്പെടുന്നു. അന്റാർട്ടിക്കയും ഇന്ത്യയും ആഫ്രിക്കയും ആസ്ത്രേലിയയുമെല്ലാം അതിലൊന്നിച്ചുകിടക്കുകയായിരുന്നു. അവ ഛിന്നഭിന്നമായി, അന്റാർട്ടിക്കയും ആസ്ത്രേലിയയും അകന്നുപോയി. ഇന്ത്യ യൂറേഷ്യയോടു ചേർന്നതിന്റെ ഫലമായി, അവയ്ക്കിടയിൽ ഉണ്ടായിരുന്ന കടൽ അപ്രത്യക്ഷമായി. അവിടെ ഹിമാലയം ഉയർന്നുവന്നു. ഇങ്ങനെ ഇന്നു വേർപെട്ടുനില്ക്കുന്ന എല്ലാ വൻകരകളും രാജ്യങ്ങളും ആദിമസമുദ്രത്തിൽ ഒരുമിച്ചു നിന്നിരുന്നവയായിരുന്നുവെന്നു വാദിക്കാം. ആദ്യകാലത്ത് വാഗ്നറുടെ സിദ്ധാന്തത്തിനു വലിയ [ 111 ] പിന്തുണ ലഭിച്ചിരുന്നില്ലെങ്കിലും ഇന്നു പലരും അതിനെ ഗൗരവപൂർവ്വം പരിഗണിക്കാൻ തുടങ്ങിയിട്ടുണ്ട്. വിവിധ മേഖലകളിൽനിന്ന് അതിനെ അനുകൂലിക്കുന്ന തെളിവുകളും ശേഖരിക്കപ്പെട്ടിട്ടുണ്ട്.
അഗ്നിപർവ്വതങ്ങളും ഭൂകമ്പങ്ങളും
[തിരുത്തുക]ഭൂമിക്കുള്ളിൽ ഉരുകിക്കിടക്കുന്ന ദ്രാവകം ആവരണപാളികളുടെ വിടവുകളിലൂടെ, അല്ലെങ്കിൽ ദുർബലഭാഗങ്ങളിലൂടെ പുറത്തേക്കു വമിക്കുന്നു. ഈ ബഹിർഗമനം നേരെയാണു നടക്കുന്നതെങ്കിൽ അവിടെ ഒരു അഗ്നിപർവ്വതം ജന്മംകൊള്ളുന്നു. തിളച്ചുമറിയുന്ന ലാവ ചുറ്റുമൊഴുകുകയും, ചൂടുപിടിച്ച വാതകങ്ങൾ അന്തരീക്ഷത്തിൽ ലയിക്കുകയും ചെയ്യുന്നു. ചിലപ്പോൾ ഈ ലാവ പുറത്തേയ്ക്കു വമിക്കാതെ തങ്ങിപ്പോവുകയും തണുത്തുറയുകയും ചെയ്യുന്നതിന്റെ ഫലമായിട്ടാണ് ഗ്രാനൈറ്റുപാറകളുണ്ടാകുന്നത്. ചിലപ്പോൾ വാതകം ഇങ്ങനെ തടയപ്പെടുകയും പിന്നീട് അടുത്തുള്ള പാറകളിലെ വിള്ളലുകളിലൂടെ വമിക്കുകയും ചെയ്യുന്നു. ഇവ ചിലപ്പോൾ അടിയിൽ കിടക്കുന്ന വെള്ളത്തെ ചൂടുപിടിപ്പിക്കുന്നതിന്റെ ഫലമായി ചൂടരുവികൾക്കു ജന്മമേകുന്നു.
അഗ്നിപർവ്വതങ്ങളും ഭൂകമ്പങ്ങളും ഭൂമിയുടെ മുഖഛായ രൂപപ്പെടുത്തുന്നതിൽ നിർണ്ണായകപങ്ക് വഹിച്ചിട്ടുണ്ട്. പുറംതോടിന്റെ അടിത്തട്ടിലുള്ള പാറകൾ അടർന്നുവീഴുന്നതിന്റെയും മറ്റും ഫലമായിട്ടാണ് ഭൂകമ്പങ്ങളുണ്ടാകുന്നതെന്നു കരുതപ്പെടുന്നു. ഹിമയുഗങ്ങളിൽ ധ്രുവപ്രദേശങ്ങളിൽ നിന്നുള്ള മഞ്ഞുരുകി ഭൂതലത്തിന്റെ പല ഭാഗങ്ങളും മൂടിപ്പോവുക മൂലവും ആദിമരൂപത്തിന് അത്യധികം മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലമായി ആദിമവൻകര തകരുകയും, തെന്നിനീങ്ങുകയും ചെയ്തു. ഭൂകമ്പങ്ങളും പുറംപാളിയിലെ ചലനങ്ങളും അവയെ ഇളക്കിമറിച്ചു. അഗ്നിപർവതങ്ങൾ ഉടലെടുക്കുകയും അവ പുതിയ പർവതങ്ങളായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. വൻകരഭാഗങ്ങൾ അവിടവിടങ്ങളിൽ സ്ഥാനമുറപ്പിച്ചതോടെ പുതിയ പർവ്വതങ്ങൾ ഉയർന്നുവന്നു. ഇവയിൽ നിന്നും ഒലിച്ചുവന്ന വസ്തുക്കളും പാറകളുടെ പാളികളും പർവതപ്രാന്തങ്ങളിൽ ശേഖരിക്കപ്പെടുകയും ചെറുചെറു പർവതശൃംഖലകൾക്കു രൂപം കൊടുക്കുകയും ചെയ്തു. ഭൂമിയുടെ ആവിർഭാവം മുതൽക്കേ ഇത്തരം മാറ്റങ്ങൾ ഇവിടെ നിരന്തരം നടന്നുകൊണ്ടിരുന്നു. അതിന്റെയെല്ലാം ഫലമാണ് ഇന്നു നാം കാണുന്ന ഭൂതലം. ഈ പരിവർത്തനങ്ങൾ എങ്ങനെയെല്ലാം നടന്നുവെന്നു കൃത്യമായി പറയാൻ നമുക്കിന്നു കഴിയില്ല.
ഭൂമിയും ചന്ദ്രനും
[തിരുത്തുക]പൊതുവിൽ സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഭൂമിയുടെയും ചന്ദ്രന്റെയും ഉത്ഭവത്തെക്കുറിച്ചുള്ള പല പരികല്പനകളും നിലനില്ക്കുന്നുണ്ട്. ഇതിൽ ഏറ്റവും പഴക്കം ചെന്നതാണ്, ഭൂമിയും ചന്ദ്രനും ആദിമദശയിൽ ഒരു ഗോളമായിരു [ 112 ] ന്നുവെന്നും പിന്നീട് ചന്ദ്രൻ അതിൽനിന്ന് വേറിട്ടുപോയതാണെന്നുമുള്ള സിദ്ധാന്തം. ചന്ദ്രൻ വേറിട്ടുപോയ ആ സ്ഥാനമാണത്രെ ഇന്നത്തെ പസഫിക് സമുദ്രമായി തീർന്നത്. ഈ സിദ്ധാന്തത്തിന്റെ ആവിഷ്കർത്താവിനെ തുടർന്നു ഇതിനെ ഗെഴ്സ്റ്റങ്കൺ സിദ്ധാന്തമെന്ന് വിളിക്കുന്നു.
സൗരയൂഥത്തിന് ജന്മമേകിയ വാതകധൂളിമേഘത്തിൽനിന്നുതന്നെ മറ്റു ഗ്രഹങ്ങളെപ്പോലെ ഭൂമിയും ചന്ദ്രനും പ്രത്യേകം വാതകധൂളിഗോളങ്ങളായി ഉരുത്തിരിഞ്ഞുവന്നു പിന്നീട് രൂപാന്തരപ്പെട്ടതാണെന്നു സമർത്ഥിക്കുന്ന മറ്റൊരു സിദ്ധാന്തവുമുണ്ട്. ഇനിയും മറ്റു ചിലരുടെ അഭിപ്രായത്തിൽ ചന്ദ്രൻ സൗരയൂഥത്തിന്റെ മറ്റേതോ മേഖലകളിൽ രൂപപ്പെട്ടതും, പില്ക്കാലത്ത് ഭൂമിയുടെ ആകർഷണപരിധിയിൽ വന്നുപെട്ടതുമാണ്. ഈ സിദ്ധാന്തങ്ങളൊന്നും തന്നെ ഭൂമിയും ചന്ദ്രനും തമ്മിലുള്ള പരസ്പരബന്ധത്തെ തൃപ്തികരമായി വ്യാഖ്യാനിക്കുന്നില്ല.
ഭൂമിയുടെ അകകാമ്പു മുഴുവൻ അത്യധികം ഭാരമുള്ള വസ്തുക്കളാൽ നിർമ്മിക്കപ്പെട്ടിരിക്കുമ്പോൾ ചന്ദ്രനാകട്ടെ, ഭൂമിയുടെ പുറംതോടിലുള്ള ഭാരം കുറഞ്ഞ വസ്തുക്കളായ സിലിക്കേറ്റുകൾ തുടങ്ങിയവകൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഭൂമിയോടേറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ചൊവ്വയും ഇതുപോലെതന്നെയാണ്. ചൊവ്വയുടെയും ചന്ദ്രന്റെയും ഘടകവസ്തുക്കൾക്കു തമ്മിൽ അടുത്ത സാദൃശ്യമുണ്ടുതാനും. അപ്പോൾ ഘനപദാർത്ഥനിർമ്മിതമായ ഭൂമിയെപ്പോലുള്ള ഒരു ഗ്രഹത്തിന്റെ ഉപഗ്രഹമായ ചന്ദ്രനും തൊട്ടടുത്ത ഗ്രഹമായ ചൊവ്വയും ഭാരം കുറഞ്ഞ വസ്തുക്കളടങ്ങിയവയായിത്തീർന്നത് എങ്ങനെയാണെന്നത് ഗൗരവാവഹമായ ഒരു പ്രശ്നമാണ്. ഇതിനുത്തരം കണ്ടെത്തിയാൽ ഈ ഗ്രഹങ്ങളുടെ ആവിർഭാവത്തെക്കുറിച്ച് കുറേക്കൂടി വ്യക്തമായ ധാരണ രൂപപ്പെടുത്താൻ കഴിയും.
അടുത്ത കാലത്ത് ഈ പ്രശ്നങ്ങൾക്കുത്തരം നൽകാൻ ശ്രമിക്കുന്ന ചില സിദ്ധാന്തങ്ങൾ ആവിഷ്കൃതമായിട്ടുണ്ട്. എം.ഐ.ടി-യിലെ പ്രൊ. ഓറോവന്റെ സിദ്ധാന്തപ്രകാരം ആദിമ വാതകമേഘത്തിലെ ലോഹകണികകളെല്ലാം ഒന്നുചേരുകയും അങ്ങനെ ഭൂമിയുടെ രൂപീകരണത്തിന്റെ മുന്നോടിയെന്നോണം ഉറപ്പുള്ള ഒരു അകക്കാമ്പ് ഉടലെടുക്കുകയും ചെയ്തു. ഈ കേന്ദ്രഘനപദാർത്ഥസഞ്ചയം ആവശ്യമായത്ര വലുതായിക്കഴിഞ്ഞപ്പോൾ അലോഹവസ്തുക്കളുടെ ഒരാവരണം രൂപീകരിക്കുക വളരെ എളുപ്പമായിരുന്നു. ഇങ്ങനെ ഭൂമിയുടെ രൂപീകരണത്തിനു ലോഹവസ്തുക്കളെല്ലാം ഉപയോഗിച്ചു കഴിഞ്ഞപ്പോൾ ചുറ്റുമുണ്ടായിരുന്ന അലോഹവസ്തുക്കളിൽനിന്നു ചന്ദ്രനും രൂപംകൊണ്ടു. ഈ നിഗമനം ചന്ദ്രന്റെയും ഭൂമിയുടെയും ഘടകങ്ങളിലുള്ള അന്തരത്തിനു വിശദീകരണമേകുന്നുണ്ട്.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ആർ.എ. ലിറ്റിൽടൺ അല്പം വ്യത്യസ്തമായ വിധത്തിൽ ഈ പ്രശ്നത്തിനു പരിഹാരം കണെത്താൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഭൂമിയും ചന്ദ്രനും ചൊവ്വയും [ 113 ] പ്രാഥമികഘട്ടത്തിൽ ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്ന ഒരു അസ്ഥിരഗോളമായിരുന്നു. അത് ചുറ്റിത്തിരിയലിനിടയിൽ ഗോളാകൃതി പോയി, നീണ്ട് അണ്ഡാകാരത്തിലായിത്തീർന്നു. പിന്നീട് അതു കൂടുതൽ നീണ്ടുവരികയും രണ്ടു പ്രധാന ഭാഗങ്ങളും മധ്യത്തിൽ ഒരു ചെറുഭാഗവും ആയി വിഭജിക്കുകയുമുണ്ടായി. രണ്ടറ്റത്തും രൂപംകൊണ്ട പ്രധാന ഭാഗങ്ങളിൽ വലുത് ഭൂമിയും ചെറുത് ചൊവ്വയുമായി. നടുക്കു രൂപംകൊണ്ട അവശിഷ്ടഭാഗം ചന്ദ്രനും. ചൊവ്വ ഭൂമിയെപ്പോലെ സൂര്യനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ തന്നെ നിലനിന്നപ്പോൾ ചന്ദ്രൻ, ഭൂമിയുടെ ആകർഷണപരിധിയിൽ പെടുകയും അതിന്റെ ഉപഗ്രഹമായിത്തീരുകയും ചെയ്തു.
സസെക്സ് യൂണിവേഴ്സിറ്റി (ഇംഗ്ലണ്ട്) യിലെ ഡബ്ലിയു. എച്ച്. മാക്‌ക്രിയാ, ഓറോവന്റെയും ലിറ്‌രിൽടന്റെയും സിദ്ധാന്തങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് കൂടുതൽ സമഗ്രമായ ഒരു വീക്ഷണം കെട്ടിപ്പടുക്കുകയുണ്ടായി. ഇതിൻപ്രകാരം ഭൂമി ഇന്നത്തെ സ്ഥിതിയിലാവുന്നതിനു വളരെമുമ്പ് ഈ ഗോളത്തിനു ചുറ്റും വളരെയേറെ അലോഹവസ്തുക്കൾ (സിലിക്കേറ്റും, മറ്റും) സമാഹരിക്കപ്പെട്ടിരുന്നു. അവയാണ് ലിറ്റിൽ ടൺ സിദ്ധാന്തിച്ചതുപോലെ ഭൂമിയിൽ നിന്നു വേറിട്ടുപോയി ചൊവ്വയും ചന്ദ്രനുമായി തീർന്നത്. അതുകൊണ്ടാണ് അവയിൽ സമാനവസ്തുക്കൾ നിലനില്ക്കുന്നത്.
അപ്പോളോ 11-ലെ ചാന്ദ്രയാത്രികർ കൊണ്ടുവന്ന പാറക്കഷ്ണങ്ങളും പൊടിയും മറ്റും പരിശോധിച്ചതിന്റെ ഫലമായി ചന്ദ്രനും ഭൂമിക്കും ഒരു പൊതുവായ ആരംഭമാണുള്ളതെന്നു ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. രാസഘടനയുടെയും മൂലകങ്ങളുടെ അനുപാതത്തിന്റെയും കാര്യത്തിൽ ഭൂമിക്കും ചന്ദ്രനും വളരെയേറെ സാദൃശ്യമുണ്ട്. പക്ഷേ, ഈ പഠനങ്ങൾ മറ്റൊരു വസ്തുത കൂടി വെളിവാക്കിയിട്ടുണ്ട്. അതായത് ചന്ദ്രൻ രൂപം കൊണ്ടിട്ട് 460 കോടി വർഷങ്ങളായി എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. അതേസമയം ഭൂമിയുടെ പ്രായമാകട്ടെ, 455 കോടിയുമാണ്. മാത്രമല്ല, ചന്ദ്രനിലെ ധൂളിക്ക് 460 കോടി വർഷത്തെ പഴക്കമുള്ളപ്പോൾ ഭൂമിയിലെ ഏറ്റവും പഴക്കംചെന്ന പാറയ്ക്ക് 340 കോടി വർഷത്തെ പഴക്കമേയുള്ളു. ഇതു സൂചിപ്പിക്കുന്നത് ചന്ദ്രൻ ഭൂമിയിൽനിന്ന് വേറിട്ടുപോയതല്ലെന്നും, ഭൂമി ഉത്ഭവിച്ചതിനോടൊപ്പമോ അതിനുമുമ്പോ ഉടലെടുത്തതാണെന്നുമാണ്. ഏതായാലും ഈ പ്രശ്നത്തിൽ തികച്ചും സ്വീകാര്യവും സർവ്വസമ്മതവുമായ ഒരു നിഗമനത്തിലെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.