പാദുവായിലെ വിശുദ്ധ അന്തോനീസിനോടുള്ള നൊവേന/സമൂഹ പ്രാർത്ഥന

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

<<വി. ഗ്രന്ഥപാരായണം

ഗാനം>>

സമൂഹ പ്രാർത്ഥന[തിരുത്തുക]

(പരി. കുർബാനയുടെ ആശീർവ്വാദം നടത്തുന്നുണ്ടെങ്കിൽ പ്രസംഗത്തിനുശേഷം ക്രമപ്രകാരം പ. കുർബാന എഴുന്നെള്ളിച്ചുവച്ച്‌ ധൂപിക്കുന്നു. അതിനുശേഷം സമൂഹപ്രാർത്ഥന.)

കാർമ്മികൻ: അങ്ങയുടെ വിശ്വസ്ത ദാസനായ വി. അന്തോനീസിനെ ഞങ്ങൾക്ക്‌ നിത്യം സഹായമരുളുന്നവനായി നൽകിയ കർത്താവേ, ആ വിശുദ്ധനെ വണങ്ങുകയും അദ്ദേഹത്തിന്റെ സഹായം തേടുകയും ചെയ്യുന്ന ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.


കാർമ്മികൻ: സ്നേഹനിധിയായ ദൈവമേ, ഇവിടെ സന്നിഹിതരായിരിക്കുന്ന അങ്ങേ ജനം ഈ നവനാൾ പ്രാർത്ഥനവഴി ക്രൈസ്തവചൈതന്യം നവമായുൾക്കൊണ്ട്‌ വിശ്വാസജീവിതത്തിൽ പൂർവ്വോപരി ഊർജ്ജസ്വലരാകുവാൻ ഇടയാക്കണമെന്ന് ഞങ്ങളുടെ മദ്ധ്യസ്ഥനായ വി. അന്തോനീസുവഴി ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.


കാർമ്മികൻ: മാതാപിതാക്കളെ അനുസരിച്ചുകൊണ്ട്‌ കുടുംബത്തിലെ സന്താനങ്ങളും, സന്താനങ്ങൾക്കുവേണ്ടി ജീവിക്കുന്നതിൽ ആനന്ദം കണ്ടെത്തിക്കൊണ്ട്‌ മാതാപിതാക്കളും വിവാഹം എന്ന കൂദാശയിലൂടെ അവിടുന്നു നൽകുന്ന ദൈവികജീവനിൽ സദാ വളരുവാനുള്ള വരം നൽകണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.


കാർമ്മികൻ: ഞങ്ങളുടെ യുവതീയുവാക്കന്മാർക്ക്‌ പരിശുദ്ധാരൂപിയുടെ സഹായത്താൽ അവരുടെ ജീവിതാന്തസ്സ്‌ തിരഞ്ഞെടുക്കാനുള്ള അനുഗ്രഹം നൽകണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.


കാർമ്മികൻ: വിവാഹത്തിന്റെ പരിശുദ്ധിയേയും ജീവന്റെ പവിത്രതയേയും അതിന്റെ എല്ലാ രൂപങ്ങളിലും എല്ലാവരും പ്രോത്സാഹിപ്പിക്കുവാനും അതുവഴി ഞങ്ങളുടെ കുടുംബങ്ങൾ വിശുദ്ധിയുടെയും സമാധാനത്തിന്റെയും വിളനിലങ്ങളാകുവാനും വരമരുളണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.


കാർമ്മികൻ: പഠിക്കുന്നതിനും പണിയെടുക്കുന്നതിനും അനുദിനം യാത്ര ചെയ്യുന്ന ഞങ്ങളെ എല്ലാവിധ അത്യാഹിതങ്ങളിൽനിന്നും കാത്തുകൊള്ളണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.


കാർമ്മികൻ: തൊഴിൽ ഇല്ലാതെയും ജീവിതമാർഗ്ഗം കാണാതെയും ഉഴലുന്ന എല്ലാവരും ക്രിസ്തുനാഥനിൽ പ്രത്യാശയും ഭദ്രതയും കണ്ടെത്തുവാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.


കാർമ്മികൻ: അനാഥരും നിരാലംബരും രോഗികളുമായ എല്ലാവർക്കും സ്നേഹവും കരുണയും ശുശ്രൂഷയും സഹായവും ലഭിക്കുവാൻ ഇടയാക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.


കാർമ്മികൻ: മരണാസന്നർക്ക്‌ പ്രത്യാശയും ഞങ്ങളിൽനിന്ന് വേർപെട്ടുപോയവർക്ക്‌ നിത്യാനന്ദവും നൽകണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.


കാർമ്മികൻ: സമൃദ്ധമായ വിളവും നല്ല കാലാവസ്ഥയും നൽകി ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്ക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.


കാർമ്മികൻ: എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണെന്നും തന്മൂലം സഹോദരരാണെന്നുമുള്ള സത്യം മനസ്സിലാക്കി പരസ്പര ധാരണയിലും സ്നേഹത്തിലും സമാധാനപൂർവ്വം ജീവിക്കുന്നതിനുള്ള അനുഗ്രഹം നൽകണമേയെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.


കാർമ്മികൻ: സാർവ്വത്രികസഭയുടെ തലവനായ മാർ ....... പാപ്പായേയും ഞങ്ങളുടെ പിതാവായ മാർ ....... മെത്രാനേയും ഞങ്ങളുടെ രൂപതയിലെ എല്ലാ വൈദികരെയും ആത്മീയ നന്മകൾ നൽകി അനുഗ്രഹിക്കണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.


കാർമ്മികൻ: സത്യത്തിന്റെയും നീതിയുടെയും മാർഗ്ഗത്തിലൂടെ നന്മയിലേയ്ക്ക്‌ നീങ്ങുന്നതിനുള്ള വിജ്ഞാനവും വിവേകവും സന്മനസ്സും ഞങ്ങളുടെ രാജ്യത്തിലെ എല്ലാ നേതാക്കന്മാർക്കും ജനങ്ങൾക്കുൻ നൽകണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.


(വ്യക്തിപരമായ ആവശ്യങ്ങളും നല്ല ഉദ്ദേശങ്ങളും അനുസ്മരിക്കുകയും അൽപസമയം നിശ്ശബ്ദമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.)


കാർമ്മികൻ: കർത്താവായ ദൈവമേ, അങ്ങയുടെ ദാസനായ വിശുദ്ധ അന്തോനീസിന്റെ വിശേഷ പുണ്യങ്ങളാലും അത്ഭുതപ്രവർത്തനവരത്താലും ധന്യനാക്കുന്നതിന്‌ അങ്ങ്‌ തിരുമനസ്സായല്ലോ. ആ വിശുദ്ധനെ വണങ്ങുകയും അദ്ദേഹത്തിന്റെ സഹായം ഉത്സാഹപൂർവ്വം തേടുകയും ചെയ്യുന്ന ഞങ്ങളുടെമേൽ കൃപയുണ്ടാകണമെ. വി. അന്തോനീസിന്റെ പ്രാർത്ഥനയാൽ ആത്മീയവും ശാരീരികവുമായ സഹായവും സംരക്ഷണവും ഞങ്ങൾക്കു പ്രദാനം ചെയ്യണമെ. അങ്ങയുടെ പരിത്രാണത്തിന്റെ ഫലം എന്നുമനുഭവിക്കുവാൻ ഞങ്ങൾക്കിടയാകട്ടെ. സകലത്തിന്റെയും നാഥാ എന്നേയ്ക്കും,

സമൂഹം: ആമ്മേൻ.

<<വി. ഗ്രന്ഥപാരായണം

ഗാനം>>