താൾ:പ്രപഞ്ചവും മനുഷ്യനും.djvu/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

116 പ്രപഞ്ചവും മനുഷ്യനും

പ്രാഥമികഘട്ടത്തിൽ ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്ന ഒരു അസ്ഥിരഗോളമായിരുന്നു. അത് ചുറ്റിത്തിരിയലിനിടയിൽ ഗോളാകൃതി പോയി, നീണ്ട് അണ്ഡാകാരത്തിലായിത്തീർന്നു. പിന്നീട് അതു കൂടുതൽ നീണ്ടുവരികയും രണ്ടു പ്രധാന ഭാഗങ്ങളും മധ്യത്തിൽ ഒരു ചെറുഭാഗവും ആയി വിഭജിക്കുകയുമുണ്ടായി. രണ്ടറ്റത്തും രൂപംകൊണ്ട പ്രധാന ഭാഗങ്ങളിൽ വലുത് ഭൂമിയും ചെറുത് ചൊവ്വയുമായി. നടുക്കു രൂപംകൊണ്ട അവശിഷ്ടഭാഗം ചന്ദ്രനും. ചൊവ്വ ഭൂമിയെപ്പോലെ സൂര്യനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ തന്നെ നിലനിന്നപ്പോൾ ചന്ദ്രൻ, ഭൂമിയുടെ ആകർഷണപരിധിയിൽ പെടുകയും അതിന്റെ ഉപഗ്രഹമായിത്തീരുകയും ചെയ്തു.

സസെക്സ് യൂണിവേഴ്സിറ്റി (ഇംഗ്ലണ്ട്) യിലെ ഡബ്ലിയു. എച്ച്. മാക്‌ക്രിയാ, ഓറോവന്റെയും ലിറ്‌രിൽടന്റെയും സിദ്ധാന്തങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് കൂടുതൽ സമഗ്രമായ ഒരു വീക്ഷണം കെട്ടിപ്പടുക്കുകയുണ്ടായി. ഇതിൻപ്രകാരം ഭൂമി ഇന്നത്തെ സ്ഥിതിയിലാവുന്നതിനു വളരെമുമ്പ് ഈ ഗോളത്തിനു ചുറ്റും വളരെയേറെ അലോഹവസ്തുക്കൾ (സിലിക്കേറ്റും, മറ്റും) സമാഹരിക്കപ്പെട്ടിരുന്നു. അവയാണ് ലിറ്റിൽ ടൺ സിദ്ധാന്തിച്ചതുപോലെ ഭൂമിയിൽ നിന്നു വേറിട്ടുപോയി ചൊവ്വയും ചന്ദ്രനുമായി തീർന്നത്. അതുകൊണ്ടാണ് അവയിൽ സമാനവസ്തുക്കൾ നിലനില്ക്കുന്നത്.

അപ്പോളോ 11-ലെ ചാന്ദ്രയാത്രികർ കൊണ്ടുവന്ന പാറക്കഷ്ണങ്ങളും പൊടിയും മറ്റും പരിശോധിച്ചതിന്റെ ഫലമായി ചന്ദ്രനും ഭൂമിക്കും ഒരു പൊതുവായ ആരംഭമാണുള്ളതെന്നു ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. രാസഘടനയുടെയും മൂലകങ്ങളുടെ അനുപാതത്തിന്റെയും കാര്യത്തിൽ ഭൂമിക്കും ചന്ദ്രനും വളരെയേറെ സാദൃശ്യമുണ്ട്. പക്ഷേ, ഈ പഠനങ്ങൾ മറ്റൊരു വസ്തുത കൂടി വെളിവാക്കിയിട്ടുണ്ട്. അതായത് ചന്ദ്രൻ രൂപം കൊണ്ടിട്ട് 460 കോടി വർഷങ്ങളായി എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. അതേസമയം ഭൂമിയുടെ പ്രായമാകട്ടെ, 455 കോടിയുമാണ്. മാത്രമല്ല, ചന്ദ്രനിലെ ധൂളിക്ക് 460 കോടി വർഷത്തെ പഴക്കമുള്ളപ്പോൾ ഭൂമിയിലെ ഏറ്റവും പഴക്കംചെന്ന പാറയ്ക്ക് 340 കോടി വർഷത്തെ പഴക്കമേയുള്ളു. ഇതു സൂചിപ്പിക്കുന്നത് ചന്ദ്രൻ ഭൂമിയിൽനിന്ന് വേറിട്ടുപോയതല്ലെന്നും, ഭൂമി ഉത്ഭവിച്ചതിനോടൊപ്പമോ അതിനുമുമ്പോ ഉടലെടുത്തതാണെന്നുമാണ്. ഏതായാലും ഈ പ്രശ്നത്തിൽ തികച്ചും സ്വീകാര്യവും സർവ്വസമ്മതവുമായ ഒരു നിഗമനത്തിലെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.