നളചരിതം രണ്ടാം ദിവസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നളചരിതം രണ്ടാം ദിവസം (ആട്ടക്കഥ)

രചന:ഉണ്ണായിവാര്യർ

ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ രണ്ടാം ദിവസം

നളചരിതം ആട്ടക്കഥ
രണ്ടാം ദിവസം
രംഗം ഒന്ന്‌ : നളന്റെ കൊട്ടാരം
നളൻ - ദമയന്തി
തോടി-അടന്ത(പതിഞ്ഞ കാലം)
ശ്ളോ. സുരേന്ദ്രൈസ്സംപ്രീതൈരിഹ സദസി ദത്താനഥ വരാ-
നവാപ്തോ ദുഷ്പ്രാപാൻ നിഷധനൃപതിസ്താം പ്രിയതമാം
മുദാ പാണൗ കൃത്യ ശ്വശുരനഗരാദാത്മനഗരം
ഗതോ രേമേ ഭൈമീം രഹസി രമയംശ്ചാടുവചനൈ:
പദം 1 നളൻ:
പ. കുവലയവിലോചനേ, ബാലേ, ഭൈമീ,
കിസലയാധരേ! ചാരുശീലേ!
അനു. നവയൗവനവും വന്നു നാൾതോറും വളരുന്നു
കളയൊല്ലാ വൃഥാ കാലം നീ. കുവലയ.
ച. 1 ഇന്ദ്രാദികളും വന്നു വലച്ചു നമ്മെ,
ഇടയിൽ വന്നിടരെല്ലാം നിലച്ചു,
ഇന്ദുവദനേ! നിന്നെ ലഭിച്ചു, ഇതിനാൽ
എനിക്കു പുരാപുണ്യം ഫലിച്ചു;
ഇനിയോ നിൻ ത്രപയോന്നേ എനിക്കു വൈരിണീ മന്യേ.
തനിയേ പോയതുമൊഴിയാതോ? കുവലയ.

2 തവ മുഖമഭിമുഖം കാണ്മേൻ, തന്വി,
തളിരൊളിമെയ്യിതൊന്നു പൂണ്മേൻ
ധന്യനായതു ഞാനോ പാർമേൽ, ഏവ-
മൊന്നല്ല മനോരഥം മേന്മേൽ,
എന്നിരിക്കവേ നീയെന്തെന്നിൽ വഹസി വാമ്യം?
ഇതിനാലുണ്ടതിവൈഷമ്യം. കുവലയ.

3. കലയും കമലയുമെപ്പോലേ തവ
കലയ മാമപി നീയപ്പോലേ.
കുലയുവതികൾമൗലിമാലേ! ശങ്ക
കളക രമിക്ക വഴിപോലേ.
മത്തകോകിലമായൊരുദ്യാനമതിൽ ച്ചെന്നൊ-
രത്തലെന്നിയേ വാഴ്ക നാം. കുവലയ.

(പൂർവ്വകല്യാണി - ചെമ്പട)
കാന്തൻ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
പൂന്തേൻതൊഴുംമൊഴി നിശമ്യ വിദർഭകന്യാ
ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
സ്വാന്തർമ്മുദാ പുരവനേ സഹ തേന രേമേ.

പദം 2 ഭൈമി:
പ. സാമ്യമകന്നോരുദ്യാനം എത്രയുമാഭി-
രാമ്യമിതിനുണ്ടതു നൂനം;
അനു. ഗ്രാമ്യം നന്ദനവനമരമ്യം ചൈത്രരഥവും
സാമ്യം നിനയ്ക്കുന്നാകിൽ കാമ്യമല്ലിതു രണ്ടും. സാമ്യ.
ച. 1 കങ്കേളിചമ്പകാദികൾ പൂത്തുനില്ക്കുന്നു,
ശങ്കേ വസന്തമായാതം,
ഭൃങ്ഗാളി നിറയുന്നു പാടലപടലിയിൽ
കിം കേതകങ്ങളിൽ മൃഗാങ്കനുദിക്കയല്ലീ? സാമ്യ.
2. പൂത്തും തളിർത്തുമല്ലാതെ ഭൂരുഹങ്ങളിൽ
പേർത്തുമൊന്നില്ലിവിടെക്കാണ്മാൻ,
ആർത്തുനടക്കും വണ്ടിൻചാർത്തും കുയിൽക്കുലവും
വാഴ്ത്തുന്നു മദനന്റെ കീർത്തിയെ മറ്റൊന്നില്ല. സാമ്യ.
3. സർവ്വർത്തുരമണീയമേതത്‌ പൊന്മയക്രീഡാ-
പർവ്വതമെത്രയും വിചിത്രം;
ഗർവ്വിതഹംസകോകം ക്രീഡാതടാകമിതു,
നിർവൃതികരങ്ങളിലീവണ്ണം മറ്റൊന്നില്ല.
മാരധനാശി (ധന്യാസി) - ചെമ്പട
പദം 3 നളൻ:
പ. ദയിതേ, നീ കേൾ കമനീയാകൃതേ,
അനു. അയി തേ വിവാഹത്തിൻമുൻപനുകമ്പനീയം വൃത്തം. ദയി.
ച. 1 ഓരോ ജനങ്ങൾ ചൊല്ലി നിൻഗുണമങ്ങു നിശമ്യ സദാ
ധീരോപി ഞാനധികം മങ്ങി മയങ്ങിനങ്ഗരുജാ
ഓരാ ദിനം യുഗമായി, ഇങ്ഗിതമെങ്ങുമൊളിച്ചു ചിരം. ദയി.
2. ആരുമറിയരുതെന്നങ്ഗജസങ്കടമെന്ന ധിയാ
ആരാമം പുക്കേനിമം ഭൃങ്ഗവിഹങ്ഗമസങ്കുലിതം,
ദുരേ സുഖമെന്നായി, അങ്ങോടടൻ പുനരിങ്ങൊടടൻ
പാരം വലഞ്ഞേനപ്പോൾ സങ്ഗതനായൊരു ഹംസവരൻ. ദയി
3 സൗവർണ്ണഹംസം ചെയ്തൊരു സൗഹൃദമായതു സൗഹൃദമേ
പോയ്‌വന്നു നിൻ മതവും വർണിതവാൻ മമ കർണ്ണസുധാം,
ദൈവം ന വിപരീതം എന്നു പറഞ്ഞു മറഞ്ഞു സഖാ,
കൈവന്നു കാമിതവും കാമിനിമാർകുലമൗലിമണേ. ദയി.

രങ്ഗം രണ്ട്‌: ദേവലോകത്തേക്കുള്ള മാർഗ്ഗം
കലി, ദ്വാപരൻ - ഇന്ദ്രൻ
ഭൈരവി - ചെമ്പട
ശ്ളോ. ഉപവനതലേ സൗധേ വാപീതടേ മണിമന്ദിരേ-
പ്യനിശമടതി സ്വൈരം ദാരൈർന്നളേ രതിലാലസേ
ത്രിദശപതയോ നാകം യാന്തോ വിലോക്യ കലിം പഥി
പ്രകടിതനിജാടോപം പാപം പദാനതമൂചിരേ. 3
പദം 4 കലി:
പ. എങ്ങുനിന്നെഴുന്നരുളി സുരാധിപ,
ദഹനശമനവരുണൈരമാ?
മോഹനം - ചെമ്പട
പദം 5 ഇന്ദ്രൻ:
പ. പോയ്‌വരുന്നേനകലേ, നീ സമ്പ്രതി
പോവതിതെങ്ങു കലേ?
പദം 4 കലി:
ച. 1 ഭൂമി തന്നിലുണ്ടു ഭീമസുതയെന്നൊരു
കാമിനീ കമലലോചനാ
കാമനീയകത്തിൻ ധാമം പോൽ; അവൾ തൻ-
നാമം കേട്ടു ദമയന്തി പോൽ.
യാമി ഞാനവളെ ആനയിപ്പതിനു,
സ്വാമിയതിനു വിട തരിക നീ.
കാമക്രോധലോഭമോഹസൈന്യമുണ്ടു,
താമസിക്കരുതു സുരപതേ! ജഗദധിപതേ!
ഗുണകൃതരതേ! ഭവദുപകൃതേരഹം പ്രതികരിഷ്യാമി. എങ്ങു
പദം 5 ഇന്ദ്രൻ:
ച. 1 പാഥസാം നിചയം വാർന്നൊഴിഞ്ഞളവു
സേതുബന്ധനോദ്യോഗമെന്തെടോ?
ജാതമായി തദ്വിവാഹകൗതുകം
ആദരേണ ഞങ്ങൾ കണ്ടുപോന്നിതു.
ചിത്രതരം സ്വയംവരമതിരുചിതം.
നലമുള്ളൊരു നവഗുണപരിമളനെ
നളനെന്നൊരു നൃപനെ അവൾ വരിച്ചു
ഇനി ഭുവി തേ ഗതി പഴുതേ,
ശകുനപ്പിഴ തവ ജനിതം. പോയ്‌വ.
പദം 4. കലി :
ച. 2 കനക്കെക്കൊതി കലർന്നു മിഴിച്ചു പാവകളെ-
ക്കണക്കെ നിങ്ങളും കണ്ടങ്ങിരിക്കവേ
മനസ്സിലുറപ്പോടവൾ പരക്കും ജനം നടുവിൽ
മനുഷ്യപ്പുഴുവിനെയോ വരിച്ചുപോൽ?
മിനക്കെട്ടങ്ങുമിങ്ങും നടക്ക മാത്രമിഹ
നിനയ്ക്കിൽ നിങ്ങൾക്കൊരു ലാഭമായ്‌.
എനിക്കിന്നതു കേട്ടിട്ടു ജ്വലിക്കുന്നുണ്ടു കോപം
പിണക്കിയകറ്റുവാൻ ഞാനവനെയും
ധ്രുവമവളെയും രാജ്യമകലെയും
അതിചപലമെന്നിഹ സമയം കരോമി എങ്ങു.
പദം 5 ഇന്ദ്രൻ:
2 പ്രവണനെങ്ങളിൽ ഭക്തിമാൻ നളൻ,
പ്രണതപാലനം വ്രതമവേഹി നോ.
ഗുണഗണൈകനിലയമായ മിഥുനമി-
തനൃണരായിതനുഘടയ്യ ഞങ്ങളു-
മിന്നധുനാ; നിനക്കിനി നല്ലതിനായ്‌
വയമൊന്നിഹ പറവതു കേൾക്ക കലേ,
നളനിൽ തവ വൈരമനർത്ഥകരം;
കുമതി ഭവാൻ, അവൻ ഗുണവാൻ,
വ്യസനം തവ വരുമുടനേ.
സൗരാഷ്ട്രം - ചെമ്പട
ശ്ളോ. സൗന്ദര്യം ദമായന്ത്യാഃ
സൗഭാഗ്യം നൈഷധസ്യ ഭാഗ്യം ച
ശ്രുത്വാ സുരേന്ദ്രവാചാ
സദ്വാപരമസഹനഃ കലിഃ പ്രോചേ.
പദം 6 കലി :
പ. വഴിയേതുമേ പിഴയാതെയവനോടു
ചെല്ലണം നാമധുനാ
അനു. അഴകിയലുമൊരൊഴികഴിവഴിയേതിനി
നളമതിസന്ധാതും വദ വദ ദ്വാപര, നീ. വഴി.
ദ്വാപരൻ :
ച. 1 നരപതി നളനവൻ നിരവധി ബലനിധി
സുരപതിവരംകൊണ്ടും ചിരമതിദുരാധർഷൻ
ഒരു പുരുഷനുമരുതരുതവനോടു പൊരു-
തോരു ജയം വരുമിതി നിനവുകൾ കരളിലേ,
ചൂതുപോരുകിലേ ജയം വരുമവനോടു.
സൗരാഷ്ട്രം
കലി:
2 പുഷ്പകരനെന്നുണ്ടേകൻ തത്കുലസമുദ്ഭവൻ
മുഷ്കരനാക്കേണം നാം സത്കരിച്ചവൻതന്നെ.
അവനവനുടെ മണിധനചയപരിജന-
പുരജനപദമുഖമഖിലവും പണയമായ്‌
ദേവനേ ജയിപ്പാനും കാനനം പൂകിപ്പാനും മതി.
രംഗം മൂന്ന്‌ : പുഷ്കരന്റെ കൊട്ടാരം
പുഷ്കരൻ - കലിദ്വാപരന്മാർ
മാരധനാശി (ധന്യാസി) - ചെമ്പട
ശ്ളോ. കോപമത്സരവശംവദംഃ കലിർ-
ദ്വാപരേണ സഹ മേദിനീം ഗതഃ
സ്വാപദേ സ്വയമചോദയജ്ജളം
സ്വാപതേയഹരണായ പുഷ്കരം.
പദം 7 പുഷ്കരൻ :
പ. അരികിൽ വന്നു നിന്നതാരെ,ന്തഭിമതം?
അഖിലമാശു ചൊൽക.
അനു. അറികയില്ലെങ്കിലും അഭിമുഖന്മാരെക്കണ്ടെൻ-
മനതാരിലുണ്ടൊന്നുന്മിഷിതം ഝടിതി. അരികിൽ.
ച. 1 ധരണിയിലുള്ള പരിഷകൾ നളനെച്ചെന്നു കാണും,
അവർക്കു വേണ്ടും കാര്യം നളനും സാധിപ്പിക്കും,
ദൂരത്തുന്നാരും വരികയില്ല നമ്മെക്കാണ്മാൻ. അരികിൽ.
2. നമുക്കില്ലാ നാടും നഗരവും കുടയും ചാമരവും
അമിത്രവീരന്മാരെ അമർക്കും വൻപടയും,
ബാഹുജനെന്നുള്ളതേ നമുക്കൊന്നുള്ളു മുറ്റും. അരികിൽ.
3. പഴുതേ ഞാനെന്തേ പലവക പറഞ്ഞു കേൾപ്പിക്കുന്നൂ
നളനു വേറെ കർമ്മം നമുക്കു കർമ്മം വേറെ;
നമ്മെക്കൊണ്ടുപകാരം നിങ്ങൾക്കെന്തോന്നു വേണ്ടൂ? അരികിൽ.
അസാവേരി (വരാളി) - ചെമ്പട
പദം 8 കലി :
പ. പുഷ്കര, നീ പഴുതേ ജന്മം നിഷഫലമാക്കരുതേ.
അനു. ദുഷ്കരമായിട്ടൊന്നുമില്ല കേൾ
മത്സഹായമുണ്ടായാലേവനും.
നളനും നീയും ഭേദമെന്തിവിടെ?
നാടു വാഴ്ക നളനെ വെന്നു സമ്പ്രതി. പുഷ്കര.
ച.1 നേരെ നിന്നൊടെടോ ഞാൻ പുനരാരെന്നും പറയാം,
പാരിലെന്നെയിന്നാരറിയാതവർ?
വൈരി വൈരസേനിക്കിഹ ഞാൻ കലി,
തവ ഞാൻ മിത്രം, തസ്യ നാടു ഞാൻ
തേ തരുന്നു, ചൂതുപൊരുക പോരിക. പുഷ്കര
2. നിൽക്ക മദീയമതേ വിജയം നിശ്ചിതമാമിഹ തേ,
വിക്രയമില്ലെന്നാകിലെന്തെടോ?
വയ്ക്ക ചൂതിനായെന്നെപ്പണയം;
ധനവും ധാന്യം നാടുമൊക്കെയും
കൈക്കലാക്കിയവനെ വിടുക വനഭുവി, പുഷ്കര.
രംഗം നാല്‌ : നളന്റെ കൊട്ടാരം
പുഷ്കരൻ, നളൻ, ദമയന്തി, മന്ത്രി
വേകട-ചെമ്പട
ശ്ളോ. ഉത്സാഹിതോഥ കലിനാ മലിനാശയോസൗ
സത്സാഹസേ നിഷധപുഷ്കരധൂമകേതുഃ
നിസ്സാരതാമനനുചിന്ത്യ ച പുഷ്കരഃ സ്വാം
തത്സാഹിമസ്തമതിരേത്യ നളം ബഭാഷേ.
പദം 5 പുഷ്കരൻ:
പ. വീരസേനസൂനോ, വൈരിവിപിനദാവകൃശാനോ,
അനു. നാരിയോടും വിജനസംവാസം
നീരസമത്രേ വീരവരാണാം. വീര.
ച. 1 പോരിലണഞ്ഞാലാരിലുമുണ്ടോ
ഭീരുത ചേതസി തേ?
പോരാളികളാരാധിതമന്മഥ-
മങ്ഗനമാർചരണങ്ങൾ വണങ്ങുമോ? വീര.
2. പാർത്തിരിയാതെ പാർത്ഥിവ; ചൂതിനു
നേർത്തിരിയെന്നൊടു നീ;
ഓർത്താലതു കീർത്ത്യാവഹമറിക
വിരിഞ്ചവിരചിതമവഞ്ചനമവനിയിൽ. വീര.
3. കേളയി! മേ മൊഴി ലാളിതമനിശം
കാളയിതെൻ പണയം;
കോളേ, രഥമാളാന കുതിരയോ
വയ്ക്കൊരു പണയ,മിരിക്ക നിരത്തുക. വീര.
ഭൈരവി - ചെമ്പട
പദം 10 നളൻ;
ച. ജാനേ പുഷ്കര, തേ തത്ത്വംമുന്നേ, പ്രാഗല്ഭ്യം നന്നേ,
ജാനേ പുഷ്കര തേ തത്ത്വം മുന്നേ.
അനു. താനേതൊരുത്തനെന്നു ചിന്തയ;
ഞാനോ തരം നിനക്കു സാമ്പ്രതം?
ഊനാതിരിക്തഭേദം നഷ്ടം,
ഞാൻ ജ്യേഷ്ഠൻ, നീയെന്നനുജൻ. ജാനേ.
ച.1 അസഭ്യവാക്കുകളോടുക, ചൂതിനു
വിളിപ്പതും തവ ചേരുവതോ? ഞാ-
നിളപ്പമല്പവും തേടുവനോ ? കളി
കളിപ്പൊളം വിടുമോ?
ജളപ്രഭോ, നീ ചൂതിനു വാ, വരു-
മിളപ്പമാകിലുമനുഭവനീയം;
വലിപ്പമാകിലുമനല്പമാ, മിതി-
നുറപ്പു യദി തവ, വികല്പമിഹ നഹി. ജാനേ.
2 എതിർത്തു ചൂതിനു വാതു പറഞ്ഞു നീ
നിരത്തുകമ്പൊടു ചൂതുപടം, ഒരു
വൃഷത്തിനെത്തരുമാറല്ലയോ അപ-
ജയത്തിൽ നീയിഹ മേ?
വ്യയത്തിലുണ്ടോ ലോഭിത മേ? നീ
കൊതിച്ചതോതുക, സൈനികമോ? ധന-
നിധിസ്ഥലങ്ങളു,മതിൽപ്പരം മണി-
തതിത്തരം ക്ഷിതിപതിത്വമോ തവ ? ജാനേ.
ഭൈമി തടയുമ്പോൾ: (വിളംബകാലത്തിൽ)
3 വിദർഭനന്ദിനി, സുന്ദരി, സന്തത-
മതിപ്രിയാസി വിലാസിനി, മേ;
പതിപ്രിയാചരണാവഹിതാ; വസി-
ക്കതിപ്രയാസമൃതേ,
(മുൻപത്തെ കാലത്തിൽ)
ചതിപ്പതിന്നിവനാഗതനായ്‌, മുന്ന-
മതിപ്രഗല്ഭത ഇല്ലിവനേതും
രതിപ്രഭേ! വന്നെതിർപ്പതിതുകാൺ,
ക്ഷമിപ്പതിഹ നമുക്കിളപ്പമായ്‌വരും. ജാനേ.
രംഗം അഞ്ച്‌ : ചൂതൂകളിസ്ഥലം
പന്തുവരാളി - പഞ്ചാരി
ശ്ളോ. ആവിഷ്ട : കലിനാ ഖലേന ഹൃദയേ
പര്യസ്തധീർന്നൈഷധഃ
പാപിഷ്ഠേന സ പുഷ്കരണേ വിജിതോ
ദ്യുതായ ഭൂയോ രതഃ
ഹാ ! കഷ്ടം ! കിമിദം ബതേ, തി രുദതീം
കാന്താഞ്ച നോസാന്ത്വയ-
ന്നേദിഷ്ഠാൻ നഗരൗകസോപി സചിവാൻ
നാപശ്യദാപദ്ഗതഃ
പദം 11 പുഷ്കരൻ :
പ. ദേവനം വിനോദനായ ദേവനിർമ്മിതം
അനു. ഏവനിതിനു വിമുഖനറികിൽ
ദേവദൈത്യമാനുഷേഷു ?
(കളിക്ക്‌ ഇടയിലാണ്‌ ഈ ഭാഷണം)
1. വാതുചൊല്ലിപ്പൊരുതു ചൂതു, കൈതവമില്ലേതുമേ,
അപജയപ്പെട്ടായോ പഴുതായോ കൊതി ?
ഭൂയോ യദി വാതു ചൊൽക. ദേവനം.
നളൻ:
2 വാഹനങ്ങൾ ബഹുധനങ്ങൾ ഗോധനവും നല്കുവൻ ;
ഇനിജ്ജയം വരായ്കിൽ ഇതു ചൊല്ലാം
ചതിയല്ലാ ശൃണു പുഷ്കര, നീ. ദേവനം.
പുഷ്കരൻ :
3 ദൈവദോഷം നിനക്കു വന്നു ഭാവമിളപ്പെട്ടില്ലയോ?
ഇനിപ്പൊരുന്നതാകിൽ വനവാസം ചെയ്ക;
തോറ്റാൽ ജയിച്ചോർക്കു നാടും. ദേവനം.
(ഘണ്ടാരം)
ശ്ളോ. ഊണിന്നാസ്ഥ കുറഞ്ഞു നിദ്ര നിശയി-
ങ്കൽപ്പോലുമില്ലാതെയായ്‌,
വേണുന്നോരൊടോരാഭിമുഖ്യമൊരു-
നേരം നാസ്തി; നക്തംദിവം
കാണും, പോന്നു പുറത്തുനിന്നു കരയും
ഭൈമീ; നളന്നന്തികേ
താനും പുഷ്കരനും തദീയവൃഷവും
നാലാമതില്ലാരുമേ.
ശ്ളോകം ഭൈമി അഭിനയിക്കുന്നു.

കേദാരഗൗഡം - ചെമ്പട
ശ്ളോ. തോല്ക്കും, വാതു പറഞ്ഞു നേർക്കുമുടനേ
ഭൂയോ നിരത്തും നളൻ,
നോക്കും പുഞ്ചിരിയിട്ടു പുഷ്കര, നിരി-
ക്കുമ്പോൾ രസിക്കും വൃഷം,
വായ്ക്കും ദൈവഗതിക്കു നീക്കമൊരുനാ-
ളുണ്ടോ? ധനം രാജ്യവും
ശീഘ്രം തച്ചു പറിച്ചുകൊണ്ടു നളനോ-
ടിത്യൂചിവാൻ പുഷ്കരൻ.
പദം 12 പുഷ്കരൻ വിജയോന്മാദത്തിൽ

പ ഉണ്ടാകേണ്ടാ, ഇതിനീഷലുണ്ടാകേണ്ടാ,
അനു. മിണ്ടാതേ നടകൊണ്ടാലും വന-
വാസത്തിനു, മമ നാടതിലിരിക്കിലോ,
ഉണ്ടാമധർമ്മവുമനൃതോദിതവും;
നൈഷധേന്ദ്രൻ നീയല്ല, കേളിനിമേലഹമത്രേ.
ച.1 ധരിത്രിയെച്ചെറിയന്നേ ജയിച്ചതും, പാട്ടി-
ലിരുത്തി പ്രജകളെ നീ ഭരിച്ചതും,താനേ
        വരുത്തിസ്സമ്പത്തുകൾ സംഭരിച്ചതും ആർത്തി-
യസ്തമിപ്പിച്ചതും, കീർത്തി വിസ്തരിപ്പിച്ചതും സർവ-
ഭൂപന്മാർ ചൂഴെ നിന്നു സേവിച്ചതും, സാർവ-
ഭൗമനെന്നിരുന്നു നീ ഭാവിച്ചതും, ഇവ-
യെല്ലാമെനിക്കു ലബ്ധമുല്ലാസത്തോടി,നിയെൻ-
നാട്ടിലോ ചവിട്ടായ്ക, കാട്ടിൽ പോയ്‌ തപം ചെയ്ക. ഉണ്ടാ
2. നിനക്കില്ലിനി രാജ്യമൊരിക്കലും, പിന്നെ
നിനക്കു തനയരുണ്ടെന്നിരിക്കിലും, (നേരേ
നിനയ്ക്കിൽ) കൊടുക്കുമോ ഞാൻ മരിക്കിലും, ധർമ്മ-
ലബ്ധമല്ലോ ഭാഗ്യം, മമ പുത്രനത്രേ യോഗ്യം, ബഹു-
വിസ്തരിച്ചുപറയേണ്ടതെന്തിവിടെ? നീയു-
ടുത്ത പട്ടും ഭൂഷണവും കേളെന്നോടേ;
മല്ലാക്ഷി ഭൈമിയെയുമൊല്ലാ കൊണ്ടങ്ങു പോകിൽ
ഭൂമിയെന്നതുപോലെ ഭൈമിയും ചേരുമെന്നിൽ. ഉണ്ടാ.

        മന്ത്രിയെ വിളിച്ച്‌ ആജ്ഞാപിക്കുന്നു;
3 പുരത്തിൽ മരുവും മഹാജനങ്ങളും പുകൾ-
പെരുത്തെഴും നാഗരികജനങ്ങളും നാട്ടിൻ-
പുറത്തു വസിക്കുമോരോ ജനങ്ങളും ഇന്നു
കേൾക്കേണമെന്റെയാജ്ഞ; ഓർക്കൊല്ലാ നളനിൽ വേഴ്ച;
നിസ്ത്രപനാമിവനെസ്സമ്മാനിക്കൊല്ലാ, ഒരു
വസ്ത്രതണ്ഡുലാദികൾ വിശ്രാണിക്കൊല്ലാ;
ഉല്ലങ്ഘിതാജ്ഞന്മാരെക്കൊല്ലും, സന്ദേഹമില്ല;
ചൊന്നതാചരിപ്പോരിലുന്നതാ മമ പ്രീതി ഉണ്ടാ.

രങ്ഗം ആറ്‌: വനപ്രവേശം
നളൻ, ദമയന്തി
ഘണ്ടാരം-ചെമ്പട
ശ്ളോ. കല്യാവേശാവശോപി സ്വയമനൃതഭിയാ
ഭൂഷണാന്യാത്മനോസ്മൈ
ദത്വാ തൂഷ്ണീം പുരസ്താദ്ദ്രുതമപഗതവാ-
നേകവസ്ത്രോ നളോയം
ഭൈമ്യാ വാർഷ്ണേയനീതസ്വസുതമിഥുനയാ
ദീനയാ ചാനുയാതഃ
ക്ഷുത്ക്ഷാമോമ്മാത്രവൃത്തിർന്നിജമഥ വിമൃശൻ
വൃത്തമാസ്തേ സ്മ ശോചൻ.
പദം 13 നളൻ : ആത്മഗതം
പ. എന്തുപോൽ ഞാനിന്നു ചെയ്‌വേൻ?
ബന്ധവോ മേ വൈരികളായ്‌.
അനു. അന്തകവൈരിപാദചിന്തനം കുറകയോ?
ബന്ധമെന്തെനിക്കേവം സന്താപം വരുവാൻ ? എന്തു.
ച. പുഷ്പകരനു ലഭിച്ചു പുരവും ജനപദവും
പുഷ്കലമാധിപത്യം പുതിയ വിഭൂതികളും,
ബുദ്ധിപൂർവമിത്യുപായനൈപുണി
ചിത്തതാരിലോർത്തുകാൺകിലെത്രയും
ഇത്ഥമിന്നു വൃത്തമായി വന്നിതു
മൃത്യുവൈരിഭക്തി മാഞ്ഞുപോയിതോ ? എന്തു.
2. സുന്ദരി, ദമയന്തി, സുദതി, സുമുഖി, സതി,
തന്വി, തരുണീമണി തളരുന്നിതല്ലോ പാരം;
തപ്തതോയസിക്തമാലതീ വന-
നക്തമാലമസ്തമൂലമിവ നളം
ക്ഷുത്തൃഡാർത്തിലുപ്തചിത്തമാശ്രയി-
ച്ചത്തൽമൂലം ചത്തുപോകിലാമുടൻ. എന്തു.
പക്ഷികളെ അടുത്തുകണ്ടിട്ട്‌:
3 പക്ഷങ്ങൾ ചഞ്ചുക്കളും പരിചെഴും പൊൻനിറമാം
പക്ഷികളിതാ വന്നു പരമരണണീയങ്ങൾ;
ഭക്ഷണാർത്ഥമിക്ഷണേന ഞാനിഹ
വിക്രമേണ കൈക്കലാക്കുവൻ, വല
വയ്ക്കവേണമെങ്കിലെന്തുചെയ്വതു ?
വസ്ത്രമേതദുൽസൃജാമി ചാമിവ. എന്തു.
സുരുട്ടി-ചെമ്പട
ശ്ളോ. കൃത്യാ പരോക്ഷതനുരേവ മഹോക്ഷമൂർത്തി:
സദ്വാപരോക്ഷകലിതസ്ഥിതിരിഷ്ടസിദ്ധിം
ധൃത്വാ സുവർണ്ണശകുനത്വമതീവ ദുഷ്ടോ
ഹൃത്വാംബരം ച ദിവമേത്യ നളം നൃഗാദീത്‌.
പദം 14 പക്ഷികൾ :
പ. വിഫലം തേ വൈരസേനേ, വാഞ്ഛിതം സാമ്പ്രതം
അനു. വിഭവം തേ ഹൃതമായി,
വ്രീളയിതിനില്ലാഞ്ഞോ, വേലയിതെല്ലാം ? വിഫലം.
ച. 1 വികൃതഹൃദയ, ഞങ്ങൾ വികിരങ്ങളല്ലാ,
വെറുതേ ഞങ്ങളെക്കൊല്വാൻ തവ തരമില്ലാ ;
വിരവിൽ നിന്നെച്ചതിച്ച വിരുതുള്ള ഞങ്ങളെല്ലാം
വിപുലമഹിമ തേടും ചൂതുകൾ ചൊല്ലാം. വിഫലം.
2 വിസ്തൃതം നിന്റെ രാജ്യം വിവിധമാം ധനവും
വസ്തുസമ്പത്തുകളും, വരിച്ചു വഞ്ചനവും
നിസ്ത്രപ, ഞങ്ങൾ ചെയ്തതറിക നിൻ കദനവും
വസ്ത്രമിതു പറിപ്പാൻ വന്നിതിജ്ജനവും. വിഫലം.
3. വിരസത വരുത്തി നീ സുരപതിക്കുടനേ,
സ്മരപരവശനായി മരുവി തൻ സദനേ,
വരുവതതിനിതെന്നുമറിക നീ ഇതിനേ,
മരവുരി ധരിച്ചു നീ മരുവുക വിപിനേ. വിഫലം.
രങ്ഗം ഏഴ്‌ : വനമണ്ഡപം
ഗൗളിപന്ത്‌ - ചെമ്പട
ശ്ളോ. വസ്ത്രം പത്രികൾകൊണ്ടുപോയ്‌ ദിവി മറ-
ഞ്ഞപ്പോളവസ്ഥാം നിജാ-
മുൾത്താരിങ്കൽ വിചാര്യ ദിഗ്വസനനായ്‌
നിന്നൂ നളൻ ദീനനായ്‌;
പത്ന്യാ സാകമിതസ്തതോഥ ഗഹനേ
ബംഭ്രമ്യമാണശ്ശുചാ
നക്തം പോയ്‌വനമണ്ഡപം കിമപി ചെ-
ന്നദ്ധ്യാസ്ത വിഭ്രാന്തധീ ഃ
പദം 15 നളൻ :
പ. ഒരുനാളും നിരൂപിതമല്ലേ ഉദന്തമി-
തൊരുനാളും നിരൂപിതമല്ലേ.
അനു. കരുണാകടാക്ഷമെന്നിൽ പുരവൈരി സംഹരിച്ചോ ?
സുരനായകവരത്തിൽ പരിണാമമീദൃശമോ ? ഒരു.
ച. 1 സുന്ദരീ, ദയിതേ, ശൃണു ഭൈമീ, നിന്നെ രക്ഷിപ്പാൻ
ഇന്നരിമ എനിക്കെന്നു വന്നു.
ഒന്നല്ലെനിക്കുള്ളാധി ചൊന്നാലറിയിക്കാമോ ?
എന്നെയും നിന്നെയും നീ തന്നെ കാത്തുകൊള്ളേണം. ഒരു.
(ആനന്ദഭൈരവി)
ഭൈമി :
2 പയ്യോ പൊറുക്കാമേ ദാഹവും ; ആര്യപുത്രാ, കേൾ,
അയ്യോ ! എൻപ്രിയപ്രാണനാഥാ,
കയ്യോ കാലോ തിരുമ്മി മെയ്യോടുമെയ്യണവൻ,
പൊയ്യോ നാം തമ്മിലുള്ള സംയോഗനാൾപ്പൊരുത്തം ! ഒരു.
(ഗൗളിപന്ത്‌)
നളൻ :
3 കാനനമിതെന്നാലെന്ത,ധികം ഭീതിദമല്ലേ,
കാണേണം തെളിഞ്ഞുള്ള വഴികൾ ;
നൂനമീവഴി ചെന്നാൽ കാണാം പയോഷ്ണിയാറും;
ഏണാക്ഷി, ദൂരമല്ലേ ചേണാർന്ന കുണ്ഡിനവും ഒരു
ഭൈമി :
4 പാതിയും പുമാനു പത്നിയെന്നു വേദശാസ്ത്രാദി-
ബോധമുള്ളവർ ചൊല്ലീടുന്നു,
ആധിവ്യാധികളിലും പ്രീതിദമൗഷധം കേൾ
സ്വാധീനസഹധർമ്മിണീതി നീ ധരിക്കേണം. ഒരു.
പുന്നാഗവരാളി - മുറിയടന്ത
ശ്ളോ. വേർവിട്ടിടുകയില്ല വല്ലഭനെയീ-
യാപത്തിലെന്നാശയം
വൈദർഭ്യാസ്സുദൃഢം വിദൻ വിദലയൻ
വസ്ത്രാർദ്ധമസ്യാ നളൻ
ഖേദപ്പാടൊടുറങ്ങിനൊരവളെയും
ത്യക്ത്വാ കലിപ്രേരണാത്‌
മൂഢപ്രായമനാ നിശീഥസമയേ
നിർജ്ജഗ്മിവാൻ നിർജ്ജനേ
പദം 16. ഭൈമി (ഉണർന്ന്‌ സംഭ്രാന്തയായി)
പ. അലസതാവിലസിതമതിനാൽ ഞാനുറങ്ങിനേൻ
അലമലം പരിഹാസകലവികളാലേ.
അനു. അളവില്ലാ മമ ഭയം, ആളിമാരുമില്ലാ
നള, നളിനാക്ഷ, നീ ഒളിവിലെന്തിരിക്കുന്നു? അല.
ച. 1. ഹരിത്പതികൾ തന്നൊരു തിരസ്കരിണിയുള്ള നീ
ഇരിപ്പെടം ധരിപ്പതിനരിപ്പമല്ലോ;
വരിപ്പുലി നടുവിൽ സഞ്ചരിപ്പതിനിടയിലോ
ചിരിപ്പതിനവസര,മിരിപ്പതു പുരിയിലോ? അല.
2. പടംനോക്കിയുടൻ താനേ നടന്നാനോ വെടിഞ്ഞെന്നെ?
പടിഞ്ഞാറോ കിഴക്കോ നീ വടക്കോ തെക്കോ?
ദൃഢംജാനേ മതംതേഹം 'വിടുന്നോളല്ലിവൾ, ഞാൻ വേർ-
പെടുന്നാകിലുടൻ താനൊരിടംനോക്കി നടന്നുപോം'. അല.
3. വിശേഷിച്ചുണ്ടെനിക്കാധി, വിചാരിച്ചോളവും ദ്യൂത-
വശാലിപ്പോൾ തവ ബുദ്ധി കൃശയായ്പ്പോയി.
ദശാദോഷമതേഷാ ഞാനശേഷമോർത്തതിശോക-
രുജാവേശാവശൈവാശു വിശാമീശ, നിശാമദ്ധ്യേ. അല.
4. ഒരു ഭൂതത്തിനാലേവം പരിഭൂതൻ മമ കാന്തൻ
പുരുഭൂതികളെപ്പോലെ പുനരെന്നെയും
ഒരുപോതും നിനയാതെ പെരുമാറുന്നതുമൂലം
എരിതീയിൽ പതിതനായ്‌വരിക വഞ്ചകനവൻ. അല.
രങ്ഗം എട്ട്‌: കാട്‌
പന്തുവരാളി (നാഥനാമക്രിയ) - ചെമ്പട
ശ്ളോ. കരഞ്ഞും ഖേദിച്ചും വനഭുവി തിരഞ്ഞും നിബിഡമായ്‌
നിറഞ്ഞെങ്ങും തിങ്ങും തിമിരഭരരുദ്ധേക്ഷണപഥാ
പറഞ്ഞും കോപിച്ചും പലവഴി നടന്നും നൃപസുതാ
വലഞ്ഞാൾ, കേട്ടാനക്കരുമനകൾ കാട്ടാളനൊരുവൻ 14
പദം 17 കാട്ടാളൻ:
പ. ആരവമെന്തിത,റിയുന്നതോ? ഇഹ
ഘോരവനത്തിൽനിന്നെഴുന്നതും;
അനു. ദൂരെയിരുന്നാൽ നേരറിയാമോ?
ചാരേ ചെന്നങ്ങാരായേണം. ആരവ.
ച. 1 പെരുത്ത വൻകാട്ടിന്നകത്ത-
ങ്ങൊരുത്തനായ്‌ പോയ്‌വരുവാനും;
പേടി നമുക്കും പാരമുദിക്കും
പേർത്തും ഗഹനേ തിരവാനും;
ഉരത്തെഴും തിമിരം വെൽവാൻ
ഉദിക്കുമാറായ്‌ ഭഗവാനും,
പോരാ നാമിങ്ങിരുന്നാലോ,
ഭീരുതയെന്നേ വരു താനും.
എടുത്തു വില്ലുമമ്പും വാളും
അടുത്തുചെന്നങ്ങറിയേണം
നീചത്വം വിട്ടൗചിത്യം ഞാ-
നാശുത്വം പൂണ്ടാചരിപ്പൻ. ആരവ.
പുന്നാഗവരാളി - അടന്ത
പദം 18 ഭൈമി:
പ. അഹന്ത! ദയിത, ദയാസിന്ധോ, നീയെന്നെ
അപഹായ യാസി കഥം?
അനു. മോഹാർണ്ണവത്തിൻ പ്രവാഹത്തിൽ വീണു ഞാൻ
മുഹുരപി മുഴുകുമാറായിതിദാനീം അഹന്ത!
ച. 1 ഭാഗധേയമോ പോയി ദേവനേ, ചിത്തം
പകച്ചുപോയിതോ ഗഹനേ വനേ?
മാഞ്ഞിതോ മമത നിജജനേ മാനസി
മങ്ഗലാകൃതേ, കരുണാഭാജനേ? അഹന്ത!
പദം 17 കാട്ടാളൻ:
2 സ്വരത്തിനുടെ മാധുര്യം കേട്ടാ-
ലൊരുത്തിയെന്നതു നിശ്ചേയം;
സ്വൈരം ചാരേ ചെന്നവളുടെ ഞാൻ
സുമുഖിയൊടാരിതി പൃച്ഛേയം;
മരത്തിനിടയിൽ, കാണാമേ സു-
ന്ദരത്തിനുടെ സാദയശ്യേയം;
കേന വിയോഗാത്‌ കേണീടുന്നിവൾ
കേന നു വിധിനാ പശ്യേയം?
അകൃത്രിമദ്യുതിരനവദ്യേയം
അടുത്തുചെന്നിനി അനുപശ്യേയം;
ആകൃതി കണ്ടാലതിരംഭേയം,
ആരാലിവൾതന്നധരം പേയം! ആരവ.
പ. ആരിവളവനിതലാമരീ വരനാരീ വപുഷി ധൃതമാധുരീ?
പദം 18 ഭൈമി:
2 വാഹസം ഗ്രസിക്കുന്നു ചരണവും കാന്ത,
മോഹസംഹൃതമന്തഃകരണവും;
സാഹസപ്രിയ, നീയെന്മരണവും കേട്ടാൽ
സ്നേഹസദൃശം ചെയ്ക സ്മരണവും; ആഹന്ത.
പദം 17 കാട്ടാളൻ:
3 അപുത്രമിത്രാ കാന്താരം പു-
ക്കനർത്ഥഗർത്തേ വീണാളേ,
ആനന്ദിച്ചേ വാഴേണ്ടുന്നവ-
ളല്ലേ കമനീ നീണാളേ?
അപത്രപിച്ചീടേണ്ടാ ഞാനോ
വനത്തിൽ മേവുന്നാണാളേ;
ആരെന്നാലും രക്ഷിപ്പാനിനി
അപരൻ വരുമോ കേണാളേ?
വസിക്ക നീയെന്നംസേ താങ്ങി
വധിപ്പനുരഗം വക്രാപാങ്ഗി,
പാതിച്ചോർക്കും പ്രാണാപായേ
ജാതിച്ചോദ്യം വേണ്ടാ തൊടുവാൻ.
പ. മാരിതമായ്‌ പെരുമ്പാമ്പെടോ സുകു-
മാരിമാർക്കിന്നൊരു കൂമ്പെടോ.
പദം 19 ഭൈമി:
3 ഗ്രാഹം പിടിച്ചപ്പോൾ മോഹവും കലർ-
ന്നാകമ്പിതമായി ദേഹവും,
സാഹം പാലിതാ നിന്നാൽ, നന്നു നീ, യിനി-
പ്പോക വേണ്ടുന്ന ദിക്കിൽ ഇന്നു നീ.
പ. പ്രാണരക്ഷണത്തിനൊന്നില്ലാ പ്രത്യുപകാരം
പ്രചുരമാം സുകൃതാദൃതേ.

മദ്ധ്യമാവതി - ചെമ്പട
പദം 19 കാട്ടാളൻ:
പ. അങ്ഗനേ, ഞാനങ്ങു പോവതെങ്ങനെ?
അനു. ഇങ്ങനേകം മനോരാജ്യം,
എങ്ങനെയെന്നെല്ലാം കേൾ നീ.
എങ്ങനെയെന്മതമെന്നാ-
ലങ്ങനെയെന്നുറയ്ക്ക നീ. അങ്ഗനേ.
ച. 1 സങ്കടമെനിക്കുണ്ടു, സദയത വേണമെന്നിൽ,
മങ്ഗലഗാത്രീ, നീയെന്തിങ്ങനെ തുടങ്ങുന്നു?
മങ്കമാർമൗലിമാലേ, മഹിതഗുണങ്ങൾ നിന്നിൽ
തിങ്ങിയിണങ്ങിയഭങ്ഗുരഭങ്ഗി വിളങ്ങീ
പുകൾപൊങ്ങീ, അതു മങ്ങീ
ഗുണമങ്ഗീകരിയാതെ പോകിൽ. അങ്ഗനേ.
2 പങ്കജബാണനൊരു പകയായ്‌ ചമഞ്ഞിതെന്നിൽ,
എങ്ങനെയെല്ലാമവനെയ്യുന്നിതെന്നെ വെൽവാൻ,
അങ്ങോടിങ്ങോടുഴന്നിന്നങ്ഗം നിറം കെടേണ്ടാ,
ശങ്ക തുടങ്ങുകിലെങ്ങു സുഖങ്ങളൊതുങ്ങും?
മനമങ്ങും മിഴിയിങ്ങും,
ഇനിയെങ്ങു നീ ചൊല്ലു പോവത്‌? അങ്ഗനേ.
3. താഴ്ച വരാതെ വാഴ്ക തരുണീ നീ എനിക്കുണ്ടു
ചോർച്ച കൂടാതെ കെട്ടിച്ചുമരുംവച്ചൊരു വീട്‌,
വാഴ്ച നമുക്കിവിടെ വനസുഖമാരറിഞ്ഞു!
വേഴ്ചയിലീശ്വരനാശ്രിതവത്സലനല്ലേ?
ഓർച്ചയില്ലേ? ചേർച്ചയില്ലേ?
തീർച്ചചൊല്ലേണ്ടതു മറ്റെന്തോന്നിനി? അങ്ഗനേ.

സാവേരി - മുറിയടന്ത
പദം 20. ഭൈമി:
പ. ഈശ്വരാ, നിഷേധേശ്വരാ,
അനു. ആശ്ചര്യമിതിലേറ്റം അപരമെന്തോന്നുള്ളൂ? ഈശ്വരാ.
ച. 1 നിജപദം വെടിഞ്ഞുപോയ്‌ നൃപതേ നീ മറഞ്ഞൂ;
നിരവധി കാണാഞ്ഞു തിരവതിനാഞ്ഞു;
അജഗരാനനേ പാഞ്ഞു, അവിടെ ഞാനൊടുങ്ങാഞ്ഞു;
വിജനേ പേയും പറഞ്ഞു വനചരനുമണഞ്ഞൂ!
2 അതിമൂഢനിവനോടെന്തനുസരിച്ചുരപ്പൂ?
അതുകേട്ടിട്ടിവനുണ്ടോ അടങ്ങിപ്പോയിരിപ്പൂ?
അബലേ, നിൻ വ്രതലോപോദ്യതൻ ഭസ്മീഭവിപ്പൂ എ-
ന്നമരേന്ദ്രവരമൊന്നുണ്ടതിന്നുപകരിപ്പൂ. ഈശ്വരാ.
ദ്വിജാവന്തി - ചെമ്പട
ശ്ളോ. ഇത്യർദ്ധോക്തേ നളദയിതയാ സോപി തച്ഛാപശക്ത്യാ
ഭസ്മീഭൂതോജനി ച പവനോദ്ധൂളിതാദൃശ്യമൂർത്തിഃ
സാപീന്ദ്രാദീനവിതഥഗിരോ ഭക്തിപൂർവ്വം നമന്തീ
കാന്താരാന്തേ വ്യചരദൃഷിഭിസ്സാന്ത്വിതാ രാജകാന്താ. 15
പദം 21 ഭൈമി:
ആരോടെന്റെ സ്വൈരക്കേടുക-
ളാകവേ ഞാൻ ചൊല്ലൂ? ശിവ ശിവ! ശിവനേ!
അനു: ദാരു തന്റെ പരിണാമേ കില
നാരി തന്റെ മനമാമേ
എന്നു ചൊല്ലുന്നു ചിലർ; കല്ലെന്നും ചിലർ. ആരോ.
ച.1 'മുന്നെപ്പോലെ വാഴും മുടിയും ചൂടി നിന്റെ പ്രിയതമൻ
പിന്നെ നിന്നെ ലാളിച്ചവൻ തോളിലാക്കും' എന്നു
മുനിഗരാ പ്രിയമാരായോ? ഗതി വാരായോ? രണ്ടും
എങ്ങനെയെന്നാലതി-
നങ്ങനെ വേണം ചെയ്‌വാൻ. ആരോ.
2 പന്നി സിംഹമുള്ളരണ്യം തന്നിലിനിയുഴലുകിൽ മൃതി
വന്നുപോമെനിക്കു, ചെന്നുവാഴ്ക നല്ലതൊരു പുരേ,
പിന്നെ ആളെയും വിട്ടു നീളെയും ഭുവി
പുണ്യകീർത്തനനെ ഞാനന്വേഷിക്കുന്നതുണ്ടു. ആരോ.
3. കാടൊടുങ്ങി ഇഹ തോടു കാണ്മതൊരു തടിനിയോ? ഇരു-
പാടുമാളു പലർകൂടിനില്പതുണ്ടു നടുവിലും, ഇവ-
രാരോപോലെന്നു തീരേ പോയ്ച്ചെന്നുനിന്നു
ചോദിച്ചവരോടൊന്നിച്ചൊരേടം പൂവാം. ആരോ.

രങ്ഗം ഒൻപത്‌: നദീതീരം
ദമയന്തി, സാർത്ഥവാഹസങ്ഘം
കല്യാണി - ചെമ്പട
ശ്ളോ. ഏവം സഞ്ചിന്ത്യ കാണായൊരു തടിനി കട-
ക്കുന്ന മാലോകരെക്ക-
ണ്ടാവിർമ്മോദാങ്കുരം ചെന്നണയുമളവിമാം
കേതി ചോദിച്ചിതേകേ;
പേ വന്നീടുന്നിതെന്നാർ ചിലർ; പെരുവഴിപോ-
ക്കത്തി നന്നെന്നു കേചിത്‌;
ഭാവം നോക്കിദ്ദയാവാനവളോടഭിദധേ
തസ്യ സാർത്ഥസ്യ നാഥൻ. 16
പദം 22 സാർത്ഥവാഹൻ:
പ. മാനേലുംകണ്ണികൾമണി, തവ
മങ്ഗലരൂപിണി, മങ്ഗലമേ.
അനു. താനേ നീയിഹ വന്നീടിനതദ്ഭുതമദ്ഭുതമദ്ഭുതമേ;
ശുഷ്കകാനനേ ദുർഗ്ഗതമേ കഥയ കാസി നീയപ്രതിമേ? മാനേ.
ച. 1 യോഷമാർമകുടഭൂഷയായൊരു നിൻ-
വേഷമെന്തിതതിദയനീയം?
ഭൂഷിതാ കിമസി കേനചിത്‌ കമനി?
ഭീഷിതാസി കിമു? കഥനീയം;
ബ്രൂഷ ഏവ വചനം വിനാ വിശദം
പ്രോഷിതേതി, ന തദനുമേയം.
ശേഷമെന്നൊടിതശേഷവും പറകി-
ലേഷ ഞാൻ വിപദി സുസഹായം. മാനേ.
ആനന്ദഭൈരവി (മുഖാരി) - ചെമ്പട
ഭൈമി:
2 വാജപേയബഹുവാജിമേധമഖ-
യാജി യാചകർക്കു സുരശാഖീ
രാജമൗലിമണി ഭീമനെൻജനക-
നാജിഭൂവി വിജിതപ്രതിയോഗീ;
വ്യാജദേവനെ ഹൃതസ്വനായ നിഷ-
ധേശനെൻ ദയിതനനുരാഗീ,
ദേശയാത്രയിൽ വെടിഞ്ഞു മാം നിശയിൽ
ആശുപോയ്‌ കുഹചിദവിവേകീ.
പ. കാണാഞ്ഞെൻ കാന്തനെ ഞാനിഹ
കാനനമെങ്ങുമുഴന്നു ചിരം.
സാർത്ഥവാഹൻ:
3 ശോകവേഗം പൊറുത്തേകനായ്‌ നടന്നു
ലോകനാഥൻ നളൻ നിരപായം,
വ്യാകുലം കളക, നീ കഥഞ്ചിദവ
മേഘവാർകുഴലി, നിജകായം.
സാർത്ഥവാഹനഹ, മാർത്തബന്ധു ശുചി
പേർത്തു ചൊല്ലുന്നിതു തദുപായം;
വാഴ്ത്തു ചേദിപനെ, തീർത്തു സങ്കടങ്ങൾ
കാത്തുകൊള്ളുമവനെവരെയും.
ഭൈമി (ആത്മഗതം):
4 (ധൂർത്തനല്ല, ദൃഢമാർത്തബന്ധുവത്രേ,
മൂർത്തിയും മൊഴിയുമൊരുപോലേ.)
സാർത്ഥവാഹനോട്‌:
സാർത്ഥവാഹ, പരമാർത്ഥം നീ പറഞ്ഞ-
തോർത്തുഞ്ഞാനുറച്ചിതതുപോലേ,
സാദ്ധ്വസം വെടിഞ്ഞു സാർത്ഥത്തോടുമിഹ
സാർദ്ധം പോരുന്നു ഞാ,നതിനാലേ,
തീർത്ഥകീർത്തനനാം പാർത്ഥിവോത്തമനെ-
പ്പാർത്തു വാഴ്വനഹമിതുകാലേ. കാണാ.
സാർത്ഥവാഹൻ:
5 ബാഹുവീര്യശിഖിലേഹിതാഹിതസ-
മൂഹനാം നൃപതികുലദീലൻ;
സാഹസൈകരസികൻ സുബാഹുവിന്റെ
ഗേഹമായതിതു ബഹുശോഭം;
ഭൂഗതം ത്രിദശലോകമേതദിഹ
വാഴ്ക നീ ഇവിടെ അപതാപം;
പോകുമെങ്ങൾ പുനരേകതോ, മനസി
മോഹിച്ചിങ്ങു വന്നു ബഹുലാഭം. മാനേ.

രങ്ഗം പത്ത്‌: സുബാഹുവിന്റെ കൊട്ടാരം
അമ്മതമ്പുരാട്ടി, ദമയന്തി.
ബലഹരി - ചെമ്പട
ശ്ളോ. സാർദ്ധം ഗത്വാ തേന സാർത്ഥേന ഭൈമീ
സേയം സായം ചേദിപസ്യാധിവാസം
വാസാർത്ഥം താം വാസസോർദ്ധം വസാനാം
ദീനമാപ്താം രാജമാതാ ബഭാഷേ.
പദം 23 അമ്മതമ്പുരാട്ടി:
പ. കിം ദേവീ? കിമു കിന്നരി? സുന്ദരീ,
നീ താനാരെന്നെന്നൊടു വദ ബാലേ,
അനു. മന്നിലീവണ്ണമുണ്ടോ മധുരത രൂപത്തിന്‌!
മുന്നമേ ഞാനോ കണ്ടില്ലാ, കേട്ടുമില്ലാ. കിം.
ശങ്കരാഭരണം - മുറിയടന്ത.
പദം 24 ഭൈമി:
1 ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം,
പാവനചരിതേ, കേൾ പരമാർത്ഥമെല്ലാം;
ഭൂപാലന്വയത്തിൽ ഞാൻ പിറന്നേനേ നല്ല
കേവലം പ്രിയനെ വേർപിരിഞ്ഞാധി നില്ലാ. ആര്യേ.
പദം 23 അമ്മതമ്പുരാട്ടി:
1 എന്തു നിൻപ്രിയൻ നിന്നെ ബന്ധംപിരിഞ്ഞുപൊവാൻ
പന്തണിമുലയാളേ, പറക നീ പരമാർത്ഥം. കിം.
പദം 24 ഭൈമി:
2 ദേവനത്തിലേ തോറ്റുപോയ്‌ വനം തേടി,
വേദനകളും വന്നു ഭാവന മൂടി;
നാവിനുണ്ടഴൽ ചൊൽവാൻ നവപ്രേമധാടി,
പേ വശാൽ, പ്രസുപ്താം മാം വെടിഞ്ഞവനോടി. ആര്യേ.
പദം 23 അമ്മതമ്പുരാട്ടി:
2 ഉന്മാദംകൊണ്ടു ചെയ്ത കല്മഷം ക്ഷമിക്ക നീ
മാന്മിഴി, കണവനെക്കാൺമോളമിഹ വാഴ്ക.
പദം 24 ഭൈമി:
3 ഉച്ഛിഷ്ടം ഭുജിക്കയില്ലൊരുനാളുമേ ഞാൻ
ഉരിയാടുകയുമില്ല പുരുഷന്മാരോടേ;
പ്രച്ഛന്നരതിക്കേകൻ പ്രാർത്ഥിച്ചാലവനെ
പ്രസഭം നീ വധിക്കേണം വസിപ്പിൻ ഞാനിവിടെ. ആര്യേ.
പദം 23 അമ്മതമ്പുരാട്ടി.
3 ചൊന്നതൊക്കെയുമേവംതന്നെ; നീയിഹ വാഴ്ക,
എന്നുടെ തനയാ സുനന്ദയും നീയുമൊക്കും. കിം.

രങ്ഗം പതിനൊന്ന്‌: ചേദിരാജധാനിയിലെ അന്തഃപുരം
ദമയന്തി, സുദേവൻ
വൃന്ദാവനസാരങ്ഗം (മദ്ധ്യമാവതി) - ചെമ്പട
ശ്ളോ. താപാർത്താ നളമനുചിന്ത്യ ചേദിപുര്യാം
സാവാത്സീദിഹ സഹ വീരബാഹുപുത്ര്യാ
ഭീമോക്ത്യാ ഭുവി ച വിചിത്യ താം സുദേവോ
ഭൂദേവോ നിഗദിതവാൻ വിലോക്യ ഭൈമീം.
പദം 25 സുദേവൻ:
പ. സുദിനമിന്നു മേ, സുദേവനാം ഞാൻ;
സുഖമോ തേ നളദയിതേ?
അനു. സുമുഖി, കാന്തനെങ്ങുപോയി? ചൊല്ക നീ;
സോദരസഖമറിക മാം ദമസോദരീ. സുദിന.
ച. 1 അവസ്ഥയെല്ലാമച്ഛൻ കേട്ടു നിങ്ങടെ
ആവതെന്തുള്ളു സങ്കടേ,
കൊണ്ടങ്ങു ചെൽവാൻ നിങ്ങളെ
കല്പിച്ചയച്ചു ഞങ്ങളെ ഭൂസുരാനോരോ ദിശി സുദിന.
ഉശാനി - മുറിയടന്ത
പദം 26 ഭൈമി:
പ. മേദിനീദേവ, താതനും മമ മാതാവിനും സുഖമോ?
അനു. ആധിജലധിയിൽ മുഴുകിയെൻമാനസം
നാഥനാരിനിക്കെന്നധുനാ ന ജാനേ. മേദിനീ.
ച. 1 സ്വൈരമായിരുന്ന നാൾ ചൂതിൽ തോറ്റു നാടും
ഭൂരിധനവും ഭണ്ഡാഗാരവും നഗരവും
ദൂരെയെല്ലാം കൈവെടിഞ്ഞാനേ, പരവശപ്പെട്ടു.
വൈരിദുർവ്വാക്കുകൾ കേട്ടാനേ നൈഷധൻ വീരൻ
ഘോരമാകും വനംപുക്കാനേ, ഞാനവൻ പിൻപേ
നേരേ പുറപ്പെട്ടേനേ, ഹേ സുദേവ. മേദിനീ.
പദം 25 സുദേവൻ :
2 അടക്കിനാനോ നാടൊക്കെയും പുഷ്കരൻ
ആജികൊണ്ടെങ്കിൽ മുഷ്കരൻ,
വ്യാജംകൊണ്ടെങ്കിൽ തസ്കരൻ,
ഈശനെത്രയും കർക്കശൻ, പിന്നെയെന്തു, ചൊല്ലുക. സുദിന.
പദം 26 ഭൈമി :
2 അംശകമുടുത്തതും ആശു താൻ കളഞ്ഞു,
കൗശേയമിതൊന്നുകൊണ്ടിരുവരുമായുടുത്തു,
കാട്ടിൽ നീളെയുഴന്നൊരുനാൾ എന്നോടീവണ്ണം
കാട്ടുമെന്നോർത്തിരുന്നീല ഞാൻ കഷ്ടം - എത്രയും
അത്തൽ പൂണ്ടു ഞാനുറങ്ങുമ്പോൾ വസ്ത്രവും ഛിത്വാ
അർദ്ധരാത്രേ പോയ്മറഞ്ഞാനേ ഹേ സുദേവ. മേദിനീ.
പദം 25 സുദേവൻ :
3 അനർത്ഥമെല്ലാവർക്കുമുണ്ടാമേകദാ
ബുദ്ധിയുമപ്പോൾ മോഹിതാ
മാഞ്ഞുപോമപ്പോൾ സ്നേഹിതാ
ശോകമിതിന്നു (കേൾ) വൃഥാ ; പിന്നെയെന്തു, ചൊല്ലുക. സുദിന.
പദം 26 ഭൈമി :
3 സംശയമെനിക്കില്ലാ വേർപെട്ടോടുമെന്നു;
വംശയശസ്കരനും സംശയമുണ്ടായില്ലാ ;
ആശു പിന്നെ ഞാനുണർന്നേനെ ; കാന്തനെപ്പാർശ്വ-
ദേശമെങ്ങും തപ്പിനേനയ്യോ ! പിന്നെയുണ്ടായ
ക്ളേശമെന്തു ചൊൽവതിപ്പോൾ ഞാൻ, കാട്ടിൽ നിന്നെന്നെ
ഈശനിങ്ങു കൊണ്ടുപോന്നാനേ ഹേ സുദേവ! മേദിനീ.
പദം 25 സുദേവൻ :
4 നിനച്ചവണ്ണമല്ല ദൈവമാർക്കുമേ,
നളനെ നിന്നോടു ചേർക്കുമേ,
നിന്നെക്കണ്ടെത്തി ഭാഗ്യമേ,
താതനെക്കാൺക യോഗ്യമേ,പോകവേണ്ടതങ്ങിനി. സുദിവ.
രാജമാതാവു വന്ന്‌ ആശ്വസിപ്പിച്ചിട്ടു പോകുന്നു.
രങ്ഗം പന്ത്രണ്ട്‌ : കുണ്ഡിനരാജഗൃഹം
ഭീമരാജാവ്‌ - ഭൈമി
മോഹനം - ചെമ്പട
ശ്ളോ. സൈരന്ധ്രീം താം ഭീമപുത്രീം വിദിത്വാ
മാതൃഷ്വസ്രാ ലാളയന്ത്യാ സപുത്രാ
സാനുജ്ഞാതാ സാനുഗാ വാഹനേന
പ്രാപ്ത ഭൈമി കുണ്ഡിനം പ്രാഹ താതം
പദം 27 ഭൈമി :
പ. താത, പാദയുഗമാദരേണ തവ
തനയ ഞാൻ തൊഴുതേൻ.
അനു. വീതഖേദമിഹ ചേതസാ കിമപി
വിപദി ച സപദി സമാശ്വസിതം. താത.
ച. 1 അന്തരങ്ഗതിലാരിതോർത്തിരു-
ന്നതീവ വിഷമമീദശാന്തരം;
അന്തിയാം പൊഴുതിലംബുജവനിക്കുള്ളോ-
രഴലെ അതിശയിച്ചോരനുഭവമെനിക്കിപ്പോൾ. താത.
2 നാടു പോയതുകൊണ്ടാടലേതുമില്ല ;
നളൻ പിരിഞ്ഞതിലലം വൃഥാ,
കാടുതോറും നടന്നൂഢവിവശഭാവം
കദനമവനു വന്നതെന്തെന്നാരറിഞ്ഞു ? താത.
3 ഏതു ചെയ്തും പ്രാണനാഥൻതന്നെ കാൺകി-
ലൊഴിഞ്ഞു നഹി സുഖമെനിക്കഹോ !
ആധിവാരിധിയിലാണുകിടക്കയെക്കാൾ
അറുതിയസുക്കൾക്കിനി വരികിലേറെ നല്ലൂ. താത.
ദേശാക്ഷി(പുറനീര) - മുറിയടന്ത
പദം 28 ഭീമൻ :
ച. നിനക്കു കുശലം ബാലേ, മേൽക്കുമേലേ!
അനു. നിന്നെക്കണ്ടതിനാലേ എന്മനം
കുളിർത്തിതു പല്ലവാങ്ഗീ. നിനക്കു.
ച. 1 നിന്നുടെ പ്രിയൻ നിന്നെക്കൈവെടിഞ്ഞു
എന്നതുകൊണ്ടു നീയെന്തഴൽ പിണഞ്ഞൂ !
ഒന്നു കേ,ളെനിക്കിപ്പോളാധി മാഞ്ഞൂ,
അന്നെന്തേ എന്നരികിൽ നീ വരാഞ്ഞൂ ?
അരുതരുതിനിയാധി ഹൃദയേ
മമ തനയേ, ഖേദം ശമയേ സമയേ. നിനക്കു.
2 ഭൂദേവർ പലരുണ്ടേ നാലുദിക്കും
ആദരാൽ തിരഞ്ഞവരറിയിക്കും ;
കാന്തനോടചിരാൽ നീയൊരുമിക്കും;
ഞാൻതന്നെ പുഷ്കരനെ സംഹരിക്കും;
അതിനില്ലെനിക്കുപേക്ഷ ഹൃദയേ,
കിമു കഥയേ! സുഖം ജനയേ തനയേ. നിനക്കു.
3 പ്രാണേശനോടും നിനക്കവിടെയെയും
വാണീടാം പിരിയാതെയിവിടെയും;
നൂനമീവിപത്തെല്ലാം പോയി മായും;
ആനന്ദം നമുക്കെല്ലാം വന്നു തോയും;
അഭിഷിഞ്ചാമ്യഥ നിഷധസദനേ
ഗതകദനേ തവ സുതനേ ഉടനേ. നിനക്കു.
ശ്ളോ. അമൃതമിവ കിരന്തീമാർത്തിഭാരം ഹരന്തീം
പിതൃഗിരമുദയന്തീം പ്രീതിപൂരം വമന്തീം
സപദി നിശമയന്തീ സാത്ര ഖേദം ത്യജന്തീ
വ്യധിത ച ദമയന്തീ വാസമാശാം വഹന്തീ


രണ്ടാം ദിവസം സമാപ്തം

"https://ml.wikisource.org/w/index.php?title=നളചരിതം_രണ്ടാം_ദിവസം&oldid=214661" എന്ന താളിൽനിന്ന് ശേഖരിച്ചത്