വനമാല/പള്ളിക്കെട്ടു മംഗളാശംസ
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്
ഉന്നിദ്രം കാലചക്രം തിരിയുമളവു പൊ-
ങ്ങി സ്ഫുലിംഗങ്ങൾപോലി-
ങ്ങന്യൂനം മായുമോരോ ദെനമതിലമിതാ-
നന്ദമിന്നുള്ളഹസ്സേ!
ധന്യം നീ, നിന്നിലല്ലോ സുമുഖിയിളയരാ-
ജ്ഞിക്കു തൃത്താലിചാർത്താൻ
മിന്നുന്നോർത്താൽ മുഹൂർത്തം മഹിതമരിയപൊൻ-
നൂലിലത്താലിപോലെ.
ഹാ! രമ്യം ബാല്യമിപ്പോൾ ചിരസഖിഭവതി-
ക്കോതുമേ യാത്ര കേഴാ-
യ്കാരോമൽത്തമ്പുരാട്ടീ ദശകളറിക മർ
ത്ത്യർക്കു നിത്യങ്ങളല്ലാ
ധീരത്വം പൂണ്ടു കൃത്യങ്ങളിൽ മരുവുക,
ധന്യൻ വിധാതാവു കാലേ
വീരുത്തേ ശാഖിമേലും വനിതയെ വര-
ഹസ്തത്തിലും ചേർത്തിടട്ടെ!
ഓരാതുല്ലാസവും ഭീതിയുമുരുസുഖവും
ദു:ഖവും നിന്നു നിത്യം
പോരാടും ജീവിതത്തിൽ വലിയ പടനിലം
യൗവനം ഭവ്യശീലേ,
പേരും ധർമ്മത്തിൽ നിന്നാൽ ജയ,മപജയമാം
തെറ്റിയാലോർക്ക ദീർഘം
പാരിൽ പ്രാപിക്ക രാജ്ഞി, തിരുവടി സുഖദാ-
മ്പത്യമാദ്യന്തഹൃദ്യം.
പ്രാപിച്ചു ഭാഗ്യമാര്യേ ഭവതിയെ രവിവർ-
മ്മാഖ്യനാം ചിത്രകൃത്താം
ഭൂപാലൻ തന്റെ ബീ.ഏ.പദവിജയി മഹാ-
ഭാഗനാം ഭാഗിനേയൻ
ശോഭിച്ചു ദ്വന്ദമേറ്റം പ്രജകൾ കൃതികളായ്
നിങ്ങളിൽ സാമ്പ്രതം നി-
ക്ഷേപിക്കുന്നാശ വഞ്ചിക്ഷിതിപകുലമതിൻ
വമ്പെഴും പൊൻപതാകെ.
പൃഥ്വിശാലംബരല്ലോ പ്രജകൾ, ഭവതി
ദൃഷ്ടാന്തമായ് കാന്തമാർക്കും
വർത്തിക്കും രാജ്ഞിമാർക്കും ചിരമിവിടെ വധൂ-
ജാതി വിഖ്യാതിയേലും
പ്രത്യേകിച്ചിന്നിവയ്ക്കും വരമരുളുമജൻ
പാർവ്വതീഭായിരജ്ഞീ-
പുത്രന്മാരെന്ന പേരാർന്നിനിയവനിപർ
വേണാടു വാണീടുവാനും.
- 1907