Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


നമ്മുടെ ഭൂമി 111


ക്ലീനോൺ, ഹൈഡ്രജൻ, മീതേൻ, നൈട്രസ് ഓക്സൈഡ് എന്നിവയാണ്. പക്ഷേ, ഭൂമിയുടെ ഈ വായുനിബദ്ധാവരണം ജീവമണ്ഡലത്താൽ സ്വാധീനിക്കപ്പെടുന്നു. സസ്യങ്ങളുടെയും ജന്തുക്കളുടെയും ശ്വാസോച്ഛ്വാസാദിപ്രക്രിയകൾ, ഈ വായുമണ്ഡലത്തിന്റെ ഉള്ളടക്കത്തെ നിയന്ത്രിക്കുന്നുണ്ട്. ജനനമരണ പ്രക്രിയകളിലൂടെ ജീവികൾ മണ്ണിലുള്ള പല രാസവസ്തുക്കളെയും രൂപാന്തരപ്പെടുത്തി വായുവിൽ ലയിപ്പിക്കുന്നു. മണ്ണാകട്ടെ തീർച്ചയായും പാറകളുടെ സന്തതിയാണ്. കാറ്റും മഴയും മറ്റുംമൂലം പാറയിൽനിന്നു ഉൽഭൂതമായതാണത്. മണ്ണിൽ ജീവിക്കുന്നതും നിലനില്ക്കുന്നതുമായ ജന്തുക്കളും സസ്യങ്ങളും അവയുടെ ചുറ്റുപാടുമെല്ലാംതന്നെ, സൂര്യനിൽനിന്നും മറ്റു നക്ഷത്രങ്ങളിൽനിന്നുമുള്ള ഊർജപ്രസരണത്താൽ ഒരു പരിധിവരെ നിയന്ത്രിക്കപ്പെടുന്നുണ്ടുതാനും.

ഈ ബാഹ്യാവരണത്തിനുള്ളിലുള്ള ഭൂമിയുടെ ഘടനയെന്താണെന്നു നോക്കാം. ഏതാണ്ട് ഇരുപതുമൈൽ കനത്തിലുള്ള ഒരു പുറംതോടാണ് ഈ ഗോളത്തിന്റെ ഏറ്റവും പുറത്തുള്ളത്. ഭൂമിയെ ഒട്ടാകെ കണക്കിലെടുക്കുമ്പോൾ വെറുമൊരു ആപ്പിൾതൊലിയുടെ കനമേ ഈ പുറംതോടിനുള്ളു. സമുദ്രങ്ങളുടെ അടിത്തട്ടിൽ ഈ പുറംതോട് അത്യന്തം നേർത്തതാണ്. ഇതിനു കീഴെയായി വളരെയധികം കട്ടിയുള്ള ഒരു പടലവും അതിനുള്ളിൽ അതിവിപുലമായ ഒരു കേന്ദ്രമേഖലയും സ്ഥിതിചെയ്യുന്നു.

ഭൂകമ്പങ്ങളുടെ ഫലമായുണ്ടാകുന്ന കമ്പനതരംഗങ്ങളെക്കുറിച്ചു പഠിക്കുന്നതിലൂടെ സീസ്മോളജി അഥവാ ഭൂകമ്പവിജ്ഞാനം ആണ് ഭൂമിയുടെ ഉൾത്തട്ടുകളെക്കുറിച്ചുള്ള വിവരം നമുക്ക് തന്നത്. അതിൻ പ്രകാരം ഭൂമിയുടെ ആന്തരികഘടനകളിങ്ങനെയാണ്. ഏതാണ്ട് 4000 മൈലാണല്ലോ ഭൂമിയുടെ വ്യാസാർദ്ധം. ഇതിൽ പുറമേനിന്ന് 1800 മൈൽ കഴിഞ്ഞാൽ കേന്ദ്രമേഖല ആരംഭിക്കുന്നു. അപ്പോൾ ഈ കേന്ദ്രമേഖലയുടെ വ്യാസാർദ്ധം 2200 മൈലായിരിക്കുമല്ലോ. പിൽക്കാലത്ത്, കേന്ദ്രമേഖലയിൽ വീണ്ടും ഉള്ളിലായി 800 മൈൽ വ്യാസാർദ്ധത്തിൽ ഒരു ആന്തരമേഖലയുണ്ടെന്നു വ്യക്തമായി. പുറമെയുള്ള 1800 മൈലിൽ പുറംതോടിന്റെ ഏതാനും മൈലുകൾ കഴിച്ചുള്ള ഭാഗം മധ്യപടലമാണ്. ആ നിലയ്ക്കു പുറംതോടൊഴികെയുള്ള ഭൂമിയുടെ ഘടനയെ മൂന്ന് അടുക്കുകളായി തിരിക്കാം.

പുറംതോടിന്റെ താഴത്തെ പരിധിയെ 'മഹറോവിസിക് വിഛിന്നത' എന്നാണു വിളിക്കുന്നത്. ഇതിനു താഴെയുള്ള 1800 മൈൽ കട്ടിയിലുള്ള മധ്യപടലം പാറകൾകൊണ്ടു നിർമ്മിതമാണ്. ഇത് ഉള്ളിലുള്ള കേന്ദ്രമേഖലയെ ആവരണം ചെയ്തുകൊണ്ട് സ്ഥിതിചെയ്യുന്നു. കേന്ദ്രമേഖലയിലെ ബാഹ്യഭാഗം ദ്രാവകാവസ്ഥയിൽ അഥവാ ഉരുകിയ അവസ്ഥയിലാണു സ്ഥിതിചെയ്യുന്നത്. അതേസമയം ആന്തരികതലം ഏറെക്കുറെ ഉറച്ചു കട്ടിയായതുമാണ്. ഏറ്റവും ആന്തരിക തലത്തിലുള്ളത് അധികപക്ഷവും ഇരുമ്പായിരിക്കാനാണു സാധ്യത. അവിടെ നിലനില്ക്കുന്ന അപാരമായ മർദ്ദത്തിൽ അതു ഘനീഭവിക്കാൻ നിർബദ്ധമാണ്.